കെ. എം. രാജൻ മീമാംസക്

1947 ൽ സ്വാതന്ത്ര്യ ദിനത്തിന് വെറും 13 ദിവസം മുൻപ് ഇസ്ലാമിക ഭീകരവാദികൾ മലബാറിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല.

1947 ആഗസ്റ്റ് മാസം രണ്ടിനാണ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച രാമസിംഹന്റെ കൊലപാതകം അരങ്ങേറിയത്.

മലപ്പുറത്തിന് തെക്കുഭാഗത്ത് മൂന്ന് നാഴിക അകലെ കോടൂർ അംശത്തിൽ ചെമ്മങ്കടവിൽ കളിയമണ്ണിൽ തെക്കേപള്ളിയാളി വീട്ടിൽ മൊയ്തു സാഹിബിന്റെ മകനായിരുന്നു ഉണ്ണീൻ സാഹിബ്. കാലികളെ അറുത്ത് നേർച്ചകളൊക്കെ നടത്തി മതകാര്യങ്ങളിൽ എല്ലാം ശ്രദ്ധിച്ച് ജീവിച്ച് വന്ന യാഥാസ്ഥികമായ ഒരു മുസ്ലീം കുടുംബമായിരുന്ന ഇവർക്ക് അങ്ങാടിപ്പുറം പ്രദേശത്തെല്ലാം ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായി ഉണ്ടായിരുന്നു. മൊയ്തു സാഹിബിന് രണ്ട് മക്കൾ ഉണ്ണീൻ, ആലിപ്പൂ. ഇതിൽ സാമാന്യ വിദ്യാഭ്യാസം നേടിയ ഉണ്ണീൻ തൃശൂർ ജില്ലയിലെ പാലപ്പിള്ളിയിൽ ഇംഗ്ലീഷ്കാരുടെ റബ്ബർ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായി.

ഇംഗ്ലീഷുകാരുമായുള്ള ചങ്ങാത്തം മൂലം ഇംഗ്ലീഷ് ജീവിത രീതി പിന്തുടർന്ന ഉണ്ണീനെ ഖാൻ പട്ടം നൽകി അവർ ആദരിച്ചതിനാൽ അദ്ദേഹം ഉണ്ണീൻ സാഹിബായി അറിയപ്പെട്ടു..

മണ്ണാർക്കാടിനടുത്ത് കല്ലടിയിലെ പ്രമുഖ മരവ്യവസായിയും, രാഷ്ട്രീയ ബന്ധങ്ങളുമൊക്കെയുണ്ടായിരുന്ന ഉണ്ണിക്കമ്മുവിന്റെ മകളെ ഉണ്ണ്യാൻ സാഹിബ് വിവാഹം ചെയ്തു. ഉണ്ണ്യാൻ സാഹിബ് നല്ലൊരു നായാട്ടുകാരനും, തോക്കുകൾ സ്വന്തമായുള്ള വ്യക്തിയുമായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള സഹവാസം മൂലം ഇദ്ദേഹം മൽസ്യമാംസാദികളും, മദ്യവും മദിരാക്ഷിയുമൊക്കെയായി കുത്തഴിഞ്ഞ ജീവിതമായി തീർന്നു.

സ്വന്തമായി റബർ പ്ലാൻ്റേഷൻ ആരംഭിക്കാൻ തീരുമാനിച്ച ഉണ്ണ്യാൻ സാഹിബ് വള്ളുവനാടിൽ തിരിച്ചെത്തി അങ്ങാടിപ്പുറത്ത് പ്ലാൻ്റേഷനായി കുന്നുകൾ കണ്ടെത്തി. കുണ്ടറക്കൽ വീട്ടുകാർ ട്രസ്റ്റിയായിട്ടുള്ള ടിപ്പുവിൻ്റെ ആക്രമത്താൽ തകർന്നു കിടക്കുന്ന പുരാതനമായ ഒരു നരസിംഹ ക്ഷേത്രവും അതിൻ്റെ പരിസരത്തുമായ് ഉള്ള 600 ഏക്കർ 1910 ൽ 99 വർഷത്തെ കരാറിൽ ഉണ്ണ്യാൻ സാഹിബ് പാട്ടത്തിനെടുത്തു കൃഷി തുടങ്ങി. പൊളിഞ്ഞ് കിടന്ന ക്ഷേത്രാവശിഷ്ടങ്ങൾ എടുത്ത് അവിടെ ഒരു വീടും നിർമ്മിച്ചു.

