• കെ. എം. രാജൻ മീമാംസക്

നൂറ്റാണ്ടുകളായി ഭാരതം അടിമത്തം പേറി നടക്കുകയാണ്. 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും നാം സ്വാതന്ത്ര്യം നേടി എന്ന് അഭിമാനിക്കുമ്പോഴും മതേതരത്വം എന്ന ലേബൽ ഒട്ടിച്ച് ജനമാസങ്ങളിൽ ആഴത്തിൽ വേരോടിയ ഭാരതീയ ഇതിഹാസ പുരുഷൻമാരായ ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ജന്മസ്ഥലമെന്ന് കോടാനുകോടി ജനങ്ങൾ വിശ്വസിക്കുന്ന പുണ്യസങ്കേതങ്ങൾ ഇന്നും വിദേശക്രമികളുടെ പേരിൽ ആണ് അറിയപ്പെടുന്നത്. അതിൽ അഭിമാനിക്കുന്നവർ കൂടിയാണ് അർബൻ നക്സലുകളും കമ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടും. ഭാരതീയ പാരമ്പര്യത്തെ പുച്ഛത്തോടെ കാണുന്നവർ ആണ് ഈ രണ്ടുകൂട്ടരും.

എന്നാൽ ദേശസ്നേഹികൾക്ക് ആത്മവിശ്വാസം നൽകിയ ഒന്നായിരുന്നു രാമജന്മഭൂമി വിഷയത്തിൽ വന്ന സുപ്രീം കോടതിയുടെ അന്തിമ വിധി. അയോദ്ധ്യയിൽ ഭവ്യമായ ഒരു മന്ദിരം ഉയർന്നുവരുന്ന ഈ അവസരത്തിൽ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി ഹിന്ദുക്കളെ വിഘടിപ്പിക്കാനായി ചില തല്പരകക്ഷികളും അർബൻ നക്സലുകളും ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.

നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പല ഉന്നത ഹൈന്ദവ ആത്മീയ ആചാര്യന്മാർ പോലും ഇതിൽ അറിഞ്ഞോ അറിയാതെയോ ഭാഗമായി പോകുന്നുവെന്നത് ഖേദകരമാണ്! ശ്രീരാമൻ ക്ഷത്രിയനായതിനാൽ മാംസാഹാരം കഴിക്കുന്നതിൽ തെറ്റില്ല എന്നും നമ്മുടെ ഋഷിമാർ വൈദിക കാലഘട്ടത്തിൽ മാംസം കഴിച്ചിരുന്നുവെന്നും കേരളത്തിലെ പ്രമുഖനായ ഒരു സംന്യാസി യൂട്യൂബിലൂടെ വിശദീകരിക്കുന്നത് അടുത്തിടെ കേൾക്കാൻ ഇടയായി. വീർ സവർക്കറുടെ ഭാഷയിൽ പറഞ്ഞാൽ “സദ്ഗുണ വൈകൃതം” എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ശ്രീരാമൻ മാംസം കഴിച്ചോ ഇല്ലയോ എന്നത് വളരെ വിവാദപരമായ വിഷയമാണ്. ക്ഷത്രിയരായതിനാൽ അദ്ദേഹം മാംസം കഴിച്ചിരുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു, എന്നാൽ ഈ വിശ്വാസം തെറ്റാണ് എന്ന് വാല്മീകി രാമായണം വ്യക്തമാക്കുന്നുണ്ട്. രാമായണത്തിലെ ചില ഭാഗങ്ങൾ ഇവിടെ പരിശോധിക്കാം.

ശ്രീരാമൻ മാംസാഹാരിയായിരുന്നുവെന്നും വാല്മീകിരാമായണത്തിലും വേദാദി ശാസ്ത്രങ്ങളിലും മാംസഭക്ഷണത്തിന് വിധിയുണ്ട് എന്നുമുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വർത്തകൾക്കുള്ള പ്രതികരണമാണിവിടെ നൽകുന്നത്.

