-കെ.എം. രാജൻ മീമാംസക്
കുംഭമേളയെകുറിച്ചുള്ള വാർത്തകൾ ആണല്ലോ ഇപ്പോൾ ഏറെ സജീവമായി പ്രചരിക്കുന്നത്.എന്താണ് ഈ കുംഭമേള? ഈ മേളക്ക് വൈദികമോ ജ്യോതിശാസ്ത്ര പരമോ ആയ എന്തെങ്കിലും സവിശേഷതകൾ ഉണ്ടോ? ഈ വിഷയത്തെ കുറിച്ച് പലരും ഫോൺ വഴിയും നേരിട്ടും അന്വേഷിക്കുന്നുണ്ട്. അതിനാൽ എന്റെ സ്വാധ്യായത്തിൽ നിന്നും ലഭിച്ച അറിവുകൾ പങ്കുവെക്കുകയാണ് ഇവിടെ.
ഇപ്പോൾ കാണുന്ന തരത്തിലുള്ള കുംഭമേളയെ കുറിച്ചും നദീസ്നാനത്തെ കുറിച്ചും പ്രാമാണിക വൈദിക ഗ്രന്ഥങ്ങളിൽ ഒന്നും കാണുന്നില്ല.
കുംഭമെന്നതിന് നിരവധി അർത്ഥങ്ങൾ ഉണ്ട്. കുടം എന്ന് സാമാന്യ അർത്ഥം പറയാം. കുടം ഉണ്ടാക്കുന്ന കുംഭകാരനെ (കുശവനെ) എൻജിനീയറുടെ ശ്രേണിയിൽ ആണ് പണ്ട് കാലത്ത് ഗണിച്ചിരുന്നത്. യജുർവേദത്തിൽ ‘ഓം കുംഭകാരായ നമ’എന്നുപറഞ്ഞ് കുംഭകാരനെ ആദരിക്കുന്നുണ്ട്. യജ്ഞത്തിന്റെ വിശിഷ്ടമായ സഹകാരിയായാണ് കുംഭകാരനെ കണക്കാക്കുന്നത്. യജ്ഞവേദിയിൽ ഇവർ ഉണ്ടാക്കുന്ന കുടം കലശരൂപത്തിൽ വെക്കാറുണ്ട്. കുടത്തെ ഉത്തമപാത്രമായാണ് പ്രാചീനർ കണ്ടിരുന്നത്. കുളിക്കാനുള്ള പാത്രമായും കുടത്തെ വർണ്ണിക്കുന്നുണ്ട്. വിശിഷ്ടരായ വ്യക്തികളെയും സന്ന്യാസിമാരെയും പൂർണകുംഭം നൽകിയാണ് ആദരിച്ചുസ്വീകരിക്കാറുള്ളത്. പണ്ഡിതൻമാരുടെ സദസ്സിൽ സംശയ നിവാരണം നടത്തുന്ന സത്സംഗത്തിന് ജ്ഞാന കുംഭമെന്ന് പറയാറുണ്ട്.
പവിത്രതക്ക് നാല് സോപാനങ്ങൾ ഉണ്ടെന്ന് മഹർഷി മനു പറയുന്നുണ്ട്.
അദ്ഭിർഗാത്രാണി ശുദ്ധ്യന്തി
മന: സത്യേന ശുദ്ധ്യതി:
വിദ്യാതപോഭ്യാം ഭൂതാത്മാ
ബുദ്ധിർജ്ഞാനേന ശുദ്ധ്യതി (മനുസ്മൃതി 5.109)
- ശരീരം സ്നാനത്താൽ പവിത്രമാവുന്നു.
- മനസ്സ് സത്യാചരണം കൊണ്ട് പവിത്രമാവുന്നു.
- ആത്മാവ് വിദ്യകൊണ്ടും തപസ്സുകൊണ്ടും പവിത്രമാവുന്നു.
- ബുദ്ധി ജ്ഞാനത്താൽ പവിത്രമാവുന്നു.
