✍️ കെ. എം. രാജൻ മീമാംസക്

സ്നാന മന്ത്രം

ഏട്ടാമത്തെ മന്ത്രം

ഋഷി, ദേവത, ച്ഛന്ദസ്, സ്വരം

ഋഷി: സിന്ധുദ്വീപോfഥർവ കൃതി:| ദേവതാ അപാനപാത് സോമ ആപശ്ച | ച്ഛന്ദ: പഥ്യാ പങ്തി ||

ശം ന ആപോ ധന്വന്യാ३: ശമു സന്ത്വനൂപ്യാ: |
ശം ന ഖനിത്രിമാ ആപ: ശമു യാ: കുംഭ ആഭൃതാ: |
ശിവാ ന: സന്തു വാർഷികീ: |
(അഥർവ്വവേദം 1.6.4)

പദാർത്ഥം : അർത്ഥം

(നഃ) ഞങ്ങൾക്ക് (ധന്വന്യാ:) മരുഭൂമിയിൽ ഉൽപ്പാദിപ്പിക്കുന്ന ജലം (ശം) രോഗങ്ങൾക്കുള്ള ഔഷധമായിരിക്കട്ടെ, കൂടാതെ (അനുപ്യാ:) അനുപത്തിലെ അതായത് ജലമയദേശത്തെ ജലം (ശമ് ഉ) രോഗങ്ങളെ ശാന്തമാക്കുന്നതാവട്ടെ. (ഖനിത്രിമാ:) കുഴിച്ച കിണറുകളിൽ നിന്ന് ലഭിക്കുന്ന) (ആപ:) ജലം (നഃ ശം) ഞങ്ങളുടെ രോഗങ്ങളെ ശമിപ്പിക്കുന്നതായിരിക്കട്ടെ, (യാ:) ഏതൊരു ജലമാണോ (കുംഭേ) കുടങ്ങളിലും കലങ്ങളിലും (ആഭൃതാ:) കൊണ്ടുവന്ന് സൂക്ഷിക്കുന്നത് അവയും (ശം ഉ) രോഗങ്ങളെ ശമിപ്പിക്കുന്നതായിരിക്കട്ടെ. (വാർഷികീ) മഴവെള്ളവും (ന:) ഞങ്ങൾക്ക് (ശിവാ: സന്തു) മംഗളകാരിയും സുഖകാരിയും ആയിക്കൊണ്ട് രോഗങ്ങളെ ശമിപ്പിക്കുന്നതായിരിക്കട്ടെ.

ഉപസംഹാരം

അഥർവ്വ വേദത്തിലെ ഈ രണ്ടു സൂക്തങ്ങളും (ഒന്നാം കാണ്ഡം 5, 6 സൂക്തങ്ങൾ) സലില ഗണത്തിൽ പറയപ്പെടുന്നു. അവയിലെ ക്രമമനുസരിച്ച് അഞ്ചാം സൂക്തത്തിലെ ഒന്നാം മന്ത്രത്തിൽ (അപോ  ഹിഷ്ഠാ…….)
ജലത്തിന്   “മയോഭൂ:” എന്നും ഊർജ =  ബലത്തോട് കൂടിയ ദിവ്യദൃഷ്ടിദായകം എന്നും പറയുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ആയുർവേദമനുസരിച്ച് നാനാപ്രകാരത്തിലുള്ള ജലത്തിന്റെ ഗുണങ്ങൾ ഇപ്രകാരമാണ്. സാമാന്യ ജലത്തിന്റെ ഗുണങ്ങൾ ധന്വന്തരി രാജ നിഘണ്ടുവിൽ പറയുന്നത് നോക്കാം.
“സാധാരണം ജലം രുച്യം ദീപനം പാചനം ലഘു | ഭ്രമതൃഷ്ണാപഹം വാതകഫമേദോഘ്നപുഷ്ടിദമ് || പാനീയം മധുരം ഹിമം ച രുചിദം  തൃഷ്ണാവിശോപാപഹമ്, മോഹംഭ്രാന്തിമപാകരോതി കുരുതേ ഭുക്താന്നപക്തിം പരാമ് | നിദ്രാലസ്യ നിരാസനം വിഷഹരം ആന്താത്തസംതർപണമ് | നൃണാം ധീബലവീര്യബുദ്ധിജനന നഷ്ടാങ്ഗപുഷ്ടിപ്രദമ് ||”

