ബിരുദത്തിന് പഠിക്കുമ്പോഴാണ് മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ചില സംശയങ്ങൾ തോന്നി തുടങ്ങിയത്. എന്തുകൊണ്ടാണ് ദൈവം ചില മനുഷ്യർക്ക് ദുരിതം മാത്രം നൽകുന്നതെന്ന ചോദ്യം അന്വേഷണമായി. ചരിത്രവും തത്വചിന്തയുമൊക്കെ ക്ലാസിലുണ്ടെങ്കിലും ദൈവത്തിന്റെ മേൽ ഒരു ചോദ്യവും ഉയർത്താൻ വിലാസിനി ടീച്ചറും ശിവരാമൻ മാഷുമൊന്നും തയ്യാറായിരുന്നില്ല. പിന്നീട് തെളിഞ്ഞു വന്നത് ഒരുത്തരമല്ല. നിരവധി ഉത്തരങ്ങളായിരുന്നു. മതവും ദൈവങ്ങളും അടിസ്ഥാനപരമായി മനുഷ്യന് ചില ആശ്വാസങ്ങൾ നൽകുന്നുണ്ടെന്നും എന്നാൽ ആത്യന്തികമായി ആ ബോധം മനുഷ്യന്റെ പുരോഗതിക്ക് വിഘാതമാണെന്നും ആയിരുന്നു ഒരു ഉത്തരം. പക്ഷേ മതത്തിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ എന്നും അത് മറ്റുള്ള മതക്കാരെയും മതമില്ലാത്തവരെയും അംഗീകരിച്ചു കൊണ്ടാവട്ടെ എന്നതായിരുന്നു വേറൊരു ഉത്തരം. മനുഷ്യന് ഉപദ്രവമല്ലാത്ത ആചാരാനുഷ്ഠാനങ്ങൾ ബന്ധങ്ങൾ ശകതിപ്പെടാൻ ഉപകരിച്ചേക്കും എന്നതായിരുന്നു മറ്റൊരു ഉത്തരം. അങ്ങനെ ഒത്തിരി ഉത്തരങ്ങൾ ലഭ്യമാവുമ്പോഴും അന്നത്തെ ചോദ്യങ്ങളും ബാക്കി നിന്നിരുന്നു മനസ്സിൽ. അടുത്ത കാലത്ത് നവമാധ്യമങ്ങളിൽ ആരോ ഇട്ട കുറെ ചോദ്യങ്ങൾ ആ കാലത്തെ ഓർമ്മയായി. കൃത്യമായും ലളിതമായും എന്റെ ഉള്ളിലെ ചോദ്യങ്ങൾ പുനരുൽപാദിപ്പിച്ച പോലെ. അവ താഴെ കൊടുക്കട്ടെ.

ദൈവവിശ്വാസിയായി ജീവിതം ആരംഭിച്ച ഞാന്‍ എത്ര ആലോചിച്ചിട്ടും ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാത്തതുകൊണ്ടാണ് ദൈവവുമായി കൂട്ട് വെട്ടാന്‍ തീരുമാനിച്ചത്. ദയവ് ചെയ്ത് വിശ്വാസികള്‍ ഇവയ്ക്ക് ഉത്തരം തന്ന്‍ സഹായിക്കണം.

1) സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം?

ഈശ്വരൻ ഒന്നേയുള്ളു. അനേകമില്ല. ആ ഏകേശ്വരൻ തന്നെയാണ് ഈ സൃഷ്ടി രചന നടത്തിയത്. ആ ഈശ്വരൻ ഇന്ന് പ്രചാരത്തിലുള്ള ഒരു മതക്കാരനുമല്ല.

2)ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഞാനുള്‍പ്പടെ, ഇന്ന് ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?

