ഇത്ര വൈകി നവവൽസരം ആശംസിക്കുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിക്കുന്ന പലരും ഉണ്ടാകാം. യഥാർത്ഥത്തിൽ എന്നാണ് നവവത്സരം. നവവത്സരങ്ങൾ പലതുണ്ട്. ഏതാണ് യഥാർത്ഥ നവവത്സരം? വൈദിക നവവത്സരമാണ് വ്യക്തവും ആധികാരികവുമായത്.

എന്നാണ് വൈദിക നവവത്സരം വരുന്നത്? ചാന്ദ്രമാസക്കണക്കനുസരിച്ച് ചൈത്ര ശുക്ലപ്രതിപദയാണ് പുതുവത്സരദിനമായി ഭാരതീയർ പ്രാചീനകാലം മുതൽ കൊണ്ടാടുന്നത്. വിക്രമ സംവത്സരം, ശകവർഷം തുടങ്ങിയ മധ്യകാലീന ഭാരതീയ വർഷങ്ങൾ ആണിതിൽ മുഖ്യം. ആദ്യകാലങ്ങളിൽ മലയാളത്തിലെ കൊല്ലവർഷം ആരംഭിക്കുന്നത് ഏകദേശം ഈ സമയത്തുള്ള വസന്ത വിഷുവത്തിന് (Spring Equinox) ആയിരുന്നു. ഇപ്പോൾ ഇത് ചിങ്ങം ഒന്നിനാണ്. കലിയുഗം ആരംഭിച്ചത് സൂര്യസിദ്ധാന്ത പ്രകാരം ബിസി 3102 ഫെബ്രുവരി 18 നാണ്. ശ്രീകൃഷ്ണന്റെ നിർവാണവും അന്നായിരുന്നു. വസന്ത ഋതുവിൽ വരുന്ന സൗരമാസത്തിലെ ആദ്യമാസമായ മധുമാസത്തിലായിരുന്നു അത്. ഋതുക്കൾ മാറുന്നത് സൗരവർഷത്തെ അടിസ്ഥാനമാക്കിയാണ്. ചന്ദ്രന്റെ ഭ്രമണത്തെ ആസ്പദമാക്കിയല്ല (ഇന്ന് പലരും അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. അത് ശരിയല്ല) അതിനാൽ ഫെബ്രുവരി 20 നും മാർച്ച് 20നും ഇടയിൽ എപ്പോൾ വേണമെങ്കിലും ചൈത്രമാസം ആരംഭിക്കാം. എന്നാൽ വസന്ത മധുമാസം അതനുസരിച്ച് മാറുന്നില്ല. ഇപ്പോൾ ലഭ്യമായ ഭൂരിപക്ഷം പഞ്ചാംഗങ്ങളിലെയും കാലഗണന നിരയന പദ്ധതി പ്രകാരമാണ്. അവ എത്രകണ്ട് ശരിയാണ്? ഇപ്പോൾ നടക്കുന്നതായി പറയുന്ന കുംഭമാസം യഥാർത്ഥത്തിൽ ഈ വർഷം (2020) ഫെബ്രുവരി 19 വരെയായിരുന്നു. ഫെബ്രുവരി 20 ന് മീനം ഒന്നായിരുന്നു. കഴിഞ്ഞ മകര സംക്രാന്തി 2019 ഡിസംബർ 22 നും ആയിരുന്നു. ഇന്ന് കാണുന്ന മിക്ക പഞ്ചാംഗങ്ങളിലും കുംഭം ഒന്ന് തുടങ്ങുന്നത് ഫെബ്രുവരി 15 നാണ്. മാർച്ച് മാസം 13 നാണിത് ഈ വർഷം അവസാനിക്കുന്നത്. എന്നാലിത് ശുദ്ധമായ ജ്യോതിശാസ്ത്ര ദൃഷ്ടിയിൽ ശരിയല്ല എന്നാണ് വൈദിക പക്ഷം.

