• കെ. എം. രാജൻ മീമാംസക്

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്.

ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു.

ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ സ്ഥാനമാണുള്ളത്. സൽപാത്രങ്ങൾക്ക് ദാനം നൽകലും സജ്ജനങ്ങളുടെ സത്സംഗവുമാണ് മനുഷ്യജന്മത്തെ സഫലമാക്കുന്നത് (“പാത്രേ ദാനം സത്താം സംഗം ഫലം മനുഷ്യ ജന്മനഃ”). കർണ്ണൻ, ശിബി ചക്രവർത്തി, രന്തിദേവൻ, ദധീചി മഹർഷി എന്നിവരുടെ ദാന ശീലം ചരിത്ര പ്രസിദ്ധമാണ്.

‘നൽകുക’ എന്നതാണ് ദാനമെന്നതിന്റെ അർത്ഥം. സ്വന്തം അധികാരത്തിലുള്ള വസ്തുക്കൾ പ്രതിഫലേച്ഛയില്ലാതെ സൽപാത്രങ്ങൾക്ക് നൽകലാണ് ദാനം. ദാനം രണ്ട് തരത്തിലുണ്ട്. അനുകമ്പാ ദാനവും ശ്രദ്ധാ ദാനവും. യാചകന്മാർക്ക് നൽകുന്നതാണ് അനുകമ്പാ ദാനം. മംഗളകാര്യങ്ങൾക്കായി നിഷ്കാമമായി നൽകുന്നത് ശ്രദ്ധാ ദാനം.

ദാനങ്ങൾക്ക് നാലംഗങ്ങൾ ഉണ്ട് എന്ന് ശാസ്ത്രങ്ങളിൽ പറയുന്നുണ്ട്. ദാനം നല്കുന്നവൻ അഥവാ ദാതാവ്, സ്വീകരിക്കുന്നവൻ അഥവാ പാത്രം, നൽകുന്ന ദ്രവ്യം, ദാനം നൽകേണ്ട വിധി എന്നിവയാണവ. വ്യാസ സ്മൃതിയിൽ ഇങ്ങനെ പറയുന്നു.

“ശതേഷു ജായതെ ശൂരഃ സഹസ്രേഷു ച പണ്ഡിതഃ |
വക്താ ശത സഹസ്രേഷു ദാതാ ഭവതി വാ ന വാ ||”

അർത്ഥം: നൂറുപേർക്കിടയിൽ ഒരു ശൂരൻ ഉണ്ടാവാം. ആയിരങ്ങളിൽ ഒരു പണ്ഡിതൻ ഉണ്ടാവാം. അവയിൽ ദാനികൾ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. അതായത് ദാനം ചെയ്യുന്നവർ അത്യന്തം ദുർല്ലഭമാണ്.

ദ്രവ്യം ദാനത്തിന്റെ രണ്ടാമത്തെ മഹത്വപൂർണ്ണമായ അംഗമാണ്. നൽകപ്പെടുന്ന വസ്തുവാണത്. ദാനം നല്കാനുദ്ദേശിക്കുന്ന വസ്തു അത് സ്വീകരിക്കുന്നവർക്ക് പ്രയോജനപ്പെടുന്നതും അവരുടെ ഗുണങ്ങൾ വർധിപ്പിക്കുന്നതുമാകണം.

അടുത്ത അംഗം ‘പാത്ര’മാണ്. ‘പാത്ര മറിഞ്ഞുവേണം ദാനം നൽകാൻ’ എന്ന് പറയാറുണ്ട്. അനുയോജ്യരായവർക്ക് മാത്രമേ ദാനം നൽകാവൂ. ശ്രേഷ്ഠ പാത്രങ്ങൾക്ക് നൽകുന്ന ദാനമാണ് ഏറ്റവും വിശിഷ്ടമായത്.

ദാനം നൽകാനുള്ള വിധിയാണ് അടുത്തതായി വരുന്നത്. ആദരപൂർവ്വം, ശ്രദ്ധാപൂർവ്വം, തെല്ലും അഹംഭാവമില്ലാതെ, പ്രസന്നതാപൂർവ്വം, നമ്രതാപൂർവ്വം വേണം ദാനം ചെയ്യാൻ. ദാനം നൽകിയ ശേഷം അതിൽ പശ്ചാത്താപം തോന്നരുത്. നൽകുന്ന ദാനവിവരം രഹസ്യമാക്കി വെക്കുന്നത് അതിന്റെ മഹത്വത്തെ വർധിപ്പിക്കുന്നു.

