ഭാരതീയ വൈദിക സംസ്കൃതിയുടെ ആണിക്കല്ല് എന്നത് ജ്ഞാനസമ്പാദനമാണ്. കേവലമായ ആചാരങ്ങൾക്കപ്പുറം ബുദ്ധിയുടെ വികാസത്തിനും ആത്മീയ ഉന്നതിക്കും വേദങ്ങൾ കൽപ്പിക്കുന്നത് നിരന്തരമായ പഠനവും ചിന്തയുമാണ്. നവരാത്രിക്കാലത്ത് ജഡവസ്തുക്കളായ പുസ്തകങ്ങളും മറ്റും പൂജക്ക്‌ വെക്കുന്നത് മധ്യകാലഘട്ടത്തിൽ വേദപഠനത്തിന് ലോപം വന്നപ്പോൾ ആരംഭിച്ച ഒരു ആചാര പദ്ധതിയാണ്. വൈദിക ഗ്രന്ഥങ്ങളിൽ ഇത്തരം ജഡവസ്തുക്കളുടെ പൂജക്കും പുസ്തകങ്ങൾക്ക് ആരതി ഉഴിയുന്നതിനും ഒരു വിധാനവും കാണുന്നില്ല. പുസ്തകത്തെയല്ല അതിനുള്ളിലെ അറിവിനെയാണ് നാം പ്രണമിക്കേണ്ടത്.

ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ മാത്രം കണ്ടു വരുന്ന നവരാത്രി കാലത്തെ ‘പുസ്തക പൂജയും വായനാ വിലക്കും’ എന്ന ആചാരത്തെ പ്രധാന വേദപ്രമാണങ്ങളുടെയും ആർഷഗ്രന്ഥങ്ങളുടേയും വെളിച്ചത്തിൽ ഒന്ന് പരിശോധിക്കാം.

1.സ്വാധ്യായ പ്രവചനാഭ്യാം ന പ്രമദിതവ്യം (തൈത്തിരീയ ഉപനിഷത്ത് 1.11.1)
ഉപനിഷത്തുകളിലെ ഏറ്റവും ശക്തമായ കൽപ്പനകളിൽ ഒന്നാണിത്. “സ്വാധ്യായത്തിലും അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും ഒരിക്കലും അലസത കാണിക്കരുത്.” വൈദിക ധർമ്മപ്രകാരം അറിവ് നേടുക എന്നത് ശ്വാസമെടുക്കുന്നത് പോലെ നിസ്സീമമായ ഒരു പ്രക്രിയയാണ്. മഹാനവമി ദിവസമായാലും മറ്റേതൊരു പവിത്ര ദിനമായാലും ജ്ഞാനപ്രവർത്തനങ്ങൾക്ക് അവധി നൽകുന്നത് വിദ്യയോടുള്ള വിമുഖതയായാണ് വേദങ്ങൾ കാണുന്നത്. അതിനാൽ ഒരു ദിവസം പോലും പുസ്തകം അടച്ചുവെക്കുന്നത് ഈ ഉപനിഷദ് വചനത്തിന് നിരക്കുന്നതല്ല.

2.തമസോ മാ ജ്യോതിർഗമയ (ബൃഹദാരണ്യക ഉപനിഷത്ത്)

“ഇരുട്ടിൽ നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ” എന്ന പ്രാർത്ഥനയിലെ വെളിച്ചം ‘ജ്ഞാന’മാണ്. പുസ്തകങ്ങളാണ് ആ ജ്ഞാനത്തിന്റെ ഭൗതികമായ ഉപാധികൾ. വൈദിക വീക്ഷണപ്രകാരം ജ്ഞാനദായകമായ പുസ്തകങ്ങളെ മൂടിവെച്ച് വായന നിർത്തിവെക്കുന്നത് പ്രകാശത്തെ മറച്ചുവെച്ച് ഇരുട്ടിനെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഈശ്വരൻ നൽകിയ ബുദ്ധിയും വിവേകവും എപ്പോഴും ഉണർന്നിരിക്കണമെങ്കിൽ വായന തുടരുക തന്നെ വേണം.

3.യഥാർത്ഥ സരസ്വതി പൂജ അറിവ് നേടലാണ്.

