“വേദങ്ങളിലേക്കു മടങ്ങുക “
ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്.
വൈദികസംസ്കാരം ലോപിച്ചു പോയി എന്നത് കൊണ്ടു മാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധാർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. വൈദിക ധർമ്മത്തിനു പകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ നേരിട്ടു ബാധിക്കാത്ത ഒന്നിനോടും പ്രതികരിക്കാതെ അവർ ഒരു തരം ആധിപത്യം സ്ഥാപിച്ചു കൊണ്ടു സമാജത്തെ തങ്ങളുടെ കീഴിലാക്കി. ബ്രഹ്മത്തെ അറിയാത്തവൻ ബ്രാഹ്മണനും ക്ഷാത്രധർമ്മം അറിയാതെ വാളെടുക്കുന്നവനെല്ലാം ക്ഷത്രിയനുമായി വാഴാൻ തുടങ്ങി. ചരിത്രം പരിശോധിച്ചാൽ ഇത്തരം വാഴ്ചകൾ സമാജത്തിനുണ്ടാക്കിയ മുറിവുകൾ ഒട്ടനവധിയാണ്. അതിലൊരു സംഭവം ആണ്. കാലചന്ദ് റായിയുടെ കഥ. സുലൈമാൻ കരാർനിയുടെ സേനാധിപനായ കാലാ ചന്ദ് സ്വന്തം ധർമ്മത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന, രണ്ടു ഭാര്യമാരുള്ള വ്യക്തിയാണ്.
തന്നിൽ സുൽത്താന്റെ മകൾക്കുണ്ടായ അനുരാഗത്തെ തെറ്റായി കാണുകയും അത് അംഗീകരിച്ചു അവളെ ഭാര്യയാക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന റായ്, സുൽത്താന്റെ പ്രലോഭനങ്ങളിൽ ഒന്നും തന്റെ വ്യക്തിത്വം പണയം വെക്കാതെ നിശ്ചയ ദാർഢ്യത്തോടെ മരണം ഏറ്റു വാങ്ങാൻ തയ്യാറാവുന്നു. ആ സന്ദർഭത്തിൽ അവിടെ എത്തിയ സുൽത്താന്റെ പുത്രിയെ കണ്ടപ്പോൾ ആ നിശ്ചയ ദാർഢ്യത്തിൽ ഇളക്കം സംഭവിക്കുന്നു. വൈദിക ധർമ്മാനുഷ്ഠാനിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഇളക്കം. സുൽത്താന്റെ ഭീഷണിയും സമ്മർദ്ദങ്ങളും ഒരാളെ ഇത്രക്ക് നിസ്സഹായനാക്കുമ്പോൾ റായ്ക്കു വേണ്ടി ഒച്ചയനക്കാൻ ഒരു ബ്രാഹ്മണനും പുരോഹിതനും ഉണ്ടായില്ല.
സാഹചര്യ സമ്മർദ്ദത്താൽ മുസ്ലിം യുവതിയെ വിവാഹം കഴിക്കേണ്ടി വന്ന കാലാ ചന്ദ് പിന്നീട് നേരിട്ടത് പരിഹാസ ശരങ്ങളും കുറ്റപ്പെടുത്തലുകളും ആട്ടിയോടിക്കലുകളും മാത്രമാണ്.
കാലാ ചന്ദ് റായ് അപമാന ഭാരത്താൽ പ്രതികാര ദാഹിയാകുന്നത് നാം പിന്നീട് കാണുന്നു.
സമാജത്തെ സേവിക്കാൻ കഴിയാത്ത എല്ലാ പുരോഹിതന്മാരെയും സമാജത്തിലെ ഒരുത്തനു രക്ഷ നൽകാൻ കഴിയാത്ത എല്ലാ ക്ഷേത്രങ്ങളെയും ക്ഷേത്രത്തിലെ ദൈവങ്ങളെയും തന്റെ പ്രതികാരാഗ്നിക്ക് ഇരയാക്കി.
വൈദിക സംസ്കാരം ലോപിക്കുകയും തത്‌സ്ഥാനത്തു പൗരോഹിത്യം നിറഞ്ഞാടുകയും ചെയ്തപ്പോൾ സമാജത്തിനു സംഭവിച്ച അധഃപതനം ‘കാലാ പഹാഡ്’ നമുക്ക് പറഞ്ഞു തരുന്നു.
ഇന്നും അവസ്ഥ വ്യത്യസ്തമല്ലെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം.
ഓരോ വിധികളും കോടതി പുറപ്പെടുവിക്കുമ്പോൾ ഇത്തരം പുരോഹിതന്മാർ തല പൊക്കുന്നത് നാം കാണുന്നു.
നമുക്കിടയിലെ ഓരോ കാലാ ചന്ദുമാരും അവരായി തന്നെ തുടരാൻ, അവരെ കറുത്തമലകൾ അഥവാ കാലാ പഹാഡുമാർ ആക്കാതിരിക്കാൻ, ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം.
ഇത് ഒരു ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കിയുള്ള നോവൽ ആവിഷ്കരണമാണ്. വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന, എന്നാൽ പ്രസിദ്ധീകരിക്കാൻ പലരും മടിച്ചുനിന്ന ഭാരതത്തിന്റെ അധഃപതനത്തിലേക്ക് വഴിവെച്ച ഈ ദാരുണ സംഭവത്തെ പുസ്തകരൂപത്തിൽ ഉറുദു കലർന്ന ഹിന്ദി ഭാഷയിൽ തയ്യാറാക്കിയത് വേദിക് മിഷണറിയായ ലജ്പത് റായ് അഗ്രവാൾ ആണ്.
മുസ്ലിം അധിനിവേശത്തിനു പാതയൊരുക്കിയ ഇത്തരം ചരിത്രങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രീ ലജ്പത്‌റായ് അഗർവാൾ എഴുതിയ, അദ്ദേഹത്തിന്റെ സുഹൃത്തും ആര്യസമാജ പ്രചാരകനുമായ ശ്രീ കെ. എം. രാജൻ തർജ്ജമ നിർവഹിച്ച ഈ പുസ്തകം പ്രചോദനം ആകട്ടെ.