• കെ എം രാജൻ മീമാംസക്

മഹർഷി ദയാനന്ദസരസ്വതി കഴിഞ്ഞ 25 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം വേദങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് പ്രവർത്തിച്ചു. ദുർബലവിഭാഗത്തിൻ്റെ കൂടെനിന്നു. സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവവരുടെ ഉന്നമനത്തിനായി നിലകൊണ്ടു. എല്ലാ മേഖലകളിലും അദ്ദേഹം സമാനതകളില്ലാത്ത ആളായിരുന്നു. ഈശ്വരനിൽ അടിയുറച്ച വിശ്വാസവും വേദാനുസാരമായ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിൻ്റെ രണ്ട് അടിസ്ഥാന സവിശേഷതകൾ.

‘ആര്യസമാജ’ത്തിൻെറ ഒന്നാമത്തെ നിയമതത്ത്വത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു എല്ലാ സത്യവിദ്യകളുടേയും, ആ വിദ്യ കൊണ്ട് അറിയപ്പെടുന്ന പദാർത്ഥങ്ങളുടേയും ആദിമൂലം പരമേശ്വരനാകുന്നു. ഈശ്വരനാണ് യഥാർത്ഥ അറിവിൻ്റെയും, ലോകത്തിലെ സകല വസ്തുക്കളുടേയും മൂല കാരണം. ഈശ്വരൻ സർവ്വവ്യാപിയും, രൂപമില്ലാത്തവനും, മാറ്റമില്ലാത്തവനും, വിശപ്പ്, ക്ഷീണം, പാപം, സ്പർശനം, ഗന്ധം മുതലായവയിൽ നിന്ന് എല്ലാം മുക്തനുമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാൽ അദ്ദേഹം വിഗ്രഹാരാധനയേയും, ഈശ്വരാവതാരമെടുക്കലിനെയും, അനേകം ഈശ്വരൻമാർ എന്ന വിശ്വാസത്തേയും തള്ളിക്കളഞ്ഞു. ശങ്കരാചാര്യരുടെ മായാവാദത്തേയും അദ്വൈത സിദ്ധാന്തത്തെയും അദ്ദേഹം നിരാകരിക്കുന്നു. ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്ന മൂന്ന് അനാദി സത്തകൾ ഉണ്ട് എന്ന വൈദിക പ്രമാണം അദ്ദേഹം ഉയർത്തി പിടിക്കുന്നു. വേദങ്ങൾക്ക് എതിരായ മതങ്ങളെയും വിശ്വാസങ്ങളേയും അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
അസത്യത്തിൽ നിന്ന് സത്യം തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. തന്റെ വിരലുകൾ മെഴുകുതിരികൾ പോലെ കത്തിയെരിഞ്ഞാലും, യുക്തിസഹവും വേദതത്വങ്ങളിൽ അധിഷ്ഠിതമായ സത്യം മാത്രം സംസാരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു . വേദങ്ങളുടെ അശാസ്ത്രീയ വ്യാഖ്യാനങ്ങൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാൽ അദ്ദേഹം വേദങ്ങളുടെ ഭാഷ്യം രചിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്തു. വേദങ്ങൾ മാത്രമാണ് ഈശ്വരവചനമായിരിക്കുന്നതെന്നും, ഋഷിമാരും അവരുടെ ഗ്രന്ഥങ്ങളും വേദങ്ങൾക്കനുസൃതമായിരിക്കുന്നിടത്തോളം സ്വീകാര്യമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. നാല് വർണ്ണങ്ങളുടെ വൈദിക വ്യവസ്ഥയെ അദ്ദേഹം അംഗീകരിക്കുകയും, എന്നാൽ ജനനത്തെ അടിസ്ഥാനമാക്കിയുള്ള പ്രബലമായ ജാതി വ്യവസ്ഥയെ അദ്ദേഹം എതിർക്കുകയും ചെയ്തു. അദ്ദേഹത്തിൻെറ ഈ നിലപാടിനെ ഡോ. ബി.ആർ. അംബേദ്കറും അനുകൂലിച്ചു. വേദങ്ങളിൽ നാല് വർണങ്ങളെ ഇപ്രകാരം പറയുന്നു – വേദങ്ങളെ കുറിച്ചും ആത്മീയതയെ കുറിച്ചും അറിവുള്ള സ്ത്രീപുരുഷന്മാരാണ് ബ്രാഹ്മണർ. ഭരണവും യുദ്ധവും ചെയ്യുന്നവരാണ് ക്ഷത്രിയർ. വൈശ്യരാണ് നമ്മുടെ സമൂഹത്തിലെ കച്ചവടക്കാർ. ബാക്കിയുള്ളവർ ശൂദ്രർ എന്നറിയപ്പെടുന്നു, എന്നാൽ ഈ പേരുകൾ ഒന്നും തന്നെ സമൂഹത്തിലെ സ്ഥാനങ്ങളിൽ ചെറുതോ വലുതോ ആയി കാണിക്കുന്നില്ല. ഇത് ശാരീരിക അധ്വാനത്തിൻെറ ഒരു സൂചന മാത്രമാണ്. വ്യക്തിയുടെ ഉന്നമനത്തിനും ആത്മ സാക്ഷാത്കാരത്തിനും വേണ്ടി, അദ്ദേഹം നാല് ആശ്രമങ്ങളെ വിവരിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെയുള്ള ബ്രഹ്മചര്യം, കുടുംബ ജീവിതം നയിക്കുന്ന ഗൃഹസ്ഥം, ആധ്യാത്മികവും സാമൂഹികവുമായുള്ള പ്രവർത്തനത്തിനായി വാനപ്രസ്ഥം, പിന്നീട് ഈശ്വരധ്യാനവും ഉപാസനയുമായി ധർമ്മോപദേശം ചെയ്തുകൊണ്ട് എല്ലാം ത്യജിച്ചുകൊണ്ടുള്ള അവസാന ശ്വാസം വരെയുള്ള സംന്യാസം. അദ്ദേഹം ഒരു സംന്യാസി ആയിരുന്നു. സത്യത്തിനും ധർമ്മത്തിനും വേണ്ടി പ്രവർത്തിച്ച ഒരു ഗർജ്ജിക്കുന്ന സിംഹമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മനസ്സും ശരീരവും ഒരുപോലെ സമൂഹത്തിൻ്റെ ഉന്നമനത്തിന് വേണ്ടി സമർപ്പിക്കുകയായിരുന്നു.
സ്ത്രീകളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി എല്ലാവരേയും സംയോജിപ്പിച്ച് പ്രവർത്തിച്ചു. ‘ഇമം മന്ത്രം പത്നീ പഠേത്’ എന്ന ശ്രൗതസൂത്രം അദ്ദേഹം ഉദ്ധരിച്ചുകൊണ്ട് വേദങ്ങൾ പഠിക്കാൻ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും തുല്യ അവകാശമുണ്ടെന്ന് വാദിച്ചു. യജുർവേദത്തിലെ ഒരു മന്ത്രവും അദ്ദേഹം ഉദ്ധരിക്കുന്നു, ‘യഥേമാം വാചം…..’ എന്ന മന്ത്രത്തിലൂടെ (യജുർവേദം 26.2). പുരുഷനോ സ്ത്രീയോ, ഉയർന്നതോ താഴ്ന്നതോ, ധനികനോ ദരിദ്രനോ എന്ന വേർതിരിവില്ലാതെ വേദങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് തെളിയിച്ചു. വേദം പഠിക്കാൻ ബ്രാഹ്മണരെ മാത്രം അനുവദിക്കുകയും താഴ്ന്ന വിഭാഗങ്ങളെ വിലക്കുകയും ചെയ്യുന്നതിലൂടെ ഈശ്വരൻ പക്ഷപാതമാണോ കാണിക്കുന്നത് എന്ന് ഇതിനെ ന്യായീകരിക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നു. സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കുന്നത് അവരുടെ അത്യാഗ്രഹവും വിഡ്ഢിത്തവും കൊണ്ടാണെന്ന് തുറന്നുകാട്ടിക്കൊണ്ട് അദ്ദേഹം നിയമനിർമ്മാതാക്കളെ വിമർശിക്കുന്നു. ഹിന്ദി, സംസ്‌കൃതം ഭാഷകൾക്ക് പ്രചോദനമായിരുന്നു മഹർഷി ദയാനന്ദൻ. വിദ്യാർത്ഥികൾക്കായുള്ള പാഠ്യപദ്ധതിയിൽ വൈദിക ഗ്രന്ഥങ്ങൾ മാത്രം നിർദ്ദേശിച്ചിട്ടുള്ള അദ്ദേഹം സാമാന്യ ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കുന്നതിനായി ഹിന്ദിയിൽ തന്നെ തൻെറ പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. ഭാരതം ഒരു കാലത്ത് സ്വർണ്ണപ്പക്ഷിയായിരുന്നുവെന്ന് അദ്ദേഹം തൻെറ നാട്ടുകാരെ ഓർമ്മിപ്പിച്ചു, വിദേശികളുടെ സഹായത്തോടെ പോലും ചെറുകിട വ്യവസായങ്ങൾ വികസിപ്പിക്കാൻ അവരെ പ്രചോദിപ്പിച്ചു. രാജ്യത്തിൻെറ സാമ്പത്തിക പുരോഗതിയിൽ പശു എത്രത്തോളം വിലപ്പെട്ടതാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
പ്രാചീന ഭാരതത്തിലെ സംസ്കൃത ഗ്രന്ഥങ്ങളിലൊന്നും ആര്യന്മാർ എവിടെനിന്നോ ഇവിടെ കുടിയേറിയതായി പറയുന്ന ഒരു സൂചനയുമില്ല. അതിനാൽ ആര്യന്മാരുടെ ആദിദേശം ഭാരതമാണെന്നും അവർ ഭാരതത്തിന് പുറത്ത് നിന്ന് വന്നവരല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആര്യന്മാരുടെ സാർവഭൗമ ചക്രവർത്തി രാജ്യത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു. തൻെറ വേദവ്യാഖ്യാനങ്ങളിൽ ഇത്തരമൊരു സങ്കൽപ്പം അദ്ദേഹം ആവർത്തിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭാരതത്തിലെ ബ്രിട്ടീഷ് ഭരണം ഒരു സു-രാജ് (നല്ല സർക്കാർ) ആയിരുന്നാലും അത് , സ്വരാജ് (സ്വയം ഭരണം) ആവില്ല. എപ്പോഴും സ്വരാജ് സു-രാജിനേക്കാൾ മികച്ചതാണെന്ന് അദ്ദേഹം മറുപടി നൽകി. ആധുനിക ഭാരതത്തിൽ ‘സ്വരാജ്’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്.