പെരിന്തൽമണ്ണ കുളത്തൂർ റോട്ടിൽ മലാപറമ്പ് എന്ന സ്ഥലത്തായിരുന്നു ഇത്. ഉണ്ണീൻ സാഹിബിനാകട്ടെ ക്ഷേത്രങ്ങളോടും, ആചാരങ്ങളോടും, പരമപുച്ഛമായിരുന്നു. പക്ഷേ ആ വീട്ടിൽ താമസം തുടങ്ങിയപ്പോൾ മുതൽ വയറുവേദനയും ത്വക്ക് രോഗങ്ങളും അദ്ദേഹത്തെ പിടികൂടി. മാത്രമല്ല, ജീവിതത്തിൽ ദുഃഖങ്ങളും, ദുരിതങ്ങളും, കഷ്ടപ്പാടുകളും നേരിടേണ്ടി വന്നു. ഇദ്ദേഹത്തിന് അന്നത്തെ അധികാരിയായിരുന്ന നിലമ്പൂർ കോവിലകവുമായി ബന്ധമുണ്ടായിരുന്നു. അധികാരിയുമായ് നടത്തിയ ചർച്ചയിൽ ക്ഷേത്രത്തിൻ്റെ ദോഷമാണെന്നദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് സി.പി. കേശവ തരകൻ എന്ന വ്യക്തിയേയും, ഒരു തമിഴ് സിദ്ധനേയും ഒരു സൂഫിവര്യനേയും അദ്ദേഹം കാണാൻ ഇടയായി. പൊളിച്ചെടുത്ത ക്ഷേത്രത്തിൻ്റെ ദോഷമാണ് ജീവിതത്തെ ബാധിച്ചിരിക്കുന്നതെന്ന് അവരും പറഞ്ഞു. കുടുംബത്തിന്റെ ദോഷങ്ങൾ പരിഹരിക്കാൻ ക്ഷേത്രം പുതുക്കിപണിയുകയേ വഴിയുള്ളൂ എന്ന ചിന്ത ഉടലെടുത്തു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ആ വീട് പൊളിച്ച് മറ്റൊരു വീട് നിർമ്മിച്ച് അവിടെ താമസം തുടങ്ങി. മൽസ്യമാംസാദികൾ ഉപേഷിച്ചു. ഇതോടെ ഇദ്ദേഹത്തെ കാലങ്ങളായി പിടികൂടിയിരുന്ന വയറുവേദനക്കും മറ്റ് രോഗക്കളും ശമിച്ചു.

പതുക്കെ പതുക്കെ ഉണ്ണീൻസാഹിബ് ഹിന്ദുവായി ജീവിക്കാൻ തുടങ്ങി. തന്റെ ബംഗ്ലാവിൽ പുരാണ പാരായണങ്ങളും അനുബന്ധമായ ഹിന്ദു ധാർമ്മിക കാര്യങ്ങളും ആരംഭിച്ചു. നായാട്ടിനായി താൻ ഉപയോഗിച്ചിരുന്ന തോക്കെല്ലാം അദ്ദേഹം ബ്രിട്ടീഷുകാർക്ക് തിരിച്ച് നൽകി ഒരു അഹിംസാവാദിയായി മാറി.

ഇതറിഞ്ഞ മലപ്പുറത്തെ മുസ്ലീം പ്രമാണിമാർ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ വഴങ്ങിയില്ല. ഹിന്ദു ധർമ്മത്തിന്റെ മഹിമയും, തത്വവുമെല്ലാം തിരിച്ചറിഞ്ഞ ഉണ്ണീൻസാഹിബ് ഔദ്യോഗികമായി തന്നെ മതംമാറാൻ തീരുമാനിച്ചു.

തന്റെ മുത്തശ്ശി ഒരു ഹിന്ദുവായിരുന്നുവെന്നും അവരെ തട്ടികൊണ്ട് വന്ന് നിർബന്ധിച്ച് മതം മാറ്റിയതിനാലാണ് ഞാൻ ഒരു മുസ്ലീമായി പോയതെന്നും ഇതിനിടയിൽ അദ്ദേഹം തിരിച്ചറിഞ്ഞു.