ദാനവും വിവിധ തരത്തിലുണ്ട്. അന്നദാനം, അഭയദാനം, വിദ്യാദാനം, എന്നിങ്ങനെ പലതരത്തിലുണ്ടത്. എല്ലാ ദാനങ്ങളിലും വെച്ച് അന്നദാനം വളരെ ശ്രേഷ്ഠമായി കരുതുന്നു.

“സർവേഷാം ദാനാനാം അന്നദാനം പരം സ്‌മൃതം |
സർവേഷാം ജന്തൂനാം യതസ്തജ്‌ജീവിതം പരം ||”

അന്നം പ്രാണികളുടെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. അന്നം ലഭിക്കാൻ വിഷമതകൾ ഉള്ളവർക്കും നിർധനർക്കുമാണ് അന്നദാനം നൽകേണ്ടത്. ബ്രഹ്മചാരികൾ വേദാദ്ധ്യായനം ചെയ്യുന്ന ഗുരുകുലങ്ങൾ, അനാഥാലയങ്ങൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയവക്കാണ് അന്നദാനം ചെയ്യേണ്ടത്. ഇന്ന് മഹാ ക്ഷേത്രങ്ങളിലും നാട്ടിൻപുറത്തുള്ള ചെറിയ ക്ഷേത്രങ്ങളിലും, സപ്താഹ യജ്ഞങ്ങളിലും ഒരു നേരത്തെ അന്നത്തിന് സാമ്പത്തിക ശേഷിയുള്ളവർക്ക് നൽകുന്ന സൗജന്യ ഭക്ഷണം അന്നദാനമല്ല. സർവാണി സദ്യയാണത്. അതിന് ദാനത്തിന്റെ പരിവേഷമില്ല.

അഭയദാനം വളരെ വിശേഷപ്പെട്ടതാണ്. ജീവനും സ്വത്തിനും ഭീഷണി നേരിടുന്നവർക്ക് അഭയം നൽകുന്നത് അഭയദാനമാണ്.

വിദ്യാദാനം അഥവാ ജ്ഞാന ദാനം ഏറെ ശ്രേഷ്ഠമായാണ് നമ്മുടെ ശാസ്ത്രങ്ങൾ കാണുന്നത്. ‘സർവേഷാം ദാനാനാം വിദ്യാ ദാനം തതോധികം’ എന്നാണ് അത്രി സ്മൃതി പറയുന്നത്.

ഭഗവത് ഗീതയിൽ മൂന്ന് വിധത്തിലുള്ള ദാനത്തെക്കുറിച്ച് പറയുന്നുണ്ട്. സാത്വികം, രാജസികം, താമസികം എന്നിവയാണവ (ഗീത 17.20-23).

നല്ല ഉദ്ദേശ്യത്തോടെ പാത്രമറിഞ്ഞ് നൽകുന്നതാണ് സാത്വിക ദാനം.
പ്രതിഫലം പ്രതീക്ഷിച്ച് നൽകുന്നത് രാജസിക ദാനം. അവജ്ഞയോടെയും ദേശ – കാല – പാത്രങ്ങളെക്കുറിച്ച് ചിന്തിക്കാതെയും ചെയ്യുന്ന ദാനം താമസികമാണ്.

ഒരിക്കൽ യുധിഷ്ഠിരൻ വ്യാസ മഹർഷിയോട് ദാനം ചെയ്യലാണോ തപസ്സനുഷ്ഠിക്കലാണോ ഏറ്റവും കഠിനമെന്ന് ചോദിച്ചു. ദാനം നൽകുന്നതിനെക്കാൾ ദുഷ്കരമായി മറ്റൊന്നുമില്ല എന്നാണ് വ്യാസ മഹർഷി അതിന് മറുപടി നൽകിയത്.

