വാൽമീകി രാമായണത്തിൽ മര്യാദാ പുരുഷോത്തമൻ ശ്രീരാമചന്ദ്ര മഹാരാജാവിനെ കൂടാതെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത് പരമ ബലശാലിയും വീരനും ഭക്ത ശിരോമണിയുമായ ഹനുമാനാണെന്ന് നിസംശയം പറയാം. എന്നാൽ കാലങ്ങളായി വാനരൻ്റെ മുഖവും വാലും നൽകിയിട്ടുള്ള ഹനുമാൻ്റെ ചിത്രങ്ങൾ കാണുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ പല സംശയങ്ങളും ഉയർന്നിട്ടുണ്ടാകണം.
യഥാർത്ഥത്തിൽ ഹനുമാൻ ഒരു വാനരനായിരുന്നോ? അദ്ദേഹത്തിന് വാലുണ്ടായിരുന്നോ? ഹൈന്ദവ സംസ്കൃതിയെ അപകീർത്തിപ്പെടുത്തുവാൻ അജ്ഞാനികൾ വീരഹനുമാനെ നിരന്തരം ഇകഴ്ത്തി സംസാരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിൻ്റെ ഉത്തരങ്ങൾ കണ്ടെത്തുക തികച്ചും മഹത്വപൂർണമായ കാര്യമാണ്.
ആദ്യമായി വാനര: എന്ന ശബ്ദം നോക്കാം. ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ കുരങ്ങൻ്റ രൂപം വന്നു കഴിയും. എന്നാൽ ഈ ശബ്ദത്തെ ഒന്നു പദവിശ്ലേഷണം ചെയ്യുമ്പോൾ ‘വനത്തിൽ ലഭ്യമാകുന്ന അന്നം സ്വീകരിക്കുന്നവൻ ‘ എന്ന അർത്ഥമാണ് ലഭിക്കുക. പർവ്വത പ്രദേശത്തുലഭിക്കുന്ന അന്നം ഭക്ഷിക്കുന്നവരെ ഗിരി ജനങ്ങൾ എന്നുവിളിക്കുന്നതുപോലെ വനത്തിൽ ജീവിക്കുന്നവരെ വാനര ശബ്ദം കൊണ്ട് വ്യവഹരിക്കുന്നു. അതിനാൽ ഹനുമാനെ വിശേഷിപ്പിക്കുന്ന വാനര ശബ്ദത്തിന് ചുവന്നുതുടുത്ത മുഖമുള്ള കുരങ്ങൻ എന്നോ വിശേഷയോനിയെന്നോ അർത്ഥം വരുന്നില്ല.
രാമായണത്തിൽ ഹനുമാനെ കൂടാതെ ജാംബവാൻ, ബാലി, സുഗ്രീവൻ തുടങ്ങിയവരുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. അവർക്കും വാലുകൾ ഉള്ളതായി ചിത്രങ്ങളിൽ കാണുന്നു. എന്നാൽ ഹനുമാൻ്റെ മാതാവായ അഞ്ജന, ബാലിയുടെ പത്നി താര, സുഗ്രീവ പത്നി രുമ എന്നീ വാനര സ്ത്രീകൾക്ക് വാലുള്ളതായി കാണുന്നുമില്ല. ഇത് അസംഭവ്യമാണ്. കാരണം സമാന യോനിയിലെ ആൺ പെൺ വിഭാഗങ്ങളിൽ സമാന ശരീര ഘടന യാണ് സാധാരണ ലോകത്തിൽ കണ്ടുവരാറുള്ളത്. അതിനാൽ ഹനുമാൻ സുഗ്രീവൻ തുടങ്ങിയവരുടെ രൂപങ്ങൾ ചിത്രകാരൻ്റെ ഭാവന മാത്രമായി കാണുന്നതാണ് ഉചിതം.
ഇനി വാല്മീകി രാമായണം കിഷ്ക്കിന്ധാകാണ്ഡത്തിലെ ഒരു വിവരണം നോക്കൂ.
നാനൃഗ്വേദവിനീതസ്യ നായജുർവേദ ധാരിണ: I
നാസാമവേദവിദുഷ: ശക്യമേവം പ്ര ഭാഷിതും II
നൂനം വ്യാകരണം കൃത്സ്നമനേന ബഹുധാ ശ്രുതമ് ।
ബഹുവ്യാഹരതാനേന ന കിംചിദപശബ്ദിതമ് II
(വാല്മീകി രാമായണം കിഷ്കിന്ധാകാണ്ഡം സർഗം 3. 28, 29)
” ഋഗ്വേദം ആഴത്തിൽ പഠിച്ചവനും യജുർവേദം മുഴുവൻ ഹൃദിസ്ഥമാക്കിയവനും സാമവേദ പണ്ഡിതനുമല്ലാത്ത ആർക്കും ഈ വിധം ചാതുര്യത്തോടെ സംഭാഷണം നടത്താൻ കഴിയില്ല. ഇദ്ദേഹം തീർച്ചയായും വ്യാകരണം ബഹുപ്രകാരത്തിൽ പഠിച്ചിട്ടുണ്ട് എന്നു വ്യക്തം. കാരണം ആ വാക്കുകളിൽ ഒരപശബ്ദം പോലുമുണ്ടായില്ല…”. എന്ന് കിഷ്കിന്ധാകാണ്ഡത്തിൽ സുഗ്രീവ മഹാരാജാവിൻ്റെ സചിവനായ ഹനുമാനെ ആദ്യമായി കണ്ട മാത്രയിൽ രാമൻ ലക്ഷമണനോട് സൂചിപ്പിക്കുന്നു.
എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിലും ഇത് വിവരിക്കുന്നതായി കാണാം.
” ഇല്ലൊരപശബ്ദമെങ്ങുമേവാക്കിങ്കൽ
നല്ല വയ്യാകരണൻ വടു നിർണ്ണയം
മാനവ വീരനുമപ്പോളരുൾ ചെയ്തു
വാനര ശ്രേഷ്ഠനെ നോക്കി ലഘുതരം”
വേദശാസ്ത്ര പഠനങ്ങൾ മനുഷ്യർക്കു മാത്രം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതിനാൽ ഹനുമാൻ ജ്ഞാനിയായ ഒരു മനുഷ്യനാണെന്ന് സ്പഷ്ടം.
വാല്മീകി രാമായണം സുന്ദരകാണ്ഡത്തിൽ സീതയെ കണ്ടെത്തിയപ്പോൾ സീതയോട് എന്ത് സംസാരിക്കണമെന്ന് ഹനുമാൻ ചിന്തിക്കുന്നു.
“യദി വാചം പ്രദാസ്യാമി
ദ്വിജാതിരിവ സംസ്കൃതാമ് I
രാവണം മന്യമാനാ മാം
സീതാ ഭീതാ ഭവിഷ്യതി II (30.18)
സേയമാലോക്യ മേ രൂപം
ജാനകീ ഭാഷിതം തഥാ ।
രക്ഷോഭിസ്ത്രാസിതാ പൂർവ്വം
ഭൂയസ്ത്രാസമുപൈഷ്യതി II (30/20)
ഇതിനർത്ഥം “ദ്വിജന്മാരായ ബ്രാഹ്മണ ക്ഷത്രിയ വൈശ്യരെ പോലെ ഞാൻ സംസ്കൃതമായ ഭാഷയിൽ സ്വയം പരിചയപ്പെടുത്തിയാൽ രാവണൻ വേഷം മാറിയെത്തിയതാണെന്നു സീത വിചാരിക്കും. വനവാസിയുടെ രൂപത്തിൽ ചെന്ന് നാഗരിക ഭാഷ സംസാരിച്ചാൽ രാക്ഷസന്മാരാൽ ഭയപ്പെട്ടു നിൽക്കുന്ന സീത ഒന്നുകൂടി ഭയപ്പെടും. വീണ്ടും രാവണനാണെന്നു വിചാരിച്ചു ബഹളമുണ്ടാക്കും. അതിനാൽ സാമാന്യ നാഗരികനേപ്പോലെ സംസാരിക്കാം.” ഈ വിധം യുക്തിപൂർവ്വം ചിന്തിക്കാനും പ്രവർത്തിക്കാനും സാധാരണ കുരങ്ങനു സാധിക്കുമെന്ന് വിചാരിക്കുക വയ്യല്ലൊ.
ഇതോടൊപ്പം നമുക്കെല്ലാം ശങ്കയുള്ളത് ഹനുമാൻ യഥാർത്ഥത്തിൽ പറന്നാണോ ലങ്കയിലെത്തിയത് എന്നാണ്. ചിലർ വിശ്വസിക്കുന്നത് ഹനുമാന് അമാനുഷ ശക്തിയുള്ളതുകൊണ്ട് പറക്കാൻ കഴിയുമെന്നാണ്. ചിലർക്ക് വിശ്വാസം ഹനുമാന് പറക്കാൻ സഹായിക്കുന്ന യന്ത്രങ്ങളുണ്ടെന്നാണ് . വാലിൻ്റെ സഹായത്തോടെ ഉയർന്നു പറക്കാൻ ഹനുമാനുശേഷിയുണ്ടായിരുന്നു എന്നു വേറെ ചിലർ. എന്നാൽ ഈ വിഷയത്തിൽ ഹനുമാൻ എത്ര വീരനാണെങ്കിലും പറന്നായിരിക്കില്ല സമുദ്രം തരണം ചെയ്തത് എന്ന് സാമാന്യയുക്തി കൊണ്ട് വിചാരിക്കാം. കാരണം യന്ത്രസഹായത്തോടെയല്ലാതെ ഒരു മനുഷ്യന് സ്വയം പറക്കാനാവില്ല എന്നതു തന്നെ. വാല്മീകി രാമായണം കിഷ്കിന്ധാകാണ്ഡത്തിൽ അംഗദൻ ഹനുമാൻ്റ ശക്തിയെ പുകഴ്ത്തിക്കൊണ്ട് സമുദ്രം കടക്കുവാൻ നിർദ്ദേശം നൽകി. അപ്പോൾ ഹനുമാൻ ഇങ്ങനെ മറുപടി പറയുന്നു.
