ഈശ്വരന്‍, ദേവത എന്നിവ വ്യത്യസ്തങ്ങളാണ്. പക്ഷെ പലപ്പോഴും ‘ദേവത’ എന്ന പദം ഈശ്വരന്‍ എന്ന തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.

നമുക്ക് ഉപയോഗപ്രദവും സഹായകരവുമായ ചരാചരങ്ങളെ ‘ദേവത’ എന്ന് വിശേഷിപ്പിക്കാം. ഈ അര്‍ത്ഥത്തില്‍ ഈശ്വരനും ദേവത യാണ് . എല്ലാ ദേവതകളും ഈശ്വരന്‍ ആണെന്നും അവയൊക്കെ ആരാധിക്കപ്പെടെണ്ടാവരാണ് എന്നും ഇതുകൊണ്ടര്‍ത്ഥമാക്കരുത്. ഈ തെറ്റിധാരണ ഒഴിവാക്കാനായി ഈശ്വരന്‍ എന്ന പദമാണ് ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നത്.

പരമേശ്വരനും ജഗന്നിയന്താവും സരവവ്യാപകനും നിസ്വാര്‍ത്ഥനും ദേവതകളുടെ കൂടി ദേവതയുമായ ആ ഈശ്വരന്‍ മാത്രമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം. അദ്ദേഹത്തെ അറിയാനവാത്തവര്‍ ദുഃഖ പാശങ്ങളില്‍ പെട്ടുഴലുകയും അദ്ദേഹത്തെ മനസ്സിലാക്കുന്നവര്‍ അനന്തമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു (ഋഗ്വേദം 1.164.39).

ചോദ്യം : വേദങ്ങളില്‍ എത്ര ഈശ്വരന്മാരുണ്ട് ? നിരവധി ഈശ്വരന്മാര്‍ വേദങ്ങളിലുന്ടെന്നു ഞങ്ങള്‍ കേട്ടിടുണ്ട്.
ഉത്തരം : നിങ്ങള്‍ കേട്ടത് തെറ്റായ വിവരങ്ങളാണ്. വേദങ്ങള്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് ഈശ്വരന്‍ ഒന്നേയുള്ളുവെന്ന് . ഒന്നിലധികം ഈശ്വരന്മാരുന്ടെന്നു വ്യാഖ്യാനിക്കാവുന്ന ഒരു മന്ത്രവും വേദങ്ങളിലില്ല.

മാത്രമല്ല, നിങ്ങള്‍ക്കും ഈശ്വരനുമിടയില്‍ മധ്യവര്‍ത്തിയായി ഒരു മാലാഖയോ പ്രവാചകനോ അവതാരമോ ഇല്ലാ എന്നും വേദങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു താരതമ്യം താഴെ കൊടുക്കുന്നു.

വൈദിക ഈശ്വരന്‍ = ക്രിസ്തീയ ദൈവം – ത്രിമൂര്‍ത്തി സങ്കല്പം -യേശുവില്‍ അഭയം പ്രാപിക്കേണ്ട ആവശ്യകത.

വൈദിക ഈശ്വരന്‍ = ഇസ്ലാമിലെ അള്ളാഹു – മുഹമ്മദ്‌ അവസാനത്തെ പ്രവാചകന്‍ എന്നംഗീകരിക്കല്‍.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരാള്‍ ഷഹാദയുടെ ആദ്യഭാഗം – ‘ലാ-ഇ- ലാ- ഹാ ഇല്ലള്ള’ (അള്ളാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല) പറയുകയും അടുത്ത ഭാഗമായ ‘മുഹമ്മദുരസൂളല്ല’ (മുഹമ്മദ്‌ അദ്ദേഹത്തിന്റെ സന്ദേശവാഹകനാണ് ) എന്നതിനെ നിരാകരിക്കുകയും ചെയ്യുകയാണ് എങ്കില്‍ വൈദിക ഈശ്വര സങ്കല്പ്പതിനടുത്തുവരും.

അള്ളാഹുവിനെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നത് ഘോരപാപമായാണ് ഇസ്ലാം കരുതുന്നത്. ഈ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് മുഹമ്മദ്, ഗബ്രിയേല്‍ എന്നിങ്ങനെ ആരെയെങ്കിലും അല്ലാഹുവിനു പുറമേ അംഗീകരിക്കുന്നില്ലെങ്കില്‍ താങ്കള്‍ വേദങ്ങളില്‍ വിവരിക്കുന്ന തരത്തില്‍ ഉപേക്ഷ വരുത്താത്തവനാണ്.

ചോദ്യം : വേദങ്ങളില്‍ വിവരിക്കുന്ന ദൈവങ്ങളെയും ദേവതകളെയും കുറിച്ച് എന്ത് പറയുന്നു? 33 കോടി ദേവതകള്‍ എന്താണ്?

ഉത്തരം : 1 . നേരത്തെ പറഞ്ഞപോലെ ദേവത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് നമുക്ക് ഉപകാരപ്രദമായ വസ്തുക്കളാണ്. പക്ഷെ അവയെ അരാധിക്കണമെന്ന് വേദങ്ങളിലോരിടത്തും പറഞ്ഞിട്ടില്ല. ദേവതകളുടെ ദേവതയായ ഈശ്വരനെ മഹാദേവന്‍ എന്ന് പറയും. അദ്ദേഹത്തെ മാത്രമാണ് ആരധിക്കേണ്ടത്.

2 . 33 കോടി ദേവതകളെ കുറിച്ച് വേദങ്ങളില്‍ പറയുന്നില്ല. 33 കോടി എന്നത് 33 തരം ദേവതകള്‍ എന്നാണ്. ശതപഥ ബ്രാഹ്മണത്തില്‍ അവയെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട് . അവ ഇപ്രകാരമാണ്.

8 വസുക്കള്‍ – പ്രിഥ്വി, ജലം, ആകാശം, അഗ്നി, വായു, ചന്ദ്രന്‍, സൂര്യന്‍,
നക്ഷത്രങ്ങള്‍/ഗ്രഹങ്ങള്‍ എന്നീ നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഭാഗങ്ങള്‍.
10 പ്രാണന്മാര്‍ – പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, നാഗം,
കൂര്‍മം, കൃകല, ദേവദത്തന്‍, രുദ്രന്‍ എന്ന ആത്മാവും.

