ധര്‍മ്മപ്രചാരണത്തിനും സാമൂഹ്യ നവോത്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരുടെയും വെല്ലുവിളികളെ സധൈര്യം നേരിട്ട്, സ്വജീവപുഷ്പങ്ങളാല്‍ ആഹുതി നല്‍കിയ മഹാത്മാക്കളുടെയും നാടാണ് ആര്യാവര്‍ത്തം. അവരില്‍ ഈശ്വര വാണിയായ വേദസന്ദേശം, കൊട്ടാരം മുതല്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന – അസ്പൃശ്യരെന്നു പറഞ്ഞ് നൂറ്റാണ്ടുകളോളം അകറ്റിനിര്‍ത്തിയിരുന്ന – ദളിതരുടെയും മറ്റു പിന്നോക്ക വിഭാഗമായി ഗണിച്ചിരുന്നവരുടെയും, സ്ത്രീകളുടെയും അടുത്തെത്തിച്ച് – അവരില്‍ ആത്മാഭിമാനവും ദേശഭക്തിയും ഉണര്‍ത്തി കര്‍ത്തവ്യ നിരതരാക്കിയ മഹാനായ ഋഷിയായിരുന്നു മഹർഷി ദയാനന്ദസരസ്വതി. 1883 ലെ ദീപാവലി ദിനത്തില്‍ യാഥാസ്ഥിതികരുടെ ഗൂഠാലോചനയുടെ ഫലമായി നല്‍കിയ വിഷപാനത്താല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ അനശ്വര ശിഷ്യന്മാരായിരുന്ന പണ്ഡിറ്റ്‌ ലേഖ് റാം, സ്വാമി ശ്രദ്ധാനന്ദന്‍, ലാലാ ലജ്പത് റായ് തുടങ്ങിയവര്‍ അദ്ദേഹം സ്ഥാപിച്ച ആര്യ സമാജം വഴി വേദപ്രചാരണദൌത്യം ഏറ്റെടുത്ത് ലോകമാസകലം വേദസന്ദേശത്തെ പ്രചരിപ്പിച്ചു.

മഹാത്മാ ആനന്ദ സ്വാമി, പണ്ഡിറ്റ്‌ ഋഷിറാം, വേദബന്ധു ശർമ്മ, പണ്ഡിറ്റ്‌ ബുദ്ധസിംഹൻ, ആചാര്യ നരേന്ദ്രഭൂഷൺ, ആചാര്യ ആര്യഭാസ്കർജി, കീഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരി, വേലായുധ ആര്യ, എ.പി. ഉപേന്ദ്രൻ തുടങ്ങിയവർ കേരളത്തിൽ ആ ദൗത്യം ഏറ്റെടുത്തു പ്രവർത്തിച്ചു. ഇവരിൽ മിക്കവരും ഉത്തര ഭാരതത്തിലെ ആര്യസമാജ ഗുരുകുലങ്ങളിൽ നിന്ന് പഠനം നടത്തി കേരളത്തിൽ വൈദിക സാഹിത്യങ്ങളുടെ പ്രചാരവും പഠനക്ലാസ്സുകളും നടത്തി ജനങ്ങളെ വൈദിക മാർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഇവർ ധർമ്മപ്രചരണം നടത്തിയത്. അറിയപ്പെടാത്തവർ ആയി നിരവധി പേർ ഇനിയും കാണും. ഈ ദീപാവലിയുടെ അവസരത്തിൽ ഈ മഹാപുരുഷൻമാരെയൊക്കെ വേദഗുരുകുലം ആദരപൂർവം അനുസ്മരിക്കുകയാണ്.

നേരത്തെ സൂചിപ്പിച്ച പോലെ ദീപാവാലി ദിനമായ നാളെ 2022 ഒക്ടോബർ 24 ന് (നിരയന പഞ്ചാംഗം അനുസരിച്ച് നാളെ)ലോകം കണ്ട നവോത്ഥാന നായകരിൽ അഗ്രഗണ്യനായ മഹർഷി ദയാനന്ദ സരസ്വതിയുടെ നിർവാണദിനം കൂടിയാണ്. ഈ പർവ്വവുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ കാലത്ത് 7 മണി മുതൽ 8 മണി വരെ ശാരദീയ നവസസ്യേഷ്ടി എന്ന വിശേഷയജ്‌ഞവും സത്സംഗവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വേദബന്ധുക്കളെയും ഈ സത്സംഗത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഈ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമായി നടത്തി ആര്യാവര്‍ത്ത‍ത്തെ വീണ്ടും വിശ്വവൈഭവത്തിലേക്ക് എത്തിക്കാന്‍ ഈ ദീപാവലി സ്മൃതി ദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാം.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

TEAM VEDA GURUKULAM

You cannot copy content of this page