മാംസാഹാരം ഉചിതമോ? അനുചിതമോ? ഒരു മൗലവിയും ആര്യസമാജികനായ ഒരു പ്രൊഫസറും തമ്മിലുള്ള സ്നേഹ സംവാദം
- *കെ. എം. രാജൻ മീമാംസക്
ആര്യസമാജിയായ പ്രൊഫസറും മൗലാനാ സാഹിബും ഇന്ന് ചന്തയിൽ വെച്ച് കണ്ടുമുട്ടി. മൗലാനാ സാഹിബ് അൽപം തിരക്കിലായിരുന്നു. അദ്ദേഹം പറഞ്ഞു, “ഈദ് വരാൻ പോകുകയല്ലേ ബലി കൊടുക്കാനുള്ള ഒരു ആടിനെ വാങ്ങാൻ പോവുകയാണ്”. പ്രൊഫസറുടെ മനസ്സിൽ അപ്പോൾ നിർദോഷികളായ ആട്, കാള, എന്നിവയുടെ കഴുത്തിൽ അല്ലാഹുവിന്റെ നാമത്തിൽ കത്തി കുത്തിയിറക്കപ്പെടുന്നതിന്റെയും ആ സാധു മൃഗങ്ങളെ മതവിശ്വാസത്തിന്റെ പേരിൽ കൊന്നു തള്ളുന്നതിന്റെയും ചിത്രം ഉയർന്നു വന്നു. പ്രൊഫസർക്ക് പറയാതിരിക്കാനായില്ല. “മുസ്ലീങ്ങൾ ഈ ബലി എന്തിന് നടത്തുന്നു”. മൗലാനാ തിരക്കിലായിരുന്നുവെങ്കിലും ഇസ്ലാം വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ ഉത്തരം പറയാൻ സമയം കണ്ടെത്തി.
തന്റെ നീണ്ട നരച്ച താടി തടവിക്കൊണ്ടദ്ദേഹം പറഞ്ഞു. “ഇതിന്റെ പുറകിൽ ഒരു കഥയുണ്ട്. ഹസ്രത്ത് ഇബ്രാഹിമിന് ഒരിക്കൽ സ്വപ്നത്തിൽ അള്ളാഹുവിന്റെ സന്ദേശം ലഭിച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ നാളെ അള്ളാഹുവിന് ബലി കൊടുക്കണമെന്നായിരുന്നു ആ സന്ദേശം. അടുത്ത ദിവസം ഇബ്രാഹിം തന്റെ മകൻ ഇസ്മയിലിനെ ബലി കൊടുക്കാൻ ഒരുമ്പെട്ടപ്പോൾ അള്ളാഹു ഇസ്മയിലിനെ അവിടെ നിന്ന് മാറ്റി ഒരു ആടിനെ അവിടെ വെച്ചു. ഹസ്രത്ത് ഇബ്രാഹിം ആ ആടിനെ ബലി നൽകി. അള്ളാഹു അദ്ദേഹത്തിനുമേൽ ഒരുപാട് കൃപ ചൊരിഞ്ഞു. അതിനുശേഷം എല്ലാ വർഷവും മുസ്ലീങ്ങൾ ഈ ദിനത്തിൽ ആടുകളെ ബലി നല്കാൻ തുടങ്ങി. കൊല്ലപ്പെട്ട ആടിന്റെ മാംസം പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്ത് പുണ്യം നേടുന്നു”.
പ്രൊഫസർ : ജനാബ് , അങ്ങനുവദിക്കുമെങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ?
മൗലാനാ : തീർച്ചയായും.