അതിനാല്‍ മറ്റുവസ്തുക്കളെ അറിയുന്നതുപോലെ ഈശ്വരസാന്നിധ്യാതെ നാം പ്രത്യക്ഷമായും പരോക്ഷമായുമുള്ള തെളിവുകളാല്‍ സ്ഥാപിക്കുന്നു.

ചോദ്യം : ഈശ്വരന്‍ വസിക്കുനത് എവിടെയാണ്?

ഉത്തരം : 1 . ഈശ്വരന്‍ സര്‍വ വ്യാപകനാകയാല്‍ എല്ലായിടത്തും ഉണ്ട്‌ . ആകാശത്തോ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്തോ താമസിക്കുന്നവനാണ് ഈശ്വരന്‍ എങ്കില്‍ അദ്ദേഹത്തിനു സര്‍വ്വ വ്യാപകന്‍ , സര്‍വ്വ ശക്തിമാന്‍, സര്‍വ്വ നിയന്ത്രിതാവ്, സൃഷ്ടി – സ്ഥിതി- സംഹാര മൂര്‍ത്തി എന്നിവ ആകാന്‍ കഴിയില്ല. താങ്കളുടെ സാന്നിധ്യമില്ലാത്തോരിടത്ത് താങ്കള്‍ക്കു ഒരു പ്രവര്‍ത്തനവും നടത്താനാവില്ല.

2 . ഇനി താങ്കള്‍ കരുതുന്നു ദൂര സ്ഥലത്തുള്ള സൂര്യന്‍ ഭൂമിക്കു പ്രകാശം നല്‍കുകയും റിമോട്ട് കണ്‍ട്രോള്‍ വഴി ടെലിവിഷന്‍ നമുക്ക് കാണാനും കഴിയുമല്ലോ എന്നാണെങ്കില്‍ താങ്കളുടെ ഈ ന്യായീകരണം കുറവുകള്‍ ഉള്ളതാണ്. സൂര്യ പ്രകാശം ഭൂമിയിലെത്തുന്നതും റിമോട്ട് കണ്‍ട്രോള്‍ വഴി ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നതും റേഡിയോ ആക്ടീവ് തരംഗങ്ങള്‍ വഴിയാണ്. നമുക്ക് കാണാന്‍ കഴിയാത്തതിനാല്‍ നാം അതിനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് പറയുന്നു. എന്നാല്‍ യധാര്‍ഥത്തില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ ഇല്ല. അതിനാല്‍ ഈശ്വരന്‍ എന്തിനെയെങ്കിലും നിയന്ത്രിക്കുന്നുവെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിനു അവിടെ സന്നിധ്യമുണ്ടെന്നും തന്മൂലം നിയന്ത്രിക്കുന്നുവെന്നും ആണ്.

3 . ഇനി ഈശ്വരന്‍ സര്‍വ ശക്തിമാനാണ് എങ്കില്‍ എന്തിനാണ് അദ്ദേഹം ഒരു ചെറിയ സ്ഥലത്ത് മാത്രം തന്നെ തളച്ചിടുന്നത് . ഇതു ഈശ്വരന്റെ ശക്തിയെ കുറച്ചു കാണിക്കും. ക്രിസ്ത്യാനികള്‍ പറയുന്നു ദൈവം നാലാമത്തെ ആകാശത്ത് ആണെന്നും മുസ്ലിം ധര്മാനുയായികള്‍ പറയുന്നു അള്ളാഹു ഏഴാം ആകാശത്തിലാണ് എന്ന് . അവരുടെ അനുയായികള്‍ തങ്ങളുടെ പക്ഷം ശരിയാണെന്ന് സ്ഥാപിക്കാന്‍ പരസ്പരം വഴക്കിടുന്നു. ദൈവവും അല്ലാഹുവും വ്യത്യസ്ത ആകാശങ്ങളിലിരിക്കുന്നത് അവര്‍ തങ്ങളുടെ ക്രുദ്ധരായ അനുയായികളെ പോലെ തമ്മില്‍ കലഹിക്കരുത് എന്ന് കരുതിയാണോ?

വാസ്തവത്തില്‍ ഇതെല്ലാം കുട്ടിക്കളിയാണ്. ഈശ്വരന്‍ സര്‍വ്വ ശക്തിമാനും പ്രപഞ്ചം മുഴുവന്‍ നിയന്ത്രിക്കുന്നവനുമാണ് എങ്കില്‍ ഈ മഹാ പ്രപഞ്ചത്തിലെ ഏതെങ്കിലും പരിമിതമായ സ്ഥാനത്തേക്ക് ഭയം മൂലം തന്നെ തളച്ചിടുന്നുവെന്നു കരുതാന്‍ ന്യായീകരണങ്ങള്‍ ഒന്നും കാണുന്നില്ല. മറിച്ചാണെങ്കില്‍ അദ്ദേഹം സര്‍വ്വ ശക്തിമാന്‍ എന്ന വിശേഷണത്തിനര്‍ഹനല്ല.

ചോദ്യം : ഇതിന്നര്‍ഥംഈശ്വരന്‍ മോശം വസ്തുക്കളായ ആല്‍ക്കഹോള്‍, മൂത്രം, മലം എന്നിവയിലും ഉണ്ടെന്നാണോ?

ഉത്തരം : 1 . എല്ലാ സൃഷ്ടിയും ഈശ്വാരനുള്ളിലാണ്. എന്തെന്നാല്‍ ഈശ്വരന്‍ ഈ വസ്തുക്കളുടെ പുറത്തുമുണ്ട് എന്നാല്‍ ഈ വസ്തുക്കള്‍ ഈശ്വരന് പുറത്തു വരില്ല. അതിനാല്‍ ലോകത്തിലെ സമസ്ത വസ്തുക്കളും ഈശ്വരമയമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പാത്രം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു തുണ്ട് തുണി പോലെ നാമെല്ലാം ഈശ്വരനുള്ളിലാണ്. പാത്രത്തിലെ തുണിക്കഷണ ത്തിന്റെ ഉള്ളിലും പുറത്തും വെള്ളമാണ്. വെള്ളമില്ലാത്ത ഒരു ഭാഗവും ഈ തുണിക്കഷണത്തിലില്ല എന്നത് പോലെ ഇതിനു പുറത്തും ജലമാണ്.

