ആമുഖം തുടർച്ച…..

ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ഭരിക്കുന്ന ഏകാത്മതത്വബോധനമാണ് ഉപനിഷത്ത് ചെയ്യുന്നത് എന്നു പറഞ്ഞു കഴിഞ്ഞു.        ഉപനിഷത് പഠനത്തിൽ ഇന്നു നിലനിൽക്കുന്ന ചില അഭിപ്രായഭേദങ്ങളെയും  ഇവിടെ സ്മരിക്കാതെ വയ്യ. അദ്വൈതമാണ് ഉപനിഷത് വിഷയമെന്നു ചിലർ വാദിക്കുന്നു. ആ വാദങ്ങൾക്കു ബലമേകാൻ  “സര്വ്വം ഖല്വിദം ബ്രഹ്മ നാനാസ്തി കിം ചന”, “തത്ത്വമസി ശ്വേത കേതോ “, യോfസാവാദിത്യേ പുരുഷ : സോഹമസ്മി എന്നീ ഉപനിഷത് വചനങ്ങൾ പര്യാപ്തവുമാണ്.  അതുപോലെ “ദ്വാ സുപർണ്ണാ സയുജാ സഖായാ..” തുടങ്ങിയ മന്ത്രങ്ങൾ ദ്വൈതവാദികൾക്കും അവരുടെ വാദത്തിനു പര്യാപ്തമാണ്. എന്നാൽ ഉപനിഷത്തിന്റെ ലക്ഷ്യം  ദ്വൈതവും അദ്വൈതവുമെന്ന തർക്കമല്ല,  (നൈഷാ മതി സ്തർക്കേണാപനേയ).  അത് വിവേകത്തിന്റെയും മോക്ഷത്തിന്റെയും അനുഭൂതിയുടെയും ശാസ്ത്രമാണ്.  അതായത് ബ്രഹ്മാണ്ഡത്തിൽ നാം പ്രകൃതിയുടെ കുരുക്കിൽപ്പെട്ടിരിക്കുന്നു, പിണ്ഡാണ്ഡത്തിൽ  ശരീരത്തിന്റെയും.  ഈ ബ്രഹ്മാണ്ഡത്തെ ചൈതന്യവത്താക്കുന്നത് അതിന്റെ ചാലകശക്തിയായ ബ്രഹ്മം ( പരമാത്മാവ്) ആണെന്നും,  പിണ്ഡാണ്ഡത്തെ ജീവനുള്ളതാക്കുന്നത് അതിന്റെ ചാലകശക്തിയായ ജീവാത്മാവാണെന്നും ഉള്ള സത്യദർശനമാണ്  ഉപനിഷത്തിൽ നിന്നും നാം നേടേണ്ടത്.        ഉപനിഷത്തുകളിൽ ചിലേടത്ത് മാംസാഹാര വർണ്ണനയുണ്ടെന്നു പറയുന്നത്  മറ്റൊരു ആപൽക്കരമായ അഭിപ്രായമാണ്. ഉദാഹരണത്തിന് ബൃഹദാരണ്യകോ പനിഷത്തിലെ  ആറാം അദ്ധ്യായത്തിൽ നാലാം ബ്രാഹ്മണം പതിനെട്ടാം കണ്ഡികയിൽ ‘മാംസൗദനം പാചയിത്വാ സര്പിഷ്മന്തമശ് നീയതാമീശ്വരൗജനയിതവാ ഔക്ഷേണ വാffർഷമണേവാ’ എന്ന ഭാഗം.ഈ വിഷയമൊന്നു വിശദീകരിക്കാം.ഈ ഉപനിഷത്ത് യജുർവേദത്തിന്റെ ബ്രാഹ്മണമായ ശതപഥബ്രാഹ്മണത്തിന്റെ അവസാന ഭാഗമാണ്. ഗർഭാധാന സംസ്ക്കാരവർണനയാണ് സന്ദർഭം. സുപ്രജനന ശാസ്ത്ര (Eugenics) പ്രകാരം  ദമ്പതികൾ സന്താന പൃഷ്ടിക്കുവേണ്ടി കഴിക്കേണ്ട ആഹാരക്രമ വർണനയാണിതിൽ. മേൽ പറഞ്ഞ കണ്ഡികയുടെ അർത്ഥം ഇപ്രകാരമാണ്.പണ്ഡിതനും സഭയിൽ ശോഭിക്കുന്നവനും വാഗ്മിയും എല്ലാ വേദങ്ങളും അറിയുന്നവനും പൂർണ്ണായുസ്സോടു കൂടിയതുമായ പുത്രൻ വേണമെന്ന് ഇഛിക്കുന്ന പക്ഷം മാംസൗദനം (മാഷൗദനം) വിധി പ്രകാരം ഉഴുന്നുചേർത്ത അരി ഭക്ഷണം നെയ്യും ചേർത്ത് ഔക്ഷവിധിപ്രകാര മോ ഋഷഭ വിധി പ്രകാരമോ ദമ്പതികൾ ഭക്ഷിക്കണം. (6.4 .18).  