മന്ത്രം 2

ഓം കുർവന്നേവേഹ കർമാണി
ജിജീവിഷേച്ഛതങ് സമാഃ
ഏവം ത്വയി നാന്യഥേതോfസ്തി
ന കർമ ലിപ്യതേ നരേ

ശ്രീനാരായണ ഗുരുസ്വാമികളുടെ
ഈശാവാസ്യോപനിഷത് മലയാള പരിഭാഷ:

അല്ലെങ്കിലന്ത്യം വരെയും
കർമ്മം ചെയ്തിങ്ങസംഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തീടാൻ.

അർത്ഥം :-
ഇഹ = ഇവിടെ
കർമ്മാണി = കർമ്മങ്ങളെ
കുർവന്നേവ = ചെയ്തു കൊണ്ടു തന്നെ
ശതം സമാ = നൂറു വർഷങ്ങൾ
ജിജീവിഷേത് = ജീവിക്കുവാൻ ആഗ്രഹിക്കുക.
ഏവം ത്വയി = ഇപ്രകാരം നിങ്ങൾക്ക്
നരേ കർമ്മ = നരന്മാരിൽ കർമം
ന ലിപ്യതേ = ബാധിക്കുന്നില്ല.
അന്യഥ ന = ഭിന്നമായ മറ്റൊരു മാർഗമില്ല.

നാലാമത്തെ കർത്തവ്യമാണ് കർമ്മങ്ങൾ ചെയ്തു കൊണ്ടു തന്നെ നൂറു വർഷം ജീവിക്കണം. എന്നാൽ കർമ്മങ്ങളിൽ പ്പെടരുത്.
ക്രിയാശീലത സൃഷ്ടിയുടെ സാർവ്വത്രികമായ നിയമമാണ്. പരമാണു മുതൽ വമ്പനായ സൂര്യൻ വരെ ചലിച്ചു കൊണ്ടിരിക്കുന്നു.
ഭഗവത് ഗീതയിൽ പറയുന്നു
“നഹി കശ്ചിത്ക്ഷണമപി ജാതുതിഷ്ഠത്യകർമ്മ കൃത്”
സൂര്യനെ കേന്ദ്രമാക്കി മറ്റു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതു പോലെ സത്വരജസ്തമോഗുണങ്ങളുടെ സംഘാ തങ്ങളായ പരമാണുവിലും അതിന്റെ കേന്ദ്രത്തെ ആധാരമാക്കി വൈദ്യുത കണങ്ങൾ (Electrons) ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. നിഷ്ക്രിയാവസ്ഥ പ്രപഞ്ചത്തിലൊരിടത്തും ദർശിക്കാനാവുന്നില്ല. സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും എല്ലാം ക്രിയാശീലരായിരിക്കുന്നത് സ്വാർത്ഥം കൊണ്ടല്ല. ഈശ്വരീയ കർമ്മ വ്യവസ്ഥകൾ സുഗമമാക്കുന്നതിനു വേണ്ടി ഈശ്വരൻ ഈ ജഡ വസ്തുക്കൾക്കെല്ലാം ഗതിശീലത നൽകിയിരിക്കുന്നു. എത്ര കാലം സൂര്യനും ചന്ദ്രനും മറ്റു പദാർത്ഥങ്ങൾക്കും അസ്ഥിത്വമുണ്ടോ, ആയുസ്സുണ്ടോ അത്രയും കാലം അവയ്ക്ക് വിശ്രമമില്ല.
അതുപോലെ മനുഷ്യനും സ്വാർത്ഥത വെടിഞ്ഞ് നൂറു വർഷങ്ങൾ അഥവാ മനുഷ്യായുസ്സു മുഴുവൻ കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ടു തന്നെ ജീവിക്കണം.
അചേതന വസ്തുക്കളിൽ കാണുന്ന കർമ്മങ്ങൾക്ക് ഗതി യെന്നു പറയുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ഗതിശീലമുള്ളതായിരിക്കുന്നത് അതിനാലാണ്.
എന്നാൽ ചേതന സത്തയാൽ ചെയ്യുന്ന ക്രിയാ കലാപങ്ങളെല്ലാം കർമ്മങ്ങളാണ്. അവയിൽ സത്കർമ്മങ്ങളും അസത് കർമ്മങ്ങളും സദസത്കർമ്മങ്ങളും എല്ലാം ഉൾപ്പെടുന്നു. ഇപ്രകാരമുള്ള കർമ്മങ്ങൾക്കു പിന്നിൽ ഒരു ചിന്താപദ്ധതിയും അതോടൊപ്പം കർത്തും? അകർത്തും , അന്യഥാ കർത്തും എന്ന ഒരു നിയമം ബാധകവുമായിരിക്കും.
വൈദിക സാഹിത്യങ്ങൾ രണ്ടു പ്രകാരമുള്ള കർമ്മങ്ങളെക്കുറിച്ച് പറയുന്നു. സകാമ കർമ്മങ്ങളും നിഷ്ക്കാമ കർമ്മങ്ങളും. ഫലേഛയോടു കൂടിച്ചെയ്യുന്ന കർമ്മങ്ങളാണ്
സകാമങ്ങളിൽപ്പെടുക. ഫലേഛയില്ലാതെ സാമൂഹിക സേവന മനോഭാവത്തോടു കൂടി ചെയ്യുന്നവ നിഷ്ക്കാമ കർമ്മങ്ങളാണ്. മൂന്നാമതായി വരുന്ന തരം കർമ്മങ്ങളാണ് നൈസർഗ്ഗിക കർമ്മങ്ങൾ. ശാസോഛാസം ചെയ്യുക തുടങ്ങിയ കർമ്മങ്ങൾ ഇവയിൽ പ്പെടുന്നു. സകാമ കർമ്മങ്ങൾ ഉപേക്ഷിക്കണമെന്നും നിഷ്ക്കാമ കർമ്മങ്ങളാണ് നാം സ്വീകരിക്കേണ്ടതെന്നുമാണ് സാധാരണ നമുക്കു ലഭിക്കുന്ന ഉപദേശം. അതു മനസ്സിലാക്കാൻ സകാമനിഷ്ക്കാമ കർമ്മ ഭേദങ്ങളെക്കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്.


തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ)


You cannot copy content of this page