ഈ വിഷയത്തെക്കുറിച്ച് വളരെ വിസ്തരിക്കേണ്ടതുണ്ട്. ഈ വർഷം മേട സംക്രാന്തി മാർച്ച് 20 ന് കാലത്ത് 9.20 നാണ്. അന്ന് ദിനരാത്രങ്ങൾ തുല്യമാവുന്നു. അന്ന് സൂര്യൻ ഉഷ്ണമേഖലാ സായന മേഷ രാശിയിലേക്ക് (Aries) സംക്രമിക്കുന്നു. സൂര്യന്റെ ചരിവ് +00.00° യും രേഖാംശം 00.00/360° ആവുന്നതാണ് വസന്ത വിഷുവം അഥവാ (Spring Equinox).

നമ്മുടെ മലയാള പഞ്ചാംഗങ്ങളിൽ (കേരളീയ വൈദിക പഞ്ചാംഗം ഒഴികെ) ഏപ്രിൽ 13 ന് രാത്രി 7.47 നാണ് മേട സംക്രമം കാണിക്കുന്നത്. ഈ വർഷത്തെ ‘വിഷു’ ഇതനുസരിച്ച് ഏപ്രിൽ 14 നാണ് കൊടുത്തിരിക്കുന്നത്. ഇത് ജ്യോതിശാസ്ത്ര ദൃഷ്‌ടിയിൽ തെറ്റാണ് എന്നാണ് പണ്ഡിതമതം.

ഏപ്രിൽ 14 ന് വിഷു ഒരിക്കലും വരില്ല. സൂര്യന്റെ ശൂന്യ അവനമനം (ഖഗോള മദ്ധ്യരേഖയ്ക്ക്‌ സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അവനമനംഅഥവാ ക്രാന്തി (ഡെക്ലിനേഷൻ) എന്നു പറയുന്നു. ധനമോ ഋണമോ ആയ ഒരു ചിഹ്നവും പൂജ്യം മുതൽ 90 വരെ(ഡിഗ്രിയിൽ)യുള്ള ഒരു കോണളവും ചേർത്താണു് അവനമനം സൂചിപ്പിക്കുന്നതു്.) ദിനരാത്രങ്ങൾ തുല്യമാവുമ്പോൾ മാത്രമാണ് വിഷുവം വരുന്നത്. ഏപ്രിൽ 14 ന് സൂര്യന്റെ അവനമനം 9.666 ആയിട്ടുണ്ടാവും.

കലണ്ടറിന്റെ ചരിത്രവും സംക്ഷിപ്തമായി അറിയേണ്ടതുണ്ട്. ജൂലിയൻ, ഗ്രിഗേറിയൻ തുടങ്ങിയ പാശ്ചാത്യ കലണ്ടറുകളും സൂര്യ സിദ്ധാന്തം പോലുള്ള ആർഷ ശാസ്ത്രങ്ങൾ അടിസ്ഥാനമാക്കിയ ഭാരതീയ കാലഗണനയും തമ്മിൽ കൂട്ടിവായിക്കേണ്ടതുണ്ട്. AD 323 ൽ ജൂലിയൻ കലണ്ടറിലെ 365.25 ദിവസങ്ങൾ എന്നത് യഥാർഥ സൗരദിനങ്ങളെക്കാൾ(365.2422) 0.0078 ദിവസം കൂടുതൽ ആയിരുന്നു. ഈ വ്യത്യാസം ഇല്ലാതാക്കാൻ AD 1582 ൽ പോപ്പ് ഗ്രിഗേറി പതിമൂന്നാമൻ ഉത്തരവിറക്കി. 10 ദിവസത്തെ വ്യത്യാസം ഇല്ലാതാക്കാൻ വേണ്ടി ആ വർഷത്തെ ഒക്ടോബർ 5, ഒക്ടോബർ 15 ആയി കണക്കാക്കി. അങ്ങനെ ഒരു വർഷത്തെ സൗര ദിനങ്ങൾ 365.2425 എന്നാക്കി. ഇവിടെ 3300 വർഷങ്ങൾ കൂടുമ്പോൾ 11 ദിവസത്തെ വ്യത്യാസമേ വന്നിരുന്നുള്ളൂ. ഈ വ്യത്യാസം AD 1752 ൽ വീണ്ടും തിരുത്തി. അങ്ങനെ ആ വർഷത്തെ സപ്തംബർ 3, സെപ്റ്റംബർ 14 ആയി പ്രഖ്യാപിച്ചു. പല രാജ്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടുവരെ ഈ കലണ്ടറിനെ അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ഈ കലണ്ടറും കൃത്യമല്ല. ക്രിസ്തുമസ് ഇപ്പോൾ ഗ്രിഗേറിയൻ കാലഗണന അനുസരിച്ചു ഡിസംബർ 25 ന് അല്ല വരുന്നത്. കാലങ്ങളായി ഇവിടെയും തിരുത്തലുകൾ നടന്നിട്ടില്ല.