2 . നമുക്ക് ഒരു വസ്തു നല്ലതാണ് എന്ന് തോന്നുന്നത് നമുക്ക് അതുമായുള്ള ബന്ധമാണ്. സ്വാദേറിയ ഒരു മാമ്പഴത്തിനു രൂപം നല്‍കുന്ന കണികകള്‍ വിഭജിച്ചു പരസ്പരം മറ്റു രാസ പദാര്‍ത് ഥങ്ങളുമായി ചേര്‍ന്ന് മലം പോലുള്ള വസ്തുക്കള്‍ ഉണ്ടാവുമ്പോള്‍ അത് നമുക്ക് മോശം വസ്തുവായി തോന്നുന്നു. നമുക്ക് നമ്മുടെതായ ഒരു കാര്യ പദ്ധതിയുള്ളതിനാല്‍ നാം ഓരോ വസ്തുവിനെയും നമ്മുടെ കാര്യ പദ്ധതിക്കനുയോജ്യമായവയാണെങ്കില്‍ സ്വീകരിക്കുകയും മറിച്ചാണെങ്കില്‍ ത്യജിക്കുകയും ചെയ്യും. നാം ഉപേക്ഷിക്കുന്നത് മോശം വസ്തുക്കളായും സ്വീകരിക്കുന്നത് നല്ലവയുമായും നാം കണക്കാക്കുന്നു. എന്നാല്‍ ഈശ്വരന് അത്തരം കാര്യപരിപാടികള്‍ ഇല്ലാത്തതിനാല്‍ ഒന്നും തന്നെ അദ്ദേഹത്തിനു മോശം വസ്തുക്കളല്ല. മാത്രമല്ല അദ്ദേഹത്തിന്റെ കര്‍മ്മങ്ങള്‍ നമ്മില്‍നിന്നും വ്യത്യസ്തവുമാണ്‌. നീതി പൂര്‍വ്വമായ വിധത്തില്‍ അനുഗ്രഹം നേടാന്‍ സഹായിക്കുന്ന അദ്ദേഹത്തിനു ഈ പ്രപഞ്ചത്തില്‍ അസ്പ്രിശ്യതയുള്ള ഒന്നും തന്നെയില്ല.

3 . മറ്റൊരുദാഹരണം എടുക്കാം. ഒരു കപടനായ സാമൂഹ്യ പ്രവര്‍ത്തകന്‍ തന്റെ എയര്‍ കണ്ടീഷന്‍ചെയ്ത മുറിയിലിരുന്നു ചേരി പ്രദേശങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തനം അവിടം സന്ദര്‍ശിക്കാതെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുപോലെയല്ല ഈശ്വരന്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും മോശമായ സ്ഥലങ്ങളില്‍ കൂടി നിലകൊണ്ടു നിയന്ത്രിച്ചു നമ്മുടെ ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുന്നത്.

4 . അതിനാല്‍ അദ്ദേഹം മാത്രമാണ് പൂര്‍ണ്ണന്‍. എല്ലാറ്റിലും എല്ലായിടത്തും അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നുവെങ്കിലും അദ്ദേഹം ഇതില്‍നിന്നെല്ലാം വ്യത്യസ്തനുമാണ്.

ചോദ്യം : ഈശ്വരന്‍ ദയാലുവും നീതിമാനുമാണോ?

ഉത്തരം : അതെ. അദ്ദേഹം ദയയുടെയും ന്യായത്തിന്റെയും സംഗ്രഹമാണ്.

ചോദ്യം : എന്നാല്‍ ഇത് വ്യത്യസ്ത ഭാവങ്ങള്‍ ഉള്ളതാണ്. ദയ എന്ന് വച്ചാല്‍ ഒരു അപരാധിക്ക് മാപ്പ് നല്‍കുക. ന്യായമെന്നുവെച്ചാല്‍ ഒരപരാധിക്ക് ശിക്ഷ നല്‍കുക. എങ്ങിനെയാണ് ഇത് രണ്ടും ഒന്നിച്ചു പോവുന്നത്?

ഉത്തരം : ദയയും ന്യായവും അടിസ്ഥാനപരമായി ഒന്ന് തന്നെയാണ്. കാരണം രണ്ടും ഒരു ഫലം നല്‍കുന്നു.

  1. ദയ എന്നുവച്ചാല്‍ ഒരപരാധിക്ക് മാപ്പ് നല്‍കുക എന്നര്‍ത്ഥമില്ല. അങ്ങിനെ ചെയ്‌താല്‍ അനേകം നിരപരാധികള്‍ പീഡിതര്‍ആയിത്തീരും. അതിനാല്‍ നിരപരാധികള്‍ക്ക്‌ ന്യായം ലഭിക്കുക സാധ്യമല്ല. ആ അപരാധി തുടര്‍കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഇത്തരം ശിക്ഷ നല്‍കിയില്ലെങ്കിലും അത് ന്യായമാവില്ല.
    ഉദാഹരണത്തിന് ഒരു കൊള്ളക്കാരനെ വെറുതെ വിട്ടാല്‍ അയാള്‍ അനേകം നിരപരാധികള്‍ക്ക്‌ കഷ്ടമുണ്ടാക്കും. എന്നാല്‍ അയാള്‍ക്ക്‌ ജയില്‍ ശിക്ഷ നല്‍കിയാല്‍ അയാള്‍ മറ്റു നിരപരാധികളെ ദ്രോഹിക്കില്ലെന്നു മാത്രമല്ല സ്വയം നന്നാവാനും അത് അയാളെ പ്രേരിപ്പിക്കും. അതിനാല്‍ ന്യായത്തില്‍ മാത്രമാണ് എല്ലാവര്ക്കും ദയ നില കൊള്ളുന്നത്‌.

2 . യഥാര്‍ത്ഥത്തില്‍ ദയഎന്നാല്‍ ഈശ്വരന്റെ ന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനമാണ്. ഈശ്വരന്‍ ഒരപരാധിയെ ശിക്ഷിക്കുമ്പോള്‍ അയാള്‍ തുടര്‍ന്നും ചെയ്യാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങളെ ഈശ്വരന്‍ തടയുകയാണ് ചെയ്യുന്നത്. അതെസമയം നിരപരാധികളെ തന്റെതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുന്നതിനെ ഒഴിവാക്കുകയും ചെയ്യുന്നു. അതിനാല്‍ ന്യായത്തിന്റെ പൂര്‍ണ്ണ ഗുണം എല്ലാവരോടും ദയ എന്നുള്ളതാണ്.

