വ്യക്തിപൂജ, ആൾദൈവ പൂജ, വിഗ്രഹാരാധന, ഈശ്വരാവതാരം (നിരാകാരനും സർവ വ്യാപിയുമായ ഈശ്വരന് അവതരിക്കുക അഥവാ ഇറങ്ങി വരിക സാധ്യമല്ല എന്നാണ് വൈദിക വീക്ഷണം) തുടങ്ങിയ വേദ വിരുദ്ധമായവയെ ആര്യസമാജം അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ആര്യസമാജം ശ്രീരാമക്ഷേത്ര നിർമ്മാണത്തെ പിൻതുണക്കണമോ? എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.

ആ ചോദ്യം ശരി തന്നെയാണ്. രാമൻ ഈശ്വരാവതാരമാണെന്നതിനെയും രാമന്റെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചാരാധിക്കുന്നതിനെയും അവ വേദാദി സത്യശാസ്ത്രങ്ങൾക്ക് വിരുദ്ധമാകയാൽ ആര്യസമാജം അംഗീകരിക്കുന്നില്ല. വാൽമീകിയുടെ രാമൻ മര്യാദാപുരുഷോത്തമൻ ആയ മനുഷ്യൻ ആയിരുന്നു. വിഷ്ണുവിന്റെ അവതാരമല്ല. എന്നാൽ അതേ സമയം ശ്രീരാമന്റെയും ശ്രീക്ഷ്ണനെയും മറ്റും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ച് മണികൊട്ടി പൂജിക്കുന്നതിനു പകരം അവരെ ഈ പവിത്ര ഭൂമിയിൽ മനുഷ്യനായി ജീവിച്ച് ലോകത്തിന്റെ എക്കാലത്തെയും ആദരവ് പിടിച്ചുപറ്റിയ മഹാപുരുഷന്മാരായി കണ്ട്‌ അവരെ ആദരിക്കുകയും അവർ ചെയ്ത ധർമ്മ സംരക്ഷണ ദൗത്യം നാമെല്ലാം ഏറ്റെടുക്കണം എന്നുമാണ് ആര്യസമാജം മുന്നോട്ട് വെക്കുന്ന നിലപാട്.