അങ്ങനെ കോഴിക്കോട് ആര്യസമാജത്തിലെ ശ്രീ. ബുദ്ധസിംഹന്റെ കാർമ്മികത്വത്തിൽ അന്ന് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായി മലബാർ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ശ്രീ ശങ്കർ ശാസ്ത്രിയുടെ പിന്തുണയോടെ ഉണ്ണീൻസാഹിബ് ഹിന്ദുവായി തന്റെ പൂർവ്വമതം സ്വീകരിച്ചു രാമസിംഹൻ എന്ന പേര് സ്വീകരിച്ചു. ഇത് 1942 ൽ ആയിരുന്നു. സഹോദരൻ ആലിപ്പൂ ദയാസിംഹനായി മാറി. മക്കളായ മൊയ്തുവിന്റേയും, മൊയ്തുട്ടിയുടേയും പേരു മാറ്റി. ഗുരു ഗോവിന്ദ സിംഗിന്റെ മക്കളായ ഫത്തേ സിംഗിന്റേയും, സ്വരാവർ സിംഗിന്റേയും പേരുകളാണ് ഇവർക്കു നൽകിയത്. ദയാസിംഹൻ ഷോഡശ സംസ്ക്കാര ക്രിയകളിലൂടെ നരസിംഹ നമ്പൂതിരിയായി മാറി. രണ്ട് മക്കളേയും രാമസിംഹൻ ദൽഹിയിലെ ബിർളാ സ്ക്കൂളിൽ വിദ്യാഭ്യാസത്തിനായ് ചേർത്തു. ഇതിനിടയിൽ ഭാര്യയെ കല്ലടിക്കോട് കുടുംബക്കാർ തിരികെ വിളിച്ച് കൊണ്ടുപോയി.

ജീവിതം സുഗമമായി പോകുമ്പോൾ പുഴക്കാട്ടിരി ഇല്ലത്തെ കോട്ടുവാടിയിലെ മംഗലത്ത് നാരായണൻ നമ്പൂതിരിയുടെ മകളായ കമല അന്തർജനത്തെ വിവാഹവും ചെയ്തു. അന്നത്തെ കാലത്ത് ഒട്ടനവധി എതിർപ്പുകൾക്കിടയിലായിരുന്നു ഈ വിഹാഹം. രാമസിംഹൻ പിന്നീട് ഒരു ഹിന്ദുധർമ്മ പ്രചാരകനായി മാറി. എസ്റ്റേറ്റ് തൊഴിലാളികൾക്കിടയിലും മറ്റ് ഉന്നതന്മാർക്കിടയിലും ധർമ്മം പ്രചരിപ്പിക്കാൻ തുടങ്ങി.

നിലമ്പൂർ കോവിലകത്തെ മാനവേന്ദ്ര രാജയുമൊക്കെയായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ഇത് മലപ്പുറത്തെ മാപ്പിളമാർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഹാലിളക്കമുണ്ടായി. രാമസിംഹനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പതിമൂന്നു ദിവസം മുമ്പ് ആഗസ്റ്റ് 2 ന് അതിദാരുണമായ കൂട്ടക്കൊല നടത്തിയത്.

1947 ആഗസ്റ്റ് രണ്ടാം തീയതി അങ്ങാടിപ്പുറത്ത് രാത്രി പത്തുമണിക്ക് രണ്ട് ലോറി നിറയെ ആളുകൾ വന്നിറങ്ങി. അവർ രാമസിംഹൻ്റെ വീട് ആക്രമിച്ചു. വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. രാമസിംഹനേയും സഹോദരനേയും അതിക്രൂരമായി വെട്ടി കൊന്നു. ഗർഭിണിയായ ഭാര്യ കമലയെ മുറിക്കുള്ളിൽ നിന്ന് വലിച്ചു പുറത്തെടുത്ത് നഗ്നയാക്കി അതിക്രൂരമായി കൊലപ്പെടുത്തി. ഇതിനിടയിൽ പാചകക്കാരൻ അപ്പു പട്ടര് വാതിൽ വഴി ഇറങ്ങി ഓടി. അപ്പു പട്ടരെ അക്രമികൾ വെടിവച്ച് വീഴ്ത്തിയെങ്കിലും അവിടെ നിന്ന് ഓടി മറയാൻ കഴിഞ്ഞു. അതിക്രൂരമായിട്ടായിരുന്നു കൊലപാതകം നടന്നത്.