3 . വേദങ്ങളുടെ കാഴ്ചപ്പാടില്‍ എല്ലാ ദുഖങ്ങള്‍ക്കും കാരണം അജ്ഞതയും അതുമൂലം തെറ്റായപ്രവര്‍ത്തികളും കുറ്റകൃത്യങ്ങളും ചെയ്യുന്നുവെന്നാണ് . എന്നാല്‍ ജീവാത്മാക്കള്‍ ഇത്തരം തെറ്റായ കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ ഈശ്വരന്‍ അവരുടെ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനു തടയിടുകയും അവര്‍ക്ക് അവസരം നല്‍കി അവരുടെ അജ്ഞതയെ നീക്കി ദുഖത്തിനെ ഇല്ലാതാക്കുന്നു.

4 . വെറുതെ തെറ്റുപറ്റി എന്നുപറയുന്നത് കൊണ്ടുമാത്രം ഈശ്വരനില്‍നിന്നു മാപ്പ് ലഭിക്കുവാന്‍ പര്യാപ്തമല്ല. കുറ്റകൃത്യങ്ങളുടെ അഥവാ പാപത്തിന്റെ ഉറവിടം അജ്ഞ്ഞതയായതിനാല്‍ അതില്ലതാക്കുന്നതുവരെ ജീവാത്മാവിന് ന്യായപൂര്‍വമായ ശിക്ഷയോ കര്മ്മഫലമോ എല്ലാ നിമിഷവും നിരവധി ജനന-മരണങ്ങളിലൂടെ അനുഭവിക്കേണ്ടിവരും. ആത്മാവിനു ആത്യന്തിക മോക്ഷം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ ന്യായ-ദയാ വ്യവസ്ഥ ഇഇശ്വരന്‍ നടത്തുന്നത്.

ചോദ്യം : ഇതിന്നര്‍ഥം ഈശ്വരന്‍ ഒരിക്കലും എന്റെ പാപത്തിനു മാപ്പുനല്കില്ലെന്നാണോ? ഇസ്ലാമും കൃസ്തുമതവുമാണ് ഭേദം – അവയില്‍ ഞാന്‍ കുറ്റസമ്മതം നടത്തുകയോ ക്ഷമ ചോദിക്കുകയോ ചെയ്‌താല്‍ എന്റെ പൂര്‍വ കൃത്യങ്ങളെല്ലാം മായ്ച്ചു കളയപ്പെടുന്നു. തുടര്‍ന്ന് എനിക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നു.

ഉത്തരം : 1 . ഈശ്വരന്‍ ഒരിക്കലും നിങ്ങളുടെ പാപങ്ങള്‍ക്ക്‌ മാപ്പ് നല്‍കുകയില്ല. അദ്ദേഹം മാപ്പുനല്കുന്നത് താങ്കളുടെ ന്യായപ്രവര്‍ത്തികളുടെ ഗുണം നോക്കിയാണ്. പഴയ കുറ്റകൃത്യങ്ങളെ മായ്ച്ചു കളഞ്ഞു കൊണ്ടല്ല.

2 . ഇനി അദ്ദേഹം താങ്കളുടെ മുന്‍കാലകൃത്യങ്ങളെ മായ്ച്ചു കളയുന്നുവെങ്കില്‍ അദ്ദേഹം താങ്കളോട് ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയുമാണ്. എന്തെന്നാല്‍ ഇപ്പോഴുള്ള ക്ലാസ്സില്‍ പഠിച്ചു പാസ്സാകാന്‍ യോഗ്യതയില്ലാത്ത താങ്കളെ ഉയര്‍ന്ന ക്ലാസ്സിലേക്ക് അദ്ദേഹം പിടിച്ചുയര്‍ത്തി എന്നുവരും. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുമായി ബന്ധപ്പെടുന്ന മറ്റുള്ളവരോടും അന്യായം ചെയ്യുന്നു.

3 . ക്ഷമിക്കുക എന്നാല്‍ താങ്കള്‍ക്ക് നന്നാവാനുള്ള ഒരവസരവും കഴിവും നല്‍കുന്നുവെങ്കിലും താങ്കള്‍ക്കത്തിനു യോഗ്യതയില്ലെങ്കില്‍ പൂര്‍ണ്ണമായും ക്ഷമിക്കുന്നുവേന്നല്ല . ഇതാണ് യഥാര്‍ത്ഥത്തില്‍ ഈശ്വരന്‍ ചെയ്യുന്നത്. മാത്രമല്ലാ കഴിവ് വര്‍ധിപ്പിക്കാനുള്ള അവസരം നല്‍കുക എന്നത് ഒരു കുറ്റംഏറ്റുപറച്ചിലിന് ശേഷം അടുത്ത നിമിഷത്തില്‍ സംഭവിക്കുന്നില്ല. ആത്മാര്‍ത്ഥമായ ശ്രമവും ആചരണവും മൂലം ദീര്‍ഘകാലം കൊണ്ടേ ഇത് ലഭ്യമാവൂ. നൂറുശതമാനം മാര്‍ക്ക് ലഭിക്കാന്‍ മടിയന്മാര്‍ മാത്രമേ പഠിക്കാതെ എളുപ്പ വഴി അന്വേഷിക്കുകയുള്ളൂ.

4 . ഈശ്വരന്‍ നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കുമെന്നു പറഞ്ഞു തങ്ങളുടെ മതത്തിലേക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ സ്വയവും മറ്റുള്ളവരെയും വിഡ്ഢികള്‍ ആക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക്‌ പ്രമേഹം വന്നു. വെറുതെ ക്ഷമ യാചിക്കുന്നതു കൊണ്ട് ഇത് ഭേദമാകുമോ? ശാരീരിക അസുഖങ്ങള്‍ ഒരു കുറ്റം ഏറ്റു പറച്ചിലിന് പുറമേ നിരവധി ചികിത്സകളിലൂടെ മാത്രമേ സുഖപ്പെടുതാനാവൂ എന്നുവരുമ്പോള്‍ മനുഷ്യന്റെ വളരെ സങ്കീര്‍ണ്ണമായ മനസ്സിനെ എങ്ങിനെയാണ് ഒരു ക്ഷമായാചനത്തിലൂടെ സുഖപ്പെടുത്തുക.

