• കെ. എം.രാജൻ മീമാംസക്

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അക്രമത്തിനെതിരായ പ്രതിഷേധത്തിനിടെ ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ഇസ്‌കോൺ (ഇൻറ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ്) സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് ന്യൂനപക്ഷ വിഭാഗക്കാരുടെ ജീവനും സ്വത്തിനും ബംഗ്ലാദേശ് സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ല എന്ന ഭീതി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 5 ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ അട്ടിമറിയെത്തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.
ഇസ്‌കോൺ സന്യാസിയുടെ അറസ്റ്റ് ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നു.
ഒരു കാലത്ത് ബംഗ്ലാദേശിലെ ജനസംഖ്യയുടെ 20 ശതമാനമായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 9 ശതമാനത്തിൽ താഴെ മാത്രമാണ്. ഈ കുത്തനെയുള്ള ഇടിവ് ന്യൂനപക്ഷങ്ങൾ നേരിടുന്ന, പ്രത്യേകിച്ച് രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. അങ്ങനെ മതനിരപേക്ഷത കുറയുകയും ന്യൂനപക്ഷ ജനസംഖ്യ കുറയുകയും ചെയ്യുന്നു.
ബംഗ്ലാദേശിനെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള സമീപകാല ആഹ്വാനങ്ങൾ മതേതര ഗ്രൂപ്പുകളെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. “ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളുള്ള ഒരു രാജ്യത്തിന്റെ യാഥാർത്ഥ്യങ്ങളെ സോഷ്യലിസവും മതേതരത്വവും പ്രതിഫലിപ്പിക്കുന്നില്ല” എന്ന് രാജ്യത്തിന്റെ അറ്റോർണി ജനറൽ വാദിച്ചിരുന്നു. ഇത്തരം അനുഭവങ്ങൾ ഹിന്ദു സമൂഹത്തിന്റെ ആഗോളതലത്തിൽ സംഭവിക്കാൻ പോവുന്ന തകർച്ചയെക്കുറിച്ചുള്ള വലിയൊരു ആശങ്ക ഉയർത്തുന്നു. ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും നിലനിൽപ്പിന് നാം പ്രതീജ്ഞാബദ്ധമാണ്. ഒറ്റക്കെട്ടായി ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നാം മൗനം പാലിച്ചുകൊണ്ടിരുന്നാൽ നമുക്ക് ഇതിൽ നിന്നും ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവുമെന്ന് തോന്നുന്നില്ല. 1971 ൽ ബംഗ്ലാദേശിന് ജന്മം നൽകിയ ഭാരതം ഇപ്പോൾ അവിടെ നടമാടുന്ന അക്രമങ്ങളെ കണ്ട് വെറും കാഴ്ചക്കാരനായി മാറരുത്.

പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷവിഭാഗങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ അവിടത്തെ സർക്കാരിനുമേൽ ഭാരതം ശക്തമായ സമ്മർദ്ദം ചെലുത്തണം. ഹിന്ദുസന്ന്യാസിമാർക്കെതിരെ നടക്കുന്ന ആക്രമണത്തെ ആര്യസമാജം കേരള ഘടകം ശക്തമായി അപലപിക്കുന്നു.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

TEAM ARYA SAMAJAM KERALAM

You cannot copy content of this page