“പാവകാ നഃ സരസ്വതീ വാജേഭിർവാജിനീവതീ യജ്‌ഞം വഷ്ടു ധിയാവസുഃ” (ഋഗ്വേദം 1.3.10)
ഋഗ്വേദത്തിലെ ഈ മന്ത്രം സരസ്വതിയെ വിശേഷിപ്പിക്കുന്നത് ബുദ്ധിയെ ശുദ്ധീകരിക്കുന്നവളും ജ്ഞാനം നൽകുന്നവളുമായാണ്. മഹർഷി ദയാനന്ദ സരസ്വതി തന്റെ സത്യാർത്ഥ പ്രകാശം എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്, സരസ്വതി എന്നാൽ ജീവനില്ലാത്ത ഒരു വിഗ്രഹമോ അല്ലെങ്കിൽ പുസ്തകം മാത്രമോ അല്ല, മറിച്ച് അത് പ്രകൃതിയിലെ ഒഴുക്കുള്ള ജ്ഞാനപ്രവാഹമാണ്. പുസ്തകങ്ങളെ വെറും ഭൗതിക വസ്തുക്കളായി കണ്ട് പൂജിക്കുന്നതിനേക്കാൾ, അവ തുറന്ന് വായിച്ച് അറിവ് നേടുന്നതാണ് യഥാർത്ഥ വൈദിക വിദ്യോപാസന.

  1. കർമ്മമണ്ഡലത്തിലെ അലസതയ്‌ക്കെതിരെയുള്ള നിലപാട്.

വേദങ്ങളിൽ മനുഷ്യരെ എപ്പോഴും കർമ്മനിരതനായിരിക്കാൻ ഉപദേശിക്കുന്നു. ഭയം മൂലമോ അന്ധവിശ്വാസം മൂലമോ പുസ്തകങ്ങൾ തൊടാതിരിക്കുന്നത് ഒരു തരം അലസതയാണ്. ഈശ്വരൻ നിരാകാരനും സർവ്വവ്യാപിയുമാണ്. അദ്ദേഹം നമ്മുടെ ബുദ്ധിയിലും കർമ്മത്തിലും സാന്നിധ്യം കൊള്ളുന്നു. അതുകൊണ്ട് മഹാനവമി നാളിൽ വിദ്യയുടെ അധിനാഥനായ പരമേശ്വരനെ ധ്യാനിച്ച് പുസ്തകങ്ങൾ പഠിക്കുന്നത് തന്നെയാണ് ഒരു വിദ്യാർത്ഥി ചെയ്യേണ്ട ഏറ്റവും വലിയ ഈശ്വരപൂജ.

കേരളീയ സംസ്കാരത്തിലെ നവരാത്രി ആഘോഷങ്ങൾ സാംസ്കാരികമായി ഏറെ മനോഹരമാണെങ്കിലും, വൈദികമായ സത്യങ്ങളെ മുറുകെപ്പിടിക്കുമ്പോൾ സ്വാധ്യായത്തിന് യാതൊരുവിധ മുടക്കവും വരുത്താൻ പാടില്ല. മഹർഷി ദയാനന്ദ സരസ്വതി വിഭാവനം ചെയ്തതുപോലെ, അന്ധവിശ്വാസങ്ങളുടെ ചങ്ങലകൾ പൊട്ടിച്ച്, വേദപ്രമാണങ്ങളുടെ വെളിച്ചത്തിൽ നിത്യവും അറിവ് സമ്പാദിക്കുന്ന പ്രക്രിയയാണ് യഥാർത്ഥ ഭാരതീയ പാരമ്പര്യം.
ഡാൻസും പാട്ടും കൂത്തുമായി നവരാത്രി ആഘോഷിക്കുന്നതിന് പകരം ആത്മനിരീക്ഷണത്തിനും സ്വാധ്യായത്തിനും ഈ സമയം പ്രയോജനപ്പെടുത്തണം എന്നാണ് വിദ്യാദേവിയായ സരസ്വതി നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
മൊബൈൽ : 7907077891
ഇമെയിൽ : kmrajanmeemamsak@gmail.com

You cannot copy content of this page