1946 ഒക്ടോബർ 10. ഈ ദിവസം ഭാരത ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അവിഭക്ത ബംഗാളിലെ നവഖാലിയിൽ 80% മുസ്‌ലിം ഭൂരിപക്ഷം ആയിരുന്നു. അവിടത്തെ ന്യൂനപക്ഷ സമുദായങ്ങളായിരുന്ന ഹിന്ദുക്കൾക്കും സിക്കുകാർക്കും നേരെ ഈ ദിനത്തിൽ മുസ്ലീം മതഭ്രാന്തന്മാർ അഴിഞ്ഞടിയപ്പോൾ നിരാശ്രയരായ അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
ഹിന്ദുക്കൾ കൂട്ടക്കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ വസ്തുവകകൾ കയ്യേറി. സ്ത്രീകളെ കൂട്ടമാനഭംഗങ്ങൾക്കിരയാക്കി. ആയിരങ്ങൾ നിർബന്ധപൂർവ്വം ഇസ്‌ലാമിലേക്ക് മതം മാറ്റപ്പെട്ടു. കുറേപേർ അഭയാർഥികളായി കൽക്കട്ടയിലേക്കു നീങ്ങി. മഹാത്മാ ഗന്ധിജി ഇടപെട്ട് ഹിന്ദുക്കളെ നവഖാലിയിൽ പുനരാധിവാസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപ്പെട്ടു. മുസ്ലീം ആക്രമണകാരികളാൽ കൊല്ലപ്പെട്ടവരുടെ ശവം സാംസ്കരിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല.
കൽക്കട്ടയിലെ വീഥികളിൽ ഹിന്ദു അഭയാർഥികളെ ആക്രമിക്കാൻ സുഹ്രാവാദിയുടെ ഗുണ്ടകൾ തയ്യാറെടുക്കുകയായിരുന്നു. ഈ അവസരത്തിൽ സാർവ്വ ദേശിക് ആര്യപ്രതിനിധി സഭയുടെ നേതൃത്വത്തിൽ കൽക്കട്ടയിൽ ആര്യസമാജത്തിന്റെ അഭയാർത്ഥി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഇത്തരത്തിലുള്ള 7 കേന്ദ്രങ്ങൾ കിഴക്കൻ ബംഗാളിൽ പ്രവർത്തന സജ്ജമായി. ഒരു ലക്ഷം രൂപ ദാനം വഴി ശേഖരിച്ച് അഭയാർത്ഥികൾക്കുവേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കി. വൈദ്യസഹായവുമൊരുക്കി. ഈ സമയം മഹാത്മാ ഗാന്ധി സുചേതാ കൃപാലാനിയുമൊത്തു നവഖാലിയിൽ സന്ദർശനം നടത്തുകയായിരുന്നു.
മുസ്ലീം ഗുണ്ടകൾ സുചേതാ കൃപാലാനിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയൊരുക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ ആര്യസമാജത്തിന്റെ ഉന്നത നേതാവായിരുന്ന ഓം പ്രകാശ് ത്യാഗി ഏതാനും ആര്യാവീർദൾ പ്രവർത്തകരുമൊത്തു ഗാന്ധിജി താമസിച്ചിരുന്ന ആശ്രമത്തിലെത്തി. ഈ സമയം ആശ്രമം മുസ്ലിം ഗുണ്ടകളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയായിരുന്നു.
ആര്യവീർദൾ യോദ്ധാക്കൾ തത്സമയം ഇടപെട്ട് ആശ്രമത്തെ സംരക്ഷിച്ചു സുചേതാ കൃപാലാനിയെ രക്ഷപ്പെടുത്തി. സുചേതാ കൃപാലാനി ആര്യസമാജത്തിനു നന്ദി പറഞ്ഞു (കടപ്പാട് : ആര്യസമാജ് കൽക്കട്ടാ കാ ഇതിഹസ് – ഉമാകാന്ത് ഉപാധ്യായ). കൽക്കട്ടയിലെ ജക്കാറിയാ സ്ട്രീറ്റിലെ ശിവക്ഷേത്രവും മുസ്ലീം ആക്രമണകാരികളിൽ നിന്നും സംരക്ഷിച്ചത് ആര്യസമാജമായിരുന്നു.മാസങ്ങളോളം ആര്യസമാജം ഇത്തരം ദുരിതാശ്വാസ കേന്ദ്രങ്ങൾ നടത്തി ഹിന്ദു ന്യൂനപക്ഷ സമുദായക്കാരെ സംരക്ഷിച്ചു. ആര്യസമാജം നടത്തിയ ഒരു സേവാകേന്ദ്രത്തിന്റെയും കൽക്കട്ട ജക്കാറിയാ സ്ട്രീറ്റിൽ ആര്യവീർദൾ പ്രവർത്തകർ സംരക്ഷിച്ച ശിവക്ഷേത്രത്തിന്റെയും ചിത്രങ്ങൾ ഇതോടൊപ്പം കൊടുക്കുന്നു. കൂട്ടക്കൊല ചെയ്യപ്പെട്ട ആയിരങ്ങൾക്കും രക്തസാക്ഷികളായ ആര്യവീരന്മാർക്കും ശ്രദ്ധാഞ്ജലി