ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്
കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ( NCISM ) പ്രീ ആയുർവ്വേദ പഠനത്തിന് അവസരമൊരുക്കുന്നു. സംസ്‌കൃത ഗുരുകുലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പാസായതിന് ശേഷം കോഴ്‌സിൽ ചേരാം. ഏഴ് വർഷമാണ് കോഴ്‌സിൻ്റെ കാലാവധി. NCISM ന്റെ അഫിലിയേഷനുള്ള രാജ്യത്തെ എല്ലാ ഗുരുകുലങ്ങളിലും കോഴ്സ് ആരംഭിക്കും.
എട്ട് ബോർഡുകളാണ് കൗൺസിൽ ഓഫ് ബോർഡ്‌സ് ഓഫ് സ്കൂൾ എജ്യുക്കേഷൻ്റെ (COBSE) കീഴിൽ വരുന്നത്. രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ (ഇപ്പോൾ Central Sanskrit University), മഹർഷി പതഞ്ജലി സംസ്കൃത സൻസ്ഥാൻ, ഛത്തീസ്ഗഡ് സംസ്കൃത ബോർഡ്, ബിഹാർ സംസ്കൃത ശിക്ഷാ ബോർഡ്, യുപി ബോർഡ് ഓഫ് സെക്കൻഡറി സംസ്കൃത വിദ്യാഭ്യാസ സംസ്കൃത ഭവൻ, അസം സംസ്‌ത ബോർഡ്, ഇന്ത്യൻ കൗൺസിൽ ഫോർ ഹിന്ദി ആൻഡ് സംസ്കൃത എഡ്യൂക്കേഷൻ, ഉത്തരാഖണ്ഡ് സംസ്കൃത ശിക്ഷാ പരിഷത്ത് എന്നിവയാണവ. ഇതിന് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സിൽ ചേരാം. പ്രീ ആയുർവേദ കോഴ്‌സിൽ ആദ്യ രണ്ട് വർഷം അടിസ്ഥാന കാര്യങ്ങളായിരിക്കും പഠിപ്പിക്കുക.
അതിന് ശേഷം ബിഎഎംഎസ് കോഴ്സിന് സജ്ജരാക്കും. ഗുരുകുലത്തിന് കീഴിലുള്ള ആയുർവേദ ആശുപത്രികളിൽ വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പിന് അവസരമൊരുക്കും.
‘ അഡ്‌മിഷനായി വിദ്യാർത്ഥികൾ പ്രത്യേക നീറ്റ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. പരീക്ഷയുടെ പാറ്റേൺ വിദഗ്‌ധ സമിതി തയ്യാറാക്കും.
റെസിഡൻഷ്യൽ സ്‌കൂൾ മാതൃകയിലാണ് പഠനം നടക്കുക. ഗുരുകുലങ്ങൾ ആരംഭിക്കുന്നതിന് NCISM- ന്റെ അഫിലിയേഷൻ നിർബന്ധമാണ്.
NCISM നിയമത്തിലെ സെക്ഷൻ 14 പ്രകാരം പത്താം ക്ലാസ് പാസായ ശേഷം പ്രീ ആയുർവേദ കോഴ്‌സിൽ ചേരാനായി വിദ്യാർത്ഥികളെ അനുവദിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
(കടപ്പാട്: ദ ടൈംസ് ഓഫ് ഇന്ത്യ)