എന്നാൽ ഈ നാലുതരത്തിൽ പറഞ്ഞ ശുദ്ധീകരണപ്രക്രിയക്കുപകരം കേവലം ഏതെങ്കിലും നദികളിൽ കുളിക്കുന്നതുകൊണ്ടോ, അവിടെ ചുറ്റിക്കറങ്ങുന്നത് കൊണ്ടോ, അവിടെ വിഹരിക്കുന്ന സന്യാസവേഷ ധാരികൾക്ക് ദക്ഷിണ നൽകുന്നത് കൊണ്ടോ തങ്ങളുടെ പാപങ്ങൾ ഇല്ലാതാകുമെന്ന് കരുതുന്നത് വേദാദി സത്യശാസ്ത്രങ്ങൾക്ക് വിരുദ്ധമാണ്. ചെയ്ത പാപം അനുഭവിച്ചുതന്നെ തീർക്കണം എന്നാണ് വൈദിക സിദ്ധാന്തം.
കുംഭമേളയിലെ പ്രധാന ഇനമായി പറയുന്നത് ഷാഹി സ്നാനമാണ്. നാഗാ സന്ന്യാസിമാരുടെ സ്നാനമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മനസ്സിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ ഉള്ള കുളി എന്നാണ് ‘ഷാഹി സ്നാന’ മെന്നതിന്റെ അർത്ഥം. മകരസംക്രാന്തി, തുടർന്നുവരുന്ന അമാവാസി, വസന്ത പഞ്ചമി, മാഘപൂർണ്ണിമ, മഹാശിവരാത്രി തുടങ്ങിയ ദിവസങ്ങളിലാണ് ഈ ഷാഹി സ്നാനം നടത്തുന്നത്. സർവ്വ പാപങ്ങളും കഴുകി കളയാനാണ് ഈ ‘ഷാഹി സ്നാനം’ നടത്തുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഒരു നദിയിൽ കുളിക്കുന്നതിലൂടെ ശരീരത്തിലെ അഴുക്കുകൾ കുറച്ച് ഇല്ലാതാക്കാമെങ്കിലും ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് ഒരു പരിഹാരവും അതിലൂടെ ഉണ്ടാവില്ല എന്ന് മേൽ കൊടുത്ത മനുസ്മൃതി ശ്ലോകത്തിൽ നിന്ന് വ്യക്തമാണ്.
മധ്യകാലഘട്ടത്തിലെങ്ങോ ആരംഭിച്ച ഈ ഷാഹി സ്നാനത്തിൽ അനേകം ഹിന്ദു രാജാക്കന്മാരും പങ്കെടുത്തതായി പറയുന്നു. കൊടികണക്കിനുപേർ സ്നാനം ചെയ്തിട്ട് പവിത്രരായി തിർന്നുവെങ്കിൽ എന്തുകൊണ്ടാണ് ആയിരത്തിലധികം വർഷങ്ങൾ ആര്യാവർത്തം അടിമത്തത്തിലാണ്ടുപോയത്? യവനന്മാരും പോർച്ചുഗീസുകാരും മുഗളന്മാരും ബ്രിട്ടീഷുകാരുമെല്ലാം ഷാഹി സ്നാനം ചെയ്ത നമ്മുടെ പൂർവികരെ പരാജയപ്പെടുത്തി ഭരിച്ചതെന്തുകൊണ്ട്? മഹർഷി ദയാനന്ദസരസ്വതിക്ക് മുമ്പ് മറ്റാരും ഇത്തരമൊരു ചോദ്യമുന്നയിച്ചിട്ടില്ല. ആൾകൂട്ടത്തിലിരുന്ന് ഒരു ഉപാസനയും സാധ്യമല്ല എന്ന് പ്രത്യേകമോർക്കുക. യജുർവേദം ഇരുപത്തിയാറാം അധ്യായത്തിലെ പതിനഞ്ചാം മന്ത്രം പറയുന്നത് നോക്കുക.