ഈശ്വരൻ നമ്മെ ആരെയും സൃഷ്ടിച്ചിട്ടില്ല നമ്മുടെ ശരീരത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. താങ്കൾ ഈശ്വരനിൽ വിശ്വസിക്കുന്നില്ല എന്നത് ഈശ്വരന്റെ കുറവല്ല. താങ്കളുടെ കുറവാണ്. ഉദാ :- താങ്കൾക്ക് ജന്മം നൽകിയത് മാതാപിതാക്കളാണല്ലോ ? അവരെ താങ്കൾ വിശ്വസിക്കുന്നില്ല എങ്കിൽ അതവരുടെ കുറ്റമല്ലല്ലോ !. താങ്കളുടെ അജ്ഞതയാണതിനു കാരണം. താങ്കൾ ഈശ്വരനെ അറിയുന്നില്ല. അതിനാൽ ഈശ്വരനെ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം.

3)മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതരോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ straight forward ആയി എഴുതപ്പെടാത്തത്? കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്, തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?

ഇന്ന് കാണുന്ന മതങ്ങളൊന്നും ഈശ്വര കൃതമല്ല. അതിനാൽ ഈ മതതത്വങ്ങളെ വളച്ചൊടിക്കുന്നതിനു ഈശ്വരൻ ഉത്തരവാദിയല്ല. ഈശ്വരൻ സർവ്വജ്ഞനാണ്. അദ്ദേഹത്തിന്റെ അറിവ് പൂർണ്ണമാണ്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് അജ്ഞാനികളാണ്. ഉദാ :- മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ഹിതമാണ് ആഗ്രഹിക്കുക. അതേപോലെ പരാമപിതാവായ ഈശ്വരനും തന്റെ സന്താനങ്ങളുടെ ഹിതമാണ് ആഗ്രഹിക്കുന്നത്. മനുഷ്യർ കർമ്മങ്ങൾ ചെയ്യാൻ സ്വതന്ത്രരാണ്. അവരുടെ സ്വാതന്ത്ര്യത്തിൽ ഈശ്വരൻ കൈ കടത്തില്ല. ഉദാ :- മനുഷ്യർ തന്റെ സ്വാർത്ഥത കാരണമാണ് തെറ്റ് ചെയ്യുന്നത്. ആ തെറ്റുകൾക്ക് നിയമപാലകരായ പോലീസും കോടതിയും ഉചിതമായ ശിക്ഷ നൽകും.

4)ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല, ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില്‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?
മനുഷ്യർ സ്വന്തം കർമ്മ ഫലം അനുഭവിച്ചേ തീരു. ഇതിൽ ഈശ്വരന് ഒരു പങ്കുമില്ല.

5)മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ് തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?
ഈ അവയവങ്ങൾ ആവശ്യമില്ലാത്തതാണെന്നു ആരു പറഞ്ഞു ?

6)കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?
കൊടുങ്കാറ്റും ഭൂമികുലുക്കവും പ്രകൃതിയുടെ പ്രതിഭാസമാണ്. ഇതിൽ ഈശ്വരന് ഒരു പങ്കുമില്ല. പ്രകൃതിയുടെ പ്രവർത്തനങ്ങളെ തടയുന്നതു ഈശ്വരന്റെ സ്വഭാവമല്ല. ഉദാ :- മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും വയലുകൾ നികത്തി കോൺക്രീറ്റ് കൊട്ടാരങ്ങൾ പണിയുന്നതും മണൽ ഊറ്റി നദികളെ കൊല്ലുന്നതും അന്തരീക്ഷ -പരിസര മലിനീകരണം നടത്തുന്നവനുമായ മനുഷ്യൻ തന്നെ യാണ് ഏറ്റവും വിനാശകാരി.

7)ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?
നഗ്നനായി ജനിച്ച താങ്കളെയും എന്നെയും വസ്ത്രം ധരിപ്പിച്ചത് നമ്മുടെ മാതാപിതാക്കളാണ്. ആവശ്യമില്ലെങ്കിൽ മനുഷ്യനുണ്ടാക്കിയ സദാചാര നിയമങ്ങൾ തകർത്തു താങ്കൾക്ക് വിവസ്ത്രനായി നടക്കാവുന്നതാണ്. നിയമപാലകർ അറസ്റ്റു ചെയ്‌താൽ ഒരു വക്കീലിനെ വെച്ച് വാദിച്ചു വിജയിക്കാനും കഴിഞ്ഞേക്കും !