മാരുതസ്യ സമോ വേഗേ
ഗരുഡസ്യ സമോ ജവേ I
അയുതം യോജനാനാം തു
ഗമിഷ്യാമി ഇതി മേ മതി lI
“ഞാൻ വേഗതയിൽ വായുവിനു തുല്യനാണ്. സമുദ്രം തരണം ചെയ്യുന്നതിൽ ഗരുഡനു തുല്യനാണ്. പതിനായിരം യോജന വിശ്രമിക്കാതെ നീന്തി സമുദ്രം തരണം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസവും എനിക്കുണ്ട്.” ഇതിൽ നിന്നും ഹനുമാൻ തൻ്റെ ഭുജബലം കൊണ്ട് നീന്തി സമുദ്രം തരണം ചെയ്ത് ലങ്കയിലെത്തിയതാണെ ന്ന് മനസ്സിലാക്കാം.
അതുപോലെ മരണശയ്യയിലായിരുന്ന ബാലി അംഗദൻ്റെ മാതാവായ താരയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു. “സുഷേണയുടെ പുത്രിയായ താര നാനാ പ്രകാരത്തിലുള്ള നിപാതത്തെക്കുറിച്ച് അറിവുള്ളവളും സൂക്ഷ്മ വിഷയങ്ങളിൽ പോലും പെട്ടെന്നു തീരുമാനമെടുക്കുന്നതിൽ നിപുണയും നിസംഗയായി കർമ്മങ്ങൾ അനുഷ്ഠിക്കുന്നവളും ആയിരുന്നു. ” ഈ ഗുണങ്ങൾ പക്ഷിമൃഗാദികളിൽ ഉണ്ടാകാൻ തരമില്ല, മനുഷ്യരിൽ മാത്രം കണ്ടു വരുന്നതാണ്.
കിഷ്കിന്ധാകാണ്ഡത്തിൽ ബാലിയുടെ മൃതശരീരത്തിൻ്റെ സംസ്കാരം നടത്തേണ്ടതിനെ കുറിച്ച് സുഗ്രീവൻ ആജ്ഞാപിക്കുന്നു.
“ആജ്ഞാപയത് തദാ രാജാ
സുഗ്രീവ: പ്ലവഗേശ്വര:
ഔർദ്ധ്വദേഹികമാര്യസ്യ
ക്രിയതാമനുകൂലത:”
(കിഷ്കിന്ധാകാണ്ഡം 25.30)
“എൻ്റെ ജ്യേഷ്ഠ ബന്ധുവിൻ്റെ സംസ്കാരം രാജോചിതമായ രീതിയിൽ ശാസ്ത്ര വിധിയനുസരിച്ച് നടത്തണം” എന്നും, സർഗ്ഗം 26. ശ്ലോകം 11 ൽ ” സുഗ്രീവൻ്റെ രാജ്യാഭിഷേകം ഹവന മന്ത്രങ്ങളോടെ നടത്തിയതായും പറയുന്നു. കുരങ്ങുകൾക്ക് അന്ത്യേഷ്ടിയും രാജ്യാഭിഷേക സംസ്ക്കാരവും ഒരിക്കലും ഉണ്ടാവില്ലല്ലൊ.
ഈ ഉദാഹരണങ്ങളിൽ നിന്നെല്ലാം സർവ്വ വാനരന്മാരും ജടായു തുടങ്ങിയ കഥാപാത്രങ്ങളും എല്ലാ ഗുണങ്ങളോടുകൂടിയ മനുഷ്യകുലത്തിലെ വിവിധ വംശങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത് എന്നും മനസ്സിലാക്കണം. അതുപോലെ വീരനായ ഹനുമാൻ വെറും ഒരു വാനരനായിരുന്നില്ല കപി ധ്വജധാരിയായ മദ്ധ്യഭാരതത്തിലെ ഒരു രാജാവായിരുന്ന സുഗ്രീവൻ്റെ പ്രബലനും പണ്ഡിതനുമായ മന്ത്രിയായിരുന്നു എന്നും ഓർക്കുക.
(കടപ്പാട് : സ്വാമി ജഗദീശ്വരാനന്ദ സരസ്വതിയുടെ വാല്മീകി രാമായണം, ഗീതാപ്രസ്സ്, ഗോരഖ്പൂർ പ്രസിദ്ധീകരിച്ച വാല്മീകി രാമായണം, ഈ വിഷയത്തിൽ വൈദിക പണ്ഡിതരുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും)