മാസങ്ങൾക്ക് മുമ്പ് ജിഗ്നേഷ് മേവാനി ഡൽഹിയിലെ ഒരു റാലിയിൽ പങ്കെടുത്തവരോട് മനുസ്മൃതിയും ഇന്ത്യൻ ഭരണഘടനയും ചൂണ്ടിക്കാണിച്ചിട്ടു അതിലൊന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തെപ്പോലുള്ള മിക്ക ആളുകളും മനുസ്മൃതി വായിച്ചിട്ടില്ലെന്ന് എനിക്ക് 100% ഉറപ്പുണ്ട്. അവരെപ്പോലെ ഉള്ളവർ ഉച്ചത്തിൽ എതിർക്കാനല്ലാതെ മറ്റൊന്നിനും ശ്രമിക്കുന്നില്ല തന്നെ. ഈ പുരാതന ഇന്ത്യൻ ഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന എല്ലാവരേയും ഈ ലേഖനം വായിച്ച് അഭിപ്രായം പറയാനും സംവാദത്തിന് തയ്യാറാവാനും ഞാൻ വെല്ലുവിളിക്കുന്നു.
മനുസ്മൃതി ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നതാണെന്ന് മിക്ക വായനക്കാർക്കും അഭിപ്രായമുണ്ടാകാം. പലരുടെയും അഭിപ്രായത്തിൽ ബ്രാഹ്മണൻ ശൂദ്രനെക്കാൾ ശ്രേഷ്ഠനാണെന്ന് പറയുന്നു. ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഈ ഗ്രന്ഥം കത്തിക്കാൻ പലരും വാദിക്കും. മനുസ്മൃതി ജാതീയതയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന പൊതുവായ പ്രതികൂല ധാരണയെക്കുറിച്ച് നമുക്ക് അന്വേഷിക്കാം.
പത്തൊൻപതാം നൂറ്റാണ്ടിലെ മഹാനായ വേദപണ്ഡിതന് സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: ” മനുസ്മൃതിയുടെ തനതായ (പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതല്ലാത്തവ) ഭാഗങ്ങൾ വേദങ്ങൾക്കനുസൃതമായി എഴുതപ്പെട്ടവയാണെന്ന് ഞാൻ വിശ്വസിക്കുന്നു.” ഇന്ന് നാം വായിക്കുന്ന മനുസ്മൃതി മാനവികതയുടെ പ്രധാമാധികാരി എന്ന് വിശേഷിപ്പിക്കുന്ന സ്വായംഭൂ മനു എഴുതിയതല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇപ്പോഴുള്ളതുപോലെ, ഇതിൽ പറയുന്ന പല കാര്യങ്ങളും സ്വയം വൈരുദ്ധ്യമുള്ളതും വേദങ്ങളിൽ പ്രതിപാദിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധവുമായതിനാൽ അത് അനീതിപരവുമാണെന്ന് അദ്ദേഹം കണ്ടെത്തി. അതിനാൽ, സമൂഹത്തിലെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്കെതിരായ വിവേചനം വാദിക്കുന്ന മുൻവിധിയുള്ള ഭാഗങ്ങളെ അദ്ദേഹം പാടെ തള്ളിക്കളയുന്നു .
മനു വർണ്ണവ്യവസ്ഥയെ നിർദ്ദേശിച്ചു എന്നത് സത്യം തന്നെ- അത് യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ ഒരാളുടെ ജനനം കൊണ്ടല്ല.
വർണ്ണം ജനനത്തെ അടിസ്ഥാനമാക്കിയല്ല ,യോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്ന മനുസ്മൃതിയിലെ ചില വാക്യങ്ങൾ ഇവയാണ്.
2/157. വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്തവന്‍ മരം കൊണ്ടുണ്ടാക്കിയ ആനയെപ്പോലെയും തോലുകൊണ്ടുണ്ടാക്കിയ മാനിനെപ്പോലെയുമാണ്. മനുഷ്യനാണെന്നു നാമമാത്രമായി പറയപ്പെടുന്നു.