മര്യാദാപുരുഷോത്തമനായിരുന്ന ശ്രീരാമൻ മാംസാഹാരിയായിരുന്നുവെന്ന് സമർത്ഥിക്കാൻ തത്പര കക്ഷികൾ പ്രചരിപ്പിക്കുന്ന വ്യാജപ്രമാണങ്ങളെ തുറന്നുകാട്ടുകയാണിവിടെ. വാല്മീകി രാമായണത്തിൽ നിന്നുമുദ്ധരിച്ചിരിക്കുന്ന ശ്ലോകങ്ങളും അവയുടെ യഥാർത്ഥ അർത്ഥവും ആദ്യമേ നൽകാം.

ശ്രീരാമനോട് കാട്ടിലേക്ക് പോകാൻ ഉത്തരവ് ലഭിച്ചപ്പോൾ അമ്മ കൗസല്യയോട് അനുവാദം വാങ്ങാൻ അദ്ദേഹം രാജകൊട്ടാരത്തിലെത്തി. അമ്മ അദ്ദേഹത്തിന് ഇരിക്കാൻ ഇരിപ്പിടവും കഴിക്കാൻ കുറെ സാധനങ്ങളും കൊടുത്തു. അപ്പോൾ ശ്രീരാമൻ പറഞ്ഞു –

ചതുർദശാ ഹി വർഷാണി വത്സ്യാമി വിജനേ വനേ l
മധുമൂലഫലൈർജീവൻഹിത്വാ മുനിവദാമിഷമ് ll
(അയോധ്യാ കാണ്ഡം 20.29)

അമ്മേ, ഇനി പതിനാല് വർഷം നിബിഡവനത്തിൽ ജീവിക്കേണ്ടി വരും. അതിനാൽ, ഞാൻ ആമിഷ ഭക്ഷണം ഉപേക്ഷിച്ച്, ഋഷിമാർ ഭക്ഷിക്കുന്നതുപോലുള്ള കിഴങ്ങുകൾ, വേരുകൾ, പഴങ്ങൾ മുതലായവ കഴിച്ച് മാത്രമേ എന്റെ ജീവിതം നയിക്കൂ.

ഈ ശ്ലോകത്തിലെ ‘ആമിഷ’ എന്ന വാക്ക് കണ്ട് മാംസാഹാരികൾ പറയുന്നത് ശ്രീരാമൻ മാംസാഹാരം കഴിച്ചിരുന്നുവെന്നാണ്. അദ്ദേഹം പറഞ്ഞത് “ഞാൻ ആമിഷത്തെ ഉപേക്ഷിച്ച് കിഴങ്ങുകളും പഴങ്ങളും കഴിച്ച് ജീവിക്കും” എന്നതാണ് അത്. ഈ ശ്ലോകത്തിന്റെ അർത്ഥം ഇങ്ങനെയാണെന്ന് കണക്കാക്കിയാൽ, രാമായണത്തിൽ പിന്നീട് സംഭവിക്കുന്ന എല്ലാ മാംസഭക്ഷണ സംഭവങ്ങളും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തിന്നവയാണെന്ന് തെളിയുന്നു. എന്നാൽ രാമായണത്തിൽ കൊട്ടാരങ്ങളിൽ മാംസാഹാരം കഴിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല, അതിനാൽ ശ്രീരാമന് മാംസാഹാരം നിഷിദ്ധമാണ് എന്ന് ഈ ശ്ലോകത്തിൽനിന്ന് മനസ്സിലാക്കാം. വേദാദി സത്യശാസ്ത്രങ്ങൾ മാംസാഹാരത്തിനെ നിഷേധിക്കുന്നുണ്ട്. അതിനാൽ മര്യാദാപുരുഷോത്തമൻ എന്ന് പേര് കേട്ട ശ്രീരാമൻ മാംസം കഴിക്കില്ല എന്നുറപ്പാണ്. നിഘണ്ടുവിൽ അമീഷത്തിന് ‘പ്രിയപ്പെട്ടതോ സുഖമുള്ളതോ ആയ വസ്തു’ എന്നൊരു അർത്ഥവും ഉണ്ട്, അതിനാൽ ഞാൻ മിഷ്ടാന്നം അഥവാ മധുരം പോലുള്ള പ്രിയപ്പെട്ടതോ സുഖപ്രദമായതോ ആയ പദാർത്ഥങ്ങൾ ഉപേക്ഷിച്ച് ഋഷിമാരെപ്പോലെ ഭക്ഷിക്കും എന്നായിരിക്കും മുകളിൽ പറഞ്ഞ ശ്ലോകത്തിന്റെ ശരിയായ അർത്ഥം. ഈ അർത്ഥം ശരിയും ശ്രീരാമന്റെ ഗുണങ്ങൾക്ക് അനുസൃതവുമാണ്. ഇതിന് നിഷേധിക്കാനാവാത്ത തെളിവുണ്ട്. പണ്ഡിറ്റ് ഭഗവദ് ദത്ത് ജിയുടെ വാല്മീകി രാമായണം വ്യാഖ്യാനത്തിൽ ഈ ശ്ലോകം ഇപ്രകാരമാണ് –