തമിഴ്നാട്ടിലെ പ്രശസ്തനായ പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥൻ കേശവമേനോൻ മലപ്പുറത്ത് കളക്ടറേറ്റിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞ ഉടൻ പെരിന്തൽമണ്ണയിൽ അദ്ദേഹം എത്തി. അപ്പു പട്ടരുടെ മരണ മൊഴി എടുത്തു. ശേഷം അപ്പു പട്ടർ അന്തരിക്കുകയും ചെയ്തു. ബ്രിട്ടീഷ് കളക്ടറുടെ നിർദ്ദേശത്താൽ അന്വേഷണം ആരംഭിച്ചു.

4 മൃതശരീരങ്ങളും പോസ്റ്റുമോർട്ടം ചെയ്തു ചെയ്തു. കുളിപ്പിക്കാനും മരണാനന്തര കാര്യങ്ങൾ നടത്താനും ആരെങ്കിലും ഉണ്ടോ എന്ന് അങ്ങാടിപ്പുറത്ത് പാട്ട കൊട്ടി ഭരണാധികാരികൾ അറിയിച്ചു. പക്ഷേ ഒരു ഹിന്ദുവും അതിനുവേണ്ടി മുന്നോട്ടുവന്നില്ല. പൊതു ശ്മശാനത്തിൽ നാലു മൃതദേഹങ്ങളും ഒരു കുഴിയിൽ കുഴിച്ചിടാൻ തീരുമാനിച്ചു. ഹിന്ദുവായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാമസിംഹന്റെ മൃതശരീരത്തിൽ വെള്ള പുതപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ സംസ്കരിക്കാൻ സാധിക്കാതെ അടക്കം നടന്നു. കേശവമേനോൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഒരു പുകയില കച്ചവടക്കാരൻ റാവുത്തരെ ചോദ്യം ചെയ്തു. ഏഴു ദിവസത്തിനകം മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു. കോടതി 9 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു. പ്രധാനപ്പെട്ട മുസ്ലിം പ്രമാണികളെല്ലാം കേസിൽ പ്രതികളായിരുന്നു. പക്ഷേ അന്നത്തെ കോൺഗ്രസ് – മുസ്ലിം – കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃത്വം സർക്കാരിൽ സമ്മർദ്ദം ചെലുത്തി. അപ്പീലിനു പോയ പ്രതികൾക്ക് സർക്കാർ പ്രതിരോധിച്ചില്ല. അങ്ങനെ ആ കേസ് വെറുതേ വിടുകയും ചെയ്തു.

രാമസിംഹനേയും, ദയാസിംഹൻ എന്ന നരസിംഹ നമ്പൂതിരിയേയും, കമലാ അന്തർജനത്തിനേയും കുശിനിക്കാരനായ രാജു അയ്യരേയും, അദ്ദേഹത്തിന്റെ സന്തത സഹചാരിയായ കേശവതരകനേയും വീട്ടിൽകയറി വെട്ടി കൊലപ്പെടുത്തി. നാടിനെ നടുക്കിയ ഒരു കൊലപാതകം. പ്രതികരിക്കാൻ കഴിയാതെ ഹിന്ദു സമൂഹം അതിന്റെ മുമ്പിൽ വിറങ്ങലിച്ചു നിന്നു. മൃതശരീരങ്ങൾ ഏറ്റുവാങ്ങുവാൻ പോലും ഉള്ള ധൈര്യമില്ലായിരുന്നു. കേരളത്തിൽ പാലക്കാട് ഒഴികെ ഒരു സ്ഥലത്തു പോലും ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ ഇവിടെയും ഹിന്ദുവിന് ആത്മാഭിമാനവും ആത്മ ധൈര്യവും പകർന്നു കൊടുക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് അന്നത്തെ പ്രചാരകൻ ശ്രീ.ശങ്കര ശാസ്ത്രിയിലൂടെ സാധിച്ചു.