സാധാരണ ജലം സ്വാദുള്ളതും ദഹന ശക്തിയെ ഉത്തേജിപ്പിക്കുന്നതും പ്രകാശം നൽകുന്നതും, ദാഹം, ക്ഷീണം, വാതം, കഫം, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കുന്നതും പുഷ്ടിപ്രദമായതും, മധുരമുള്ളതും, തണുപ്പുള്ളതും, ദാഹവും ക്ഷീണവും ഇല്ലാതാക്കുന്നതും, ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്നതും,  ഉറക്കം,  അലസത,  വിഷം എന്നിവ ഇല്ലാതാക്കുന്നതും,  അറിവ്, ബുദ്ധി, ബലം, വീര്യം എന്നിവ വർധിപ്പിക്കുന്നതും ദുർബലമായ അവയവങ്ങളെ ശക്തിപ്പെടുത്തുന്നതും ആണ്. രണ്ടാമത്തെ മന്ത്രത്തിൽ ‘ശിവതമ  രസ’ എന്നും മൂന്നാമത്തെ മന്ത്രത്തിൽ അത് വീര്യത്തെ ഉണ്ടാക്കുന്നതായും നാലാമത്തെ മന്ത്രത്തിൽ ജലം ഒരു ഔഷധവും രോഗനിവാരകവുമാണെന്നും പറയുന്നുണ്ട്.  ഈ ഗുണങ്ങളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്നു. ഉദാഹരണത്തിന്:- ഗഗനാമ്പൂത്രിദോഷ ഘ്നം ഗൃഹീതം  മൃത്സുഭാജനേ | ബല്യം രസായനം മേധ്യം പാത്രാപേക്ഷി തത: പരമ് ആകാശത്തുനിന്ന് പതിക്കുന്ന ജലം മൂന്ന് ദോഷങ്ങളേയും നശിപ്പിക്കുന്നതും ബലകാരിയായ പവിത്ര രസായനമാണ്. ആറാമത്തെ സൂക്തത്തിലെ ആദ്യ മന്ത്രത്തിൽ ദേവീ: ആപ: – ദിവ്യവായ്വഗ്നിസംയോഗാത് സംഹതാ: ഖാത് പതന്തിയാ: |ശിലാപ്രകാരബദ്ധസ്താ: കരകാ അമൃതോപമാ: ദിവ്യ വായുവിന്റെയും അഗ്നിയുടെയും സംയോജനത്താൽ കല്ലുപോലെ – ആലിപ്പഴം പോലെ വീഴുന്ന വെള്ളം അമൃത് പോലെയാണ്.  അതുപോലെ ആകാശത്ത് നിന്ന് പതിച്ച് മഞ്ഞുമൂടിയ പർവ്വതങ്ങളിൽ നിന്ന് ഒഴുകുന്ന നദികളിലെ വെള്ളവും. ‘ഹിമവത് പ്രഭവാ: പഥ്യാ പുണ്യാ ദേവർഷി സേവിതാ: | നദ്യ: പാഷാണസിക്താശ്ച വാഹിന്യോ വിമലോദകാ: ||
ശരീരത്തിന്  പഥ്യവും  ആരോഗ്യജനകവും പവിത്രവുമാണ്.  രണ്ടാമത്തെ മന്ത്രത്തിൽ ജലത്തിൽ എല്ലാ ഔഷധങ്ങളും അടങ്ങിയിട്ടുണ്ടെന്നും രോഗങ്ങൾക്കുള്ള പ്രതിവിധി അഗ്നിയാണെന്നും സോമൻ പറയുന്നു. ഇതിനായി രാജനിഘണ്ടുവിലെ പൂർണ പ്രകരണം നോക്കേണ്ടതാണ്. മൂന്നാമത്തെ മന്ത്രത്തിൽ “ജ്യോക് ച സൂര്യം ദൃശേ” രാത്രിയിൽ വെക്കുന്ന ശീതളജലം കാലത്ത്കുടിക്കുന്നതിന്റെ ഗുണം രാജനിഘണ്ടുവിൽ പറയുന്നു. ” സോയം സദ്യ:” പതഗപതിനാ സ്പർധതേ നേത്ര ശക്ത്യാ| സ്വർഗാചാര്യ പ്രഹസതി ധിയാ ദ്വേഷ്ടി ദസ്രൗ ച തന്വാ ||”

അയാളുടെ കാഴ്ച സൂര്യന്റേയോ ഗരുഡന്റേയോ പോലെയാണ്. അയാളുടെ ബുദ്ധി ബൃഹസ്പതിയെ പോലെയും ശരീരം അശ്വിനീകുമാരൻ മാർക്ക് സമാനവും ആയിത്തീരുന്നു. നാലാമത്തെ മന്ത്രത്തിൽ മഴവെള്ളത്തോടൊപ്പം നാലുപ്രകാരത്തിലുള്ള ജലങ്ങളുടെ വർണ്ണനയുണ്ട്. ‘ധന്വന്യ, അനൂപ്യ, ഖനിത്രിമ, കംഭേ-അഭൃത ‘എന്നീ നാലുതരം ജലങ്ങളെ കുറിച്ചും വിവരിച്ചിട്ടുണ്ട്. ഇവയ്ക്കും ആയുർവേദത്തിൽ വർണ്ണിക്കുന്ന വ്യത്യസ്ത ഗുണങ്ങളുണ്ട്. അതും നോക്കേണ്ടതാണ്.
(കടപ്പാട്: പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റെ നിത്യകർമ്മവിധി എന്ന ഗ്രന്ഥവും അഥർവ്വ വേദം ഒന്നാം കാണ്ഡം ആറാം സൂക്തം നാലാം മന്ത്രത്തിന് പണ്ഡിറ്റ്‌ ജയദേവ ശർമ്മ വിദ്യാലങ്കാർ മീമാംസാതീർത്ഥ എഴുതിയ ഭാവാർത്ഥവും)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page