8)പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?
പ്രസവം സന്തോഷകരാമായാണ് ഏവരും പ്രകീർത്തിക്കുന്നത്. ഒരമ്മയാവുക എന്നതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്.

9)ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?
ഇതിനുള്ള ഉത്തരം നാലാം ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട്.

11)ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്?
ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?
ഈശ്വരൻ ക്ഷേത്രങ്ങളിലും പള്ളികളിലും മാത്രമല്ല സർവ്വത്ര ഉണ്ട്. ഈശ്വരനെ ഈ കെട്ടിടങ്ങളിൽ പൂട്ടി വെക്കാനാവില്ല. ഈശ്വരന് ഭൗതിക വസ്തുക്കളുടെയും ധനത്തിന്റെയും ആവശ്യമില്ല. ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കാൻ മിന്നൽ രക്ഷാ ചാലകം വെക്കുന്നതിൽ എന്താണ് തെറ്റ് ? അളവറ്റ ധനം സൂക്ഷിച്ചു വക്കുന്ന കെട്ടിടങ്ങൾക്കു വേണ്ട സുരക്ഷ കൊടുക്കുന്നതിൽ തെറ്റുണ്ടോ ? ഇതൊന്നും ഈശ്വരന് ആവശ്യമില്ല.

12)ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)
ദൈവത്തിനു കാണിക്കയുടെ ഒരാവശ്യവും ഇല്ല. അജ്ഞരായ ചില ഭക്തർ ചെയ്യുന്ന വിഡ്ഢിത്തങ്ങൾക്ക് ഈശ്വരനെന്തു പിഴച്ചു ?

13)സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?
മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം നോക്കുക.

14)എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാവരും സര്‍വശക്തനായ ദൈവത്തെ അംഗീകരിക്കും എന്നിരിക്കെ ഇതിനകം തന്നെ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്ന (/അങ്ങനെ പറയപ്പെടുന്ന) പുരോഹിതന്‍മാരുടെ മുന്നില്‍ അപ്പത്തിലും കല്ലിലും ഒക്കെ മാത്രമായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്?
നിരീശ്വര വാദികൾക്ക് മുന്നിൽ മാത്രമല്ല വിശ്വാസികൾക്ക് മുന്നിലും നിരാകരനായ ഈശ്വരന് പ്രത്യക്ഷപ്പെടാനാവില്ല. വൈദ്യുതി ഉണ്ട് എന്ന് കണ്ടറിയാൻ പറ്റുകയില്ല. അനുഭവിച്ചേ അറിയൂ.

15)ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാണ്. എന്തുകൊണ്ടാണ് ദൈവം നേരിട്ട് അവരെ ഒന്നും ചെയ്യാത്തത്? വളരെയധികം പ്രായം ചെല്ലുന്നതുവരെ സുഖമായി ജീവിച്ചിരുന്നവരാണല്ലോ മിക്ക നിരീശ്വരവാദികളും.
ഇത് മറിച്ചും സംഭവിക്കുന്നുണ്ടല്ലോ ?നിരീശ്വരവാദികളായ മാവോയിസ്റ് കമ്മ്യൂണിസ്റ്റുകൾ വിശ്വാസികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാറുണ്ടല്ലോ ! മുൻ ഉത്തരങ്ങളിൽ പറഞ്ഞപോലെ സ്വതന്ത്രമായി കർമ്മങ്ങൾ ചെയ്യാനുള്ള മനുഷ്യന്റെ അവകാശങ്ങൾ അത് കുറ്റകൃത്യമാണെങ്കിൽ നിയമപാലകർ വേണ്ട നടപടി എടുക്കണം. ദൈവം ചെയ്യേണ്ട പണിയല്ലിതു.

16)ഏതാണ്ട് എല്ലാ മതങ്ങളും സ്രഷ്ടാവ് ഏകനാണ് എന്ന്‍ പറയുന്നു. എന്തുകൊണ്ടാണ്
മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?