ഉപഹ്വരേ ഗിരീണം സങ്ഗമേ ച നദീനാമ് ।
ധിയാ വിപ്രോഽഅജായത||
ആരാണോ പർവതങ്ങളുടെ അടുത്തും നദികളുടെ സംഗമസ്ഥാനത്തും യോഗാഭ്യാസത്താൽ ഈശ്വര ചിന്തനം നടത്തി വിദ്യയുടെ ഉപാസന ചെയ്യുന്നത് അയാൾ ഉത്തമ ബുദ്ധിയും കർമ്മങ്ങളുമുള്ളവനായി വിപ്രനായി (വിചാര ശീലനായി) തീരുന്നു.
1867 ലെ ഹരിദ്വാർ കുംഭമേളയിലും 1870 ലെ പ്രയാഗ് കുംഭമേളയിലും മഹർഷി ദയാനന്ദസരസ്വതി പങ്കെടിത്തിരുന്നു. അവിടെ വെച്ച് ‘പാഘണ്ഡ ഖണ്ഡിനി’ പതാകയുമേന്തി അദ്ദേഹം ധർമ്മ പ്രചാരം നടത്തുകയുണ്ടായി. തന്റെ വസ്ത്രങ്ങളും പുസ്തകങ്ങളുമടക്കം സർവ്വതും ജനങ്ങൾക്ക് വിതരണം ചെയ്ത് ‘സർവ്വം വൈ പൂർണം സ്വാഹാ’
എന്ന് ചൊല്ലി സർവ്വ ത്യാഗിയായ സന്ന്യാസിയായി ധർമ്മപ്രചാരം തുടർന്നു. ഇന്ന് അനാചാരങ്ങളാലും ആഡംബരങ്ങളാലും കുംഭമേള നിറഞ്ഞുനിൽക്കുന്നു. ആരും അത് ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നുമില്ല.
ഇത്രയും എഴുതിയത് ഇപ്പോൾ നടക്കുന്ന കുംഭമേളയുടെ രീതിയെക്കുറിച്ചാണ്. ഇനി ഈ മേളയുടെ വൈദിക – ജ്യോതി ശാസ്ത്ര പ്രസക്തിയെ കുറിച്ച് നോക്കാം.
പ്രാചീന കാലം തൊട്ട് നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനമടിസ്ഥാനമാക്കിയാണ് കുംഭമേളയുടെ സമയം നിശ്ചയിക്കുന്നത്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ വിന്യാസത്തെ അടിസ്ഥാനമാക്കിയാണിത് തീരുമാനിക്കുന്നത്. 60 വർഷത്തെ ബാർഹസ്പത്യ യുഗചക്രം ആരംഭിക്കുന്നത് വ്യാഴവും ചന്ദ്രനും സൂര്യനും അവിട്ടം നക്ഷത്ര സമൂഹത്തിൽ വെച്ച് മാഘ മാസത്തിലെ ശുക്ലപക്ഷ പ്രതിപദക്ക് ഒന്നിച്ച് വന്നപ്പോഴാണ്. ഈ 60 വർഷങ്ങളെ 12 വർഷങ്ങളുടെ അഞ്ചു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ഓരോ അഞ്ചുഘട്ടങ്ങൾക്കും സംവത്സരം, പരിവത്സരം, ഇദാവത്സരം, അനുവത്സരം, വത്സരം എന്നിങ്ങനെയാണ് നാമങ്ങൾ. വ്യാഴം ഒരു വട്ടം സൂര്യനെ പ്രദക്ഷിണം വെക്കാൻ എടുക്കുന്ന സമയമാണ് ഒരു വ്യാഴവട്ടം അഥവാ 12 വർഷങ്ങൾ. കൃത്യമായി പറഞ്ഞാൽ 11.8618 വർഷങ്ങൾ.