സ്വാദുനി ഹിത്സാ ഭോജ്യാനി ഫലമൂലകൃതാശന: ॥
(അയോ. 20.21)

ഇവിടെ, രുചികരമായ പദാർത്ഥങ്ങൾക്ക് പകരം പഴങ്ങളും കിഴങ്ങും കഴിക്കുന്നതിന്റെ വ്യക്തമായ വിവരണം ഉണ്ട്. “ഛിന്നേ മൂലേ നൈവ ശാഖാ ന പത്രമ് l” വേര് മുറിച്ചാൽ മരത്തിൽ ഒരു ശാഖയും ഇലയും വളരില്ല. ഈ ശ്ലോകത്തിലൂടെ ശ്രീരാമന്റെ മാംസഭോജനത്തിന്റെ വേരുകൾ തന്നെ അറ്റുപോയിരിക്കുന്നു.

വാല്മീകിരാമായണം 2. 20. 29 (ഗീതാപ്രസ് ഗോരഖ്‌പൂർ പ്രസിദ്ധീകരിച്ചതിൽ )ന്റെ അർത്ഥമിങ്ങനെയാണ്. “പതിനാലുവർഷം ഞാൻ രാജകീയ സുഖഭോഗങ്ങൾ വെടിഞ്ഞ് മുനിയെപോലെ ഫലമൂലാദികൾ ഭക്ഷിച്ച് വിജനമായ വനത്തിൽ കഴിച്ചുകൂട്ടാം. ” (വാല്യം ഒന്ന് പേജ് 244). ഇതിലെവിടെയാണ് മാംസവിഷയം വരുന്നത്.

വാല്മീകിരാമായണം സുന്ദരകാണ്ഡം 36. 41 ൽ ഇങ്ങനെ പറയുന്നു.

ന മാംസം രാഘവോ ഭുങ്‌ ക്തേ ന ചാfപി മധു സേവതേ |
വന്യം സുവിഹിതം നിത്യം ഭക്തമശ്നാതി പഞ്ചമം ||

രഘുവംശത്തിൽ പിറന്നവരാരും മദ്യമാംസാദികൾ കഴിക്കാറില്ല. അദ്ദേഹം സദാ നാലുസമയവും ഉപവാസമനുഷ്ഠിക്കുകയും അഞ്ചാം സമയത്ത് വനത്തിലെ ഫലമൂലാദികൾ കഴിക്കുകയാണ് “(ഗീതാപ്രസ് ഗോരഖ്‌പൂർ പ്രസിദ്ധീകരിച്ച വാല്മീകി രാമായണം വാള്യം 2,പേജ് 958). പിന്നെങ്ങനെയാണ് ഭഗവാൻ ശ്രീരാമൻ ഈ വസ്തുക്കൾ ഉപയോഗിക്കുക ?

രാമായണത്തിൽ സീതാദേവി ഗംഗയ്ക്ക് മദ്യവും മാംസം കലക്കിയ അരി അർപ്പിക്കുന്ന ഒരു വിവരണം ഉണ്ട് എന്ന് വാമമാർഗ്ഗികൾ പ്രചരിപ്പിച്ചു. സീത ഗംഗയ്ക്ക് മദ്യവും മാംസവും കലർത്തിയ അരി അർപ്പിക്കുന്നത് സീതയുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമാണ്. സീത ശ്രീരാമനോട് കാട്ടിലേക്ക് കൂടെ കൂട്ടി കൊണ്ടുപോകാൻ പ്രാർത്ഥിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു –

ഫലമൂലാശനാ നിത്യം ഭവിഷ്യാമി ന സംശയ: ।
(അയോധ്യാ കാണ്ഡം 27.15)

കാട്ടിൽ വിളയുന്ന കായ്കളും കിഴങ്ങുകളും കഴിച്ച് എനിക്ക് ജീവിക്കാനാവുമെന്നതിൽ സംശയമില്ല.

പിത്രാ നിയുക്താ ഭഗവൻ പ്രവേക്ഷ്യാ മസ്തപോവനമ് ।
ധർമ്മമേവ ചരിഷ്യാമ സ്തത്ര മൂലഫലാശനാ: l
(അയോധ്യാ കാണ്ഡം 54.16)

മഹർഷി ഭരദ്വാജന്റെ ആശ്രമത്തിൽ എത്തിയ ശ്രീരാമൻ സ്വയം പരിചയപ്പെടുത്തുകയും തന്റെ വനവാസത്തെക്കുറിച്ച് പറയുകയും ചെയ്തു.

ഭഗവൻ ! പിതാവിന്റെ കൽപ്പന പ്രകാരം ഞങ്ങൾ തപോവനത്തിൽ പ്രവേശിച്ച് ഫലമൂലാദികൾ ഭക്ഷിക്കുകയും അവിടെ ധർമ്മാചാരണം നടത്തുകയും ചെയ്യുന്നു.

ശ്രീരാമൻ തന്റെ സുഹൃത്തായ ഗുഹനോടും ഇപ്രകാരം പറഞ്ഞിരുന്നു.

കുശാചീരാജിനധരം ഫലമൂലാശിനം ച മാമ് ।
വിദ്ധി പ്രാണിഹിതം ധർമ്മേ താപസം വനഗോചരമ് ।
(അയോധ്യാ കാണ്ഡം 50.44)

ഞാൻ കുശ, തുണിക്കഷണം, മാനിന്റെ തൊലി എന്നിവ ധരിക്കുകയും പഴങ്ങളും കിഴങ്ങുകളും ഭക്ഷിക്കുകയും ചെയ്യുന്നു. എന്റെ പിതാവിന്റെ ആജ്ഞപ്രകാരം കാട്ടിൽ ധർമ്മപാലനം ചെയ്യുന്ന ഒരു തപസ്വിയായി എന്നെ അങ്ങ് മനസ്സിലാക്കിയാലും.

ശ്രീരാമന്റെ രണ്ട് വാഗ്ദാനങ്ങൾ പ്രസിദ്ധമാണ്.

അദ്ദേഹം അമ്മ കൈകേയിയോട് ഒരു പ്രതിജ്ഞ വെളിപ്പെടുത്തിയിരുന്നു.

രാമോ ദ്വിർനാഭിഭാഷതേ l
(അയോധ്യാകാണ്ഡം 18.30)

രാമൻ രണ്ട് തരത്തിൽ പറയുന്ന വ്യക്തിയല്ല, അദ്ദേഹം പറയുന്നത് എന്താണോ അത് ചെയ്യുന്നു.

സീതക്ക് അദ്ദേഹം നൽകിയ രണ്ടാമത്തെ പ്രതിജ്ഞ ഈ രൂപത്തിലായിരുന്നു –

അപ്യഹം ജീവിതം ജഹ്യാം ത്വാം വാ സീതേ സലക്ഷ്മണമ് ।
ന തു പ്രതിജ്ഞാം സംശ്രുത്യ ബ്രാഹ്മണേഭ്യോ വിശേഷത: ॥
(ആരണ്യകാണ്ഡം 10.19)

എനിക്ക് എന്റെ ജീവൻ ത്യജിക്കേണ്ടി വന്നാലും ലക്ഷ്മണനൊപ്പം നിന്നെ ഉപേക്ഷിക്കേണ്ടി വന്നാലും എന്റെ പ്രതിജ്ഞ ഉപേക്ഷിക്കാൻ ഒരിക്കലും കഴിയില്ല, പ്രത്യേകിച്ച് ബ്രാഹ്മണരുടെ മുമ്പിൽ ചെയ്ത പ്രതിജ്ഞ.

ശ്രീരാമൻ തന്റെ അമ്മയുടെയും ഗുഹൻ്റെയും മുമ്പിൽ മാത്രമല്ല പഴങ്ങളും കിഴങ്ങുകളും മറ്റും കഴിക്കുമെന്ന് പ്രതിജ്ഞ ചെയ്തത്, ബ്രാഹ്മണരുടെ മുമ്പിലും, മഹർഷിയായ മഹർഷി ഭരദ്വാജിന്റെ മുമ്പിലും തന്റെ പ്രതിജ്ഞ ആവർത്തിച്ചിരുന്നു. അതിനാൽ ശ്രീരാമൻ മാംസം കഴിച്ചിട്ടില്ല എന്ന് ഇവിടെ വ്യക്തമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

കാട്ടിലൂടെ നടക്കുമ്പോൾ ശ്രീരാമൻ ലക്ഷ്മണനോടും തന്റെ ലക്ഷ്യത്തെ കുറിച്ച് വിവരിച്ചുകൊണ്ട് പറഞ്ഞിരുന്നു –

ആഹരിഷ്യാമി തേ നിത്യം മൂലാനി ച ഫലാനി ച ।
വന്യാനി യാനി ചാന്യാനി സ്വാഹാരാണി തപസ്വിനാമ് ll

  • (അയോദ്ധ്യാ കാണ്ഡം 31. 24)

ഞാൻ വനത്തിൽ വിളയുന്ന കിഴങ്ങുവർഗ്ഗങ്ങളും, പഴങ്ങളും, പച്ചക്കറികളും, തപസ്വികൾക്ക് ഭക്ഷ്യയോഗ്യമായ ഭക്ഷണവും നിങ്ങൾക്ക് പതിവായി കൊണ്ടുവരും.

അങ്ങനെ ശ്രീരാമന്റെയും മറ്റും പ്രതിജ്ഞകൾ നോക്കുമ്പോൾ അദ്ദേഹം മാംസാഹാരം കഴിച്ചിട്ടില്ലെന്ന നിഗമനത്തിലെത്താവുന്നതാണ്. അവർ മാംസാഹാരം കഴിക്കുന്നതിനെക്കുറിച്ച് പരാമർശമുള്ള സ്ഥലം തീർച്ചയായും പ്രക്ഷിപ്തമായവയാണ്.

വിവേകാനന്ദ സ്വാമികളും മാംസാഹാരവും

മഹർഷി ദയാനന്ദ സരസ്വതിയേപ്പോലുള്ള അപൂർവം നവോത്ഥാന നായകർ മാത്രമാണ് ശങ്കരാചാര്യർക്കുശേഷം വേദോദ്ധാരണം പ്രധാന ലക്ഷ്യമായിക്കണ്ടത്. വാഗ്ഭടാനന്ദ ഗുരുദേവനും വൈകുണ്ഠ സ്വാമികളെപ്പോലുള്ള മറ്റേതാനും മഹാപുരുഷൻമാരും അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മറ്റുള്ളവരെ കുറച്ചുകാണിക്കാൻ ഉദ്ദേശിച്ച് പറയുന്നതല്ല ഇത്. മാംസാഹാരം, ഉച്ചനീച്ചത്വങ്ങൾ, എകേശ്വരോപാസന, വേദങ്ങളുടെ നിത്യത എന്നീ വിഷയങ്ങളിൽ മധ്യകാലത്ത് ഉയർന്നുവന്ന പല സാമൂഹ്യ പരിഷ്കർത്താക്കളായ ആചാര്യന്മാരും കൃത്യവും പ്രാമാണികവുമായ നിലപാടുകൾ ഉള്ളവരായി തോന്നുന്നില്ല എന്നതിനാലാണ്. മധ്യകാലത്ത് രൂപം കൊണ്ട പുരാണങ്ങളായിരുന്നു അവരിൽ പലരേയും വേദങ്ങളെക്കാൾ സ്വാധീനിച്ചത് എന്ന് നിഗമനത്തിലാണ് പല ആധുനിക പണ്ഡിതരും. വേദവിരുദ്ധമായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ പുരാണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് എന്നും ശ്രദ്ധേയമാണ്. എന്നാൽ അപൗരുഷേയമായ വേദങ്ങൾ, സദാചാര പൂർണ്ണമായ വേദാദി ശാസ്ത്രങ്ങൾ തുടങ്ങിയവ ഉദ്‌ഘോഷിക്കുന്ന നിത്യ – നൈമിത്തിക അനുഷ്ഠാനങ്ങൾ എന്നിവയിൽ മഹർഷി ദയാനന്ദനും ആര്യസമാജവും ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അതിനാൽ മഹർഷി ദായനന്ദന്റെ സാഹിത്യരചനകളിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു സ്ഥാനവും കാണില്ല. എന്നാൽ മറ്റു ഹൈന്ദവ നവോദ്ധാന പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തിരുന്നില്ല. വിവേകാനന്ദ സ്വാമികളുടെ ദേശീയ കാഴ്ചപ്പാടിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. എന്നാൽ ആധ്യാത്മിക വിഷയങ്ങളിൽ പരസ്പര വിരുദ്ധമായ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നതായി വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിച്ചാലറിയാം. ചിലയിടങ്ങളിൽ മാംസാഹാരത്തെയും മൃഗ ബലിയെയുമൊക്കെ അദ്ദേഹം ന്യായീകരിച്ചതായി കാണുന്നുണ്ട്. ബംഗാളിൽ ബ്രാഹ്മണരിൽത്തന്നെ നല്ലൊരുവിഭാഗം മൽസ്യാഹാരികളാണ്. കാളീ ഉപാസകർക്ക് ക്ഷേത്രങ്ങളിൽ കോഴികളെയും മറ്റും കൊല്ലുന്നത് ധർമ്മത്തിന്റെ ഭാഗമാണല്ലോ?സാധുപ്രാണികളെ ആരാധനയുടെ പേരിലും ഭക്ഷണത്തിന്റെ പേരിലും കൊല്ലുന്നത് വേദവിരുദ്ധമാണ്. വിവേകാനന്ദ സ്വാമികൾ പറഞ്ഞ നല്ല കാര്യങ്ങൾക്കുനേരെ കണ്ണടച്ച് ഹൈന്ദവരിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ മാംസാഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചിലർ ചൂണ്ടിക്കാട്ടുന്നത് വിരോധാഭാസമാണ്. വിവേകാനന്ദന്റെ തീവ്ര ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനും പിന്തുടരാനും മാംസഭോജികൾക്കുവേണ്ടി വാദിക്കുന്നവർ തയ്യാറാകുമോ?

വേദാദി ശാസ്ത്രങ്ങളിൽ മാംസാഹാരത്തിന് വിധിയില്ലാ എന്നുമാത്രമല്ല, കർശനമായ നിഷേധമുണ്ടുതാനും. ചില വേദവാണികൾ മാത്രം ഉദ്ധരിക്കാം.

