പ്രിയ ബന്ധു,
നമസ്തേ,
മനുഷ്യന്റെ മനസ്സ് വളരെ സങ്കീർണ്ണമാണ്. ലോകത്ത് മനുഷ്യർ ഉണ്ടായകാലം മുതൽ ഈ മനസ്സിനെ അറിയാനും അതിനെ എങ്ങനെ രോഗവിമുക്തമാക്കാം എന്നുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ആസ്തിക ദർശനങ്ങളിൽ ഒന്നായ പതഞ്ജലി മഹർഷിയുടെ യോഗദർശനം മനുഷ്യമനസ്സിനെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകത്തുണ്ടാവുന്ന നല്ലതും മോശവുമായ പ്രവൃത്തികൾക്കെല്ലാം അടിസ്ഥാനം മനുഷ്യമനസ്സുതന്നെയാണ്. മനുഷ്യനെ മാലാഖയാക്കുന്നതും കൊടും ക്രൂരനാക്കുന്നതും ഈ മനസ്സ് തന്നെയാണ്. ആധുനിക സുഖഭോഗങ്ങളും ജീവിതശൈലിയും തിരക്കേറിയ ജോലികളും കുടുംബങ്ങളിലും സമാജത്തിൽ പൊതുവെയും മാനസിക സമ്മർദ്ദം കൂട്ടിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി കുറ്റകൃത്യങ്ങൾ വർധിക്കുകയും കുടുംബ ബന്ധങ്ങളിലും സുഹൃദ് ബന്ധങ്ങളിലും വിള്ളൽ വീഴുകയും ചെയ്യുന്നു. ഇന്ന് സമാജത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ, സ്ത്രീപീഡനങ്ങൾ, വിവാഹമോചനങ്ങൾ, കുട്ടികളിലെ പഠന വൈകല്യങ്ങൾ എന്നിവക്കെല്ലാം മുഖ്യകാരണം മനസ്സിന്റെ ഈ സങ്കീർണ്ണതയാണ്.  ഏറ്റവും അധികം മാനസിക വൈകല്യങ്ങളും കുറ്റവാസനകളും ഇന്ന് കൂടുതൽ കാണുന്നത് ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനപൂർവ്വം പറയുന്ന കേരളമാണെന്ന യഥാർത്ഥ്യം നാം ഇനിയെങ്കിലും ഉൾക്കൊണ്ടേ മതിയാവൂ.
ഈ പരിത:സ്ഥിതിയിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി വെള്ളിനേഴി ആര്യസമാജം ഒരു സൗജന്യ കൗൺസിലിങ് കേന്ദ്രം ആരംഭിക്കുകയാണ്. ‘പ്രത്യാശ’എന്ന ഈ ആര്യസമാജം കൗൺസിലിങ് കേന്ദ്രത്തിലൂടെ വിവാഹപൂർവ്വ കൗൺസിലിംഗ്, പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, കുട്ടികളിൽ കാണുന്ന മനോവൈകല്യങ്ങളും പഠനത്തോടുള്ള വിമുഖത തുടങ്ങിയവ, പ്രായമായവരിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ എന്നിവക്കെല്ലാമുള്ള പരിഹാരങ്ങൾ കൌൺസിലിംഗ് മേഖലയിൽ യോഗ്യരും പരിചയസമ്പന്നരുമായവരുടെ നേതൃത്വത്തിൽ ഈ കേന്ദ്രത്തിലൂടെ സൗജന്യമായി നിർദ്ദേശിക്കുന്നതാണ്.
രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും 7907077891, 9446017440 എന്നീ നമ്പറുകളിൽ (കാലത്ത് 7 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്.
കേരളത്തിൽ ആര്യസമാജം പ്രവർത്തനം ആരംഭിച്ചതിന്റെ ശതാബ്ദി വേളയിൽ വർണ്ണ വർഗ്ഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ആശ്വാസം പകരാൻ വേണ്ടി ആരംഭിക്കുന്ന ഈ ‘പ്രത്യാശ’ ആര്യസമാജം കൗൺസിലിങ് സെന്റർ  സൃഷ്ടി സംവത്സരം 1972949123 ശ്രാവണ ശുക്ലഅഷ്ടമി കാലത്ത് 11 ന് (2021 ജൂലൈ 18 ന് കാലത്ത് 11 ന്) വെള്ളിനേഴി പഞ്ചായത്ത്‌ മെമ്പർ ശ്രീ. ഒ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ഈ ഓൺലൈൻ യോഗത്തിൽ കേരളത്തിലെ മുൻ ഡി.ജി. പി. ഡോ. ജേക്കബ് തോമസ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. കാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കേ. മാധവൻ അനുഗ്രഹ പ്രഭാഷണം നടത്തും. ‘പ്രത്യാശ’ ആര്യസമാജം കൗൺസിലിംഗ് സെന്റർ ഡയറക്‌ടർ അഡ്വ. ഇന്ദിര നായർ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ശ്രീമതി. ശരണ്യ മോഹൻ, എം. ഡി.യൂണിവേഴ്സിറ്റി, രോഹതക് മഹർഷി ദയാനന്ദ് ചെയർ പ്രോഫസർ (ഡോ.) രവി പ്രകാശ് ആര്യ, ആര്യ സമാജം സഫ്‌ദർജംഗ് എൻക്ളേവ് അധ്യക്ഷൻ ശ്രീ. രവിദേവ് ഗുപ്ത, ആര്യസമാജം മാറത്തല്ലയിലെ (ബാംഗ്ലൂരു) ശ്രീ. സൂരജ് പ്രകാശ് കുമാർ, ശ്രീ. ബലശ്വർ മുനി വാനപ്രസ്ഥി(ഡൽഹി), ശ്രീ. വിജയ് സിംഗ് ഗഹലോട് (ഋഷി ഉദ്യാൻ, അജ്മേർ), വെള്ളിനേഴി ആര്യസമാജം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദദാസ് മാസ്റ്റർ, ആര്യപ്രചാരക് ശ്രീ. കെ. എം. രാജൻ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്.
എല്ലാ നല്ലവരായ നാട്ടുകാരെയും ധർമ്മ ബന്ധുക്കളെയും ഈ മഹത് സംരംഭത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

എന്ന്,
അഡ്വ. ഇന്ദിര നായർ ഡയറക്ടർ’പ്രത്യാശ’ ആര്യസമാജം കൗൺസിലിങ്  സെന്റർ,വെള്ളിനേഴി


You cannot copy content of this page