2/28. സകല വിദ്യകളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, ബ്രഹ്മചര്യം, സത്യഭാഷണം തുടങ്ങിയ നിയമങ്ങള്‍ പാലിക്കുക. അഗ്നിഹോത്രം മുതലായ ഹോമങ്ങള്‍ ചെയ്യുക. സത്യത്തെ കൈക്കൊള്ളുക, അസത്യത്തെ ത്യജിക്കുക, സത്യവിദ്യാദാനം, വേദപ്രതിപാദിതമായ കര്മോപാസന,ജ്ഞാനം, വിദ്യാഗ്രഹണം, പക്ഷം തോറും ചെയ്യേണ്ട ഇഷ്ടി മുതലായവ ചെയ്യുക, സത്സന്താനോത്പാദനം, ബ്രഹ്മയജ്ഞം,ദേവയജ്ഞം, പിതൃയജ്ഞം, വൈശ്വദേവം,അതിഥിപൂജ എന്നീ പഞ്ചമഹായജ്ഞങ്ങളെ അനുഷ്ഠിക്കുക, അഗ്നിഷ്ടോമം തുടങ്ങിയ അധ്വരങ്ങളും ശില്പവിദ്യാവിജ്ഞാനം മുതലായ യജ്ഞങ്ങളും നടത്തുക . എന്നീ കര്‍മങ്ങളെക്കൊണ്ടു നമ്മുടെ ശരീരം ബ്രാഹ്മി അഥവാ വേദത്തിന്റെയും ഈശ്വരഭക്തിയുടെയും ആധാരമായ ബ്രാഹ്മണശരീരമായി ഭവിക്കുന്നു.
(ഒരു ബ്രാഹ്മണ പിതാവിന് ജനിച്ചതുകൊണ്ടല്ല, മറിച്ചു ബ്രാഹ്മണനാകാൻ, നിർദിഷ്ട പ്രവൃത്തികളിൽ വലിയ അർപ്പണബോധത്തോടും പരിശ്രമത്തോടും കൂടി നേടിയെടുക്കേണ്ട യോഗ്യതകൾ മുകളിലെ വാക്കുകളിൽ പ്രതിപാദിക്കുന്നു.)
ഒരു വ്യക്തിയുടെ വർണ്ണം (സമൂഹത്തിലെ സ്ഥിതി അല്ലെങ്കിൽ പദവി) അവന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തീരുമാനിക്കപ്പെട്ടു.
വേദ കാലഘട്ടത്തിൽ ഒരാൾക്ക് രണ്ട് ജന്മങ്ങൾ കണക്കാക്കപ്പെട്ടിരുന്നു: ആദ്യം, അവൻ അവന്റെ മാതാപിതാക്കൾക്ക് ജനിച്ചപ്പോൾ. അടുത്തതായി, അവൻ തന്റെ വിദ്യാഭ്യാസം കൃത്യമായും സൂക്ഷ്മതയോടെ പൂർത്തിയാക്കിയപ്പോഴും. രണ്ടാമത്തെ ജനനത്തിനു ശേഷമാണ് വ്യക്തിയുടെ വർണ്ണം നിർണയിക്കപ്പെടുന്നത്
മനുസ്മൃതിയിൽ നിന്നുള്ള ഇനിപ്പറയുന്ന പാഠം ഇത് കൂടുതൽ വ്യക്തമാക്കുന്നു
2/148. സുശിക്ഷിതനല്ലാത്ത മനുഷ്യന് ”മനുഷ്യന്” എന്ന പദത്തിനര്‍ഹനല്ല എന്നു വ്യക്തം. വിധിപൂര്‍വം ഉപനയന സംസ്കാരത്തോടെ, സാവിത്രീ ഉപദേശത്തോടെ, ബ്രഹ്മജ്ഞാനിയായ ആചാര്യന് നല്കുന്ന ബ്രഹ്മജന്മം അജരവും അമരവും മോക്ഷദായകവുമാണു്.
