മന്ത്രം 2 തുടർച്ച
എന്താണ് സകാമ നിഷ്ക്കാമ കർമ്മങ്ങൾ തമ്മിലുള്ള ഭേദം ?
ഈ ലോകത്തിൽ നാം ഒറ്റക്കല്ല. അനേകം ജീവജാലങ്ങളുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം നമുക്കും നമ്മുടെ സഹായം മറ്റുള്ളവർക്കും ആവശ്യമായി വരും. ഇവിടെ രണ്ടു പ്രകാരമുള്ള കർമ്മങ്ങൾ നാം ചെയ്യേണ്ടി വരും. ഒന്ന് നമ്മുടെ സുഖത്തിനു വേണ്ടി മാത്രം നാം ചെയ്യുന്നവ. ഇത് കൂടുതലും സ്വാർത്ഥ കർമ്മങ്ങളായിരിക്കും. ആഹാരം കഴിക്കുക, ഉറങ്ങുക തുടങ്ങിയവ സ കാമ കർമ്മങ്ങൾ ഇതിൽപ്പെടുന്നു. മറ്റൊന്ന് പരാർത്ഥ കർമ്മങ്ങൾ ഇതിൽ സകാമവും നിഷ്ക്കാമവുമായ കർമ്മങ്ങൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന് നാം ദാനം ചെയ്യുന്നു. പ്രശംസ, യശസ്സ് എന്നിവ ആഗ്രഹിച്ചു ചെയ്യുമ്പോൾ അത് സകാമമാകുന്നു. എന്നാൽ സമൂഹത്തോടുള്ള പ്രതിബദ്ധത അഥവാ കർത്തവ്യമായി ഫലേച്ഛ യില്ലാതെ ചെയ്യുമ്പോൾ അതിനെ നിഷ്ക്കാമ കർമ്മങ്ങളെന്നു പറയുന്നു.
ന കർമ്മ ലിപ്യതേ നരേ-
കർമ്മബന്ധനത്തിൽ അകപ്പെടുന്നതാണ് ലിപ്യത.
അതായത് സംസാരചക്രത്തിൽ പ്പെട്ടു പോകുക. സംസാരചക്രത്തെക്കുറിച്ച് യോഗദർശനം പറയുന്നുണ്ട്. ഈ ചക്രത്തിന് ആറ് ആരക്കാലുകളുണ്ട്, അവ ധർമ്മം, അധർമ്മം സുഖം, ദുഃഖം, രാഗം, ദ്വേഷം എന്നിവയാണ്. ധർമ്മ പ്രവൃത്തിയിൽ നിന്ന് സുഖവും അധർമ്മ പ്രവൃത്തിയിൽ നിന്ന് ദുഃഖവും ഉണ്ടാകുന്നു എന്നറിവുളളതാണല്ലൊ. സത്കർമ്മങ്ങളിൽ നിന്ന് സുഖമുണ്ടാകുമ്പോൾ ആ സുഖത്തോട് നമുക്ക് രാഗം ഉണ്ടാകുന്നു. അതുപോലെ തന്നെ അധർമ്മം ചെയ്യുമ്പോൾ അതിൽ നിന്ന് ദു:ഖവും ആ ദുഃഖത്തിൽ നിന്ന് ദ്വേഷവും ഉണ്ടാകുന്നു. അതിന്റെ ഫലമായി നാം അന്യജീവൻമാരോട് ദയ കാണിക്കുകയോ അല്ലെങ്കിൽ അവരെ ഹിംസിക്കുകയോ ചെയ്യുന്നു. ഫലമോ, വീണ്ടും ധർമ്മാധർമ്മം, രാഗദ്വേഷാദികൾ എന്നിങ്ങനെ സംസാരചക്രത്തിൽപ്പെട്ട് ഉഴറുന്നു. ഇതാണ് കർമ്മ ലിപ്യത. ഇതിനു കാരണം അവിദ്യയാണെന്ന് യോഗസൂത്രം പറയുന്നു.
