മഹർഷി ദയാനന്ദ സരസ്വതിയുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായ ഒന്നാണ് സംസ്കാര വിധി . സത്യാർത്ഥപ്രകാശത്തിനും ഋഗ്വേദാദി ഭാഷ്യഭൂമികയ്ക്കും ഒപ്പം നിൽക്കുന്ന മഹത് ഗ്രന്ഥമാണിത് . വിക്രമസംവത്സരം 1932 കാർത്തിക അമാവാസ്യ ശനിയാഴ്ചയാണ് മഹർഷി ഈ ഗ്രന്ഥത്തിന്റെ ഒന്നാമത്തെ പതിപ്പിന്റെ രചന ആരംഭിച്ചത് . ഒരു മാസവും എട്ടുദിവസവുമാണ് സ്വാമിജി ഈ ഗ്രന്ഥ രചനക്ക് എടുത്തത് ആദ്യ പതിപ്പിലെ കുറവുകൾ നികത്തി വിക്രമസംവത്സരം 1942 ആശ്വിന ശുക്ല പഞ്ചമി ബുധനാഴ്ച ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.

സംസ്കാരത്തിന്റെ വേരുകൾ വേദങ്ങളിൽ

ആര്യസമാജത്തിന്റെ മൂന്നാമത്തെ നിയമം പറയുന്നത് വേദം എല്ലാ സത്യവിദ്യകളുടെയും ഗ്രന്ഥമാകുന്നു എന്നാണ്. എല്ലാ വിദ്യകളുടെയും മൂലരൂപങ്ങൾ വേദങ്ങളിലുണ്ട്. ഋഷിമാർക്കു മാത്രമേ അത്‌ കണ്ടെത്താനാവൂ. അവ വിശദീകരിച്ചു വ്യാഖ്യാനിക്കാനാവൂ. മന്ത്രദ്രഷ്ടാക്കളാണ് ഋഷിമാർ. വൈദിക ഋഷിമാരായ മധുഛന്ദ , വസിഷ്ഠൻ, വാമദേവൻ തുടങ്ങിയവരും ഋഷികമാരായ അപാലാ, ഘോഷ, രോമശാ മുതലായവരും പിന്നീട് വന്ന യാജ്ഞവൽക്യൻ, മനു, യാസ്കൻ, പാണിനി, പതഞ്‌ജലി എന്നിവരും ആ പരമ്പരയിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളാണ്. ധർമം, അർത്ഥം, കാമം, മോക്ഷം എന്നിവക്ക് വേണ്ട സർവ്വതും വേദങ്ങളിൽ ബീജരൂപത്തിലുണ്ട് . വേദങ്ങളിലെ ശബ്ദങ്ങൾ യൗഗികമാണ്. അതിൽ ചരിത്രമില്ല. വ്യാകരണം, ശിക്ഷ, കല്പം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ വേദാംഗങ്ങളും ന്യായം, സാംഖ്യം, യോഗം, മീംമാംസ, വൈശേഷികം, വേദാന്തം എന്നീ ദർശനങ്ങളും ഉപനിഷത്തുക്കളിൽ വർണിക്കുന്ന ബ്രഹ്മവിദ്യയും കർമ്മകാണ്ഡങ്ങളായ യജ്ഞങ്ങളും ആയുർവേദം, ധനുർവേദം, അർത്ഥവേദം, ഗാന്ധർവ്വവേദം എന്നീ ശാസ്ത്രങ്ങളും ഗണിതം, രാഷ്ട്ര മീമാംസ, സൈന്യപരിപാലനം, കൃഷി, ഭൂഗർഭ വിജ്ഞാനം, വനസ്പതികളുടെയും മൃഗങ്ങളുടെയും ശാസ്ത്രങ്ങൾ വൈദിക ഋചകളിൽ നിന്നും പ്രേരണ നേടി ഉണ്ടായതാണ്. അവയിൽ വിദ്യ, യുക്തി, വിജ്ഞാനം എന്നിവക്ക് വിരുദ്ധമായവ ഒന്നുമില്ല. ഋഷിമാരുടെ ഈ കാഴ്ചപ്പാടാണ് മഹർഷി ദയാനന്ദൻ ഉൾക്കൊണ്ടത്. ഇവയിൽ കലർപ്പുണ്ടാക്കുന്നത് ദയാനന്ദന്