2/146.ജന്മം നല്കിയ പിതാവും, ആചാര്യനും പിതാക്കളാണു്. അവരില്‍ ആചാര്യനായ പിതാവാണു് ശ്രേഷ്ഠന്. ശരീരം മരണശേഷം നശിക്കുന്നുവെങ്കിലും വിദ്യാര്ജിതമായ സംസ്കാരം സഞ്ചിതമായി മുക്തിപ്രാപ്തി വരെ നിലനില്ക്കും.അങ്ങനെ ആചാര്യന്, ജന്മം നല്കിയ പിതാവിനേക്കാളും ഉത്തമനാണു്. ജന്മദാതാവായ പിതാവിനേക്കാളും, ബ്രഹ്മജ്ഞാനം നല്കി ഇഹലോകത്തിലും പരലോകത്തിലും മുക്തി നല്കി മനുഷ്യജന്മം പവിത്രമാക്കാന്‍ സഹായിക്കുന്ന ആചാര്യനാണു് ഏറ്റവും ആദരണീയന്‍.
വിദ്യാഭ്യാസമില്ലാത്തവനും വേദങ്ങളിൽ അറിവില്ലാത്തവനുമായ ഒരു വ്യക്തിയെ ശൂദ്രനായി കണക്കാക്കി. അതായത്, ശൂദ്ര വർണ്ണം ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു.
10/4. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ജാതികൾ (വർണ്ണം) ദ്വിജന്മാരാണ് (വിദ്യാഭ്യാസം നേടിയവർ). എന്നാൽ നാലാമനായ ശൂദ്രന് ഒരു ജന്മമേ ഉള്ളൂ; അഞ്ചാം (ജാതി) ഇല്ല.
2/172. വേദാഭ്യാസത്തിൽ ദീക്ഷ സ്വീകരിക്കാത്തവൻ ശൂദ്രനെപ്പോലെയാണ്.
താഴ്ന്ന വർണ്ണത്തിലുള്ള ഒരാളെ അപമാനിക്കരുതെന്നും മനു ഉപദേശിക്കുന്നു:
4/141.അംഗവൈകല്യമുള്ളവരെയും, വിദ്യാഹീനന്മാരെയും, പ്രായമായവരെയും, വികൃത രൂപമുള്ളവരെയും, ധനമില്ലാത്തവരെയും ആക്ഷേപിക്കുകയോ കളിയാക്കുകയോ ചെയ്യരുതു്.
എന്തുകൊണ്ടാണ് മനു വർണ്ണവ്യവസ്ഥ ആരംഭിച്ചത്?
1/31. സമൂഹത്തിന്റെ ശാന്തിക്കും, സമൃദ്ധിക്കും, പുരോഗതിക്കും വേണ്ടി; മുഖം , കൈകള്‍, ഉടല്, കാലു് ഇവയുടെ തുലനാത്മക ഗുണങ്ങള്ക്കനുസൃതമായ ക്രമത്തില്‍, ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രവര്ണങ്ങളെ നിര്‍മിച്ചു.അതായതു് സാമാജിക ചാതുര്വര്ണ്യവ്യവ സ്ഥ ഉണ്ടാക്കി.
(അജ്ഞർ മാത്രമേ ശൂദ്രനെ ഭഗവാന്റെ പാദങ്ങളിൽ നിന്ന് ഉത്ഭവിച്ചിട്ടുള്ളവനായി കണക്കാക്കൂ)
1/87. സമസ്തലോകത്തിന്റെയും രഹസ്യം ,സുരക്ഷ, രാജ്യവ്യവസ്ഥ തുട
ങ്ങിയ സമൃദ്ധിക്കുവേണ്ടി, മഹാതേജസ്വിയായ പരമാത്മാവു് , മുഖം , ബാഹു, ജംഘാ ,കാലുകള്‍ എന്നിവ തുലനാത്മകവും, ക്രമാനുഗതമായും നിര്‍മിച്ചു അതായതു് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ , ശുദ്ര വര്‍ണങ്ങളുടെ പ്രത്യേകം പ്രത്യേകം കര്‍മങ്ങളുടെ
ആവിഷ്കരണം നടത്തി .
