ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങിയിരിക്കുകയാണിപ്പോള്‍ റഫേല്‍ വിമാനങ്ങള്‍. വ്യോമസേന മേധാവി തന്നെ നേരിട്ടാണ് ഈ വിമാനങ്ങളെ സ്വീകരിക്കാനെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇതു പോലെ വരവേല്‍പ്പ് നല്‍കിയ മറ്റൊരു യുദ്ധവിമാനവുമില്ലന്നതും നാം ഓര്‍ക്കണം.
ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന 36 വിമാനങ്ങളില്‍ അഞ്ചെണ്ണമാണ് അംബാല വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ ഒരെണ്ണം എത്തിയിരുന്നു. ബാക്കി 30 എണ്ണം അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാതെ തന്നെ ചൈനീസ് തലസ്ഥാനവും പാക്കിസ്ഥാന്‍ തലസ്ഥാനവും ചാമ്ബലാക്കാന്‍ റഫേലിന് കഴിയും. ആണവായുധം ഉള്‍പ്പെടെ കൃത്യമായി ഉപയോഗിക്കാന്‍ ഈ യുദ്ധവിമാനത്തിന് ശേഷിയുണ്ട്.
പാക്ക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കും റഫേല്‍ വലിയ ഭീഷണിയാകും. മുന്‍പ് ബാലക്കോട്ട് ആക്രമണം നടത്താന്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് അതിര്‍ത്തി കടക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ ശത്രു കേന്ദ്രങ്ങളെ ശവ പറമ്ബാക്കാന്‍ കഴിയും.
 റഫേലിനോട് കിടപിടിക്കുന്ന ഒരു യുദ്ധ വിമാനവും ചൈനയുടേയോ, പാക്കിസ്ഥാന്റെയോ പക്കലില്ല. ഈ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. പുതിയ കാലത്തെ യുദ്ധത്തില്‍ വ്യോമ സേനക്ക് വലിയ പങ്കാണ് ഉള്ളത്. റഫേല്‍ എത്തിയതോടെ ഏഷ്യയില്‍ തന്നെ വലിയ മേധാവിത്വമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
അമേരിക്കയുടെ ലോകത്തിലെ നമ്ബര്‍ വണ്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ അപ്പാച്ചയും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമാണ്. റഷ്യയുടെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും അധികം താമസിയാതെ ഇന്ത്യക്ക് കൈമാറും. ആധുനിക ടാങ്കുകളും റഷ്യ ഇന്ത്യക്കായി നല്‍കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ നവീകരണത്തിന് ബദ്ധ ശത്രുക്കളായ റഷ്യയും അമേരിക്കയും ഒരു പോലെയാണ് ഇന്ത്യക്ക് പിന്തുണ നല്‍കുന്നത്. ഇതിനു പുറമെയാണ് ഫ്രാന്‍സും, ഇസ്രയേലും ആധുനിക ടെക്‌നോളജി ഇന്ത്യക്കായി കൈമാറിയിരിക്കുന്നത്.
ഫ്രാന്‍സിലുള്ള റഫേലിനേക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ എത്തുന്ന റഫേലുകള്‍. ഇസ്രയേല്‍ ടെക്‌നോളജി കൂടി ഉപയോഗിച്ചതാണ് കരുത്ത് കൂടാന്‍ കാരണം. റഫേല്‍ വിമാനത്തിന് ശത്രുരാജ്യത്തിന്, ഏല്‍പ്പിക്കാന്‍ പറ്റുന്ന പ്രഹരം, നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. ആണവായുധം വഹിച്ച്‌ പറക്കാനും, രാത്രിയും പകലും ലക്ഷ്യം തെറ്റാതെ ആക്രമിക്കാനുമുള്ള ശേഷിയാണ് റഫേലിന്റെ പ്രത്യേകത. ഈ വിമാനത്തെ വെടി വെച്ചിടുക എന്നതും ശത്രുരാജ്യത്തിന് എളുപ്പമാകില്ല. റഫേലിന്റെ ടെക്‌നോളജി തന്നെ, ഏറെ അഡ്വാന്‍സായിട്ടുള്ളതാണ്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്സ് ശേഷിയുള്ളതാണ് റഫേല്‍. മിക്ക ആധുനിക ആയുധങ്ങളും റഫേലില്‍ ഘടിപ്പിക്കാനാകും.
ഇന്ത്യയുടെ മണ്ണില്‍ റഫേല്‍ പറന്നിറങ്ങിയപ്പോള്‍ അതിനൊപ്പം ഒരു പേര് കൂടി ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ്. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ പ്രതിനിധിയായ എയര്‍ കൊമ്മോഡോര്‍ ഹിലാല്‍ അഹമ്മദ് റാത്താറാണ് ആ വൈമാനികന്‍. നിലവില്‍ ഫ്രാന്‍സിലെ എയര്‍ അറ്റാഷേ എന്ന നിലയിലാണ് ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഹിലാല്‍ പ്രവര്‍ത്തിക്കുന്നത്. റഫേലിന്റെ കൈമാറ്റം ഒരു തരത്തിലും വൈകാതെ കൃത്യതയോടെ നടക്കാന്‍ ഏറ്റവും നിര്‍ണ്ണായക ദൗത്യം ഇന്ത്യ ഏല്‍പ്പിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.എയര്‍ കൊമ്മോഡോര്‍ ഹിലാല്‍ അഹമ്മദ് റാത്താര്‍ ഇന്ത്യയുടെ അഭിമാനമായ സൈനികനാണ്. മാത്രമല്ല ഒരു സേനാ കുടുംബത്തില്‍ നിന്നുമാണ് റാത്താര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. റാത്താറിന്റെ അച്ഛന്‍ ജമ്മു കശ്മീരിലെ ഡിഎസ്പി റാങ്കിലിരുന്ന ഉദ്യോഗസ്ഥനാണ്. 3,000 മണിക്കൂര്‍ യുദ്ധവിമാനം പറത്തിയ ഇന്ത്യയുടെ ഏറ്റവും മികച്ച വൈമാനികനെന്ന നിലയിലും ഹിലാല്‍ ഏറെ വിശ്വാസ്യത നേടിയ സൈനികനാണ്. ഇന്ത്യയുടെ ആവശ്യമനുസരിച്ചുള്ള മാറ്റം ഉറപ്പാക്കാനായാണ് ഹിലാല്‍ അഹമ്മദ് നേരത്തെ തന്നെ ഫ്രാന്‍സിലെത്തിയത്. 
ലഡാക്കിലെ അത്യന്തം കടുത്ത കാലാവസ്ഥകളെ അതി ജീവിക്കാനും മലനിരകളില്‍ ഇറങ്ങാനും ഉയരാനും ഉള്ള സാങ്കേതിക വിദ്യ റഫേലില്‍ കൂട്ടിയിണക്കിയാണ് ഇന്ത്യയ്ക്കിപ്പോള്‍ കൈമാറിയിരിക്കുന്നത്.

Obligation with Kesav Nair


You cannot copy content of this page