മന്ത്രം 1. തുടർച്ച …
” തേന ത്യക്തേന ഭുഞ്ജീഥാ ” ഇത് ഋഷിയുടെ രണ്ടാമത്തെ ശാസനയാണ്. നാമനുഷ്ഠിക്കേണ്ട രണ്ടാമത്തെ കർത്തവ്യമാണിത്.
ഇക്കാണുന്ന പദാർത്ഥങ്ങളെല്ലാം ഈശ്വരനാൽ നല്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് ത്യാഗ മനോഭാവത്തോടെ ഉപഭോഗം ചെയ്യുക.
“ആത്മേന്ദ്രിയ മനോ യുക്തം ഭോക്തേത്യാഹുര് മനീഷിണ:” എന്നു കഠോപനിഷത്തിലെ ഋഷിയും,
“ഭോഗ അപവർഗാർത്ഥം ദൃശ്യം ” എന്ന യോഗസൂത്രത്തിലൂടെ പതഞ്ജലി മഹർഷിയും ഭോഗങ്ങളെല്ലാം ചെയ്യാൻ നമ്മോട് ആജ്ഞാപിച്ചിരിക്കുന്നു. പക്ഷേ ഭോഗങ്ങൾ അനുഷ്ഠിക്കേണ്ടതെങ്ങനെയെന്ന് ഈ മന്ത്രഭാഗവും ഉപദേശിക്കുന്നു. ലോകത്തിൽ യാതൊരു പദാർത്ഥവും സ്ഥിരമായി കൈവശം വെക്കാനുള്ളതല്ല. ഉദ്ദേശ പൂർത്തിയെന്ന നിശ്ചിത കാലാവധിക്കു ശേഷം ഉപേക്ഷിക്കേണ്ടതാണ്. ഉദാഹരണത്തിനു ശിശുവായിരിക്കുമ്പോൾ ഉണ്ടായിരുന്ന പാൽപല്ലുകൾ സ്ഥിരമായി നമുക്കു സൂക്ഷിച്ചു വക്കാനാവുമോ? ഉദ്ദേശ പൂർത്തിക്കുശേഷം ഉപേക്ഷിച്ചേ മതിയാകൂ. മറ്റൊരുദാഹരണം പറഞ്ഞാൽ നാം പദം പദം വച്ച് നടന്നു പോകുന്നു എന്നു കരുതുക. ഓരോ പദത്താലും നാം ചവിട്ടിയ ഭൂമി ഉപയോഗത്തിനു ശേഷം ഉപേക്ഷിച്ചാൽ മാത്രമേ അടുത്ത പദം വച്ച് മൂന്നോട്ടു പോകാനാകൂ. ഇപ്രകാരം നടക്കുമ്പോൾ നമുക്ക് നഷ്ടബോധമോ ദുഃഖമോ തോന്നാറില്ല, കാരണം മുന്നോട്ടു പോകണമെന്ന ഒരു ലക്ഷ്യം നമ്മുടെ മുന്നിലുണ്ട്. ഇതേ ത്യാഗ മനോഭാവത്തോടെ പദാർത്ഥങ്ങളെ ആവശ്യാർത്ഥം ഉപയോഗിക്കാൻ ശീലിക്കണം.
നാമനുഷ്ഠിക്കേണ്ട മൂന്നാമത്തെ കർത്തവ്യമാണ് മാ ഗൃഥ കസ്യ സ്വിദ്ധനം –
ഈ ധനം ആരുടേതാണ്? എന്നറിയുക. അതിൽ അത്യാഗ്രഹ മരുത്. ഉദാഹരണത്തിന് നാം ട്രയിനിൽ യാത്ര ചെയ്യുകയാണെന്നിരിക്കട്ടെ. അതിനായി പണം കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നു. ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും ആ സ്റ്റേഷൻ ഉപേക്ഷിക്കുന്നതിൽ നാം ദു:ഖിക്കുന്നില്ല. ലക്ഷ്യമെത്തുമ്പോൾ നാം ഒരു മടിയും കൂടാതെ ട്രയിനിൽ നിന്നും ഇറങ്ങി പോകുന്നില്ലെ, ട്രയിനിൽ സ്ഥിരതാമസമാക്കാൻ നാം ശ്രമിക്കാറില്ല. അതുപോലെ നാം ഉപയോഗിക്കുന്ന ധനം ആരുടെതാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇന്നലെ ഒരു കൃഷിക്കാരന്റെ കയ്യിലായിരുന്നിരിക്കാം , നാളെ ഒരു ജന്മിയുടെ താകാം. കയ്യിൽ സൂക്ഷിക്കുമ്പോൾ പോലും അതിന്റെ മൂല്യം നിർണ്ണയിക്കാൻപോലും നമുക്ക വകാശമില്ല. കാരണം ലക്ഷ്മി ആരുടെയുമൊപ്പവും സ്ഥിരമായി നിൽക്കാറില്ല.
ഈ ഭൗതികസമ്പത്തുകളെല്ലാം സർവ്വ ഐശ്വര്യവാനായ ഈശ്വരന്റെ സൃഷ്ടിയാണ്. കസ്യ സ്വിദ്ധനം ? എന്ന ഋഷിയുടെ ചോദ്യത്തിൽത്തന്നെ ഉത്തരവും അടങ്ങിയിരിക്കുന്നു. ക: എന്നാൽ പ്രജാപതി. പ്രജാപതിയുടെതാണീ സമ്പത്തെല്ലാമെന്നു തിരിച്ചറിയുക. മാ ഗൃഥ, അതു സ്വന്തമാക്കരുത്.
തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ)