ഇന്ന് (02.02.2020) ഗുരുകുലത്തിൽ വെച്ചു നടന്ന വിശേഷ യജ്ഞത്തിൽ വെച്ച് അജ്‌മേർ ഗുരുകുലത്തിലെ വാനപ്രസ്‌ഥികളായ ശ്രീ.ബലേശ്വർ മുനിയേയും അദ്ദേഹത്തിന്റെ ധർമ്മ പത്നി ശ്രീമതി. ശാന്താ ബത്രയെയും ആദരിച്ചു. ആര്യസമാജം കാറൽമണ്ണയുടെ അധ്യക്ഷൻ ശ്രീ. കെ. വി. ശ്രീധരൻ അദ്ദേഹത്തെ ഹാരം അണിയിച്ചു സ്വീകരിച്ചു. മുനിജിയുടെ പത്നിയായ ശ്രീമതി ശാന്താ ബത്രയെ ശ്രീമതി. പുഷ്പാവതി ഹാരമണിയിച്ചു സ്വീകരിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വേദ ഗുരുകുലം അധിഷ്ഠാതാവ് ശ്രീ.കെ.എം.രാജൻ കേരളത്തിൽ ആര്യസമാജ പ്രവർത്തനത്തിന് പ്രേരണാ സ്രോതസ്സ് ആയ ആ കുടുംബത്തോട് നമുക്കുള്ള കടപ്പാട് നിസ്സീമമാണ് എന്ന് പറഞ്ഞു. നമുക്കാർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത സേവനവും ദാനവും ചെയ്യുന്ന അദ്ദേഹത്തെ അനുമോദിക്കുന്നത് തന്നെ വളരെ വലിയ പുണ്യകർമ്മമാണ് എന്നും അദ്ദേഹത്തെ പോലുള്ള ധർമ്മിഷ്ഠരും ദാനികളുമായവരുടെ അനുഗ്രഹത്താലാണ് കാറൽമണ്ണയിൽ വേദ പഠന ക്ലാസ്സുകൾ ആരംഭിക്കാനും ഒരു വേദ ഗുരുകുലം സ്ഥാപിക്കാനും അത് നടത്തിക്കൊണ്ടുപോകാനും സാധിക്കുന്നത്. പുണ്യാത്മാക്കളായ ഇത്തരം വ്യക്തികളെ ആദരിക്കലും ശുശ്രൂഷിക്കാലും ആണ് യഥാർഥ പിതൃ യജ്ഞം.ശ്രീ. കെ.ഗോവിന്ദ പ്രസാദ്, ആചാര്യ വാമദേവ് ജി എന്നിവരും ചടങ്ങിൽ സംസാരിച്ചു.