പ്രൊഫസർ : അപ്പോൾ ഈദിന് ആടുമായാണ് ബന്ധമെങ്കിൽ പശു, കാള, ഒട്ടകം എന്നിവയെ കൊല്ലുന്നതെന്തിനാണ് ? മാത്രവുമല്ല ആടിനെ കൊല്ലുന്ന “ബകര ഈദിന് ” പകരം “ഗോതമ്പ് ഈദ്” നടത്തിയാൽ കൂടുതൽ നന്നായിരിക്കില്ലേ? ഒരു കിലോ ആട്ടിറച്ചിയുടെ വിലക്ക് പത്ത് കിലോ ഗോതമ്പ് കിട്ടുമല്ലോ. അതിന് ചെലവ് കുറവെന്ന് മാത്രമല്ല ദിവസങ്ങളോളം അത് ഉപയോഗിക്കുകയും ചെയ്യാം താങ്കളുടെ ഹസ്രത്ത് സാഹിബിന്റെ പ്രവൃത്തി അത്ര ബുദ്ധിപൂർവമുള്ളതാണെന്ന് തോന്നുന്നില്ല. ഇനി ഇത് ശരിയാണെന്ന് പറയുകയാണെങ്കിൽ അള്ളാഹു അത്യാചാരി മാത്രമല്ല ക്രൂരനുമാണെന്ന് വരും. ഇക്കാലത്ത് എന്താണ് അള്ളാഹു ഇത്തരത്തിൽ ബലി ആവശ്യപ്പെട്ട് വരാത്തത്? എന്താ ഇക്കാലത്തെ മുസ്ലീങ്ങൾക്ക് അള്ളാഹുവിൽ വിശ്വാസം കുറവാണെന്നുണ്ടോ? അതിനാലാണോ അവർ തന്റെ മക്കൾക്ക് പകരം നിരപരാധിയായ ഒരു സാധുമൃഗത്തെ കൊല്ലുന്നത്? ഇത് ശരിയായിരിക്കുമെന്ന് തോന്നുന്നില്ല. അള്ളാഹുവും ഈശ്വരനുമൊക്കെ സർവ്വപ്രാണികളുടെയും സംരക്ഷണം ചെയ്യുന്നവരാണ്. അവർ ആരുടെയും സ്വപ്നത്തിൽ പോയി അവയെ കൊല്ലാൻ പ്രേരണ നൽകില്ല. അതിനാൽ മുസ്ലീങ്ങൾ ഈ ക്രൂരതകൾ ഉടൻ നിർത്തുകയാണ് വേണ്ടത്. മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുർആൻ – എ – ശരീഫിന്റെ അൻഹഖ് 22:37ൽ പറയുന്നു – “ഞാൻ പറഞ്ഞിട്ടുണ്ട് അവരുടെ മാംസമോ രക്തമോ അള്ളാഹുവിന്റെ അടുത്ത് എത്തുന്നില്ല. അത് നിന്റെ തക് വ (ധർമ്മ പ്രയാണത്തിന്) ക്ക് ഉപകരിക്കും.” ഇക്കാര്യം തന്നെ അൽ അൻ ആമ് 6:38 ലും പറയുന്നുണ്ട്. ഹദീസുകളിലും ഇപ്രകാരത്തിലുള്ള നിരവധി പ്രമാണങ്ങൾ ഉണ്ട്. മുസ്ലീങ്ങളുടെ പവിത്രമായ ഹജ്ജ് കർമത്തിന് പോകുന്നവർ മാംസാഹാരങ്ങൾ ഒന്നും തന്നെ കഴിക്കുന്നില്ല. അപ്പോൾ അല്ലാഹുവിന്റെ പേരിൽ ഇപ്രകാരം നികൃഷ്ട കാര്യങ്ങൾ എന്തിന് ചെയ്യുന്നു?
മൗലാന : അങ്ങനെയൊക്കെ ആണെങ്കിലും മാംസാഹാരം കഴിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?
പ്രൊഫസർ : ഒന്നാമതായി സസ്യാഹാരം മൂലം ലോകത്തിലെ ദാരിദ്ര്യ മരണങ്ങൾ ഒഴിവാക്കാം. ഇന്ന് പെട്ടെന്ന് ഉയർന്നുകൊണ്ടിരിക്കുന്ന ജനസംഖ്യാ വർദ്ധനവ് ഭക്ഷണ ദൗർബല്യം ഉണ്ടാക്കാം. ഒരു കലോറി മാംസം തയ്യാറാക്കുന്ന ചെലവ് കൊണ്ട് പത്ത് കലോറി സസ്യഭക്ഷണം ഉണ്ടാക്കാം. ലോകം മുഴുവൻ മാംസാഹാരം ഉപേക്ഷിച്ചാൽ ഇന്ന് ലോകത്തിൽ ലഭ്യമായ ഭക്ഷ്യ വസ്തുക്കളുടെ ഉപഭോഗം നന്നായി നടത്താനാകും. ആരും ഭക്ഷണ ദൗർലഭ്യം മൂലം മരിക്കില്ല. പത്തിരട്ടി മനുഷ്യരുടെ വയറ് നിറയ്ക്കാനും ആകും. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങൾ പട്ടിണി കൊണ്ട് വലയുന്നവരാണ്. ഈ ദിവസം സസ്യഭക്ഷണം നൽകുവാൻ ആയാൽ അനേകം പേരുടെ വയറുനിറയും. രണ്ടാമതായി മാംസാഹാരം അസുഖങ്ങളുടെ മൂലകാരണം ആണ്. ഹൃദയരോഗങ്ങൾ, കാൻസർ തുടങ്ങിയ നിരവധി രോഗങ്ങൾ വന്നു കൂടുവാൻ കാരണമാകുന്നു. മാംസാഹാരം കഴിച്ചാൽ കൂടുതൽ ആരോഗ്യം ഉണ്ടാകുമെന്ന വിശ്വാസമാണ് മറ്റൊരു തെറ്റായ പ്രചാരണം. ഇത് തെറ്റാണ്. ലോകത്തിലെ നമ്പർ വൺ ഗുസ്തിക്കാരൻ സുശീൽകുമാർ തികഞ്ഞ സസ്യാഹാരി ആണ്. അങ്ങയോട് ചോദിക്കുകയാണ് ഞാൻ, താങ്കൾ താങ്കളുടെ മാംസം ആർക്കെങ്കിലും കഴിക്കാൻ കൊടുക്കാറുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കൾ മറ്റുള്ളവരുടെ മാംസം കഴിക്കുന്നത്.