ആര്യസമാജത്തിന് മഹർഷി ദയാനന്ദന്റെ ജൻമസ്ഥാനമായ ഗുജറാത്തിലെ ടങ്കാര എത്രത്തോളം പ്രിയപ്പെട്ടതും പ്രാധാന്യമുള്ളതുമാണോ ഒരു പക്ഷേ അതിനേക്കാൾ മഹത്വപൂർണവും പ്രധാനപ്പെട്ടതുമാണ് ഓരോ ഭാരതീയനെ സംബന്ധിച്ചിടത്തോളം ശ്രീരാമന്റെ ജന്മസ്ഥാനമായ അയോദ്ധ്യ. ഈ രണ്ടു സ്ഥലങ്ങളും ഐതിഹാസികവും ഭാരതീയർക്കെല്ലാം പ്രേരണാ ശ്രോതസ്സുമാണ്. അതിലുപരി ദേശീയ ദൃഷ്ടിയിൽ അയോദ്ധ്യയിലെ ക്ഷേത്രം എല്ലാ ഹൈന്ദവരുടെയും അഭിമാനമായിരിക്കെ ആ സ്ഥാനം അധർമ്മിയായ ഒരുവിദേശി തകർത്ത് പളളിയാക്കി മാറ്റിയപ്പോൾ തകർന്നത് ഭാരതത്തിലെ മുഴുവൻ ഹിന്ദുവിന്റെയും ആത്മാഭിമാനമായിരുന്നു. അതു വീണ്ടെടുക്കുവാനുള്ള അവരുടെ എല്ലാ വിധ പ്രക്ഷോഭങ്ങൾക്കും ധാർമ്മികമായ പിന്തുണ നൽകുകയെന്നത് സ്വാഭിമാനികളായ എല്ലാ പൗരന്മാരുടെ കർത്തവ്യമാണ്. ആര്യസമാജവും ആ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്നുണ്ട്. എന്നിരിക്കെ ആര്യസമാജം രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നല്കിയതിൽ അനുചിതമായി ഒന്നും കാണുന്നില്ല. മൂർത്തിപൂജ, അവതാരവാദം, പൗരാണിക അന്ധവിശ്വാസങ്ങൾ എന്നിവയോട് ആര്യസമാജം ഒരിക്കലും യോജിക്കുന്നില്ല. പൗരാണികരുമായി ബൗദ്ധികമായ ചർച്ചകളിൽ ഏർപ്പെടാമെങ്കിലും അതിന്റെ പേരിൽ ഹൈന്ദവ സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ ഭ്രഷ്ടു കൽപ്പിക്കാതെ അവരേയും സത്യജ്ഞാനത്തോടൊപ്പം ചേർത്തു നിർത്താൻ ശ്രമിക്കുകയാണ് യഥാർത്ഥത്തിൽ ആര്യസമാജം ചെയ്യുന്നതും ചെയ്യേണ്ടതും. മറിച്ച് സിദ്ധാന്തത്തിന്റെ പേരിൽ അന്ധമായ സ്പർദ്ധയിലേക്കു പോകുന്നത് ഹൈന്ദവ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുവാനും അത് ശത്രുപക്ഷത്തുനിന്നു കൊണ്ട് ഹൈന്ദവ ധർമ്മത്തെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്ന അർബൻ നക്സലുകൾക്കും ഇസ്ളാമിലെ ചില തീവ്രവാദികൾക്കും കൂടുതൽ ബലമേകാൻ മാത്രമേ സഹായിക്കുകയുള്ളു. സനാതന ധർമ്മത്തിന്റെ ആകെ സുരക്ഷിതത്വത്തെ തന്നെയാണ് ഇതു ബാധിക്കുക എന്ന തിരിച്ചറിവ് ആര്യസമാജത്തിനുണ്ട്. കേരളത്തിൽ നടന്ന മാപ്പിള ലഹളയിലും വൈക്കം സത്യാഗ്രഹത്തിലും കൽപ്പാത്തി രഥോൽസവത്തിലും (ഇവ രണ്ടും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്നോർക്കുക) അവർണർ എന്നുപറഞ്ഞ് ഒരു വിഭാഗത്തെ മാറ്റിനിർത്തിയപ്പോൾ അതിനെതിരെ ശബ്ദമുയർത്തുകയും അതിനു വേണ്ടി ആദ്യം മുന്നോട്ടുവന്നതും ആര്യസമാജമായിരുന്നു എന്നതും ഇവിടെ വിസ്മരിക്കരുത്. സ്വാമി ശ്രദ്ധാനന്ദൻ ഈ പ്രക്ഷോഭങ്ങളിൽ മുന്നിൽ നിന്ന് നയിച്ചിരുന്നു. 1921 ലെ മാപ്പിള ലഹളക്കാലത്തും ഹൈദരാബാദ് നിസാമിനെതിരെനടന്ന സമരത്തിലും പൗരാണികർക്കും അവരുടെ ആരാധനാലയങ്ങൾക്കും ആപത്ത് നേരിട്ടപ്പോൾ ധർമ്മപക്ഷത്ത് മുൻനിരയിൽ ആര്യസമാജം ഉണ്ടായിരുന്നു. ശബരിമലയിൽ സർക്കാരിന്റെ പിന്തുണയോടെ രഹന ഫാത്തിമയെപ്പോലുള്ളവർ ഹിന്ദുവിശ്വസികളെ വെല്ലുവിളിച്ചപ്പോൾ ആര്യസമാജം രംഗത്ത് വന്നിരുന്നു. അവർക്കെതിരെ ഒരു കേസും കൊടുക്കുകയുണ്ടായി. അതുപോലെ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്ന അവസരത്തിലും ഹൈന്ദവ സമൂഹത്തിന് ആര്യസമാജത്തിന്റെ എല്ലാവിധ പിൻതുണയുമുണ്ടാകും.


You cannot copy content of this page