1/88. ബ്രാഹ്മണന് – പഠിക്കുക, പഠിപ്പിക്കുക, യജ്ഞം ചെയ്യുക, ചെയ്യിക്കുക, ദാനങ്ങള്‍ കൊടുക്കുക, പ്രതിഗ്രഹം വാാങ്ങുക , ഇവയാറും ബ്രാഹ്മണനു വിധിച്ച കര്‍മങ്ങളാകുന്നു.
1/89. ക്ഷത്രിയന് – ന്യായപൂര്‍വം പ്രജാസംരക്ഷണം, അതായതു് പക്ഷപാതരഹിതമായി ശ്രേഷ്ഠന്മാരെ സല്കരിക്കുക, ദുഷ്ടന്മാരെ ശിക്ഷിക്കുക, തിരസ്കരിക്കുക, സര്വവിധത്തിലുംം എല്ലാവരേയും സംരക്ഷിച്ചു് ദാനം , വിദ്യ , ധര്‍മസംരക്ഷണം, സജ്ജന സംരക്ഷണത്തിനായി ധനം വ്യയം ചെയ്യുക, അഗ്നിഹോത്രാദിയജ്ഞം നടത്തുക, നടത്തിക്കുക, വേദാദിശാസ്ത്രങ്ങള്‍ പഠിക്കുക, പഠിപ്പിക്കുക,വിഷയസുഖങ്ങളില് മുഴുകാതെ ജിതേന്ദ്രിയനായി ജീവിച്ചു് സദാ മനസ്സും ആത്മാവും ശുദ്ധവും ശക്തവുമാക്കി വയ്ക്കണം .
1/90. വൈശ്യർ – കന്നുകാലികളെ പരിപാലിക്കുക, സമ്മാനങ്ങൾ നൽകുക, യാഗങ്ങൾ അർപ്പിക്കുക, പഠിക്കുക (വേദം), കച്ചവടം ചെയ്യുക, പണം കടം കൊടുക്കുക, കൃഷി ചെയ്യുക.
1/91. ശൂദ്രന് – നിന്ദ്യ, ഈര്‍ഷ്യ , അഹങ്കാരം മുതലായ ദോഷങ്ങള്‍ വെടിഞ്ഞു്, ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരെ വേണ്ടവണ്ണം ശുശ്രൂഷിച്ചു് ജീവിതം കഴിച്ചുകൂട്ടുകമാത്രമാണു് ശൂദ്രന്റെ ഗുണവും കര്മവുമായിട്ടുള്ളതു്.
അറിവും കഴിവും ഇല്ലാത്തവരെ മനു ശൂദ്രനായി കണക്കാക്കി. അതിനാൽ വിദ്യാഭ്യാസമില്ലാത്ത ഏതൊരു വ്യക്തിയും ആവശ്യമായ അറിവും വൈദഗ്ധ്യവുമുള്ള മറ്റുള്ളവരുടെ മാർഗനിർദേശത്തിന് കീഴിൽ സേവനത്തിൽ ആയിരിക്കാൻ മാത്രമേ യോഗ്യനാകൂ.
ഇന്നും സാമൂഹികമായി ഇങ്ങനെ തന്നെയല്ലേ വേർതിരിച്ചിരിക്കുന്നത്?
ഉയർന്ന വർണ്ണം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യാനും തനിക്ക് അനുവദിച്ച വർണ്ണം മാറ്റാനും മനു ആളുകളെ ഉപദേശിക്കുന്നു. അതിൻ പ്രകാരം വർണ്ണവ്യവസ്ഥയെന്നാൽ എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതും രൂപപ്പെടുത്താവുന്നതും യോഗ്യതയെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമാണ്, മറിച്ച് ജനനത്തെ അടിസ്ഥാനമാക്കിയല്ല വേർതിരിച്ചിരുന്നത്.
10/65. (അങ്ങനെ) ശൂദ്രൻ ബ്രാഹ്മണ പദവി കൈവരിക്കുന്നു, (അതുപോലെ) ഒരു ബ്രാഹ്മണൻ ശൂദ്രന്റെ തലത്തിലേക്ക് മാറുന്നു; ഒരു ക്ഷത്രിയന്റെയോ വൈശ്യന്റെയോ സന്തതിയുടെ കാര്യത്തിലും ഇത് സമാനമാണെന്ന് അറിയുക.