ഭഗവത് ഗീതയിൽ
യസ്യ സർവേ സമാരംഭാ: കാമ സങ്കല്പവർജി താ:
ജ്ഞാനാഗ്നിദഗ്ദ്ധ കർമ്മാണം തമാഹു: പണ്ഡിതം ബുധാ: ( 4-19)
ഏതൊരു മനുഷ്യർ വ്യക്തിഗത സുഖദു:ഖങ്ങളുടെ കമനയിലുള്ള സങ്കല്പങ്ങളെ വർജിച്ചു കൊണ്ട് കർമ്മങ്ങൾ അനുഷ്ഠിക്കുന്നുവോ അവന്റെ കർമ്മഫലാസക്തി യഥാർത്ഥ ജ്ഞാനാഗ്നി .യിൽ ദഹിച്ചു പോകുന്നു. ഇപ്രകാരം നിഷ്ക്കാമ കർമ്മങ്ങളെ അഥവാ ജ്ഞാനാഗ്നിദഗ്ധ കർമ്മങ്ങളെ അനുഷ്ഠിക്കുന്ന മനുഷ്യരെ പണ്ഡിതനെന്ന് ബുദ്ധിയുള്ളവർ വിളിക്കുന്നു. ഫലാസക്തിയില്ലാതെ ലോകകല്യാണാർത്ഥം കർമ്മ ചെയ്യുന്ന നരന്മാരെ കർമ്മഫലം ബാധിക്കുന്നില്ല.
മനുഷ്യരെ നാലു പ്രകാരത്തിൽ പറയാം
ആദ്യത്തേത് ജന: അഥവാ ജനിക്കുക ജനിപ്പിക്കുക നിദ്ര, മൈഥുനം തുടങ്ങിയ മൃഗതുല്ല്യമായ പ്രവൃത്തികൾ മാത്രം ചെയ്ത് മൃഗത്തിനു സമമായി ജീവിക്കുന്നവർ. മുക്തി വേണമെന്ന വിചാരം പോലും അവർക്കില്ല.
രണ്ടാമത്തെ വിഭാഗം ലോക: (ലോക്യതേ) അവർ
മോക്ഷമാർഗത്തെ കാണുക മാത്രം ചെയ്യുന്നു. മറ്റു യാതൊരു പരിശ്രമവും ചെയ്യുന്നില്ല. അവരും കർമ്മബദ്ധരാണ്.
മൂന്നാമത്തെ വിഭാഗം മനുഷ്യരാണ്, ഇവർ കാണുക മാത്രമല്ല. മനനം ചെയ്യുന്നവരാണ് കൂടിയാണ്. മനനം ചെയ്യുക എന്ന കഴിവുള്ളതിനാൽ സ്വന്തം കുടുംബത്തിനു പരി ഇക്കൂട്ടർ സമാജത്തിന്റെ ഹിതാഹിതങ്ങൾ കൂടി ചിന്തിക്കുന്നുണ്ടെങ്കിലും അതിനായി പരിശ്രമിക്കുന്നില്ല. ഇവരും കർമ്മ മുക്തരല്ല.
നാലാമത്തെ വിഭാഗമാണ് നരന്മാർ.
നിഷ്ക്കാമ കർമ്മികൾ സാമാജിക ഗതിവിഗതികളെ മനസ്സിലാക്കി സമാജത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. സ്വയം പ്രകാശവാനായി നിന്നുകൊണ്ട് സമാജത്തെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുന്നു. ഏവം ത്വയി നരേ ന കർമ്മ ലിപ്യതേ – ഇപ്രകാരം ജീവിക്കുന്ന നരന്മാരെ കർമ്മഫലം ബാധിക്കുന്നില്ല. അതു കൊണ്ട് ഈ പദവിയിലേക്കുയർന്ന് നൂറു വർഷം ജീവിക്കുവാൻ ഇഛിക്കുക.
അന്യഥാ – അതല്ലാതെകർമ്മ മുക്തിക്ക് വേറെ വഴിയില്ല.
തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