ധനം സമ്പാദിക്കാൻ മനുഷ്യർ വളരെയധികം കഷ്ടതകൾ സഹിക്കാൻ തയ്യാറാവുന്നു. കടലിന്നടിയിലും പാർവ്വത ശിഖരങ്ങൾക്ക് മുകളിലും അവർ മഹാ പരിശ്രമം ചെയ്ത് എത്തിച്ചേരും. കാശുണ്ടാക്കാൻ വേണ്ടി ആരുടെയും ദാസവൃത്തി ചെയ്യാനും മനുഷ്യന് മടിയുണ്ടാവില്ല. ഇത്രയും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ധനം ഏതെങ്കിലും സുപാത്രങ്ങൾക്ക് ദാനം നൽകാൻ വിശാലഹൃദയനായ ഒരാൾക്ക് മാത്രമേ കഴിയൂ. സൽപാത്രങ്ങൾക്ക് ദാനം നൽകിയാൽ മാത്രമേ നേടിയെടുത്ത ധനം ഉത്തമ ഗതിയെ പ്രാപിക്കുകയുള്ളു.

ദക്ഷിണ

ദക്ഷിണ നൽകുന്നതിലൂടെ മാത്രമേ ഏതൊരു ധാർമ്മിക കാര്യവും പൂർണ്ണമാവുകയുള്ളൂ. ദക്ഷിണ നല്കാത്തവരുടെ ധനം വ്യർത്ഥമാണ്. അധികകാലം അത് നീണ്ടുനിൽക്കില്ല.

ദക്ഷിണയിൽ നിന്നാണ് ശ്രദ്ധയുണ്ടാവുക. ശ്രദ്ധയിൽ നിന്ന് സത്യവും. അതിനാൽ യജ്ഞം നടത്തുന്ന ഋത്വിക്കുകൾക്കും ആചാര്യന്മാർക്കും ദക്ഷിണ നൽകുന്നതിലൂടെ മാത്രമേ ചെയ്ത സൽക്കർമ്മത്തിന്റെ ഫലം ലഭിക്കൂ. കൂടാതെ ദക്ഷിണ നൽകുന്നതിലൂടെ തന്റെ ആചാര്യൻ, ഗുരു എന്നിവരോട് ശ്രദ്ധാഭാവം ഉണ്ടാവുന്നു.

ദക്ഷിണ എന്തായിരിക്കണം എന്നതിനെക്കുറിച്ച് ശാസ്ത്രങ്ങൾ എന്ത് പറയുന്നു എന്നുനോക്കാം.

സാധ്യമായവ മാത്രമേ ദക്ഷിണ ചെയ്യാൻ ശ്രമിക്കാവൂ. തന്റെ കഴിവിന് അനുസരിച്ച് വേണം അത് ചെയ്യാൻ. അതിൽ കുറയാനോ കൂടാനോ പാടില്ല. യോഗ്യരായവർക്ക് മാത്രമേ ദക്ഷിണ നൽകാവൂ. ലോഭിയും ദുഷ്ടനുമായവരെക്കൊണ്ട് ധാർമ്മിക കാര്യങ്ങൾ ചെയ്യിക്കുകയോ വിദ്യ അഭ്യസിക്കുകയോ ചെയ്യരുത്.

ദക്ഷിണ നൽകുന്നവർ ഉന്നതിയെ പ്രാപിക്കുമെന്ന് ഋഗ്വേദം പറയുന്നു “ഉച്ചാദിവി ദക്ഷിണാവന്തോ അസ്തുഃ…..”

ഭേഷജം ഹ വൈ യജ്ഞസ്യ ദക്ഷിണാ |
തസ്‌മാത് ഋത്വിഗ്‌ഭ്യോ ദക്ഷിണാം ദദാതി |
(ശതപഥ ബ്രാഹ്മണം 12.7.1.14)

അർത്ഥം: യജ്ഞത്തിൽ ദക്ഷിണ നൽകുന്നത് ഭേഷജ (ഔഷധ) ക്രിയയാണ്. അതിലൂടെ യജ്ഞത്തിൽ ക്ഷതമുണ്ടാവാതെ സമൃദ്ധിയുണ്ടാവുന്നു.