മദ്രാസ് പ്രസിഡൻസിലെ പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കേശവമേനോൻ ആയിരുന്നു കേസ് അന്വേഷിച്ചത്. നാണത്തു കുഞ്ഞാലി, മോട്ടേങ്ങൻ മൊയ്തുട്ടി തുടങ്ങി 9 പ്രതികൾ. കേശവമേനോൻ കുറ്റമറ്റ രീതിയിൽ കേസന്വേഷിച്ച് കുറ്റപത്രമൊക്കെ സമർപ്പിച്ചു. ജീവപര്യന്തം തടവിന് പ്രതികൾ ശിക്ഷിക്കപെട്ടുവെങ്കിലും മദിരാശി ഹൈക്കോർട്ടിൽ ഉന്നതമായ സ്വാധീനത്തെ തുടർന്നാണെന്ന് പറയുന്നു പ്രതികളെയെല്ലല്ലാം വെറുതെ വിട്ടു. അന്നത്തെ മദ്രാസ് പ്രവിശ്യയിലെ നിയമ മന്ത്രി സുബ്ബരായൻ, കോഴിപ്പുറത്ത് മാധവ മേനോൻ തുടങ്ങിയവർ ഇതിന് ചരട് വലിച്ചു. കോൺഗ്രസ്സ് നേതാവായിരുന്ന അഡ്വ: ഗോപാല മേനോൻ അന്ന് കൊലപാതകികൾക്ക് വേണ്ടി നിലകൊണ്ടു. കോൺഗ്രസ്സിന്റെ ഹിന്ദു വഞ്ചനക്ക് കാലങ്ങളുടെ പഴക്കമുണ്ടല്ലോ. അതുകൊണ്ടാണ് അവർ ഇന്നും വാരിയൻ കുന്നനെ ആരാധിക്കുന്നത് എന്നും ചേർത്ത് വായിക്കുക.

എന്തായാലും കോടതി ഇവരെ കുറ്റവിമുക്തരാക്കിയെങ്കിലും ഈശ്വരന്റെ കർമ്മഫല വ്യവസ്ഥ ഇവരെയൊന്നും വെറുതെ വിട്ടില്ല. കേസിൽ പെട്ടവരുടെയൊക്കെ ജീവിതാന്ത്യം വളരെ ദുരിതപൂർണ്ണമായിരുന്നു എന്ന് ചരിത്രം പറയുന്നു.

ഇതിനിടയിൽ മുസ്ലീം ഭാര്യ രാമസിംഹന്റെ മക്കളെയെല്ലാം തിരികെ കൊണ്ടുവരണമെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം കളക്ട്രേറ്റിൽ കൊണ്ടുവന്നു. പക്ഷെ അവരെ ഏറ്റെടുക്കാൻ ഒരു ഹിന്ദുവും തയ്യാറായില്ല. അവരെ നിർബന്ധിച്ച് അവിടെ നിന്നും പിടിച്ച് കൊണ്ടുപോയി അവരുടെ മതത്തിലേക്ക് തന്നെ മാറ്റുകയുണ്ടായി. ഹിന്ദുവായി ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും അവരുടെ മതം അതിന് സമ്മതിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.

അന്ന് ഈ കൂട്ടക്കൊലക്കെതിരെ ഒരു സംഘടനയും ഒരു പ്രതിഷേധവും ഉയർത്തിയില്ല. സംഘ പ്രവർത്തകർക്ക് പാലക്കാട് ഹർത്താൽ നടത്താനുള്ള ശക്തിയേ ഉണ്ടായിരുന്നുള്ളു. അക്കാലത്തെ പ്രവർത്തകർ അതിലൂടെ ഹിന്ദു സമൂഹത്തിൻ്റെ പ്രതിഷേധവും ഭീകരതക്കെതിരെയുള്ള പ്രതിരോധവും ഉയർത്തി.

രാമസിംഹന്റേയും കുടുംബത്തിന്റേയും കൊലപാതകത്തിനു ശേഷം അവിടുത്തെ ക്ഷേത്രത്തിനു നേരെയും ആക്രമണങ്ങൾ ഉണ്ടായി. ക്ഷേത്ര ഗോപുരവും ശ്രീകോവിലുമെല്ലാം തകർക്കപ്പെട്ടു ക്ഷേത്രം വീണ്ടും നാമാവിശേഷമായി. തകർന്നടിഞ്ഞ ക്ഷേത്രം ഹിന്ദുവിന്റെ മുമ്പിൽ ഒരു ചോദ്യ ചിഹ്നമായി ഉയർന്നു നിന്നു.

