ഇന്ന് പ്രചാരത്തിലുള്ള ബഹുഭൂരിപക്ഷം പഞ്ചാംഗങ്ങളും നിരയന പദ്ധതിയിലുള്ളതാണ്. ഭൂമി അതിന്റെ അച്യുതണ്ടിൽ നിന്നും 23.5° ചെരിഞ്ഞു കൊണ്ട് ചുറ്റികൊണ്ടിരിക്കുന്നു. ഓരോ 72 വർഷങ്ങൾ കൂടുമ്പോഴും സൂര്യന്റെ ഭ്രമണത്തിൽ ഒരു ദിവസത്തെ വ്യത്യാസം വരുന്നുണ്ട്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം ആണിതിന് കാരണം. ഒരു വർഷത്തിന്റെ ദൈർഘ്യ വ്യത്യാസം 0.01656 ദിവസം വരുന്നുണ്ട്. കഴിഞ്ഞ 1400 വർഷത്തോളമായി പഞ്ചാംഗം പരിഷ്കരിക്കാത്തതിനാൽ ഇപ്പോൾ ഇത് 0.01656 ദിവസം x 1400 വർഷങ്ങൾ = 23.18 ദിവസങ്ങൾ ആയിട്ടുണ്ട്. ഇപ്പോൾ പ്രചാരത്തിലുള്ള പഞ്ചാംഗങ്ങളിൽ വിഷു, മകര സംക്രാന്തി തുടങ്ങിയ വൈദിക പർവങ്ങൾ 23-24 ദിവസങ്ങൾ കഴിഞ്ഞാണ് വരുന്നത്. സൂര്യന്റെ ചെരിവ് +00.00 ഉം രേഖാശം 00.00/360°യും ആവുമ്പോൾ (മാർച്ച് 21, Spring Equinox) വസന്ത വിഷുവം വരുന്നു. അന്ന് ദിനരാത്രങ്ങൾ തുല്യമാവുന്നു. സൂര്യൻ ഉഷ്ണമേഖലാ സായന മേഷ രാശിയിലേക്ക് (Aries) പ്രവേശിക്കുന്നു. ഇതാണ് വിഷു. അത് ഇപ്പോൾ പ്രചാരത്തിലുള്ള നിരയന പഞ്ചാംഗം അനുസരിച്ച് നാം 23 ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 14 ന് ആചരിക്കുന്നു. മകര സംക്രാന്തിയും ഇപ്രകാരമാണ്. ഡിസംബർ 22 ന് വരുന്ന മകര സംക്രാന്തി ജനുവരി 14 നും ആചരിക്കുന്നു.
വൈദിക യജ്‌ഞങ്ങളും പർവങ്ങളും ശുദ്ധമായ വൈദിക ജ്യോതിശാസ്ത്രമനുസരിച്ചുള്ള പഞ്ചാംഗത്തെ അടിസ്ഥാനമാക്കി അനുഷ്ഠിച്ചാലെ അതിന് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കുകയുള്ളു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വൈദിക പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നത്. ആര്യസമാജം പ്രചാരകനും കാറൽമണ്ണ വേദ ഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ് ഇത് പ്രസാധനം ചെയ്യുന്നത്. അഗ്നിഹോത്രം നടത്തുന്നതിന് മുമ്പ് ചൊല്ലുന്ന സങ്കല്പ പാഠത്തിന് ഈ പഞ്ചാംഗത്തിൽ വിവരിക്കുന്ന ശുദ്ധമായ കാലഗണന ഉപയോഗിക്കുന്നത് ഉത്തമമാണ്.