മൗലാനാ : അല്ല പ്രൊഫസറെ! അങ്ങ് സസ്യ ഭക്ഷണത്തെ കുറിച്ച് പറയുന്നുണ്ടല്ലോ, അപ്പോൾ ഈ സസ്യങ്ങൾക്കും ജീവനുണ്ട് എന്നല്ലേ പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ജഗദീഷ് ചന്ദ്രബോസ് പറഞ്ഞിട്ടുള്ളത്.
പ്രൊഫസർ : സസ്യങ്ങളിലും ആത്മാവുണ്ട് എന്നുള്ളത് ശരി തന്നെ. എന്നാൽ അത് സുഷുപ്തി അവസ്ഥയിലാണ് അതായത് അവ ഒരു ദീർഘമായ മയക്കത്തിൽ ആണെപ്പോഴും. എന്നാൽ താങ്കൾ ഒരു പശുവിനെ കൊല്ലുമ്പോൾ അത് കരയുകയും ബഹളം വയ്ക്കുകയും ചെയ്യും. എന്നാൽ സസ്യങ്ങൾ ഒരിക്കലും കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ല. അതായത് ഓപ്പറേഷന് മുൻപ് മയങ്ങാനുള്ള മരുന്ന് കൊടുക്കുമ്പോൾ രോഗി തന്റെ ശരീരം കീറിമുറിക്കുന്നത് അറിയാത്തതുപോലെ, അതുപോലെ സസ്യങ്ങളെ വെട്ടി എടുക്കുമ്പോൾ അവയ്ക്ക് വേദനിക്കുന്നില്ല. സസ്യങ്ങൾ മനുഷ്യന് ഭക്ഷണ ഉപയോഗത്തിന് ഉപയോഗിക്കാവുന്ന താണ്. കാരണം മനുഷ്യന് അതല്ലാതെ മറ്റൊന്നും ഭക്ഷിക്കാൻ ആവില്ലല്ലോ. ജഗദീഷ് ചന്ദ്രബോസ് പറഞ്ഞത് ശരിയാണ്, എന്നാൽ എന്തുകൊണ്ട് വേദന അറിയുന്നില്ല എന്ന് ശാസ്ത്രം ഇനിയും കണ്ടെത്തിയിട്ടില്ല. സസ്യഭക്ഷണം പ്രകൃതിക്ക് ഹാനി ഉണ്ടാക്കുന്നില്ല.
മൗലാന: എന്നാൽ ഹിന്ദുക്കൾ കൽക്കത്തയിലെ ക്ഷേത്രത്തിലും ആസ്സാമിലെ കാമാഖ്യ ക്ഷേത്രത്തിലും പശു ബലി നടത്തുന്നുണ്ടല്ലോ. യജ്ഞങ്ങളിൽ പശു ബലിക്ക് വേദങ്ങളിൽത്തന്നെ വ്യവസ്ഥയില്ലേ?
പ്രൊഫസർ : അന്ധൻമാരായവർ മറ്റുള്ളവർക്ക് എന്ത് മാർഗദർശനം നൽകുവാനാണ്? പശുബലിയിൽ വിശ്വസിക്കുന്ന ഹിന്ദുക്കൾ വേദവിരുദ്ധമായ കാര്യമാണ് ചെയ്യുന്നത്. പശുബലി മൂലം കേവലം പാപം മാത്രമാണുണ്ടാവുക. ഏതാനും അജ്ഞാനികളും തൽപ്പരകക്ഷികളുമാ യവർ മധ്യകാലഘട്ടത്തിൽ യജ്ഞത്തിൽ പശുബലി ആരംഭിച്ചു. അതിനു വേദപ്രാമാണ്യം ഉണ്ടെന്ന് വരുത്തുവാനായി മഹീധരൻ, സായണൻ തുടങ്ങിയവർ വേദങ്ങളിലെ കർമ്മകാണ്ഡങ്ങൾക്ക് തെറ്റായ അർത്ഥം ചമച്ച് മൃഗബലിക്ക് പ്രമാണം ഉണ്ടാക്കി. പിന്നീട് മാക്സ്മുള്ളർ, ഗ്രിഫിത്ത് തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ അവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. അങ്ങനെ പശുബലിക്ക് വേദത്തിൽ അംഗീകാരം ഉണ്ടെന്ന് ലോകത്തിൽ എല്ലാവരും കരുതിത്തുടങ്ങി. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ വേദഭാഷ്യം വന്നതോടെയാണ് ഇത്തരം അസംബന്ധങ്ങൾ ഇല്ലാതാക്കാനായത്. പശു തുടങ്ങിയ മൃഗങ്ങളെ കുറിച്ച് എത്ര സുന്ദരമായാണ് വേദങ്ങളിൽ വർണിച്ചിരിക്കുന്നത് എന്ന് നോക്കൂ. അഗ്നിഹോത്രത്തെ അധ്വരം അതായത് അതിൽ ഒരുതരത്തിലുമുള്ള ഹിംസയും ഇല്ലാത്തത് എന്നാണ് ഋഗ്വേദം 5.52.12 ൽ പറയുന്നത്. ഒരു മൃഗത്തെയും ഹിംസിക്കരുത് എന്ന് യജുർവേദം12.32 ൽ പറയുന്നു. ഹിംസ അരുതെന്ന് യജുർവേദം 16.3 ൽ പറയുന്നു. അഥർവ്വവേദം 19.48.5 ൽ മൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നു. അഥർവ്വവേദം 8. 3. 2 ൽ ഹിംസ ചെയ്യുന്നവരെ വധിക്കണമെന്ന് പറയുന്നു. ഋഗ്വേദം 8.101.15ൽ ഹിംസ ചെയ്യുന്നവരെ രാജ്യത്തുനിന്ന് പുറത്താക്കണം എന്ന് പറയുന്നു. ഇത്തരത്തിൽ നാല് വേദങ്ങളിലും മൃഗങ്ങളെ വധിക്കരുതെന്ന് പറയുന്നുണ്ട്. അപ്പോൾ യജ്ഞത്തിൽ പശുബലി എങ്ങനെ വരും?
മൗലാന : ഞാൻ കേട്ടിട്ടുള്ളത് അശ്വമേധത്തിൽ കുതിരയേയും അജമേധത്തിൽ ആടിനെയും ഗോമേധത്തിൽ പശുവിനെയും നര മേധത്തിൽ മനുഷ്യനെയും ബലി ചെയ്യണമെന്നാണ്.
പ്രൊഫസർ : താങ്കളുടെ സംശയം ശരിയാണ്. ‘മേധ’ എന്നതിന് കൊല്ലുക എന്ന അർത്ഥം മാത്രമല്ല ഉള്ളത്. മേധാവി എന്ന പദം എങ്ങനെ ശ്രേഷ്ഠമാകുന്നുവോ ബുദ്ധിമാൻ എന്നീ അർത്ഥത്തിൽ എടുക്കുന്നുവോ അതേപോലെ ‘മേധ’ ശബ്ദം ശ്രേഷ്ഠ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. രാഷ്ട്ര ഉന്നമനത്തിനായി ചെയ്യുന്നകാര്യം അശ്വമേധം ആണെന്ന് ശതപഥബ്രാഹ്മണം 13.1.6.3, 13. 2.2.3 എന്നിവയിൽ പറയുന്നത്. നിഘണ്ടു 1.1 വിലും ശതപഥം 13.15.3 ലും അന്നത്തെ ശുദ്ധീകരിക്കുക, സൂര്യപ്രകാശത്താൽ ഭൂമിയെ ശുദ്ധമാക്കുക, സംയമനം പാലിക്കുക എന്നീ പ്രവൃത്തികൾക്ക് ഗോമേധം എന്നുപറയുന്നു. മഹാഭാരതം ശാന്തിപർവ്വം 337.1.2 അനുസരിച്ച് യജ്ഞത്തിൽ അന്നാദികൾ ഉപയോഗിക്കുക, വിത്തുകളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയ്ക്ക് അജമേധയാഗം എന്ന് പറയുന്നു. മനുഷ്യരുടെ മൃതശരീരം ഉചിതമായ രീതിയിൽ ദഹിപ്പിക്കുന്നതിന് നരമേധം എന്ന് പറയുന്നു.
