കെ. എം. രാജൻ മീമാംസക്

നവോത്ഥാന കേരളത്തിൽ അടുത്ത കാലത്തായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്നതായി കാണുന്നു. ഇതിനെതിരെ ആസ്തികപക്ഷത്തു നിന്നും ആരും സഗുണാത്മകമായി പ്രതികരിച്ചു കാണുന്നില്ല. സനാതന ധർമ്മം എന്നാൽ എല്ലാ ആചാരങ്ങളും (അനാചാരങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാം!) സാത്വിക – രാജസിക – താമസിക ഉപാസനകളും ഭക്ഷണരീതിയും ഒക്കെ ഉൾപ്പെടുന്നതാണെന്ന് കേരളത്തിലെ ഉന്നതനായ ഒരു സന്ന്യാസി തന്നെ അടുത്ത കാലത്ത് അഭിപ്രായപ്പെടുകയുണ്ടായി. ഇതെല്ലാം കൊണ്ടുചെന്നെത്തിക്കുക കേരളത്തെ ചെകുത്താന്റെ സ്വന്തം നാടായിട്ടാവും. അർധരാത്രിക്ക് ഇരുളിന്റെ മറവിൽ നാസ്തികരായ യുവതികളെ ശബരിമലയിൽ എത്തിക്കാൻ ശ്രമിച്ചവരും നവോത്ഥാന മതിൽ കെട്ടിയവരൊന്നും ഇത്തരം അനാചാരങ്ങൾക്ക് നേരെ പ്രതികരിക്കാൻ ധൈര്യം കാണിക്കുന്നില്ല. വോട്ട് ബാങ്ക് നഷ്ടപ്പെടരുത് എന്ന ചിന്തയാവും സങ്കുചിത രാഷ്ട്രീയക്കാർക്ക്. അതിനാൽ അവരെ വെറുതെ വിടാം. ആസ്തിക വാദം ഉന്നയിച്ച് സ്വാമി വിവേകാനന്ദന്റേയും മറ്റും ഉദാഹരണം ചൂണ്ടിക്കാട്ടി കൂടോത്രം പോലുള്ള അനാചാരങ്ങളെയും വേദാദി സത്യശാസ്ത്രങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഏതാനും പണ്ഡിതർ എന്ന് സ്വയം പ്രഖ്യാപിക്കുന്നവരെയാണ് പ്രബുദ്ധമലയാളികൾ സൂക്ഷിക്കേണ്ടത്. സ്വാമി വിവേകാനന്ദന് ഒരു അറബി കൂടോത്രത്താൽ ശാരീരിക അസ്വാസ്ഥ്യം നേരിട്ടു തുടങ്ങിയ പ്രചാരണം അദ്ദേഹത്തിനെ അപമാനിക്കുന്നതിന് തുല്യമാണ്. വിഷം ഉള്ളിൽ ചെന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ശാരീരിക അസ്വാസ്ഥ്യമുണ്ടാവുക സ്വാഭാവികമാണ്. സ്വാമി വിവേകാനന്ദനും സംഭവിച്ചത് അതായിരിക്കും. അറബിയുടെ മന്ത്രവാദം ആയിരിക്കില്ല. മഹർഷി ദയാനന്ദനനെ വധിക്കാൻ വേദവിരുദ്ധർ പല തവണ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ യോഗശക്തിയാൽ അവയൊക്കെ തരണം ചെയ്തു. എന്നിരുന്നാലും അവസാനം അദ്ദേഹത്തെ വിഷം കൊടുത്തു വധിക്കുകയായിരുന്നു. വാഗ്ഭടാനന്ദ ഗുരു ശുദ്ധമായ അദ്വൈതിയായിരുന്നു. അനാചാരങ്ങൾക്ക് സനാതനധർമ്മത്തിൽ സ്ഥാനമില്ലായെന്ന് സനാതന ധർമ്മപ്രമാണം മുൻനിറുത്തി അദ്ദേഹം വിളിച്ചു പറഞ്ഞു . കോഴി തുടങ്ങിയ സാധുജീവികളെ ഈശ്വരോപാസനയുടെ പേരിൽ കശാപ്പ് ചെയ്യുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു.

“ചോരക്കൊഴുപ്പിൽ കൊതിയുള്ള
ദൈവവാരങ്ങളുണ്ടെങ്കിലവറ്റ വേഗം
ഹിംസകനാം കശാപ്പുകാരൻ്റെ
മാർക്കറ്റിലമർന്നിടട്ടെ”
(വാഗ്ഭടാനന്ദ ഗുരുദേവന്റെ സമ്പൂർണ കൃതികൾ പേജ് 431)
എന്നു ധീരതയോടുകൂടി വാഗ്ഭടാനന്ദൻ വിളിച്ചു പറഞ്ഞു. ആത്മവിദ്യാസംഘ സ്ഥാപകനായ ശ്രീ വാഗ്ഭടാനന്ദ ഗുരുദേവരും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും വി. ടി. ഭട്ടതിരിപ്പാടും മറ്റും ഉഴുതുമറിച്ച ഭാർഗ്ഗവ ഭൂമിയിൽ ഇപ്പോൾ നടമാടുന്ന അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടാൻ ആസ്തികരായ ആരും ധൈര്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്. യുക്തിവാദികളും അർബൻ നക്സലുകളും മറ്റും നടത്തുന്ന സനാതനധർമ്മ വിരുദ്ധപ്രചാരണത്തിന് ഇത് ആക്കം കൂട്ടുകയേയുള്ളു.

ആത്മവിദ്യാസംഘ സ്ഥാപകനായ ശ്രീ വാഗ്ഭടാനന്ദ ഗുരുദേവരുടെ ആത്മീയ മുദ്രാവാക്യമായ “ഉണരുവിൻ! അഖിലേശനെ സ്മരിപ്പിൽ!
ക്ഷണമെഴുന്നേല്പിൻ!അനീതിയോടെതൃപ്പിൻ” എന്നതാണ് ഇപ്പോൾ ഏറെ പ്രസക്തമാകുന്നത്.

ആര്യസമാജം കേരളഘടകം ഇത്തരം വേദവിരുദ്ധ പ്രചാരണങ്ങളേ ശക്തമായി അപലപിക്കുന്നു.

🙏

(കെ. എം. രാജൻ മീമാംസക്)
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

TEAM ARYA SAMAJAM KERALAM

You cannot copy content of this page