“സ ഏവ യജ്ഞോ ഹതോ ന ദദക്ഷേ |
തം ദേവാ ദക്ഷിണാഭിരദക്ഷയാംസ്‌തദ്യദേനം ദക്ഷിണാഭിരദക്ഷയംസ്തസ്മാദ്ദക്ഷിണാ ദാദാതി ||” (ശതപഥം 2.2.2.2)

അർത്ഥം:
ദക്ഷിണയില്ലാതെ ചെയ്യുന്ന യജ്ഞം ഉന്നതിയെ പ്രാപിക്കില്ല, മാത്രമല്ല അത് നഷ്ടം ഉണ്ടാക്കുകയും ചെയ്യും. യജ്ഞത്തിന്റെ സമൃദ്ധിക്കായി അവയെ ദക്ഷിണ കൊണ്ട് ദേവതകൾ സമൃദ്ധമാക്കി. ദക്ഷിണയാൽ സമൃദ്ധമാകുന്നതിനാൽ ദക്ഷിണ എന്ന നാമം പ്രസിദ്ധമായി. ദക്ഷിണ കൊണ്ടുമാത്രമേ യജ്ഞം സമൃദ്ധമാവുകയുള്ളൂ. അതിനാൽ യജ്ഞത്തിൽ ദക്ഷിണ നൽകുന്നു.

ശതപഥ ബ്രാഹ്മണം 1.2.1 അനുസരിച്ച് യജ്ഞത്തിൽ ദക്ഷിണ നല്കാത്തവന് ത്വഷ്ടാവിന്റെ പുത്രൻ വിശ്വരൂപനെ വധിച്ച പാപം ഏൽക്കുമെന്നാണ്.

സ്വർണ്ണം, പശു, വസ്ത്രം തുടങ്ങിയവ ദക്ഷിണയായി നൽകണം എന്ന് മഹർഷി ദയാനന്ദ സരസ്വതി സംസ്കാര വിധിയിൽ പറയുന്നു.

ദാനം, ദക്ഷിണ എന്നിവക്ക് ആര്യസമാജം ഏറെ പ്രധാന്യം നൽകുന്നുണ്ട്. ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ നിത്യാനുഷ്ഠാനങ്ങളായ പഞ്ച മഹായജ്ഞങ്ങൾ സാർത്ഥകമാവൂ. ആര്യസമാജം നടത്തുന്ന സാപ്താഹിക യജ്ഞങ്ങൾക്ക് ശേഷം വളരെ ശ്രദ്ധയോടെ ദക്ഷിണ നൽകുന്ന സമ്പ്രദായം ഉണ്ട്. ഈ ദക്ഷിണ സാമൂഹ്യ സേവനത്തിനായാണ് വിനിയോഗിക്കുക. വടക്കേ ഇന്ത്യയിൽ ഓരോ ആര്യസമാജവും ഇത്തരത്തിൽ ദാനം സമാഹരിച്ച് സാന്ത്വന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ഒരു ആര്യനെ സംബന്ധിച്ചിടത്തോളം ദാനവും ദക്ഷിണയും അയാളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ദക്ഷിണ വാങ്ങലും കൊടുക്കലും ബ്രാഹ്മണന്റെ ധർമ്മമാണ്. നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ ആധ്യാത്മിക മേഖല ഏറെ കച്ചവടവൽക്കരിക്കപ്പെട്ടതിനാൽ ഇവ ദുർവിനിയോഗം ചെയ്യപ്പെടുന്നുണ്ട്. പലരും ഇത് അജ്ഞരായ ഭക്തരെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ദക്ഷിണയും ദാനവും പ്രലോഭിപ്പിച്ചോ ആവശ്യപ്പെട്ടോ വാങ്ങിയാൽ അത് കൊടുത്തവനും വാങ്ങിയവനും ഗുണം ചെയ്യില്ല എന്നുമാത്രമല്ല ആ പാപകർമ്മത്തിന്റെ ഫലം അനുഭവിക്കുകയും വേണ്ടിവരും.
വൈദിക ധർമ്മം വളരെ പവിത്രമായി കണക്കാക്കുന്ന ദാനവും ദക്ഷിണയും വിധിയാം വണ്ണം അനുഷ്ഠിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. അങ്ങനെ ലോകത്തെ ശ്രേഷ്ഠമയമാക്കാൻ സാധിക്കട്ടെ…🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

വേദമാർഗം2025

ആര്യസമാജംകേരളം

TEAM VEDA MARGAM 2025

You cannot copy content of this page