ഇവിടെ തിലോദനം എന്നാൽ എള്ള് ചേർത്ത ചോറ് എന്നർത്ഥം. അതിനു ശേഷം മാംസോദനം എന്ന് പറഞ്ഞിരിക്കുന്നതിനാൽ മാംസം കലർന്ന ചോറ് എന്ന് അർത്ഥമെടുത്തതാണ് സംശയത്തിനു കാരണം. യഥാർത്ഥത്തിൽ പ്രാചീന ഗ്രന്ഥങ്ങളിലെല്ലാം തന്നെ മാഷൗദനം എന്നു മാത്രമേ കാണുന്നുള്ളു. അതിനാൽ ചത്ത ഏതെങ്കിലും മൃഗത്തിന്റെ മാംസം എന്നല്ല മാഷം അഥവാ ഉഴുന്ന് എന്നർത്ഥമെടുക്കണം. കൂടാതെ മുൻ കണ്ഡികകളിൽ പാല്, തൈര്, എള്ള് എന്നിവ ചോറിനോട് ചേർത്ത് ഭക്ഷിക്കാൻ പറയുന്നുമുണ്ട്. അതിന്റെ തുടർച്ചയായി വേണം ഈ വിഷയത്തെക്കാണാൻ. കൂടാതെ സീമന്തോന്നയന സംസ്ക്കാരത്തിലും ഇപ്രകാരം ഔഷധികൾ ചേർന്ന നെയ്യ് , തിലം, ഉഴുന്ന്, തുടങ്ങിയ ഉത്തമ ആഹാരത്തെ നിർദ്ദേശിക്കുന്നതായിട്ട് കാണാം. അതിലൊന്നും ജന്തുക്കളുടെ മാംസം ഭക്ഷിക്കാൻ പറയുന്നുമില്ല.  മാംസ ശബ്ദത്തോടൊപ്പം വരുന്ന ഉക്ഷ, ഋഷഭ ശബ്ദങ്ങളാണ് ഇത്തരം തെറ്റിദ്ധാരണകൾ ഉണ്ടാകാൻ മറ്റൊരു കാരണം എന്നും അനുമാനിക്കാം. ഉക്ഷ ഋഷഭ പ്രയോഗങ്ങൾ ആയുർവേദങ്ങളിലെ സേചന ശക്തിയുള്ള ചില ഔഷധ വിധികളാണ്. കാളക്കുട്ടിയുടെ ശക്തി പ്രദാനം ചെയുന്ന ഔക്ഷ വിധിയും കാളക്കൂറ്റന്റ കരുത്തു നൽകുന്ന ഋഷഭ വിധിയുമാണ്. ഇപ്രകാരം ശുശ്രുത സംഹിതയിലും ഭാവപ്രകാശത്തിലും അനേകം ദ്രവ്യ ഗുണങ്ങളെ ഉപയോഗപ്പെടുത്തിയുള്ള വിധികളെ പറ്റി പറയുന്നുമുണ്ട്. ഈ ഖണ്ഡികയിൽ ജീവകം, ഋഷഭം എന്നീ മരുന്നുകളാണ് പരാമർശിക്കുന്നത് എന്നു ചുരുക്കം. പേരു സൂചിപ്പിക്കുന്നതു പോലെ വൻ കാടാണ് ബൃഹദാരണ്യകം. അതിലെ അഞ്ചും ആറും അദ്ധ്യായങ്ങൾ ഖിലം അഥവാ പരിശിഷ്ടങ്ങളാണ്. അവൈദികവും പ്രക്ഷിപ്തങ്ങളും ഈ അദ്ധ്യായങ്ങളിൽ അടങ്ങിയിരിക്കുന്നു. ദശോപനിഷത്തിൽ പോലും ഈശാവാസ്യോപനിഷത്തു മാത്രമാണ് പൂർണമായും വേദാനുസൃതമെന്ന് പറയാനാകൂ. മറ്റെല്ലാ ഉപനിഷത്തുകളിലും വേദവിരുദ്ധതയും പ്രക്ഷിപ്തങ്ങളും കലർന്നിട്ടുണ്ട്. ഉപനിഷത് കാലത്തിനു ശേഷം സാമ്പ്രദായിക ഭേദങ്ങൾ പലതുണ്ടാകുകയും, പുരാണകാരന്മാർ അവരവരുടെ പന്ഥാവിനനുസരിച്ചുള്ള പല വ്യാഖ്യാനങ്ങളും രൂപപ്പെട്ടതോടു കൂടി ഈ വിജ്ഞാനശേഖരം വലിയൊരു കാടായി രൂപാന്തരപ്പെട്ടു. ആ കാട്ടിൽ പ്രവേശിക്കാതെ മൂലഗ്രന്ഥങ്ങൾ കൂടി അദ്ധ്യയനം ചെയ്ത് പഠനം തുടരുകയാണ് ഉപനിഷത് തത്ത്വഗ്രഹണത്തിന് ഏകമാർഗം. 


തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ


You cannot copy content of this page