9/335. ശാരീരികവും മാനസികവുമായ പരിശുദ്ധിയുള്ള, തന്നേക്കാള്‍ ഉയര്‍ന്ന വര്ണത്തിലുള്ളവരുടെ സേവനവൃത്തികള്‍ ചെയ്യുന്ന, മധുരവും ശാന്തവുമായി സംസാരിക്കുന്ന, അഹങ്കാരമില്ലാതെ മൂന്നു വര്ണത്തിലുള്ളവരുടെയും ശുശ്രൂഷാ സേവനത്തില്‍ മുഴുകി ജീവിക്കുന്ന, ശുദ്ധാത്മാക്കളായ ശൂദ്രര്‍ക്ക് ഉത്തമ ബ്രഹ്മജന്മാന്തര്ഗതമായ ദ്വിജവര്ണം പ്രാപിക്കാന്‍ കഴിയുന്നു.
4/245 ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ ദ്വിജന്മാര്, ശ്രേഷ്ഠരും അതിശ്രേഷ്ഠരുമായ – പവന – പാവനന്മാരായ സജ്ജന സമ്പര്‍ക്കം കൊണ്ടും സഹവാസം കൊണ്ടും ഗുണഹീനത്വം ഉപേക്ഷിച്ചു് അധികം ശ്രേഷ്ഠരായിത്തീരും. ഇതിനു വിപരീതമായി പ്രവൃത്തിച്ചാല്‍ – ഗുണഹീനന്മാരുടെ സഹവാസം കൊണ്ടു് ഗുണശൂന്യനായി
ശൂദ്രത്വം പ്രാപിച്ചു് അധഃപ്പതിക്കും.
തീർച്ചയായും, ഒന്നാലോചിച്ചാൽ അങ്ങനെ തന്നെ അല്ലെ ? നല്ല സഹവാസം ഒരാളെ നന്മയിലേക്കും ചീത്ത സഹവാസം തിന്മയിലേക്കും നയിക്കുകയില്ലേ ?
2/103.പ്രഭാത സന്ധ്യയിലും (സൂര്യോദയത്തിലും) സായംസന്ധ്യ(സൂര്യാസ്തമനത്തിനുമുമ്പും) രണ്ടു പ്രാവശ്യവും നിത്യം സന്ധ്യോപാസന ചെയ്യാത്ത ബ്രാഹ്മണനെ സമസ്ത ദ്വിജകര്മങ്ങളില് നിന്നും ബഹിഷ്കരിച്ചു്, ശൂദ്രനായി കരുതണം.
2/168. വേദാധ്യയനം ചെയ്യാതെ ഇതര വിഷയങ്ങളില്‍ പരിശ്രമം നടത്തുന്ന പുരുഷന് തന്റെ പുത്രപൗത്രന്മാരോടു കൂടി ശൂദ്രത്വത്തെ ശീഘ്രം പ്രാപിക്കുന്നതാണു്.
2/126. അഭിവാദനത്തിനു് വിധിപൂര്‍വ്വം പ്രത്യഭിവാദ്യം ചെയ്യാത്ത ബ്രാഹ്മണനെ ശൂദ്രനെയെന്നപോലെ കരുതണം. അയാളെ നമസ്കരിക്കരുതു്. പ്രത്യഭിവാദനം ചെയ്യാത്തയാളെ ബ്രാഹ്മണനായാലും ശൂദ്രനെപ്പോലെ കരുതിയാല്‍ മതി.
മറ്റു വർണത്തിലുള്ളവരെ ശൂദ്രനും പഠിപ്പിക്കാം
2/238. ഉത്തമ വിദ്യ പ്രാപിക്കുവാന്‍ ശ്രദ്ധയുള്ള പുരുഷന്,
തന്നെക്കാള്‍ താഴ്ന്ന വര്‍ണത്തിലുള്ള മഹാത്മാക്കളില്‍ നിന്നും വിദ്യാഭ്യാസം നേടണം.ശൂദ്രവര്ണത്തിലുള്ളവരും ഏതെങ്കിലും ശ്രേഷ്ഠകര്‍മങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധാലുവാണെങ്കില്‍ അവരില്‍നിന്നും ധര്‍മകാര്യങ്ങള്‍ പഠിക്കണം. അതുപോലെ നീചകുലത്തില്‍ ജനിച്ചതായാലും ഉത്തമഗുണഗണങ്ങളുള്ള കന്യകയെ പത്നിയായി സ്വീകരിക്കുന്നതും നീതി തന്നെയാണു്.
2/241 ആപത്തുകാലത്തു് അബ്രാഹ്മണനായ ക്ഷത്രിയ, വൈശ്യ ഗുരുക്കന്മാരില്നിന്നും വിദ്യയഭ്യസിക്കാം. അതു വിധി വിഹിതമാണു്. എത്രകാലം വിദ്യയഭ്യയസിക്കുന്നുവോ അക്കാലമത്രയും ഗുരുവിന്റെ ആജ്ഞയനുസരിക്കുകയും സേവാ ശുശ്രൂഷകള്‍ വിധിപൂര്‍വം ആചരിക്കുകയും ചെയ്യണം.
ശൂദ്രർക്ക് മനു നൽകിയ ശ്രേഷ്ഠമായ അവകാശങ്ങൾ
2/136 ധനം, ബന്ധുജനങ്ങള്‍, വയസ്സു്, ശ്രേഷ്ഠമായ കര്‍മം, ഉത്തമമായ വിദ്യ ഇവ അഞ്ചും മാന്യതയുടെ സ്ഥാനങ്ങളാകുന്നു. എന്നാല്‍ ഇവയില്‍ ധനത്തേക്കാള്‍ ഉത്തമം ബന്ധുവും, ബന്ധുവിനേക്കാള്‍ വയസ്സും, വയസ്സിനേക്കാള്‍ സത്കര്‍മവും, കര്‍മത്തേക്കാള്‍ പവിത്രമായ വിദ്യയുളളയാളും ഒന്നിനൊന്നു് അധികം ബഹുമാനത്തെ അര്‍ഹിക്കുന്നു.
2/137. ബ്രാഹ്മണക്ഷത്രിയ വൈശ്യന്മാരില്‍ മുകളില്‍ പറഞ്ഞിട്ടുള്ള അഞ്ചു ഗുണങ്ങളില്‍ ഓരോരുത്തരിലും ശ്രേഷ്ഠഗുണം കൂടുതലുള്ളവരെ സമൂഹം അംഗീകരിച്ചു് ആദരിക്കണം. അതുപോലെ തൊണ്ണൂറു വയസ്സുള്ള ശൂദ്രന് എല്ലാവരാലും ആദരിക്കപ്പെടണം.
മേൽപ്പറഞ്ഞതിൽ, ജീവിതത്തിന്റെ പത്താം ദശകത്തിൽ കഴിയുന്ന ഏതൊരു ശൂദ്രനെയും മനു ബഹുമാനിക്കുന്നു. അതായത്, ദീർഘകാലം ജീവിക്കുന്ന ഏതൊരുവനും വർണ്ണ വ്യവസ്ഥയെ മറികടക്കുന്നു.
3/116 ബ്രാഹ്മണരും ബന്ധുക്കളും ഭൃത്യന്മാരും അത്താഴം കഴിച്ചതിനുശേഷം ഗൃഹനാഥനും ഭാര്യയ്ക്കും ബാക്കിയുള്ളത് ഭക്ഷിക്കാം.
വീട്ടുകാരോട് ശൂദ്രർക്കു് (സേവകര്‍ക്ക്) ശേഷം ഭക്ഷണം കഴിക്കാൻ മനു ഉപദേശിക്കുന്നു!
8/335. പിതാവോ, ആചാര്യനോ , മിത്രമോ , മാതാവോ , സ്ത്രീയോ, പുരോഹിതനോ ആരുമായിക്കൊള്ളട്ടെ, സ്വധര്‍മം പാലിക്കാത്തവന് ആരായാലും രാജാവു് അവനെ ശിക്ഷിക്കണം. ന്യായാസനത്തിനു മുമ്പിലിരിക്കുന്ന കുറ്റവാളിയെ, ആരെന്നു നോക്കാതെ കുറ്റവാളിയെക്കണ്ടു്, പക്ഷപാതരഹിതനായി യഥോചിതം ഉത്തമശിക്ഷ നല്‍കണം.