99 വർഷത്തെ പാട്ടക്കാലവധി 2009 ൽ ആണ് തീർന്നത്. ഇതിനിടയിൽ കുണ്ടറക്കൽ വീട് അന്യം നിന്നു. 1910 ൽ നടത്തിയ കരാർ രേഖകൾ 1921 ലെ മാപ്പിളക്കലാപകാലത്ത് മുസ്ലീം അക്രമണകാരികളുടെ തീവെയ്പ്പിൽ കത്തി നശിച്ച രജിസ്ട്രേട്‌ ഓഫീസിൽ ആയിരുന്നതിനാൽ ചാമ്പലാക്കപ്പെട്ടു. കേരളം – മദ്രാസ് സംസ്ഥാനമായപ്പോൾ മദ്രാസിലേക്ക് കൊണ്ടുപോയ രേഖകളും നശിപ്പിക്കപ്പെട്ടു. ഒന്നും ഉണ്ടായില്ല.

വർഷങ്ങളോളം സ്ഥലവും ക്ഷേത്രവും തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ നടന്നു. 2008 ആയപ്പോഴേക്കും 600 ഏക്കറും മുസ്ലീമുകളുടെ കയ്യിലായി തീർന്നു. വിവിധ ഘട്ടങ്ങളിലൂടെ നടന്ന നിയമപരവും അല്ലാതെയുമുള്ള പോരാട്ടങ്ങൾക്കൊടുവിൽ 2006 ൽ 67 സെന്റ് സ്ഥലം ക്ഷേത്രത്തിനായി കൈവന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടേയും, മലപ്പുറത്ത് ഹിന്ദുവിന്റെ നിരവധി പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം നൽകിയ സ്വർഗീയനായ സി.പി. ജനാർദ്ദനന്റേയും ആശ്രാന്ത പരിശ്രമം കൊണ്ടാണ് ഇത് സാദ്ധ്യമായത്. വിശ്വഹിന്ദു പരിഷത്തും ഇതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. അങ്ങനെ രാമസിംഹന്റെ കൊലപാതകത്തിൽ പകച്ച് പോയ ഹിന്ദു ആറ് പതിറ്റാണ്ട് പിന്നിട്ടപ്പോൾ അതേ രാമസിംഹന്റെ മണ്ണിൽ അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തിക്കനുസരിച്ച് നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു. കിരീടവും ചെങ്കോലുമെല്ലാം ഉപേഷിച്ച ശ്രീ ബുദ്ധനെ പോലെ, രാജാധികാരവും രാജമുദ്രകളും രാജവീഥിയും എല്ലാം ത്യജിച്ച നിലമ്പൂർ കോവിലകത്തെ തമ്പുരാനായിരുന്ന ഈ അടുത്ത കാലം വരെ നമ്മോടൊപ്പമുണ്ടായിരുന്ന ശ്രീ.ആർ. വേണുഗോപാലിനെയാണ് ക്ഷേത്ര പുനർനിർമ്മാണ ദൗത്യം സംഘം ഏൽപ്പിച്ചത്. അത് പൂർത്തീകരിച്ചതിനു ശേഷമാണ് അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞത്. ആ ക്ഷേത്ര സമുച്ചയം ഇന്ന് ഹിന്ദുവിന് ആത്മവിശ്വാസം നൽകുന്നു.

1921 അല്ല 2021 എന്ന ഉത്തമ ബോധ്യപ്പെടുത്തലിലൂടെ…

ആര്യസമാജം കേരളഘടകം ധീരരക്തസാക്ഷി അങ്ങാടിപ്പുറം രാമസിംഹനും കുടുംബത്തിനും ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നു. അതോടൊപ്പം ദുർഘടസമയത്ത് ഹിന്ദു സമാജത്തിന് ആത്മവിശ്വാസം പകർന്ന് നൽകിയ സ്വർഗീയരായ ശങ്കർ ശാസ്ത്രി, സി. പി. ജനാർദ്ദനൻ, രാ. വേണുഗോപാൽ എന്നിവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കടപ്പാട് :
ശ്രീ. സുരേന്ദ്രേട്ടൻ, ബാംഗ്ലൂർ
ശ്രീ. വാസുദേവൻ മാഷ്, അങ്ങാടിപ്പുറം
ശ്രീ. കെ.പി. ഹരിദാസ് ജി.
സാമൂഹ്യ മാധ്യമങ്ങൾ

🙏

(കെ. എം. രാജൻ മീമാംസക്)
ആര്യ പ്രചാരക് & അധിഷ്ഠാതാവ്
കാറൽമണ്ണ വേദഗുരുകുലം

dayanand200

vedamargam2025

aryasamajamkeralam

TEAM ARYA SAMAJAM KERALAM

You cannot copy content of this page