എന്നാൽ സൂര്യസിദ്ധാന്തമനുസരിച്ചു ഒരു വർഷത്തെ സൗര ദിനങ്ങൾ 365.25876 ആണ്. ഇത് ആധുനിക കണക്കനുസരിച്ച് 365.2422 ദിവസങ്ങൾ ആണ്. ഭാരതീയ കാലഗണന അനുസരിച്ച് ഇത് 0.01656 ദിവസങ്ങൾ അധികമാണ്. ഇത് കഴിഞ്ഞ 1400 വർഷങ്ങളായി തുടരുകയാണ്. അതുമൂലം വസന്ത സമ്പാതങ്ങളിലും അയനങ്ങളിലും മറ്റും ഏകദേശം 23.18 ദിവസങ്ങളുടെ വ്യത്യാസം കാണുന്നുണ്ട്. അതാണ് ജനുവരി 14 ന് ഇപ്പോൾ പൊതുവെ ആചരിക്കുന്ന മകര സംക്രാന്തി ഡിസംബർ 21/22 തിയ്യതികളിൽ ആവുന്നത്. ഈ 23/24 ദിവസത്തെ വ്യത്യാസം എല്ലാ മാസങ്ങളിലും വരും. ഈ വർഷത്തെ വർഷ പ്രതിപദ (വൈദിക നവ വർഷാരംഭം) ഫെബ്രുവരി 24 നാണ്. ഇന്ന് പ്രചാരത്തിലുള്ള പഞ്ചാംഗങ്ങൾ ഇത് മാർച്ച് 25 നാണ് കണക്കാക്കുന്നത്. ഇത് ജ്യോതിഷ ദൃഷ്ടിയിൽ ശരിയല്ല.