8/336. സാധാരണ പൗരനു് ഒരു രൂപ പിഴ വിധിക്കുന്ന കുറ്റം രാജാവ് ചെയ്താല്ആയിരം രൂപ പിഴയിടണം. സാധാരണക്കാരന്റേതില് ആയിരം മടങ്ങു് ആയിരിക്കണം രാജാവിനുള്ള ശിക്ഷ എന്നര്‍ഥം. പ്രധാന സചിവനു് എണ്ണൂറിരട്ടിയും , അതില്‍ താഴ്ന്ന മന്ത്രിക്കു് എഴുന്നൂറിരട്ടിയും, അതിനും താഴെയുള്ള രാജഭൃത്യനു് ആറുനൂറിരട്ടിയും ആയിരിക്കണം. ഇങ്ങനെ രാജ്യഭൃത്യന്മാരില് വച്ചു് ഏറ്റവും ചെറിയ ശിപായിക്കുപോലും എട്ടിരട്ടിയില്‍ കുറയാത്ത ശിക്ഷ നല്കേണ്ടതാണു്.
8/337. മോഷണത്തിിന്റെ ഗുണദോഷങ്ങളറിയാവുന്ന ശൂദ്രന് മോഷ്ടിച്ചാല്‍ സാധാരണ ജനങ്ങളുടെ ശിക്ഷയുടെ ഇരട്ടിയും, വൈശ്യനാണെങ്കില്‍ പതിനാറിരട്ടി ശൂദ്രനേക്കാള്‍ രണ്ടിരട്ടിയും ശിക്ഷിക്കണം. ക്ഷത്രിയനു് മുപ്പത്തിരണ്ടിരട്ടിയും, ശൂദ്രനേക്കാള്‍ 4 ഇരട്ടിയും, വൈശ്യനേക്കാള് രണ്ടിരട്ടിയും ശിക്ഷിക്കണം.
8/338 ഭവിഷ്യത്തറിയുന്ന ഒരുവന് മോഷ്ടിച്ചാല്‍
ശൂദ്രനു് മോഷണക്കുറ്റത്തിനു വിധിക്കുന്നതിന്റെ എട്ടിരട്ടി ,പതിനാറിരട്ടി വൈശ്യനും, മുപ്പത്തിരണ്ടിരട്ടി ക്ഷത്രിയനും അറുപത്തിനാലിരട്ടി ബ്രാഹ്മണനും പിഴയിടണം. അതായതു് മോഷ്ടിച്ചയാളിന് എത്ര ഔന്ന്യത്യവും സ്ഥാനവും സമൂഹത്തിലുണ്ടോ അതിനനുസരിച്ചു് ശിക്ഷയുടെ ഗുരുത്വവും കൂടും.
ഉയർന്ന വർണ്ണത്തിന് കർശനമായ ശിക്ഷ നൽകണമെന്ന് മനു ഉപദേശിക്കുന്നു:
ബ്രാഹ്മണനെ താഴ്ന്ന വർണ്ണത്തേക്കാൾ പലമടങ്ങ് ശിക്ഷിക്കുന്നു,
മുകളിലെ വാചകം മനുവിന്റെ പക്ഷപാതരഹിതമായ സാമൂഹിക ശ്രേണിയുടെയും ഘടനയുടെയും തെളിവാണ്. ഒരു പെരുമാറ്റ പിശക് അറിവില്ലാത്തവരെക്കാൾ പഠിച്ചവന്റെ കാര്യത്തിൽ മാപ്പർഹിക്കാത്തതാണെന്ന് അദ്ദേഹം കരുതി.
മുൻകാലത്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ വർണം എങ്ങനെ നല്കപ്പെട്ടു എന്നതിന്റെ ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:
- ബ്രഹ്മ ഋഷിയുടെ പുത്രൻ സ്വായംഭൂ മനു, ഒരു ബ്രാഹ്മണന് ജനിച്ചെങ്കിലും ക്ഷത്രിയ രാജാവായി.
