മനുഷ്യൻ ഉണ്ടായത് മുതൽ അവനെ ഏറെ വിസ്‌മയിപ്പിക്കുന്നതാണ് ഈ പ്രപഞ്ചസൃഷ്ടി. ‘അനന്തമജ്ഞാത മവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം, അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ‘ എന്ന നാലപ്പാട്ട്‌ നാരായണ മേനോന്റെ ‘കണ്ണുനീർ തുള്ളി ‘എന്ന കവിത നമ്മിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ ! ഈ അത്ഭുതകരമായ സൃഷ്ടി എങ്ങനെ ഉണ്ടായി എന്ന് പലരെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ലോകത്തിൽ ഇന്ന് പ്രചാരത്തിലുള്ളവയും കാലയവനികക്കുള്ളിൽ മറഞ്ഞുപോയവയുമായ വ്യത്യസ്ത മതഗ്രന്‌ഥ ങ്ങളിൽ സൃഷ്ടിയെ ക്കുറിച്ചു വർണ്ണിക്കുന്നുണ്ട്. ബൈബിൾ, ഖുർആൻ, പുരാണങ്ങൾ എന്നിവയിൽ ഈ വിഷയം വളരെ അധികം പരാമർശിക്കുന്നുമുണ്ട്. ഇന്ന് ആസ്തികം, നാസ്തികം എന്നിങ്ങനെ രണ്ടു വിചാരധാരകളാണല്ലോ പൊതുവെ കാണപ്പെടുന്നത്. അതിൽ ആസ്തികരിൽ ഏറിയകൂറും (പാശ്ചാത്യരാണ് ഇവരിൽ അധികവും ) വിശ്വസിക്കുന്നത് പഴയ നിയമത്തിൽ പറയുന്ന ആദം – ഹവ്വ ദമ്പതികളിലൂടെ യാണ് സൃഷ്ടി ആരംഭിച്ചത് എന്നാണ്. അതിനനുകൂലമായും പ്രതികൂലമായും നിരവധി ചർച്ചകൾ ലോകമെമ്പാടും നടന്നിട്ടുണ്ട്. നടന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഡാർവിന്റെ വികസവാദത്തെ(പരിണാമ സിദ്ധാന്തം ) അനുകൂലിച്ചു കൊണ്ടാണ് ഭൗതികവാദികൾ പ്രതികരിക്കുന്നത്. നമ്മുടെ പുരാണങ്ങളിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങളിലൊന്ന് സൃഷ്ടി വിഷയമാണല്ലോ ! പുരാണങ്ങളുടെ പഞ്ച ലക്ഷണങ്ങളിലൊന്ന് സൃഷ്ടി വിവരണമാണ്. എന്നാൽ വ്യത്യസ്ത പുരാണങ്ങളിൽ വ്യത്യസ്തമായാണ് ഈ സൃഷ്‌ടി രചനയെക്കുറിച്ചു പരാമർശിക്കുന്നത് എന്നത് ഒരു യാഥാർഥ്യമാണ്. അവിശ്വസനീയവും വിചിത്രങ്ങളുമായ കഥകൾ കൊണ്ടു നിറഞ്ഞതാണ് ഭാഗവതാദി പുരാണങ്ങൾ എന്നതിനാൽ നമുക്കവയെ പ്രമാണങ്ങളായി എടുക്കാനാവില്ല. അതിനാൽ അപൗരുഷേയമായ വേദങ്ങളിൽ സൃഷ്ടി വിഷയത്തെ പറ്റി എന്തു പറയുന്നു എന്ന് നോക്കാം. സത്യാർത്ഥപ്രകാശം എട്ടാംസമുല്ലാസത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണങ്ങളും,സ്വാധ്യായവും, ആര്യസമാജത്തിലെ സമുന്നതരായ ആചാര്യന്മാരുടെ ഈ വിഷയത്തിലുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളും മറ്റും സശ്രദ്ധം കെട്ടും വായിച്ചുമറിഞ്ഞതിൽ നിന്ന്‌ കിട്ടിയ ചില ചെറിയ അറിവുകൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. ഇതിൽ പല അപാകതകളും ശ്രദ്ധക്കുറവുകൊണ്ടു കടന്നു കൂടിയിട്ടുണ്ടാവാം. അവ ചൂണ്ടിക്കാണിച്ചു തന്നാൽ യഥാസമയം തിരുത്താൻ ശ്രമിക്കാം.