മഹർഷി ദയാനന്ദൻ ഒരു വലിയ തത്ത്വചിന്തകനായിരുന്നു. ഈശ്വരൻ ഇല്ല എന്ന വാദത്തെയും, അനേക ഈശ്വരന്മാർ എന്ന വിശ്വാസത്തെയും എതിർക്കുകയും, ഈശ്വരനാണ് എല്ലാ തത്വങ്ങളുടെ മൂലരൂപം എന്ന് സ്ഥാപിക്കുകയും ചെയ്തു. ഈശ്വരൻ, ജീവാത്മാവ്, പ്രകൃതി എന്നീ മൂന്ന് ശാശ്വതമായ സിദ്ധാന്തം (ത്രൈത സിദ്ധാന്തം) വേദങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അവതരിപ്പിച്ചു. ആത്മാക്കളുടെ മോക്ഷകാലാവധി തീർന്നാൽ ജീവിതത്തിലേക്ക് അവർക്ക് വീണ്ടും ഒരു തിരിച്ചുവരവ് (പുനർജന്മം) ഉണ്ടെന്ന് വൈദിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.

മഹർഷി മുംബൈയിൽ (അന്നത്തെ ബോംബെ) ആര്യസമാജം സ്ഥാപിച്ചത് ചൈത്ര ശുക്ല 5, 1932, വിക്രം – വർഷം, അതായത് 1875 ഏപ്രിൽ 10 ശനിയാഴ്ച ആയിരുന്നു. ഭാരതത്തിലുടനീളം നിരവധി ആര്യസമാജ ശാഖകൾ തുടങ്ങി. ഒരു കോടിയിലധികം ആളുകൾ ആര്യസമാജത്തിന് അനുസൃതമായി അവരുടെ ജീവിതം നയിക്കുന്നു. രാജസ്ഥാനിലെ അജയമേരുവിൽ (അജ്മേറിൽ) പരോപകാരിണി സഭയും അദ്ദേഹം സ്ഥാപിച്ചു.

മാതൃഭൂമിയുടേയും സമാജത്തിന്റേയും ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾക്കും മാർഗനിർദേശങ്ങൾക്കും അദ്ദേഹത്തിന് നാം അകമഴിഞ്ഞ നന്ദി പറയേണ്ടതുണ്ട്. യോഗേശ്വരനായ ശ്രീകൃഷ്ണനുശേഷം ലോകം കണ്ട ഏറ്റവും ശ്രേഷ്ഠനായ മനുഷ്യനായിരുന്നു അദ്ദേഹം.
(കടപ്പാട് : “ആർഷ-ക്രാന്തി” മാസികയുടെ ഒക്ടോബർ-2019 ലക്കത്തിൽ ഡോ. രൂപ് ചന്ദ്ര ‘ദീപക്’, ലഖ്നൗ (യു.പി.) എഴുതിയ ലേഖനത്തെ അവതരിപ്പിച്ച് ശ്രീ. ഭാവേഷ് മെർജ എഴുതിയ കുറിപ്പിനെ അടിസ്ഥാനമാക്കിയ സ്വതന്ത്ര മലയാളം പരിഭാഷ)

🙏

കെ. എം. രാജൻ മീമാംസക് അധിഷ്ഠാതാവ്, വേദഗുരുകുലം

TEAM VEDA MARGAM 2025

dayanand200

വേദമാർഗ്ഗം2025

ആര്യസമാജംകേരളം

You cannot copy content of this page