മോഹൻ ഗുപ്ത ഒരു പൗരാണിക ഹിന്ദുകുടുംബത്തിലാണ് ജനിച്ചു വളർന്നത്. ക്ഷേത്രാരാധനയിലും പുരാണങ്ങളിൽ വർണ്ണിക്കുന്ന ദേവീദേവന്മാരുടെ കഥകളിലുമൊക്കെ അദ്ദേഹത്തിന് ഉറച്ച വിശ്വാസമായിരുന്നു.
സ്വന്തം പരിശ്രമത്താൽ അദ്ദേഹം ഒരു കമ്പ്യൂട്ടർ എൻജിനീയർ ആയിത്തീർന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലിയും ലഭിച്ചു. കമ്പനി ആവശ്യത്തിനായി അദ്ദേഹത്തിന് വിദേശ രാഷ്ട്രങ്ങളിൽ ഇടക്കിടെ പോകേണ്ടി വന്നിരുന്നു. ചിലപ്പോൾ മാസങ്ങളോളം അവിടെ താമസി ക്കേണ്ടിയും വന്നിരുന്നു. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ ജോലിസംബന്ധമായി ഒരിക്കൽ അദ്ദേഹത്തിന് തങ്ങേണ്ടിവന്നു. താമസിക്കുന്നതിനായി കമ്പനി വക ഒരു ഫ്‌ളാറ്റും ലഭിച്ചു. അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് ഹൈദരാബാദിൽ നിന്നുള്ള ഒരു എൻജിനീയറും വന്നുചേർന്നു. അദ്ദേഹത്തിനും താമസ സൗകര്യം ഈ ഫ്‌ളാറ്റിൽ തന്നെയായിരുന്നു കമ്പനി നിശ്ചയിച്ചത്. അദ്ദേഹം ഒരു തികഞ്ഞ മുസ്‌ലിം മതവിശ്വാസിയായിരുന്നു.

ഓഫീസ് സമയത്തിന് ശേഷം വൈകുന്നേരത്തെ ഇടവേളകളിൽ രണ്ട് എൻജിനീയർമാരും ധാർമ്മിക ചർച്ചകളിലേർപ്പെടുമായിരുന്നു. മോഹൻ ഗുപ്തയോടദ്ദേഹം ശ്രീകൃഷ്ണനെക്കുറിച്ചും പുരണങ്ങളെ ക്കുറിച്ചും പലചോദ്യങ്ങളും ഉന്നയിക്കുമായിരുന്നു. “ഗോപികമാർ കുളിക്കുന്ന സമയത്ത് ശ്രീകൃഷ്ണൻ അവരുടെ ഉടുതുണി വാരി കൊണ്ടുപോയിരുന്നില്ലേ? അത് ശരിയാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ? നിങ്ങളുടെ ഇന്ദ്രൻ വേഷം മാറി വന്നു മുനിപത്നിയായിരുന്ന അഹല്യയെ വശീകരിച്ചു ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നില്ലേ? ആ ഇന്ദ്രനെ താങ്കൾ ദേവതയായി കാണുന്നുണ്ടോ?”
മോഹൻ ഗുപ്തക്കിതൊക്കെ പുത്തൻ അനുഭവമായിരുന്നു. അമ്പലത്തിൽ പോവുക, പൂജാരിയിൽ നിന്നും പ്രസാദം വാങ്ങി ദക്ഷിണ നൽകുക, തീർത്ഥയാത്രകൾ നടത്തുക, ഭാഗവത സപ്താഹങ്ങളും ശിവപുരാണ പാരായണവും മറ്റും നടത്തുക. ഇവയൊക്കെയാണ് ഹിന്ദുമതമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഖുർആന്റെ സവിശേഷതകൾ എടുത്തുകാട്ടി പുരണങ്ങളെ അധിക്ഷേപിക്കുന്നതിൽ അദ്ദേഹത്തിന്റെ മുസ്‌ലിം സുഹൃത്ത് ഒരു കുറവും വരുത്തിയില്ല.

സഹികെട്ട മോഹൻ ഗുപ്ത തന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യക്കാരനായ ഹിന്ദു ഉദ്യോഗസ്ഥനോട് തന്റെ വിവശത പറഞ്ഞു. നെയ്‌റോബിയിൽ ഒരു ഹിന്ദു ക്ഷേത്രമുണ്ടെന്നും അവിടത്തെ പൂജാരിയെ ചെന്നുകണ്ടാൽ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി ലഭിക്കുമെന്നയാൾ പറഞ്ഞു. ഒരു ഞായറാഴ്ച്ച വളരെ ഭക്തിയോടും വിശ്വാസത്തോടും കൂടി മോഹൻ ഗുപ്ത ഹിന്ദു ക്ഷേത്രത്തിലെത്തി പൂജാരിയെകണ്ടു മാർഗ്ഗദർശനമാരാഞ്ഞു. പൂജാരിയുടെ മറുപടി അദ്ദേഹത്തെ തൃപ്തനാക്കിയില്ല. നിരാശനായി മോഹൻ ഗുപ്ത അവിടെ നിന്നും മടങ്ങി. മടക്കയാത്രയിൽ അദ്ദേഹം നയ്‌റോബിയിലെ ഒരു ആര്യസമാജ മന്ദിരം കാണാനിടയായി.അവിടെ നിന്നും വേദമന്ത്രങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾക്കുന്നുണ്ടായിരുന്നു. അദ്ദേഹം അങ്ങോട്ട് കയറിച്ചെന്നു. ഞായറാഴ്ചയിലെ അഗ്നിഹോത്രവും സത്സംഗവും നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അവിടെ. അഗ്നിഹോത്രത്തിനു ശേഷമുള്ള പ്രഭാഷണം അദ്ദേഹം ശ്രദ്ധയോടെ കേട്ടു. മഹർഷി ദയാനന്ദ സരസ്വതി, വേദങ്ങൾ, സത്യാർത്ഥ പ്രകാശം എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹത്തിന് ആദ്യമായി അറിവ് കിട്ടി. തുടർന്നദ്ദേഹം ആര്യസമാജത്തിലെ കാര്യകർത്താക്കളോട് തന്റെ സംശയങ്ങളുന്നയിച്ചു. അപ്പോൾ ആര്യസമാജം പ്രധാൻ (അധ്യക്ഷൻ) സത്യാർത്ഥ പ്രകാശം എന്ന മഹർഷി ദയനന്ദന്റെ പുസ്തകം അദ്ദേഹത്തിന് സമ്മാനമായി നൽകിക്കൊണ്ട് പറഞ്ഞു “താങ്കളുടെ സർവ്വ സംശയങ്ങൾക്കും ഈ പുസ്തകത്തിൽ മറുപടിയുണ്ട്. ഈ പുസ്തകത്തിന്റെ പതിനാലാം സമുല്ലാസം ഒന്നു ശ്രദ്ധിച്ചു വായിച്ചു കൊള്ളൂ. താങ്കളുടെ സുഹൃത്തിനെ തൃപ്തിപ്പെടുത്താൻ അത് മാത്രം മതി”.

സത്യാർത്ഥ പ്രകാശം ഒരാവർത്തി കായിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത് പ്രസന്നത വന്നു. 14 ആം അധ്യായം വായിച്ചതോടെ അദ്ദേഹത്തിന്റെ സർവ്വ സംശയങ്ങളും അസ്തമിച്ചു. അങ്ങനെ ആട്ടിൻകുട്ടി സിംഹമായി തീർന്നു.

അന്ന് വൈകുന്നേരം സുഹൃത്തായ എൻജിനീയർ മോഹൻ ഗുപ്തയെ കണ്ടയുടൻ പറഞ്ഞു “ചോദ്യങ്ങൾക്കുത്തരം താങ്കൾക്ക് കിട്ടിയിട്ടില്ലെങ്കിൽ ഇസ്ലാം സ്വീകരിക്കൂ”.
മോഹൻ ഗുപ്ത സത്യാർത്ഥ പ്രകാശത്തിന്റെ 14 ആം സമുല്ലാസത്തിൽ വർണ്ണിക്കുന്ന ഖുർആൻ വിഷയത്തേക്കുറിച്ചു സുഹൃത്തിനോട് ചോദ്യങ്ങൾ തൊടുത്തുവിട്ടുതുടങ്ങി. ഇസ്ലാം മതപണ്ഡിതനായ എൻജിനീയർ പകച്ചുപോയി.”നിങ്ങളോടിതെല്ലാം ആര് പറഞ്ഞു” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. മോഹൻ ഗുപ്‌ത അദ്ദേഹത്തിന് സത്യാർത്ഥ പ്രകാശം എടുത്തു കാണിച്ചു. ഇതു കണ്ട മുസ്ളീം സുഹൃത്ത് അറിയാതെ പിറുപിറുത്തു. “ഈ പുസ്തകം നമ്മുടെ സർവ്വ പ്രതീക്ഷകളും തകർത്തുകളഞ്ഞു. ഇതില്ലായിരുന്നെങ്കിൽ ഹിന്ദുക്കളെയെല്ലാം എളുപ്പത്തിൽ ഇസ്‌ലാമിലേക്ക് മാറ്റാമായിരുന്നു”.

മോഹൻ ഗുപ്ത മഹർഷി ദയാനന്ദനും ആര്യസമാജത്തിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു. പിന്നീടദ്ദേഹം ആര്യസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങുകയും ഒരുറച്ച വേദപ്രചാരകനായിത്തീരുകയും ചെയ്തു.
(ഒരു സംഭവിച്ച കഥയാണിത്).

സത്യാർത്ഥ പ്രകാശം തണുപ്പടിച്ചുപോയ ഹിന്ദുവിന് ചൂട് പകർന്നു നൽകുന്നതാണ് എന്ന് വീർ സവർക്കർ ഒരിക്കൽ പറയുകയുണ്ടായി.
മഹർഷി ദയാനന്ദന്റെ സത്യാർത്ഥ പ്രകാശം നൽകുന്ന ഉപദേശങ്ങൾ സ്വീകരിക്കാൻ ഹിന്ദു സമാജം തയ്യാറായാൽ ഹിന്ദു ധർമ്മം (ആര്യ ധർമ്മം) വീണ്ടും പ്രാചീനകാലത്തെ പോലെ ലോകത്തിലെ പ്രധാന പദവി അലങ്കരിക്കും


കടപ്പാട് : ഡോ.വിവേക് ആര്യ


You cannot copy content of this page