സൃഷ്ടിയുടെ രചന ജീവികളുടെ ഭോഗത്തിനും അപവർഗ്ഗത്തിനുമാണെന്നു യോഗദർശനം (2.18) പറയുന്നു. ‘ഭോഗാപവർഗാർത്ഥം ദൃശ്യം ‘എന്ന്. ജീവികളുടെ ഭോഗം ശരീരമില്ലാതെ കഴിയില്ല. അതിനാൽ സൃഷ്ടിക്രമം നടത്തുന്നതിന് ജീവികൾക്ക് ശരീരമുണ്ടാവേണ്ടത് ആവശ്യമാണ്‌. ശരീരമില്ലെങ്കിൽ ജീവികൾക്ക് നിർമ്മാണങ്ങൾ ഒന്നും നടത്താനാവില്ല. അതിനാൽ രണ്ടുതരത്തിലുള്ള ശരീരങ്ങളുടെ വ്യവസ്ഥ ചെയ്തു. യോനിജമെന്നും അയോനിജമെന്നും. സർഗ്ഗാരംഭത്തിൽ ഈശ്വരീയ വ്യവസ്ഥാനുസാരം അയോനിജ ശരീരങ്ങളുടെ നിർമ്മാണമുണ്ടാവുന്നു. അതിനുശേഷം സാജാത്യ പ്രജനന ക്രമം ആരംഭിക്കുന്നു. ആദ്യം പ്രാകൃതിക വ്യവസ്ഥകളാൽ ജീവികളല്ലാത്ത സത്തയാൽ യോനിജ ശരീരമുണ്ടാവുന്നു. ഒരു മാതൃകയുമില്ലാതെ ഒന്നും ഉണ്ടാക്കാനാവില്ലല്ലോ. ആദ്യസൃഷ്ടിയിൽ ഈ മാതൃക ഉണ്ടാക്കുന്നത് (അയോനിജ സൃഷ്ടി )ഈശ്വരനാണ്. അതിന് ശേഷം യോനിജ സൃഷ്ടിയുണ്ടാവുന്നു.
പ്രജനന ത്തിന്റെ വിഭാഗങ്ങളെ സാധാരണയായി നാലായി തരം തിരിക്കാം. ജരായുജങ്ങൾ (മൃഗങ്ങൾ, മനുഷ്യർ തുടങ്ങിയ സസ്തനികൾ ), ഉദ്ഭിജങ്ങൾ (വൃക്ഷലതാദികൾ ), അണ്ഡജങ്ങൾ (പക്ഷി, സർപ്പങ്ങൾ മുതലായവ ), സ്വേദജങ്ങൾ (മൂട്ട, പേൻ തുടങ്ങിയവ). ഈ നാലു വർഗ്ഗീകരണത്തിലൂടെ സർവ്വ ജീവജാലങ്ങളെയും ഉൾക്കൊള്ളാം.

യോനിജം – അയോനിജം

ഗർഭാശയത്തിൽ നിന്ന് ശരീരത്തിന് പുറത്തേക്കു വരുന്ന മാർഗ്ഗം അഥവാ ദേഹോൽപ്പത്തിക്ക് സഹായകമായ സ്ഥാനവിശേഷത്തെയാണ് വൈദിക ഗ്രൻഥ ങ്ങളിൽ ‘യോനി’ എന്ന ശബ്ദം കൊണ്ടർത്ഥമാക്കുന്നത്. ഇപ്രകാരം ഉല്പന്നമാകുന്നവയെ യോനിജം എന്ന് പറയും. സർഗ്ഗാരംഭത്തിൽ ശരീരം പ്രകടമാവുമ്പോൾ പുരുഷ – സ്ത്രീ സമ്പർക്കം ഉണ്ടാവുന്നില്ല. എന്തെന്നാൽ ശരീരത്തിൽ നിന്ന് പുറത്തുവരിക അഥവാ ഗര്ഭസ്ഥിതിക്ക്‌ സഹായകമായ മാർഗ്ഗം – യോനിയുടെ ഉപയോഗം ഉണ്ടാവുന്നില്ല എന്നർത്ഥം. അതിനാൽ ഈ ശരീരരചനയെ അഥവാ ശരീര സൃഷ്ടിയെ ‘അയോനിജം ‘ എന്ന് പറയും. അമൈഥുനി സൃഷ്ടി എന്നും പറയാം. സൃഷ്ടിയുടെ അവസാനത്തിൽ മുക്തികാലത്തിന്റെ സമയം പൂർത്തീകരിച്ചവർ ഉൽകൃഷ്ടരായ – ധർമ്മാത്മാക്കളായ ഋഷി – മുനിമാരുടെയും മറ്റ്‌ അന്യപ്രാണികളുടെയും ദേഹം ഈ ശ്രേണിയിൽ വരും. ആചാര്യ പ്രശസ്തപാദൻ തന്റെ വൈശേഷിക ദർശനത്തിന്റെ ഭാഷ്യത്തിൽ എഴുതിയിരിക്കുന്നത് നോക്കുക “‘തത്രാ യോനിജമനപേക്ഷിതം ശുക്രശോണിതം ദേവർഷീണാം ശരീരം ധർമ്മവിശേഷ സഹിതേഭ്യോfണു ഭ്യോ ജായതേ ‘. ദേവന്മാരുടെയും ഋഷിമാരുടെയും ശരീരം ശുക്രാശോണിതമാവാതെ തന്നെ പരമാണുക്കളാൽ ഉല്പന്നമാവുന്നു. രജവീര്യവും പരമാണുക്കളുടെ മൂലരൂപമായ സത്വ – രജ – തമ വികാരങ്ങളുടെ ആദിരൂപമാണ്. യജുർവേദം മുപ്പത്തി ഒന്നാം അധ്യായം ഒമ്പതാം മന്ത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്. ‘തേന ദേവാ അയജന്ത സാധ്യാ ഋഷയശ്ച യേ ‘. അതായത് ആദിസൃഷ്ടിയിൽ ദേവന്മാരും (ദിവഗുണങ്ങളുള്ളവർ ), ഋഷിമാരും, പരോപകാരികളായവരും ശുക്ല ശോണിതമായ ശരീരമില്ലാതെ ഉല്പന്നമായി.