വ്യാഴത്തെ ഗുരു അല്ലെങ്കിൽ പ്രകാശദാതാവായി കണക്കാക്കുന്നു. വ്യാഴവും സൂര്യനെ പോലെ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നു അഥവാ കാണപ്പെടുന്നു. (വ്യാഴം നക്ഷത്രമല്ല എന്നോർക്കുക). കിഴക്കൻ അർധഗോളത്തിൽ വസിക്കുന്നവരെ സുരൻമാർ എന്നും പടിഞ്ഞാറൻ അർധ ഗോളത്തിലുള്ളവരെ അസുരന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്. പടിഞ്ഞാറൻ അർധഗോളത്തിലെ ആളുകൾക്ക് (അസുരന്മാർ) സൂര്യൻ പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്നു. ശുക്രന്റെ ഉദയാസ്തമയങ്ങളും പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. അതിനാൽ ശുക്രനെ അസുരന്മാരുടെ ഗുരുവായി വിശേഷിപ്പിച്ചിരിക്കുന്നു. വിസ്താരഭയത്താൽ കൂടുതൽ ഇവിടെ വിവരിക്കുന്നില്ല.
അഗ്നിഹോത്രവുമായി ബന്ധപ്പെട്ട സങ്കൽപ്പപാഠത്തിലെ കാലഗണനയോടൊപ്പം കൂടുതൽ വിവരണങ്ങൾ കൊടുത്തിട്ടുണ്ട്.
വ്യാഴം അവിട്ടം നക്ഷത്ര സമൂഹത്തിലോ കുംഭരാശിയിലോ വരുന്നത് 12 വർഷങ്ങൾ കൂടുമ്പോഴാണ്. ഈ സമയമാണ് കുംഭമേള നടക്കുന്നത്. അതിനാൽ ബാർഹസ്പത്യ യുഗാരംഭത്തിന്റെ തുടക്കമാണ് കുംഭമേള എന്ന് പറയാം. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവ ഒരു പ്രത്യേക ദിശയിൽ വരുന്ന സമയമാണിത്. ഇപ്പോൾ നടക്കുന്ന വൈവസ്വത മന്വന്തരം ആരംഭിച്ചത് വ്യാഴം അവിട്ടം നക്ഷത്ര സമൂഹത്തിൽ കുംഭരാശിയിലായിരുന്നപ്പോളാണ്. അതിനാൽ ഈ മന്വന്തരത്തിന്റെ തുടക്കം ആയതുകൊണ്ട് ജ്യോതി ശാസ്ത്ര ദൃഷ്ടിയിൽ നാം കുംഭമേള നടത്തുന്നു. വ്യാഴവും സൂര്യനും ചന്ദ്രനും അവിട്ടം നക്ഷത്ര സമൂഹത്തിൽ വരുന്നത് ഓരോ 86 കോടി 50 വർഷങ്ങൾക്ക് ശേഷമാണ്. ഇത് ഒരു കല്പത്തിൽ അഞ്ചുപ്രാവിശ്യം മാത്രമാണ് സംഭവിക്കുന്നത്.
കുംഭമേളയുടെ യഥാർത്ഥ ഉദ്ദേശ്യം ആത്മീയ നേതാക്കളുടെ ഒത്തു ചേരലിനും സമാജത്തിൽ നടക്കുന്ന അനീതികളേയും അനാചരണങ്ങളെയും ഇല്ലായ്മ ചെയ്ത് വൈദിക ധർമ്മത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കണ്ടുകൊണ്ടായിരിക്കണം. എന്നാലിത് ലക്ഷ്യം കൈവിട്ട് ഇന്ന് കാണുന്ന തരത്തിൽ അനാചാരങ്ങളുടെ ഒരു മേളയായി തീർന്നു. മഹർഷി ദയാനന്ദസരസ്വതി നടത്തിയപോലെ ‘പാഖണ്ഡ ഖണ്ഡിനി പതാക’ യുമായി ജനങ്ങളിലേക്കിറങ്ങി ചെന്ന് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യം. എല്ലാത്തിനേയും വിമർശിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ അർബ്ബൻ നക്സലുകൾക്കോ, നാസ്തികർക്കോ ഇത് ചെയ്യാനാവില്ല. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യം. സത്യസനാതന ധർമ്മത്തെ മുറുകെ പിടിച്ചുകൊണ്ട് മാത്രമേ നമുക്കിത് ചെയ്യാനാകുകയുള്ളു. അത് ആരിലും ആശയക്കുഴപ്പം ഉണ്ടാക്കില്ല.
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ
dayanand200
vedamargam2025
aryasamajamkeralam
TEAM ARYA SAMAJAM, KERALAM