മേടമാസം ഒന്ന് മാർച്ച് 21 നും ഇടവം ഏപ്രിൽ 20 നും കർക്കിടക സംക്രാന്തി (ദക്ഷിണായനം ആരംഭം) ജൂണ് 21 ന് 03.14 മണിക്കുമാണ്. ചുരുക്കം പറഞ്ഞാൽ ഇന്ന് നാം ആഘോഷിക്കുന്ന പല പർവ്വങ്ങളും പിറന്നാളുകളും യഥാർഥ ദിനത്തിൽ അല്ല ആചരിക്കുന്നത്. മാർച്ച് മാസം തുടങ്ങുമ്പോഴേക്കും തന്നെ കൊന്നപ്പൂക്കൾ പൂത്തുതുടങ്ങുന്നു. പ്രകൃതിക്ക് അറിയാം വിഷു മാർച്ചിൽ തന്നെ വരുമെന്ന്.
തിഥികൾക്ക് കാര്യമായ മാറ്റം വരുന്നില്ല. അതിനാൽ വാവുകൾക്ക് വ്യത്യാസം വരുന്നില്ല. ഗ്രഹണങ്ങൾ സൂര്യ -ചന്ദ്രന്മാരുടെ ഭ്രമണത്തെ ആശ്രയിച്ചാണ് വരുന്നത്. അതിനെ നമ്മുടെ ജ്യോതിഷികൾ കൃത്യമായി ഗണിച്ചെടുക്കുന്നതിനാൽ തെറ്റുകൾ വരുന്നത് കുറവാണ്. എന്നാൽ മകര സംക്രാന്തി പോലുള്ള നമ്മുടെ പർവ്വങ്ങൾ ഇപ്പോൾ ശാസ്ത്രീയമായല്ല ഗണിച്ചെടുക്കുന്നത്. ഗോളങ്ങളുടെ ഭ്രമണത്തിൽ വരുന്ന നേരിയ വ്യത്യാസം മൂലം അൽപ്പം ചില ഏറ്റക്കുറച്ചിലുകൾ വർഷം തോറും വന്നെന്നിരിക്കും. ഓരോ 72 വർഷം കഴിയുമ്പോഴും കാലഗണനയിൽ ഒരു ദിവസത്തിന്റെ വ്യത്യാസം വരുന്നുണ്ട്. ഇപ്പോൾ അത് 23.18 ദിവസത്തോളം ആയി കഴിഞ്ഞിരിക്കുന്നു. അതാണ് മകര സംക്രാന്തി കഴിഞ്ഞ ഡിസംബർ 22 ന് വന്നത്. കഴിഞ്ഞ 1400 ത്തിലധികം വർഷത്തിനിടയിൽ ഋതു, മാസങ്ങൾ എന്നിവ പിറകോട്ട് പോയിട്ടുണ്ട്.

വളരെ സങ്കീർണ്ണമായ ഈ വിഷയം ഇതിൽ കൂടുതൽ സംക്ഷിപ്തമായി വിവരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഇത്തരം കുറവുകൾ നികത്തി ശുദ്ധമായ വൈദിക ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മലയാളത്തിലെ ആദ്യത്തെ വൈദിക പഞ്ചാംഗമായ ‘ കേരളീയ വൈദിക പഞ്ചാംഗം’ കഴിഞ്ഞ ഫെബ്രുവരി 21 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ച് വിശേഷാൽ യജ്ഞത്തിന് ശേഷം പ്രകാശനം ചെയ്തിരുന്നു. നവോത്ഥാന നായകനും വേദ പ്രചാരകനുമായിരുന്ന മഹർഷി ദയാനന്ദ സരസ്വതിയുടെ അന്ത്യം സംഭവിക്കുന്നതിനുമുമ്പ് ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടാക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും അത് ഭാരതത്തിൽ പ്രാവർത്തികമായത് അദ്ദേഹത്തിന്റെ മരണശേഷം ഒന്നേക്കാൽ നൂറ്റാണ്ടിനപ്പുറം ‘ശ്രീ.മോഹൻ കൃതി ആർഷ പത്രക’ത്തിലൂടെയാണ്. കേരളത്തിൽ ഇത്തരമൊരു പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്. അഗ്നിഹോത്രം പ്രതിദിനം ചെയ്യുന്നവർക്ക് ശുദ്ധമായ സങ്കല്പ പാഠം ചൊല്ലാൻ ഇതിലെ വിവരണങ്ങൾ ഉപകരിക്കും.100/- രൂപയാണ് ഈ പഞ്ചാംഗത്തിന്റെ വില. തപാൽ ചെലവ് പുറമെ. പരിമിതമായ കോപ്പികൾ മാത്രമേ അച്ചടിച്ചിട്ടുള്ളു. താല്പര്യമുള്ള വർക്ക് 7907077891 എന്ന whatts up നമ്പറിലേക്ക് സന്ദേശം അയച്ചു കോപ്പികൾ വാങ്ങാവുന്നതാണ്.

ഇത്തരം ചർച്ചകൾ നാം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page