ഈ മതങ്ങൾക്കതീതനാണ് ഈശ്വരൻ. മതങ്ങൾ നിർമ്മിച്ച മനുഷ്യർക്ക് അവരുടെ ഭൂപ്രദേശത്തെ കുറിച്ച് മാത്രമുള്ള പരിമിതമായ അറിവ് കാരണം അങ്ങനെ തങ്ങളുടെ പുസ്തകങ്ങളിൽ എഴുതി പിടിപ്പിച്ചതിൽ സർവ്വ വ്യാപകനായ ഈശ്വരനെന്തു പിഴച്ചു ?

17)ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലും ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?
തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?

ആഫ്രിക്കയും ചൈനയും ഇംഗ്ലണ്ടുമൊക്കെ ഇന്നുകാണുന്ന രൂപത്തിലാവുന്നതിനുമുമ്പേ – സൃഷ്ടിയുടെ ആരംഭത്തിൽ എല്ലാവരും ഒരുഭാഷയും ഒരു രൂപവുമുള്ളവരായിരുന്നു. കാലക്രമത്തിൽ മനുഷ്യർ പുതിയ വാസസ്ഥലങ്ങൾ കണ്ടെത്തി അവിടെ സ്ഥിരതാമസക്കാരായപ്പോൾ പുതിയ ഭാഷകൾ രൂപം കൊണ്ടു. കാലാവസ്ഥാ വ്യതിയാന മനുസരിച്ചു ശരീരത്തിന് നിറവ്യത്യാസങ്ങൾ വന്നു.

18)ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?
കണ്ണ്, കാത് തുടങ്ങിയ ഇന്ദ്രിയങ്ങങ്ങളില്ലെങ്കിലും ഈശ്വരൻ പ്രാർത്ഥനകൾ കേൾക്കും. എല്ലാവരുടെയും പ്രാർത്ഥനകൾ ഈശ്വരൻ ചെവിക്കൊള്ളുമെങ്കിൽ ന്യായകാരി എന്ന അദ്ദേഹത്തിന്റെ ഗുണവിശേഷണത്തിനു എതിരായിരിക്കുമത്. ഒരു വിദ്യാർത്ഥി ഒട്ടും പഠിക്കാതെ തന്നെ പരീക്ഷ പാസ്സാക്കിത്തരണമെന്നും കഠിനമായി പ്രയത്‌നിക്കുന്ന മറ്റൊരു വിദ്യാർത്ഥി തന്നെ പരീക്ഷ പാസ്സാവാൻ സഹായിക്കണമെന്നും ഈശ്വരനോട് പ്രാർത്ഥിച്ചാൽ ന്യാകാരിയായ ഈശ്വരൻ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയുടെ പ്രാർത്ഥനയാവും കേൾക്കുക.

19)അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?

അപകടങ്ങളുണ്ടാക്കുകയോ അവയിൽ നിന്ന് ചിലരെ മാത്രം രക്ഷിക്കുകയോ ചെയ്യുന്നത് ഈശ്വരന്റെ ജോലിയല്ല. അപകടങ്ങളും രോഗങ്ങളുമൊക്ക വരുത്തി വെക്കുന്നത് ഏറിയകൂറും മനുഷ്യർ തന്നെയാണ്. ദൈവത്തെ ആരും സൃഷ്ടിച്ചതല്ല. അനാദിയായ അദ്ദേഹത്തെ ആർക്കും സൃഷ്ടിക്കാനാവില്ല. വേരിനു വേര് ഉണ്ടാവില്ലല്ലോ !

ദൈവമില്ല എന്നുവാദിക്കുന്നവരോട് തിരിച്ചും ഒരുചോദ്യം ?
താങ്കളുടെ മുത്തച്ഛന്റെ മുത്തച്ഛനെ താങ്കൾ കണ്ടിട്ടുണ്ടോ ? ഇല്ലാ എന്നാണുത്തരമെങ്കിൽ താങ്കളുടെ അച്ഛനും താങ്കളും മിഥ്യ യാണോ ?


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ

Image Source: Astro Tarology


You cannot copy content of this page