- കെ. എം. രാജൻ മീമാംസക്
മഹർഷി ദയാനന്ദ സരസ്വതി പ്രവർത്തനരംഗത്തേക്ക് വരുന്നകാലത്ത് ഭാരതം അടിമത്തത്തിന്റെ കുരുക്കിലായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ വ്യവസ്ഥിതികളാൽ ബന്ധിക്കപ്പെട്ട മനുഷ്യന്റെ മിഥ്യാബോധം സൃഷ്ടിച്ച ജ്ഞാനം വിവിധതരം അജ്ഞതയാൽ മൂടപ്പെട്ടു. വേദ-സൂര്യന്റെ പ്രകാശത്തിൽ മഹർഷി ദയാനന്ദൻ ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു. തന്റെ പ്രയത്നം ശിഥിലമാകാതിരിക്കാനും വേദജ്ഞാനം ജനങ്ങളിലേക്കെത്തിക്കാനും, ഭാവിയിൽ മനുഷ്യരെ നേർവഴിയിൽ നയിക്കാനുമായി ഉത്തമ വ്യക്തികളെ വിളിച്ച് അവരുടെ ഒരു സംഘടന രൂപീകരിച്ച് ‘ആര്യസമാജം’ എന്ന് നാമകരണം ചെയ്തു. ഈ സംഘടനക്ക് അദ്ദേഹം നിശ്ചയിച്ച നിയമങ്ങൾ സാമൂഹിക മതപരിഷ്കരണത്തോടൊപ്പം ലോകോപകാരത്തിന് മുൻഗണന നൽകി. ആര്യസമാജത്തിന്റെ ആറാമത്തെ നിയമത്തിൽ, മഹർഷി വ്യക്തമായി പറഞ്ഞു-
‘ഈ സമാജത്തിന്റെ പ്രധാന ലക്ഷ്യം ലോകത്തിന് ഉപകാരം ചെയ്യുക എന്നതാണ്. ശാരീരികവും ആത്മീയവും സാമൂഹികവുമായ പുരോഗതി കൈവരിക്കുക എന്നതാണ്.’ അപചയത്തിന്റെ എല്ലാ സ്രോതസ്സുകളും ഇല്ലാതാക്കാതെ ഈ പുരോഗതിയുടെ പാത സാധ്യമല്ല.
ഈ ലോകത്തിലെ ധാർമികപരവും (സാമുദായിക) പ്രായോഗികവുമായ തിന്മകളെ ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തുകൊണ്ട് വേദങ്ങളെ മാധ്യമമാക്കി അദ്ദേഹം പ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. വിവിധ മിഥ്യാപുരാണങ്ങളിലും മറ്റു കെട്ടുകഥകളിലും അന്ധമായി കുടുങ്ങിക്കിടന്ന ജനങ്ങളോട് വേദങ്ങൾ ഈശ്വരന്റെ വാണിയാണെന്നും അത് മാത്രമാണ് സത്യവും പ്രാമാണികമായിട്ടുള്ളതെന്നും അദ്ദേഹം മനസ്സിലാക്കിക്കൊടുത്തു. വേദങ്ങൾ തന്നെയാണ് ശ്രേഷ്ഠ മായിട്ടുള്ളതും. സമകാലീന വേദവിരുദ്ധരായ ജനങ്ങളോട് ലോകക്ഷേമത്തിനായി എല്ലാവരും അംഗീകരിക്കുന്ന വേദങ്ങളിൽ പറയുന്ന സത്യ – സനാതന ധർമ്മത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും മുൻവിധികളോട് കൂടിയുള്ള സങ്കുചിത ചിന്തകൾ ഉപേക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം ഈ ഭഗീരഥ പ്രയത്നത്തിൽ അർപ്പണബോധത്തോടെ പ്രവർത്തനം തുടർന്നു. പരിഷ്കരണ പ്രവർത്തനങ്ങളിൽ സുസ്ഥിരമായ പുരോഗതിക്കായി, അദ്ദേഹം രാജ്യം മുഴുവൻ പര്യടനം നടത്തുന്നതിനിടയിൽ വേദങ്ങളുടെ മഹത്വം എല്ലാവരിലേക്കും പ്രകാശിപ്പിച്ചു. ഇതോടൊപ്പം പ്രത്യേക മാർഗനിർദേശത്തിനായി മഹർഷി മൂന്ന് അത്ഭുതകരമായ മഹത് ഗ്രന്ഥങ്ങൾ കൂടി രചിച്ചു. സത്യാർത്ഥ പ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാരവിധി എന്നിവയാണവ. ഈ മൂന്ന് ഗ്രന്ഥങ്ങളും പൊതുവെ വ്യത്യസ്തമായി തോന്നുമെങ്കിലും അവ പരസ്പര പൂരകങ്ങളാണ്, മനുഷ്യ മനസ്സിലെ ആശയക്കുഴപ്പം ഇല്ലാതാക്കാൻ വേണ്ടി വേദജ്ഞാന- വിജ്ഞാനം, വ്യവഹാരം എന്നിവയുമായി ഏകീകരിക്കുക എന്നത് തന്നെയാണ് അവയുടെ ഉദ്ദേശ്യവും. മനുഷ്യജീവിതത്തിൽ പുരോഗതി കൈവരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും
ഏതുതരം മൂല്യങ്ങളാണ് കുട്ടികളിൽ വളർത്തിയെടുക്കേണ്ടതെന്നും, അതിലൂടെ അവർ തനിക്കും മറ്റുള്ളവർക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ വളരണം എന്നും അദ്ദേഹം ഈ ഗ്രന്ഥങ്ങളിലൂടെ പറയുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും, എങ്ങനെ വളർത്തണമെന്നും, അവരുടെ പാഠപുസ്തകങ്ങൾ (പാഠ്യ വിഷയങ്ങൾ) എന്തായിരിക്കണം, തെറ്റായ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ കുട്ടികൾ വൈദിക പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുകയും സങ്കുചിത കെണികളിൽ കുടുങ്ങുകയും ചെയ്യുന്നു, തുടങ്ങിയ വിഷയങ്ങളെല്ലാം മഹർഷി തന്റെ ഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യത്ത് സ്കൂളുകൾ ആർഷ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ, ഇന്നത്തെ സമൂഹത്തിന്റെ ഭീകര അവസ്ഥ മാറി എത്ര സന്തോഷകരമായിരിക്കും എന്നോർത്തു നോക്കൂ. ഒരു വ്യക്തിയുടെ മനസ്സ് ചിന്തിക്കുന്നതിലൂടെ മാത്രം ശ്രേഷ്ഠമായിമാറുന്നു. ഇങ്ങനെ
ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ലോകത്തിന്റെ മുഴുവൻ ക്ഷേമവും സാധ്യമാകും. ഈ വസ്തുത മനസ്സിൽ വെച്ചുകൊണ്ട്, മഹർഷി ദയാനന്ദൻ തന്റെ ജീവിതം മുഴുവൻ ഇതിനായി സമർപ്പിച്ചു. ആർഷ ഗുരുകുലങ്ങളും ആര്യസമാജവും സ്ഥാപിച്ചതിന് പിന്നിൽ മഹർഷിയുടെ ലക്ഷ്യം ലോകത്തിന് മുഴുവൻ ക്ഷേമവും പ്രീതിയും ഉണ്ടാക്കുക എന്നതായിരുന്നു. സത്യവിദ്യാദി ഗുണങ്ങളുള്ള കർമ്മപ്രവൃത്തിയിലൂടെ ഉത്തമഗുണങ്ങളുള്ള ഭക്തരും പരോപകാരികളുമായ അത്തരം ആളുകൾക്ക് മാത്രമേ ഇത് പ്രാവർത്തികമാക്കാൻ സാധിക്കൂ. മഹർഷി ഈ മികച്ച ഗുണങ്ങൾ ഉള്ളവരെ ‘ആര്യൻ’ എന്നും ആര്യസമാജം അത്തരം ആര്യന്മാരുടെ സംഘടനയായും കണക്കാക്കി.
ഭാരതത്തിൻ്റെ വിവിധ സംഭവങ്ങളും സാഹചര്യങ്ങളും നോക്കുമ്പോൾ നമുക്ക് പറയാൻ കഴിയും, മഹർഷി തന്റെ ലക്ഷ്യത്തിൽ വേണ്ടത്ര വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കാണുന്ന നല്ല മാറ്റങ്ങൾ,നാട്ടിൽ വന്ന ഉണർവ്, സമൂഹത്തിലും രാഷ്ട്രത്തിലും ഉണ്ടായ പരിഷ്കാരങ്ങളുടെ കാരണഭൂതനായത് അദ്ദേഹമാണ്, അദ്ദേഹം സ്ഥാപിച്ച ആര്യസമാജമാണ്. എന്നാൽ ഈ ദിശയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, മുന്നോട്ട് പോകേണ്ടതുണ്ട്. അത് സമർപ്പിതരായ ആര്യജനങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ. 1875 മുതൽ 1883 വരെയുള്ള ചുരുങ്ങിയ കാലയളവിൽ അദ്ദേഹത്തിന്റെ മാർഗനിർദേശം സമാനതകളില്ലാത്തതാണ്. ആര്യസമാജത്തിന് അതിന്റെ വിപ്ലവ രൂപം വീണ്ടും സ്വീകരിക്കേണ്ടി വരും, എങ്കിൽ മാത്രമേ മഹർഷി ദയാനന്ദനോടുള്ള കടം നമുക്ക് വീട്ടാൻ കഴിയൂ. അദ്ദേഹത്തിൻ്റെ ഈ വിചാരധാരയിലൂടെ സഞ്ചരിക്കുന്നതിലൂടെയും സ്ഥിരോൽസാഹത്തിലൂടെയും മാത്രമേ നമ്മുടെ സമൂഹത്തിന്റെ സമ്പത്തും സമൃദ്ധിയും വീണ്ടെടുക്കാൻ സാധിക്കൂ. കേരളവും ആ മാർഗ്ഗത്തിലൂടെ അടിവെച്ചുമുന്നേറുകയാണ്. വേദമാർഗ്ഗം 2025 ലൂടെ….
(കടപ്പാട് : ആചാര്യ ഗവേന്ദ്ര ശാസ്ത്രി)
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ
dayanand200
വേദമാർഗം2025
ആര്യസമാജംകേരളം
TEAM VEDA MARGAM 2025