യജുർ വേദത്തിലെ വളരെ പ്രശസ്തമായ ഒന്നാണ് ശ്രീരുദ്രം. ഇതിലെ ഏതാനും മന്ത്രങ്ങൾ വികൃതമായാണ് മധ്യകാലീന വേദ ഭാഷ്യകാരന്മാരും വിദേശീയരായ പണ്ഡിതന്മാരും വ്യാഖ്യാനിച്ചിരിക്കുന്നത്. ‘തസ്കരാണാം പതയേ നമോ നമഃ’ തുടങ്ങിയ മന്ത്രങ്ങൾക്ക് അവർ നൽകിയ വ്യാഖ്യാനം കള്ളന്മാരുടെ തലവന് നമസ്കാരം എന്നിങ്ങനെയോക്കെയാണ്. എല്ലാറ്റിന്റെയും അധിപതിയായ ഈശ്വരൻ കള്ളന്മാരുടെയും മറ്റും സ്വാമിയാണെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സാധാരണക്കാരെ ഏറെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മഹർഷി ദയാനന്ദൻ ഈ മന്ത്രങ്ങൾക്ക് നൽകിയ അർത്ഥം എന്താണെന്ന് നോക്കാം.
നമോ വഞ്ചതേ പരിവഞ്ചതേ സ്തായൂനാം പതയേ നമോ നമോ നിഷംഗിണfഇഷുധിമതെ തസ്കരാണാം പതയേ നമോ നമഃ സൃകായിഭ്യോ ജിഘാങ് സദ്ഭ്യോ മുഷ്ണതാം പതയേ നമോ നമോfസിമദ്ഭ്യോനക്തം ചരദ്ഭ്യോ വികൃന്താനാം പതയേ നമഃ ||
(യജുർ വേദം 16.21)
പദാർത്ഥം : രാജപുരുഷ! (വഞ്ചതേ) കള്ളത്തരങ്ങൾ പ്രയോഗിച്ച് മറ്റുള്ളവരുടെ പദാർത്ഥങ്ങൾ തട്ടിയെടുക്കുന്നവനും (പരിവഞ്ചതേ) എല്ലാ പ്രകാരത്തിലും കാപട്യമാർന്നു വർത്തിക്കുന്നവനുമായ പുരുഷനെ (നമഃ) വജ്രാഘാതമേല്പിച്ചു കൊല്ലുകയും (സ്തായൂനാം) ചോരണം കൊണ്ട് ജീവിതം നയിക്കുന്നവരുടെ (പതയേ) സ്വാമിയെ (നമഃ) വജ്രം കൊണ്ട് കൊല്ലുകയും (നിഷംഗിണേ) രാജ്യരക്ഷക്കു വേണ്ടി നിരന്തരം ഉദ്യമിച്ചുകൊണ്ടിരിക്കുന്നവനും (ഇഷുധിമതേ) പ്രശംസിതമായ ബാണങ്ങൾ ധരിച്ചുമേയുന്നവനുമായവന് (നമഃ) വജ്രമുപയോഗിച്ച് (സൃകായിഭ്യഃ) വജ്രംകൊണ്ട് പീഡിതരാക്കാനുള്ള കഴിവിനും (ജിഘാംസദ്ഭ്യഃ) അവരെ കൊല്ലാനുമിഛിക്കുന്നവരെയും (നമഃ) വജ്രമുപയോഗിച്ച് കൊല്ലുകയും (മുഷ്ണതാം) കളവ് നടത്തിക്കൊണ്ടിരിക്കുന്നവരെ (പതയേ) വടികൊണ്ടടിച്ച് താഴെ വീഴ്ത്തുന്നവനെ (നമഃ) സൽക്കരിക്കുകയും (അസിമദ്ഭ്യ) പ്രശംസിതമായ ഖൾഗങ്ങൾ ഏന്തി (നക്തം) രാത്രിയിൽ (ചരദ്ഭ്യഃ) ചുറ്റി നടക്കുന്ന കൊള്ളസംഘത്തെ (നമഃ) ശസ്ത്രങ്ങളുപയോഗിച്ച് കൊല്ലുകയും (വികൃന്താനാം) വിവിധോപായങ്ങളിലൂടെ തട്ടിപ്പ് നടത്തുകയും ചെയ്യുന്ന കള്ളന്മാരെ (പതയേ) തച്ചു വീഴ്ത്തുന്നവനെ (നമഃ) സൽക്കാരിച്ചാദരിക്കുകയും വേണം.
രാജപുരുഷന്മാർ കപടവ്യവഹാരത്തിലൂടെ വഞ്ചിക്കുന്നവരെയും, പകൽ അഥവാ രാത്രി അനർത്ഥമുണ്ടാക്കുന്നവരെയും നിരോധിച്ച്, ധർമ്മാത്മാക്കളെ നിരന്തരം പാലിച്ചു പോരണം.
രാഷ്ട്രം 71 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ വേദങ്ങൾ ഉദ്ഘോഷിക്കുന്ന രാജധർമ്മം പാലിക്കാൻ ഭരണാധികാരികൾക്ക് കഴിയട്ടെ.
കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ
Image Source: changeip