5 . യഥാര്‍ത്ഥത്തില്‍ ഈ വിചാര ധാരകള്‍ക്കെല്ലാം പ്രകടമായ ഒരു കുറവുണ്ട്. അവ ഒരു ജീവിതത്തെക്കുറിച്ച് മാത്രമേ കണക്കാക്കുന്നുള്ളൂ. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ പെട്ടെന്ന് ലഭ്യമാവുമെന്നു സൂത്രങ്ങളിലൂടെ പറഞ്ഞുപരത്തി ജനങ്ങളെ ആകര്‍ഷിക്കുന്നു. അംഗീകരിച്ചില്ലെങ്കില്‍ നരകത്തില്‍ പതിക്കുമെന്ന് പറഞ്ഞു അവരെ ഭയപ്പെടുത്തുന്നു. ഏകജീവിതമെന്ന കാഴ്ചപ്പാടിന്റെ കുറവുകള്‍ ‘ദൈവം ഉന്മത്താനാണ് ‘ എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.

6 . വൈദിക സിദ്ധാന്തം വളരെ കൂടുതല്‍ സരളവും പരീക്ഷണവിധേയമാക്കുന്നതും യുക്തിസഹവും അനുയോജ്യവുമാണ്. സ്നേഹനിധിയായ ഒരു മാതവിനെപ്പോലുള്ള ഈശ്വരന്‍ നിങ്ങളെ ഒരിക്കലും ഒരു നരകത്തില്‍ തള്ളിയിട്ടു എന്നെന്നേക്കുമായി കത്തിച്ചു കളയുകയോ താങ്കളുടെ കഴിവിനും യോഗ്യതക്കും അനുസരിച്ച് വളര്‍ന്നു വികസിക്കാനുള്ള അവസരങ്ങളെ തടഞ്ഞു നിര്‍ത്തുകയോ ചെയ്യില്ല. ഇവയില്‍ ഏതാണ് കൂടുതല്‍ സന്തുഷ്ടി നല്‍കുന്നത് :-

1 . പൂജ്യം മാര്‍ക്ക് നേടിയ ഒരാള്‍ മാര്‍ക്ക് ലിസ്റ്റ് കൃത്രിമത്തിലൂടെ ഒന്നാം റാങ്ക്കാരനകുന്നു.

2 . രാത്രി മുഴുവന്‍ ഉറക്കമിളച്ച് കഠിനാധ്വാനം ചെയ്തു പഠിച്ചു ഒന്നാം റാങ്ക്കാരനായി തീര്‍ന്ന് താന്‍ പഠിച്ച വിഷയങ്ങളില്‍ പണ്ഡിതന്‍ ആയിത്തീരുന്നു.

അതിനാല്‍ വേദങ്ങളില്‍ എളുപ്പ വഴികളോ വളഞ്ഞ വഴികളോ ഇല്ല. ശരിയായ വഴി മാത്രമേയുള്ളൂ! കൃത്രിമവും അയഥാര്‍ത്ഥവുമായ വാഗ്ദാനങ്ങളെക്കാള്‍ വിജയമാണ് ഏറ്റവും സന്തുഷ്ടി നല്‍കുന്നത്.

ചോദ്യം : ഈശ്വരന്‍ സാകാരനാണോ നിരാകാരനാണോ?

ഉത്തരം : 1 . സാകാരനാണെങ്കില്‍ അദ്ദേഹം സര്‍വവ്യാപകന്‍ അല്ല. എന്തെന്നാല്‍ രൂപം ധരിക്കുന്നവന് പരിമിതികളുണ്ട്. അതിനാല്‍ തന്റെ രൂപത്തിന് പുറത്തുള്ള ഭാഗത്തേക്ക് അയാള്‍ക്ക്‌ പ്രവേശിക്കനാകില്ല.

2 . ഈശ്വരന്‍ സാധാരണന്‍ ആണ് എങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ രൂപം കാണാനാകൂ. എന്തെന്നാല്‍ പ്രകാശകണങ്ങളെക്കാള്‍ പ്രതിഫലനം നല്‍കാന്‍ കഴിയുന്ന വസ്തുവിനെ കാണാന്‍ സാധ്യമല്ല. ഈശ്വരന്‍ വിടവുകളില്ലാതെ എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്ന സൂക്ഷ്മനാണെന്ന് വേദങ്ങള്‍ (യജുര്‍വേദം 40.8 ഉദാഹരണം) വ്യക്തമായി പറയുന്നു. അതിനാല്‍ അദ്ദേഹത്തിന് രൂപം ഉണ്ടാകില്ല.

3 . ഇനി ഈശ്വരന് രൂപം ഉണ്ടെന്നുവരികില്‍ ആരെങ്കിലും അതുണ്ടാക്കിയതാവണം. ഇത് സാധ്യമല്ല. ഇനി അദ്ദേഹം തന്നെ ഇത് സൃഷ്ടിച്ചുവെന്നാണ് എങ്കില്‍ അതിന്നര്‍ത്ഥം നേരത്തെ അദ്ദേഹം രൂപരഹിതനായിരുന്നു എന്നാണ്.

4 . ഈശ്വരന്‍ സാകാരനും നിരാകരനുമാണ് എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് അസാധ്യവും പരസ്പര വിരുദ്ധവുമാണ്.

5 . ഈശ്വരന്‍ ദൈവിക രൂപങ്ങള്‍ ചിലപ്പോള്‍ എടുക്കുന്നു എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അവ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കണം. ഈശ്വരന്‍ മനുഷ്യ രൂപം എടുക്കുന്നു എന്നാണെങ്കില്‍ ഈശ്വര കണങ്ങളുടെ അതിര്‍ത്തിയും ഈശ്വര സാന്നിധ്യമില്ലാത്ത കണങ്ങളുടെ മേഖലയും വിശദീകരിക്കണം. അതിനാല്‍ വിശ്വമെങ്ങും നിറഞ്ഞു നില്‍ക്കുന്ന പ്രതിഭാസത്തെ എങ്ങിനെ ആണ് മനുഷ്യ ഈശ്വരെനെന്നും മറ്റു ലോകങ്ങള്‍ എന്നും വേര്‍തിരിക്കുക. ഈശ്വരന്‍ എല്ലായിടത്തും ഉണ്ടെങ്കില്‍ എങ്ങിനെയാണ് നാം ഈ അതിര്‍ത്തി ഭാഗങ്ങള്‍ കാണുക?

