സാമവേദ പണ്ഡിതൻ പാഞ്ഞാൾ നെല്ലിക്കാട്ട് മന മാമണ്ണ് നീലകണ്ഠൻ നമ്പൂതിരി (94) ഇനി ഓർമ്മ. പ്രണാമം.സാമവേദ തലമുറയുടെ അവസാന കണ്ണിയും ഓർമ്മയായി
ജൈമനീയ സാമവേദാലാപന സമ്പ്രദായത്തിന്റെ പഴയ തലമുറയുടെ അവസാന കണ്ണി – 94 കാരനായ പാഞ്ഞാൾ നെല്ലിക്കാട്ട് മന മാമണ്ണ് നീലകണ്ഠൻ നമ്പൂതിരിയും ഓർമ്മയായി.
1975 ൽ പ്രൊഫ. സ്റ്റാളിന്റെയും മാമണ്ണ് ഇട്ടി രവി നമ്പൂതിരിയുടെയും നേതൃത്വത്തിൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിൽ സജീവമായി പങ്കെടുത്തു.
1975 ലെ പാഞ്ഞാൾ അതിരാത്രത്തിന് വേണ്ടി നീലകണ്ഠൻ നമ്പൂതിരിയെ വീണ്ടും ചൊല്ലിയുറപ്പിച്ചത് അച്ഛൻ നീലകണ്ഠൻ അക്കിത്തിരിപ്പാടായിരുന്നു.
അന്യംനിന്നു പോവുമായിരുന്ന ജൈമനീയാലാപന പാരമ്പര്യം വരുംതലമുറക്കായി പകർത്താനും ഈ പണ്ഡിതൻ സഹകരിച്ചു. 1997 ൽ കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത സർവ്വകലാശാല ഇതിനായി മുന്നോട്ട് വന്നപ്പോൾ അതുമായി സഹകരിച്ചത് നാലു പണ്ഡിതരായിരുന്നു. നീലകണ്ഠൻ നമ്പൂതിരി സഹോദരൻ വാസുദേവൻ നമ്പൂതിരി, പെരുമങ്ങാട് വാസുദേവൻ നമ്പൂതിരി, തോട്ടം ആര്യൻ നമ്പൂതിരി എന്നിവരായിരുന്നു അവർ. മാസങ്ങളുടെ ശ്രമഫലമായാണ് ചൊല്ലി ഉറപ്പിച്ച് വീഡിയോയിൽ സാമം പകർത്തിയത്.
2000 ത്തിൽ പോളണ്ടിലെ ക്രാക്കോ നഗരത്തിൽ നടന്ന അന്തരാഷ്ട്ര സെമിനാറിൽ കിള്ളിമംഗലം
കുഞ്ചുവാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നീലകണ്ഠൻ നമ്പൂതിരിയും മറ്റു മുന്നു പേരും പങ്കെടുത്തു. ഒരാഴ്ച അവിടെ 70 വിദ്യാർത്ഥികളെ ആദ്യത്തെ ” ഓത്ത്” പഠിപ്പിക്കാനും തയ്യാറായി. മുന്നൂറ് വർഷം പഴക്കമുള്ള ജുത ദേവാലയത്തിൽ സാമവേദ ഗാനാലാപനത്തിനും മുന്നു തലമുറകൾ അതിരാത്രം നിർവ്വഹിച്ച പരമ്പരയിലെ പിൻഗാമിയായ നീലകണ്ഠൻ നമ്പൂതിരി നേതൃത്വം നൽകി.
കേന്ദ്ര സാംസ്കാരിക വകുപ്പ് ജൈമിനീയസാമവേദ സംരക്ഷണത്തിനു മുന്നോട്ടു വന്നപ്പോഴും അവർക്കു വേണ്ടിയും സാമവേദാലാപനം നടത്തി വരുംതലമുറയ്ക്ക് ഈ പൈതൃകം പകർന്നു കൊടുക്കാൻ ആവേശത്തോടെ പ്രായം അവഗണിച്ചും മറ്റുള്ളവരെ സഹകരിപ്പിച്ച് മുന്നിൽ നിന്നു .
ശ്രൗതസ്മാർത്തക്രിയകളിലെയും അവസാനവാക്കായിരുന്നു നീലകണ്ഠൻ നമ്പൂ തിരി.
സാമവേദികളുടെ ചടങ്ങു കഴിപ്പിക്കാൻ അവകാശമുള്ള മാമണ്ണ് കുടുംബത്തിലെ കാരണവരും .

കാപ്ര അതിരാത്രം, ചെറുമുക്ക് സോമയാഗം തുടങ്ങി സമീപകാലത്തെ നിരവധിയാഗങ്ങളിലെ സജീവസാന്നിധ്യമായിരുന്നു.
2015 ,മാർച്ചിൽ ശുകപുരം അതിരാത്രത്തിലാണ് അവസാനമായി പങ്കെടുത്തത് -” പ്രതിഹാരി “എന്ന ഋത്വിക്കായി പങ്കെടുത്തത് സാമവേദ പണ്ഡിതൻ തോട്ടം ശിവകരൻ നമ്പൂതിരി സ്മരിച്ചു. സാമവേദ പരമ്പരയിലെ ഒരദ്ധ്യായത്തിന്റെ അവസാനം.

You cannot copy content of this page