ആമുഖം …

എല്ലാ ഉപനിഷത് ഗ്രന്ഥങ്ങളുടെയും ആധാരശിലയായി വർത്തിക്കുന്നത് ഈശാവാസ്യോപനിഷത്താണ്.
ഗാന്ധിജി ഒരിക്കൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട് ‘ആർഷ ഗ്രന്ഥങ്ങൾ മുഴുവൻ നശിച്ചുപോയാലും ഈശാവാസ്യോപനിഷത്തിലെ ഈശാവാസ്യമിദം സർവ്വം എന്നു തുടങ്ങുന്ന ആദ്യ മന്ത്രം മാത്രം നിലനിന്നാൽ മതി അതിൽ നിന്നും നഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവൻ പുനർ നിർമ്മിക്കാവുന്നതേയുള്ളു’ എന്ന്. ശുക്ല യജുർവേദത്തിന്റെ ശാഖാ സംഹിതയായ കാണ്വസംഹിതയുടെ നാല്പതാം അദ്ധ്യായമാണ് ഈശാവാസ്യോപനിഷത്ത്. വേദമന്ത്രങ്ങൾ തന്നെയാണ് ഈ ഉപനിഷത്തിലുള്ളത് എന്നതുകൊണ്ട് മന്ത്രോപനിഷത്ത് എന്നും പ്രസിദ്ധമാണ്. പതിനെട്ടദ്ധ്യായങ്ങളുള്ള ഭഗവത് ഗീതയുടെ രത്നചുരുക്കമാണ് പതിനെട്ടു മന്ത്രങ്ങളുള്ള ഈശാവാസ്യോപനിഷത്ത് എന്നു പറയാം. ഈ ഉപനിഷത്തിന്റെ പഠനം ഏറെ പ്രാധാന്യമർഹിക്കുന്നതു കൊണ്ട് ഈ ഉപനിഷദ് പാഠങ്ങൾ വിനയത്തോടെ ഇവിടെ അവതരിപ്പിക്കുന്നു.

യജുർവേദീയ ഉപനിഷത്തുകളാണ്‌ ഈ ശാവാസ്യവും ബൃഹദാരണ്യകവും അതിനാൽ ഈ ഉപനിഷത്തുകളുടെ ശാന്തിപാഠത്തോടെ പഠനമാരംഭിക്കാം.
ഓം പൂർണമദഃ പൂർണമിദം
പൂർണാത്പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അർത്ഥം:-
അദ: പൂര്ണം = അവൻ പൂർണനാകുന്നു.
ഇദംപൂര്ണം = ഇത് – ഈ ജഗതും പൂർണമാകുന്നു.
പൂര്ണാത് പൂര്ണം ഉദച്യതേ = പൂർണത്തിൽ നിന്നും പൂർണമുണ്ടാകുന്നു.
പൂര്ണസ്യ പൂര്ണ മാദായ = പൂർണ ജഗത്തിൽ നിന്നും പൂർണത്തെ മാറ്റിയാൽ
പൂര്ണമ് ഏവ അവശിഷ്യതേ = പൂർണം മാത്രം ശേഷിക്കുന്നു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ = ത്രിവിധ ദു:ഖങ്ങൾക്ക് ശാന്തി ഭവിക്കട്ടെ.

ബ്രഹ്മം പൂർണമാണ്. ഈ ജഗത്തും പൂർണമാണ്.
പൂർണ ജഗത് പ്രകടമാകുന്നത് ബ്രഹ്മത്തിൽ നിന്നു മാകുന്നു, പ്രളയത്തിൽ പൂർണ ജഗത്തിന്റെ പൂർണത ബ്രഹ്മത്തിൽ ലയിക്കുന്നു. കാരണം പൂർണത്തിനു മാത്രമേ പൂർണത്തെ ഉൾക്കൊള്ളാൻ കഴിയൂ. പ്രളയത്തിൽ, ജഗത്തിന്റെ അഭാവത്തിലും പൂർണമായ ബ്രഹ്മം മാത്രം ശേഷിക്കുന്നു. ഇവിടെ യാതൊന്നും പുതുതായി ഉണ്ടാകുന്നില്ല. പ്രളയത്തിൽ ഒന്നും ഇല്ലാതാകുന്നുമില്ല.🙏

തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.

അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ


You cannot copy content of this page