6 . ഈ ലോകത്തുള്ള പദാര്‍ത്ഥങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും തുടര്‍ച്ചയാണ് ഈ മനുഷ്യ ശരീരം. അതിനാല്‍ മനുഷ്യ ശരീരത്തിലെ കണികകളേയും ലോകത്തിലെ മറ്റു കണികകളെയും വേര്‍തിരിച്ചു കാണുക സാധ്യമല്ല. അതിനാല്‍ മനുഷ്യ-ഈശ്വര ശരീരങ്ങളെ വേര്‍തിരിച്ചു കാണാനാകില്ല. ഉദാഹരണത്തിന് മനുഷ്യ-ഈശ്വരന്റെ തുപ്പല്‍, മൂത്രം, വിയര്‍പ്പു, മറ്റു വിസര്‍ജ്യങ്ങള്‍ എന്നിവ പവിത്രമാണോ?

7 . ഈശ്വരന്‍ സാകാരനാണെന്ന് വേദത്തിലോരിടത്തും പറയുന്നില്ല. ഈശ്വരന് ഏതു പ്രവര്‍ത്തി ചെയ്യുന്നതിനും രൂപം ധരിക്കേണ്ട ആവശ്യമില്ല.

8 . ദൈവീക രൂപങ്ങളായി പൊതുവേ കരുതപ്പെടുന്ന ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ എന്നിവര്‍ യഥാര്‍ത്ഥത്തില്‍ ഈശ്വരീയ പ്രേരണയാല്‍ പ്രവര്‍ത്തിച്ചവരാണ്. ആന്തരിക ശബ്ദത്തെ ക്കുറിച്ച് നേരത്തെ പറഞ്ഞത് ഓര്‍ക്കുക. ഈ മഹാ പുരുഷന്മാര്‍ ഈശ്വരാരധനയാല്‍ മന:ശുദ്ധി നേടിയ സംക്ഷിപ്ത രൂപങ്ങളാണ്. അതിനാല്‍ സാധാരണ ജനങ്ങള്‍ക്ക്‌ അവര്‍ ഈശ്വരന്മാര്‍ ആണ്. എന്നാല്‍ ഈശ്വരനെ അല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നു വേദങ്ങള്‍ പറയുന്നു. അതിനാല്‍ ഈ മഹാ പുരുഷന്മാരുടെ പ്രവര്‍ത്തികളെ അനുകരിച്ചു സ്വാംശീകരിച്ച് ജീവിക്കുകയാണ് അവരോടു ചെയ്യുന്ന ഏറ്റവും വലിയ കടപ്പാട് നിരവേറ്റല്‍. നായക – അനുയായി ബന്ധം വേദങ്ങളുടെകാഴ്ചപ്പാടില്‍ എന്ന വിഷയം ‘ഇപ്പോഴത്തെ ശക്തി വേദങ്ങളെ അറിയുക’ എന്ന പാഠത്തില്‍ വിവരിക്കുന്നുണ്ട്.

9 . ഈശ്വരന്‍ രൂപധാരണം ചെയ്യുമെന്നും ഈശ്വരനെ ഇത്തരം രൂപങ്ങളിലൂടെ ആരാധിക്കാംഎന്നും അതിലൂടെ മോക്ഷം പ്രാപിക്കമെന്നും ഉണ്ടെങ്കില്‍ അക്കാര്യം വേദങ്ങളില്‍ വിശദമായി പ്രതിപാദിക്കുമായിരുന്നു. പക്ഷെ വേദങ്ങളില്‍ അത്തരത്തില്‍ ഒരു സൂചനപോലും നല്‍കുന്നില്ല.

ചോദ്യം : ഇതിന്നര്‍ഥം ക്ഷേത്രങ്ങളും രാമന്‍, കൃഷ്ണന്‍, ദുര്‍ഗ്ഗ, ലക്ഷ്മി എന്നിവരെ ആരാധിക്കുന്നതും തെറ്റാണ് എന്നാണോ ?

ഉത്തരം : ഉദാഹരണത്തിന് സാധ്വിയായ ഒരമ്മ ഒരു കുഗ്രാമത്തില്‍ ജീവിക്കുന്നു. അവരുടെ മകനെ പാമ്പ് കടിക്കുന്നു. ഉടന്‍തന്നെ അവര്‍ ഒരു മന്ത്രവാദിയെ സമീപിച്ചു തന്റെ മകനെ തന്ത്രവിധി കളാല്‍ രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുന്നു. താങ്കള്‍ അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് പറയുമോ?
ബഹുഭൂരിപക്ഷം ഈശ്വര വിശ്വാസികളും അവര്‍ ഹിന്ദുക്കളോ, ഇസ്ലാം വിശ്വാസികളോ, ക്രിസ്ത്യാനികളോ ആവട്ടെ അവരെല്ലാം ഈ സ്ഥിതിയിലാണ്. അവരുടെ ഉദ്ദേശശുദ്ധി യഥാര്‍ഥവും ബഹുമാനാര്‍ഥവും ആണ്. പക്ഷെ അജ്ഞത മൂലം അവര്‍ തെറ്റായ തരത്തിലാണ് ഈശ്വരാരാധന ചെയ്യുന്നത്. വേദത്തെകുറിച്ച് അറിയുന്നവരെ ചുരുങ്ങിയത് ഹിന്ദുക്കളെങ്കിലും വേദ പ്രാമാണ്യത്തെ പരമ പ്രമാണമായി അംഗീകരിക്കും. ഇതിഹാസ നായകരെ ബഹുമാനിക്കാനും അവരോടുള്ള കടപ്പാടുകള്‍ തീര്‍ക്കാനും നമുക്ക് അവരുടെ മഹനീയ പ്രവര്‍ത്തികള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടത്. ഉദാഹരണത്തിന് രാവണനെ നോക്കുക. അഴിമതി, തീവ്രവാദം, അസാന്മാര്‍ഗികത തുടങ്ങിയവയെല്ലാം രാവണന്റെ രൂപ ഭാവങ്ങളാണ്. നമുക്ക് ഐക്യത്തോടെ നിയമ വിധേയമായി ഇത്തരം ദുര്‍പ്രവര്‍ത്തികള്‍ പ്രതിരോധിക്കാനാവുമെങ്കില്‍ അതുതന്നെയാണ് രാമനെ ആദരിക്കല്‍. കൃഷ്ണന്റെയും ദുര്ഗ്ഗയുടെയും ഹനുമാന്റെയും കാര്യവും ഇതുതന്നെ.

