മന്ത്രം 3
ഓം അസൂര്യാ നാമ തേ ലോകാ
അന്ധേന തമസാവൃതാഃ |
താങ് സ്തേ പ്രേത്യാഭിഗച്ഛന്തി
യേ കേ ചാത്മഹനോ ജനാഃ ||
ശ്രീനാരായണ ഗുരുസ്വാമികളുടെ
ഈശാവാസ്യോപനിഷത് മലയാള പരിഭാഷ:
ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലാവൃതം
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നു മൃതരായതിൽ
അർത്ഥം :-
യേകേ ച = യാതൊരുവൻ
ആത്മഹന = ആത്മ ഹാനികളായ
ജനാ: = ജനങ്ങൾ
തേ = അവർ
പ്രേത്യാ = മരിച്ചിട്ട്
അന്ധേനതമസാ = കൊടും കൂരിരുട്ടാൽ
ആവൃതാ = മൂടിയിരിക്കുന്ന
അസൂര്യാനാമഃ = പ്രകാശ രഹിതമെന്നു പേരുള്ള
ലോക: = ലോകത്തെ യോനികളെ
തേ താൻ = അവർ അതിനെത്തന്നെ
അഭിഗഛന്തി = പ്രാപിക്കുന്നു.
ആത്മഹനനം ചെയ്യുന്നവൻ മൃതനായി അസൂര്യ അഥവാ പ്രകാശ രഹിതമായ ലോകത്തെ പ്രാപിച്ചിട്ട് ഇരുട്ടിനാൽ ആവൃതമായ യോനി ക ളെ പ്രാപിക്കുന്നു. അതിനാൽ ആത്മഹനനം ചെയ്യരുത്, ഇതാണ് അഞ്ചാമത്തെ കർത്തവ്യം.
നാം അനുഷ്ഠിക്കുന്ന കർമ്മങ്ങൾ ആത്മാവിനനുകൂലമാകുമ്പോൾ അയാൾ സത് ചരിതനാകുന്നു. വിപരീതമാകുമ്പോൾ ദുഷ്ചരി തനും. ആത്മാവിനു പ്രിയമുള്ളതാണ് നമ്മുടെ പ്രവൃത്തികൾ എന്ന് എങ്ങനെ അറിയാൻ സാധിക്കും.
കഠോപനിഷത്തിലെ സൂക്തമനുസരിച്ച് ഇന്ദ്രിയങ്ങൾ, മനസ്സ് , ബുദ്ധി എന്നീ ഉപാധികളാൽ ജീവാത്മാവ് ഭോഗങ്ങൾ അനുഭവിക്കുന്നു. മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായത്താൽ ബാഹ്യ ജഗത്തിലെ സകല വിഷയങ്ങളുടെയും ബോധം ആത്മാവിൽ എത്തിക്കുകയും ആത്മാവിന്റെ നിർദ്ദേശാനുസരണം ശരീരത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഏതെങ്കിലും കർമ്മം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന അവസരത്തിൽ ആത്മാവിന്റെ സാന്നിദ്ധ്യം ഒരു ധ്വനി രൂപേണ പ്രകടമാക്കുന്നു. ഇതിനെ സദ്വിവേകം (conscience) എന്നു പറയുന്നു. ഉദാഹരണത്തിന് നുണ പറയുക, മോഷ്ടിക്കുക, ചീത്ത പറയുക തുടങ്ങിയ അവസരങ്ങളിൽ ഈ അന്തർധ്വനി ‘തെറ്റാണ് ചെയ്യുന്നത് ‘ എന്ന് നമ്മേ ഓർമ്മിപ്പിക്കുകയും ആ പ്രവൃത്തിയിൽ നിന്നും പിൻതിരിപ്പിക്കുകയും ചെയ്യുന്നു. തമോഗുണികൾ ഈ ധ്വനികൾ കേൾക്കാൻ തയ്യാറാകാതെ ദുഷ്പ്രവൃത്തികൾ ചെയ്യുന്നു. ഇപ്രകാരം ആത്മാവ് നല്കുന്ന സദ് വിവേകത്തിന് വിപരീതമായി പ്രവർത്തിക്കുന്നവരാണ് ആത്മഹാനികൾ. സത്കർമ്മങ്ങൾ അനുഷ്ഠിക്കാൻ ശ്രമിക്കുമ്പോൾ അന്തക്കരണത്തിൽ നിന്നും സത് പ്രേരണയും ഉത്സാഹവും ലഭിക്കുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുമ്പോൾ നമുക്ക് ആന്തരികമായ ഭയവും ലജ്ജയും ഉണ്ടാകും.
സത്ക്കർമ്മങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ അതു ശീലമായിത്തീരുന്നു. ശീലമാക്കുമ്പോൾ നിരന്തരം സത്കർമങ്ങൾ അനുഷ്ഠിക്കാൻ ഇടവരുന്നു. വിപരീതമായാൽ ചീത്ത പ്രവൃത്തികൾ ചെയ്യുകയും അതു ശീലമാകുകയും ചെയ്യുന്നു.
തുടരും….
തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