ഈ സമസ്ത സൃഷ്ടിയുടെയും നിമിത്തകാരണം ഈശ്വരനാണ്. അദ്ദേഹത്തിന്റെ പ്രകൃത്യായുള്ള വ്യവസ്ഥയാൽ രജ – വീര്യങ്ങളുടെ മൂലതത്വങ്ങൾ ഒരാവരണത്തിനുള്ളിൽ ഒന്നിച്ചു ചേർന്നു ദേഹരചന ആരംഭിക്കുന്നു. സൃഷ്ടി ആരംഭിക്കുമ്പോൾ ഈ ആവരണം പൊട്ടി വികസിച്ച ശരീരം പുറത്തു വരുന്നു.
ഉദ്ഭിജങ്ങൾ എന്ന് പറയുന്നത് വൃക്ഷലതാദികളും വനസ്പതികളുമാണ്. അവ ഭൂമിയിൽനിന്നും മുള പൊട്ടി പുറത്തു വരുന്നു.
സൃഷ്ടി മൈഥുനിയാവട്ടെ, അമൈഥുനിയാവട്ടെ പ്രാണികളുടെ ശരീര ഘടന ഈശ്വരൻ മാതാപിതാക്കൾ വഴിയാണ് നടത്തുന്നത്. ആദി സൃഷ്ടിയിൽ മാതാവ് ഈ ഭൂമിയാണ്, വീര്യം സ്ഥാപിക്കുന്നത് സൂര്യനുമാണ് എന്ന വ്യത്യാസമേയുള്ളൂ. ഋഗ്വേദം 1.164.33 ൽ പറയുന്നു. “ദ്യോർമേ പിതാ ജനിതാ മാതാ പൃഥിവീ മഹീയം ” അതായത് സൃഷ്ടിയുടെ ആദിയിൽ പ്രാണികളുടെ ശരീരനിർമ്മാണം പിതാവിന്റെ രൂപത്തിൽ സൂര്യനും മാതാവിന്റെ രൂപത്തിൽ വിശാലമായ പൃഥിവിയുമാണ് നടത്തുന്നത്. ഈശ്വരൻ പൃഥിവിയുടെയും സൂര്യന്റെയും രജ – വീര്യങ്ങളുടെ സമ്മിശ്രണത്താൽ ശരീരമുണ്ടാക്കി. എങ്ങനെയാണോ ഇക്കാലത്തു ഗർഭസ്ഥ ശിശു മാതൃ ഗർഭത്തിലിരുന്നു അമ്മയുടെ ആഹാരത്തിൽ നിന്നും ലഭിക്കുന്ന അന്നത്താൽ വികാസം പ്രാപിക്കുന്നത് അതേപോലെ ആദിസൃഷ്ടിയിൽ പൃഥിവീ രൂപിയായ മാതാവിന്റെ ഗർഭത്തിലിരിക്കുന്നു. ഗീതയിൽ പറയുന്നത് നോക്കുക:-
“മമ യോനിർമഹത് ബ്രഹ്മ തസ്മിൻ ഗർഭം ദധാമ്യഹം,സംഭവഃ സർവ്വ ഭൂതാനാം തതോ ഭവതി ഭാരത (ഗീത 14.3)
ഭാവാർത്ഥം : എൻ്റെ അധീനത്തിലുള്ള പ്രകൃതി (മഹത് ബ്രഹ്മം )യിൽനിന്ന് ഞാൻ ഗർഭധാരണം ചെയ്യിക്കുന്നു. ഇവിടെ മഹത് ബ്രഹ്മമെന്നത് യോനി സ്ഥാനീയവും ഈശ്വരൻ എന്നത് പിതൃ സ്ഥാനീയനെന്നും അറിയണം. ഇപ്രകാരം പ്രകൃതി രൂപമായ മാതാവിന്റെയും പരമാത്മ രൂപിയായ പിതാവിന്റെയും സംയോഗത്തൽ സൃഷ്ടി രചന സംഭവിക്കുന്നു. ഇതേ അദ്ധ്യായത്തിലെ നാലാമത്തെ ശ്ലോകവും ഇതിനെ സമര്ഥിക്കുന്നുണ്ട്‌ “സർവ്വ യോനിഷു കൗന്തേയ മൂർത്തയ : സംഭവന്തി യാ “, താസാം ബ്രഹ്മ മഹദ് യോനിരഹം ബീജപ്രദ : പിതാ” (ഗീത 14.4). സൃഷ്ടിക്കു പ്രകൃതി ഉപാദാന കാരണവും ഈശ്വരൻ നിമിത്തകാരണവുമാണെന്ന്. ഇതുതന്നെ സംഖ്യ ദർശനവും പറയുന്നു.🙏
(തുടരും)


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page