ഞാന്‍ ചെറുപ്പം മുതലേ ഹനുമാന്റെ ഒരാരാധകനായിരുന്നു. സാമൂഹ്യ സേവനത്തിനു ആവശ്യമായ സദാചാര നിഷ്ടകളും സ്വഭാവങ്ങളും ശക്തവും ആരോഗ്യപൂര്‍ണ്ണവുമായ ശരീരം ഉണ്ടാക്കിയെടുക്കലിലൂടെയാണ് ഞാന്‍ ഹനുമാനെ പ്രകീര്‍ത്തിച്ചത്‌. ദുര്‍ബ്ബലമായ ശരീരവും അസുഖങ്ങളുള്ള വയറും കൊണ്ട് ധാരാളം ലഡ്ഡു തിന്നുകൊണ്ട്‌ ഹനുമാനെ ആരാധിക്കുന്നതിലെന്തര്‍ഥമാണ്ഉള്ളത്!

ഈ ആരാധനാരീതികള്‍ക്ക് പിന്നിലുള്ള ഉദ്ദേശ ലക്ഷ്യങ്ങളെ വളരെ ബഹുമാനത്തോടെ കണ്ടുകൊണ്ടു ആരാധകരുടെ ശുദ്ധമായ മനസ്സിനുമുന്നില്‍ തലകുനിച്ചുകൊണ്ട് – അവര്‍ ഏതു വിഭാഗാക്കാരുമാവട്ടെ – രാമന്‍, കൃഷ്ണന്‍ എന്നിവര്‍ അവരുടെ ജീവിതകാലത്ത് അനുവര്ത്തിച്ചിരുന്ന ആരധനാരീതി അവലംബിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ചോദ്യം : ഈശ്വരന്‍ സര്‍വ്വശക്തനാണോ? അഥവാ എല്ലാം ചെയ്യാന്‍ കഴിയുന്നവനാണോ?

ഉത്തരം : അതെ. ഇതിന്നര്‍ഥം അദ്ദേഹത്തിനിഷ്ടമുള്ള എന്തും ചെയ്യുവാന്‍ കഴിയുമെന്നല്ല. എന്തും ചെയ്യുക എന്നത് അച്ചടക്കരാഹിത്യമാണ്. മറിച്ച് ഈശ്വരന്‍ തികഞ്ഞ അച്ചടക്കമുള്ളവാനാണ്. സര്‍വ്വ ശക്തിമാന്‍ എന്ന് പറഞ്ഞാല്‍ തന്റെ പ്രവര്‍ത്തികള്‍ സൃഷ്ടി-സ്ഥിതി-സംഹാരം ചെയ്യാന്‍ അദേഹത്തിന് ആരുടേയും സഹായം ആവശ്യമില്ല. തന്റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അദ്ദേഹം സമര്‍ത്ഥനാണ്.

ചോദ്യം : ഈശ്വരന് തുടക്കമുണ്ടോ?

ഉത്തരം : ഈശ്വരന്‍ തുടക്കവും ഒടുക്കവും ഇല്ലാത്തവനാണ്. അദ്ദേഹം എന്നും ഉണ്ടായിരുന്നു. ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും. മാത്രമല്ലാ അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങള്‍ എന്നും ഒരുപോലെ ഇരിക്കും.
ജീവിതത്മാവും പ്രകൃതിയുമാണ്‌ മറ്റു രണ്ടു അനാദി വസ്തുക്കള്‍.

ചോദ്യം : ഈശ്വരന്‍ എന്താണ് ആഗ്രഹിക്കുന്നത്?

ഉത്തരം : ഈശ്വരന്‍ എല്ലാ ആത്മാക്കള്‍ക്കും മോക്ഷവും അത് നേടാന്‍ വേണ്ടുന്ന യോജിച്ചപ്രവര്‍ത്തികളും അനുഷ്ടിക്കാന്‍ അവര്‍ക്കാവട്ടെ എന്നും ആഗ്രഹിക്കുന്നു.

ചോദ്യം : നാം ഈശ്വരനെ ആരാധിക്കണമോ? വേണ്ടയോ? എന്തുകൊണ്ട്? അദ്ദേഹം ഒരിക്കലും ക്ഷമിക്കുന്നവനല്ല!

ഉത്തരം: ഈശ്വരനെ ആരാധിക്കണം. അദ്ദേഹത്തെ മാത്രമേ ആരാധിക്കാവൂ. താങ്കള്‍ ഈശ്വരനെ ആരാധിച്ചാല്‍ താങ്കളുടെ തോറ്റ വിഷയങ്ങള്‍ പാസ്സാക്കി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള എളുപ്പവഴികള്‍ ലഭ്യമാക്കില്ല എന്നുറപ്പാണ്. മടിയന്മാരും ദുഷ്ട ശക്തികളും മാത്രമാണ് അത്തരം തെറ്റായ വഴികളിലൂടെ വിജയത്തിലെത്താന്‍ ശ്രമിക്കുക.
ഈശ്വരാരാധനയുടെ ഗുണങ്ങള്‍ വ്യത്യസ്തമാണ്.

1 . ഈശ്വരര്രധാന മൂലം ഒരാള്‍ക്ക്‌ ഈശ്വാരനെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടിയെ ക്കുറിച്ചും നന്നായി അറിയാന്‍ കഴിയൂ.

2 . ഈശ്വരാരാധന മൂലം ഈശ്വരന്റെ ഗുണവിശേഷങ്ങളെ മനസ്സിലാക്കാനും അവ സ്വജീവിതത്തില്‍ ഉള്‍ക്കൊള്ളുവാനും കഴിയും.

3 . ആരാധന മൂലം ഒരാള്‍ക്ക്‌ തന്റെ ഉള്‍വിളിയെ നന്നായറിയാനും അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം നേടാനും കഴിയും.

4 . ആരാധനയിലൂടെ അജ്ഞാനത്തെ തുടച്ചു കളയാനും ശക്തമായ വെല്ലുവിളികളെ നേരിടാന്‍ വേണ്ടുന്ന ശക്തിയാര്‍ജിക്കാനും ജീവിതത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാനും കഴിയും.

5 . അവസാനമായി അജ്ഞതയെ മാറ്റി മോക്ഷം നേടാന്‍ ആരാധന സഹായിക്കുന്നു.