മൗലാന : ശ്രീരാമൻ മാംസം കഴിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ടല്ലോ? മഹാഭാരതം വനപർവ്വത്തിൽ (207) രാജാ രന്തിദേവൻ പശുവിനെ കൊല്ലാൻ ആജ്ഞ നൽകുന്നുണ്ടല്ലോ?
പ്രൊഫസർ : നേരത്തെ പറഞ്ഞ വേദഭാഷ്യങ്ങളെ പോലെ രാമായണം, മഹാഭാരതം തുടങ്ങിയവയിലും മധ്യകാലത്ത് കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. വേദം വായ്മൊഴിയായി കേട്ടുവന്നതിനാലും ഛന്ദോബദ്ധമായതിനാലും ആർക്കും അതിൽ തെല്ലുപോലും കൂട്ടിച്ചേർക്കാൻ ആയിട്ടില്ല. രാമായണം സുന്ദരകാണ്ഡത്തിൽ 36-ആം സ്കന്ദം 41- ആം ശ്ലോകത്തിൽ ശ്രീരാമൻ മാംസാഹാരം കഴിക്കില്ലെന്ന് സ്പഷ്ടമായി പറയുന്നുണ്ട്. അദ്ദേഹം ഫലങ്ങളും അരി മുതലായവയും മാത്രമേ കഴിക്കൂ എന്ന് പറയുന്നുണ്ട്. മഹാഭാരതം അനുശാസന പർവ്വം 115.40 ൽ രന്തിദേവൻ സസ്യാഹാരി ആണെന്ന് പറയുന്നുണ്ട്. അപ്പോൾ ശാന്തിപർവ്വം 262.47 ൽ പശുക്കളേയും കാളകളെയും കൊല്ലുന്നവർ പാപിയാകാതിരിക്കുന്നതെങ്ങനെ? മാത്രവുമല്ല മാംസാഹാരത്തെ നിഷേധിക്കുന്ന നിരവധി പ്രമാണങ്ങൾ രാമായണത്തിലും മഹാഭാരതത്തിലും കാണാനുണ്ട് താനും. ഇതിൽനിന്നും തെളിയുന്നത് ഇതിഹാസങ്ങളിൽ മാംസാഹാരത്തിന് അനുകൂലമായ വല്ലതും കണ്ടാൽ അത് പ്രക്ഷിപ്തം ആണെന്ന് ഉറപ്പാക്കാം.
മൗലാന : അല്ല പ്രൊഫസറെ നമുക്ക് ആരെയും കൊല്ലാൻ അനുവാദമില്ല എന്നുണ്ടോ!
പ്രൊഫസർ : തീർച്ചയായും ഇല്ല. അഹിംസ, സത്യം, പ്രേമം, സാഹോദര്യം എന്നീ ആദർശങ്ങൾ പറയുന്ന ഖുർആനിലെ അള്ളാഹുവിനെ നമുക്ക് മാനിക്കാം. എന്നാൽ ബലി നൽകുക, കൊല്ലുക, കത്തിക്കുക, വിദ്വേഷം വച്ച് പുലർത്തുക, പാപകർമ്മങ്ങൾ ചെയ്യുക എന്നിങ്ങനെയൊക്കെ പഠിപ്പിക്കുന്ന ഭാഗങ്ങൾ ഈശ്വരകൃതം ആവില്ല. ഹദീസ് ജദ് അൽ – മാദിൻ ഇബ്‌സ് കയ്യിം പറയുന്നു “പശുവിന്റെ പാൽ, നെയ്യ് എന്നിവ ഉപയോഗിക്കണം. അത് ആരോഗ്യത്തിന് നല്ലതാണ്. പശുമാംസം ആരോഗ്യത്തിന് ഹാനികരമാണ്.
*
മൗലാനാ :* പ്രൊഫസറെ അങ്ങ് പറയുന്നതിൽ കാര്യമുണ്ട്. ഇത് ഞാൻ പരീക്ഷിച്ചറിയുകയും ചെയ്തു. ഇനി ഞാൻ ജീവിതത്തിൽ ഒരിക്കലും മാംസം കഴിക്കില്ല. ഈദിന് ആടിനെ കൊല്ലില്ല. എന്റെ മുസ്ലീം സഹോദരന്മാരോട് ഈ സത്യ വിഷയം പറയുകയും ചെയ്യും. ശരിയായ കാര്യങ്ങൾ പറഞ്ഞു തന്നതിന് അങ്ങേയ്ക്ക് ഒത്തിരി നന്ദി.
Courtesy : Dr. Vivek Arya
കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ.
TEAM ARYA SAMAJAM KERALAM