2.മനുവിന്റെ മൂത്ത പുത്രൻ പ്രിയവ്രതൻ രാജാവായി, ക്ഷത്രിയനായി
3.മനുവിന്റെ പത്തു പുത്രന്മാരിൽ ഏഴു പേർ രാജാവും മൂന്നു പേർ ബ്രാഹ്മണരും ആയി. മഹാവീർ, കവി, സാവൻ എന്നായിരുന്നു അവരുടെ പേരുകൾ. (ഭാഗവതപുരാണം അധ്യായം 5)
4.കവാഷ് ഐലുഷ്, ഒരു ശൂദ്രനിൽ ജനിച്ച് ഋഷിയുടെ ഏറ്റവും ഉയർന്ന വർണ്ണം നേടി. ഋഗ്വേദത്തിലെ നിരവധി ശ്ലോകങ്ങൾക്ക് അദ്ദേഹം മന്ത്രദ്രഷ്ടനായി: പത്താം മണ്ഡലം
5.അജ്ഞാതനായ പിതാവിൽ നിന്ന് ജനിച്ച ജബാലയുടെ മകൻ സത്യകാമന് അവന്റെ ഗുണങ്ങളാൽ ഋഷിയായി. - താഴ്ന്ന വർണ്ണത്തിൽ ജനിച്ചതിനുശേഷം മാതംഗന്‍ ഒരു ഋഷിയായി.
- മഹർഷി വാത്മീകി അധമ വർണ്ണത്തിൽ ജനിച്ച് ഋഷിയായി.
- മഹാത്മാ വിദുരര്‍ ഒരു ദാസിക്ക് ജനിച്ച് ധൃതരാഷ്ട്ര രാജാവിന്റെ പ്രധാനമന്ത്രിയായി.
- ക്ഷത്രിയരാജാവായിരുന്ന വിശ്വനാഥന് ബ്രാഹ്മണനായി – ഋഷി വിശ്വാമിത്രൻ
വർണ്ണ വ്യവസ്ഥയ്ക്ക് താഴ്ന്ന വർണ്ണവുമായി ബന്ധപ്പെട്ട് നിരവധി ഉദാഹരണങ്ങളുണ്ട്:
- ബ്രാഹ്മണ ഋഷി പുൽതസ്യയുടെ മകനായ ലങ്കയിലെ രാവണ രാജാവ് രാക്ഷസനായി.
- ശ്രീരാമന്റെ പൂർവ്വികൻ, രാജാ രഘുവിന്റെ മകൻ, പ്രവിധ്, ഗുണങ്ങളുടെ അഭാവം മൂലം താഴ്ന്ന വർണ്ണനായി പ്രഖ്യാപിക്കപ്പെട്ടു.
- ശ്രീരാമന്റെ പൂർവ്വികൻ, രാജാ സമറിന്റെ മകൻ, അസ്മഞ്ജസ്, മോശം ഗുണങ്ങൾ കാരണം ശൂദ്രനായി പ്രഖ്യാപിക്കപ്പെട്ടു.
അതിനാൽ യഥാർത്ഥ മനുസ്മൃതി വർണ്ണവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, മെറിറ്റിനെ അടിസ്ഥാനമാക്കിയാണ്. പ്രക്ഷിപ്തങ്ങളായ (കൂട്ടിച്ചേര്‍ക്കപ്പെട്ട) ഭാഗങ്ങള്‍ അങ്ങനെ തള്ളിക്കളയാവുന്നതാണ്.
(ശ്ലോകങ്ങളുടെ മലയാള പരിഭാഷ – കമല നരേന്ദ്രഭൂഷണിന്റെ മനുസ്മൃതിയിൽ നിന്നും).
കടപ്പാട്-
Dr Vivek Arya is a child specialist by profession. He writes on Vedic philosophy and History and draws inspiration from Swami Dayanand. Admin facebook.com/arya.samaj
Translated by :Vinod Niroopa