6 . ആരാധന എന്നാല്‍ യാന്ത്രിക മായ മന്ത്രോച്ചാരണമോ മനസ്സ് കാലിയാക്കി വക്കലോ അല്ല. സോദ്ദേശപരവും സജീവവുമായ കര്‍മ്മങ്ങളിലൂടെ ജ്ഞാനമാര്‍ജ്ജിക്കലും ആത്മ സാക്ഷാത്ക്കാരം നേടലും ആണ് ആരാധനയുടെ ലക്‌ഷ്യം.

ചോദ്യം : അവയവങ്ങളില്ലാതെ ഈശ്വരെനെങ്ങിനെയാണ് പ്രവര്‍ത്തി ചെയ്യുന്നത്?

ഉത്തരം : സൂക്ഷ്മാതി സൂക്ഷ്മമായ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനു ഈശ്വരന് അവയവങ്ങളുടെ ആവശ്യമില്ല. എല്ലായിടത്തും സ്ഥിതി ചെയ്യുന്ന കണ്ണുകള്‍ ഉള്ളതിനാല്‍ കണ്ണില്ലാതെ തന്നെ അദ്ദേഹത്തിന് കാണാന്‍ കഴിയുന്നു. കാലുകളില്ലെങ്കിലും അദ്ദേഹം ഏറ്റവും വേഗവാനാണ്. ചെവിയില്ലെങ്കിലും അദ്ദേഹം എല്ലാം കേള്‍ക്കുന്നു. അദ്ദേഹം എല്ലാംഅറിയുന്നുവെങ്കിലും എല്ലാ ചിന്തകള്‍ക്കും അപ്പുറത്താണ് . ഉപനിഷത്തില്‍ ഈ ശ്ലോകം വരുന്നുണ്ട്. ഈശോപനിഷത്തും ഇതിനെ വിശദീകരിക്കുന്നുണ്ട്.

ചോദ്യം : തന്റെ പരിമിതികളെകുറിച്ച് ഈശ്വരന് അറിയാമോ?

ഉത്തരം : ഈശ്വരന്‍ എല്ലാം അറിയുന്നു. അതിന്നര്‍ത്ഥം അദ്ദേഹം എല്ലാ സത്യങ്ങളും അറിയുന്നു. ഈശ്വരന്‍ പരിമിതികളില്ലത്തവനാകയാല്‍ സ്വയം പരിമിതികളില്ലത്തവനാണെന്ന് അദ്ദേഹം അറിയുന്നു. തനിക്കു പരിമിതികളില്ല എന്നറിഞ്ഞുകൊണ്ടു പരിമിതികളെക്കുറിച്ചു ചിന്തിക്കുന്നത് അദ്ദേഹത്തെ വിഡ്ഢിയാക്കുന്നതാണ്.

ചോദ്യം : ഈശ്വരന്‍ സഗുണനാണോ അഥവാ നിര്‍ഗുണന്‍ ആണോ ?

ഉത്തരം : രണ്ടുമാണ്. സഗുണന്‍ എന്നതുകൊണ്ട്‌ ദയ,ന്യായം, സൃഷ്ടി കര്‍ത്താവ്‌, നിയന്ത്രിതാവ് തുടങ്ങിയ ഗുണങ്ങളെയാണ് ഉദ്ദേശിക്കുന്നത്. സ്പര്‍ശനമില്ലായ്മ, ദേഷ്യം, വഞ്ചന, ജനന-മരണങ്ങള്‍ എന്നീ ഗുണവിശേഷങ്ങള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം നിര്‍ഗുണനാണ് . ഇത് അര്‍ത്ഥ സംബന്ധമായ ഒരുവ്യത്യാസം മാത്രമാണ്.

ചോദ്യം : വേദങ്ങളില്‍ വിവരിക്കുന്ന ഈശ്വരന്റെ പ്രധാന ഗുണഗണങ്ങള്‍ വിവരിക്കാമോ?
ഉത്തരം : അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ അസംഖ്യമായതിനാല്‍ വാക്കുകളാല്‍ വിവരിക്കുക അസാധ്യമാണ്. എന്നാല്‍ ഏതാനും ഗുണവിശേഷങ്ങള്‍ താഴെ കൊടുക്കുന്നു.

അദ്ദേഹം ഉള്ളവന്നാണ്.

അദ്ദേഹത്തിന് ചൈതന്യമുണ്ട്.

അദ്ദേഹം എല്ലാ സന്തോഷങ്ങളുടെയും ആനന്ദത്തിന്റെയും ഉറവിടമാണ്.

അദ്ദേഹം നിരാകാരനാണ്.

അദ്ദേഹം മാറ്റം വരാത്തവനാണ്.

അദ്ദേഹം സര്‍വ്വ ശക്തനാണ്.

അദ്ദേഹം ന്യായകാരിയാണ്.

അദ്ദേഹം ദയാലുവാണ്.

അദ്ദേഹം ജന്മമെടുക്കാത്തവനാണ്.

അദ്ദേഹം മരണമില്ലാത്തവനാണ്.

അദ്ദേഹം സൂക്ഷ്മമാണ്‌.

അദ്ദേഹം സര്‍വ്വവ്യാപകനാണ്.

അദ്ദേഹം കുറവുകളില്ലാത്തവനാണ്.

അദ്ദേഹം തുടക്കവും ഒടുക്കവും പ്രത്യേക സമയവും സ്ഥലവും ഇല്ലാത്തവനാണ്.

അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവാത്തവനാണ്.

ഈ പ്രപഞ്ചത്തെ മുഴുവന്‍ അദ്ദേഹം സംരക്ഷിക്കുന്നു.

അദ്ദേഹം ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നു.
അദ്ദേഹം സര്‍വ്വജ്ഞനാണ്‌.

അദ്ദേഹത്തിനു കുറവുകള്‍ വരുന്നില്ല.

അദ്ദേഹം നിര്‍ഭയനാണ്.

അദ്ദേഹം ശുദ്ധനാണ്.

അദ്ദേഹത്തിനു മധ്യവര്‍ത്തികള്‍ ഇല്ല. എല്ലാ ആത്മാക്കളും ആയി നേരിട്ട് ബന്ധപ്പെടുന്നു.
അദ്ദേഹം മാത്രമാണ് ആരാധനാ യോഗ്യന്‍. മറ്റാരുമല്ല.


ഇത് മാത്രമാണ് ദുഃഖ നാശങ്ങള്‍ക്കും ആനന്ദം ലഭിക്കുന്നതിനുമുള്ള ഒരേഒരു വഴി.

കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ

Image Source: Astronologia


You cannot copy content of this page