  1. യജ്ഞത്തിന് അധ്വര (ഹിംസാരഹിതം ) മെന്നാണ് പറയുന്നത്. ഋഗ്വേദം (1. 1. 8, 1. 14. 21, 1. 28. 4, 1. 19. 1), സാമവേദം (2. 4. 2), അഥർവ്വവേദം (4. 2. 4. 3, 1. 4. 2) തുടങ്ങിയ മന്ത്രങ്ങൾ നോക്കുക.
  2. യജ്‌ഞം ശേഷ്ഠതമായ കർമ്മം ആണെന്നും പശുക്കളെ സംരക്ഷിക്കണമെന്നും യജുർവേദത്തിലെ ആദ്യമന്ത്രം (1.1.(തന്നെ പറയുന്നു.
  3. പശുവിനെ കൊല്ലുന്നവർക്ക് വധ ശിക്ഷ നൽകണം (യജുർവേദം 30.18).
    മധ്യകാലഘട്ടത്തിൽ ധാർമ്മിക ച്യുതി വന്നപ്പോൾ മാംസാഹാരം, മദ്യം, അശ്ലീലത എന്നിവ വ്യാപകമായി. മതമതാന്തരങ്ങളിൽ വിശ്വസിച്ചുവന്നിരുന്നവർ തങ്ങളുടെ മനോഗതിക്കനുസരിച്ച് വേദഭാഷ്യങ്ങൾ ചമക്കുകയും വ്യാസന്റെയും മറ്റും പേരിൽ പുരാണങ്ങളുണ്ടാക്കുകയും മാംസാഹാരത്തിനും മൃഗബലിക്കും സ്ത്രീകളെയും പിന്നാക്കം നിൽക്കുന്നവരെയും മുഖ്യധാരയിൽ നിന്നകറ്റി നിർത്തുന്ന വിധികൾ ശ്ലോകരൂപത്തിലുണ്ടാക്കി ധർമ്മ ഗ്രൻഥ ങ്ങളായ മനുസ്മൃതിയിലും ഇതിഹാസങ്ങളിലും വേദഭാഷ്യങ്ങളിലും കൂട്ടിച്ചേർത്തു. ഇവ വായിച്ച മാർക്സ് മുള്ളർ, ഗ്രിഫിത്, വിത്സൺ തുടങ്ങിയ പാശ്ചാത്യരും സായണൻ, മഹീധരൻ, ഉവ്വടൻ തുടങ്ങിയ ഭാരതീയ പണ്ഡിതരും വേദങ്ങളിൽ മാംസാഹാര വിധിയുണ്ടെന്ന് ശക്തിയായി പ്രചരിപ്പിച്ച് പവിത്രമായ വേദങ്ങളെ കളങ്കപ്പെടുത്തിയെന്നുമാത്രമല്ല, ലക്ഷക്കണക്കിന് സാധുമൃഗങ്ങളെ കൊന്നൊടുക്കി മാനവ ജാതിയെ പാപികളാക്കി മാറ്റി. വിവേകാനന്ദ സ്വാമികളെപ്പോലുള്ളവർ പോലും ഇത്തരം പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടു എന്ന് വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിച്ചാലറിയാം. മാംസാഹാരപ്രിയരായവർ ഉദ്ധരിക്കുന്നത് ഇത്തരം തെറ്റായ വ്യാഖ്യാനങ്ങളാണ്. അവയെ തുറന്നുകാട്ടി വേദധർമ്മത്തെ സംരക്ഷിച്ചുനിലനിർത്തേണ്ടത് ആസ്തികരായ നാമോരോരുത്തരുടേയും പരമ ധർമ്മമാണ്). ഓം കൃണ്വന്തോ വിശ്വമാര്യം (ഋഗ്വേദം 9.63.5)

🙏

(കെ. എം. രാജൻ മീമാംസക്,
ആര്യപ്രചാരക് & അധിഷ്ഠാതാവ്,
വേദഗുരുകുലം, കാറൽമണ്ണ)

കടപ്പാട് :

  1. വാല്മീകി രാമായണം, ഗീതാപ്രസ് ഗോരഖ്‌പൂർ.
  2. മര്യാദാപുരുഷോത്തം രാം, സ്വാമി ജഗദീശ്വരാനന്ദ് ജി, പേജ് 128-131).
  3. പണ്ഡിറ്റ് ഭഗവദ് ദത്തയുടെ വാല്മീകി രാമായണം വ്യാഖ്യാനം.
  4. സ്വാമി വിവേകാനന്ദ സാഹിത്യ സർവ്വസ്വം.
  5. ഡോ. വിവേക് ആര്യയുടെ ലേഖനങ്ങൾ.

dayanand200

vedamargam2025

aryasamajamkeralam

jaisriram

rammandirinauguration

TEAM VEDA MARGAM 2025

You cannot copy content of this page