സ്വീകാര്യമായിരുന്നില്ല. ഋഷി ദയാനന്ദൻ യാസ്കനെ അംഗീകരിച്ചിരുന്നു. എന്നാൽ സായണൻ, മഹീധരൻ എന്നിവരുടെ വ്യാഖ്യാനങ്ങളെ അംഗീകരിച്ചിരുന്നില്ല. പാണിനിയെ അംഗീകരിച്ചിരുന്നുവെങ്കിലും ഭട്ടോജി ദീക്ഷിതരെ അംഗീകരിച്ചിരുന്നില്ല. മനുവിനെ മാനിച്ചിരുന്നുവെങ്കിൽ ‘കുല്ലൂക ഭട്ട’നെ അംഗീകരിച്ചിരുന്നില്ല. വ്യാസനെയും ജൈമിനിയെയും അംഗീകരിച്ചിരുന്ന അദ്ദേഹം ശങ്കരാചാര്യരുടെ അദ്വൈതപരമായ പല വീക്ഷണങ്ങളോടും യോജിച്ചിരുന്നില്ല. അത് അദ്ദേഹത്തെ വളരെ ബഹുമാനിച്ചു കൊണ്ടായിരുന്നുവെന്നും ഓർക്കുക. അത് പോലെ ശബര സ്വാമിയുടെ സിദ്ധാന്തങ്ങളെയും അംഗീകരിച്ചിരുന്നില്ല. ഋഷിമാരുടെ പ്രതിനിധിയായിരുന്നു ദയാനന്ദൻ. ശുദ്ധമായ വൈദിക ധർമമാണദ്ദേഹം പ്രചരിപ്പിക്കാൻ ആഗ്രഹിച്ചത്. ദൗർഭാഗ്യവശാൽ ഇന്ന് സനാതന ധർമ്മികൾ എന്നറിയപ്പെടുന്ന ഹിന്ദുക്കൾ, പൂർവസൂരികൾ അനുഷ്ഠിച്ചിരുന്ന ശുദ്ധ വൈദിക പന്ഥാവിലല്ല സഞ്ചരിക്കുന്നത്. മഹാഭാരത യുദ്ധാനന്തരമുണ്ടായ അജ്ഞതയാണിതിന് കാരണം. ഇന്ന് ഹിന്ദുക്കളുടെ ഇടയിൽ കാണുന്ന കർമ്മകാണ്ഡ പദ്ധതി നോക്കിയാൽ ഇത് വ്യക്തമാകും. സന്ധ്യാവന്ദനാദി നിത്യ കർമങ്ങളിൽ പോലും ലൗകിക സംസ്കൃത വാക്യങ്ങളായ മാധവായ നമഃ, അച്യുതായ നമഃ, കേശവായ നമഃ, തുടങ്ങിയവയും ഏതാനും സംസ്കൃത ധ്യാന ശ്ലോകങ്ങളും മാത്രമാണ് ഏറിയ പക്ഷവും ഉപയോഗിക്കുന്നത് . മധ്യകാലഘട്ടത്തിൽ വേദപഠനത്തിൽ നിന്ന് വലിയൊരു വിഭാഗത്തെ മാറ്റി നിർത്തിയതാണ് ഇതിന്റെ മുഖ്യ കാരണം എന്ന് പറയാം. മഹർഷി ദയാനന്ദനാണ് ആധുനിക ഭാരതത്തിൽ സന്ധ്യാവന്ദനാദി നിത്യാനുഷ്‌ഠാനങ്ങൾക്കും ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട വിവിധ സംസ്കാരങ്ങൾക്കും ഋഷിമാരുടെ പാത പിന്തുടർന്ന് ഒരു ഏകരൂപത കൊണ്ടുവന്നത്. വേദങ്ങളോടൊപ്പം ഋഷിമാരാൽ രചിക്കപ്പെട്ട ഗൃഹ്യസൂത്രങ്ങൾ, ബ്രാഹ്മണ ഗ്രന്ഥങ്ങൾ, ആരണ്യകങ്ങൾ, ശ്രൗത സൂത്രങ്ങൾ എന്നിവയെ ആശ്രയിച്ചാണ് മഹർഷി കർമ്മകാണ്ഡങ്ങൾ ചിട്ടപ്പെടുത്തിയത്. മഹർഷിക്ക് മുൻപ് മറ്റാരും ഇത്തരത്തിൽ വിസ്തൃതമായ ഗ്രന്ഥരചന നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ദയാനന്ദന് മുൻപ് സംസ്കാര കർമങ്ങൾ ബ്രാഹ്മണരുടെ അഥവാ ദ്വിജന്മാരുടെ ഇടയിൽ മാത്രമായി ശോഷിച്ചു പോയിരുന്നു. ബ്രാഹ്മണനും തങ്ങളുടെ വേദശാഖകളുടെ ഗൃഹ്യസൂത്രങ്ങളനുസരിച്ച് വ്യത്യസ്ത രീതിയിലാണ് സംസ്കാര കർമങ്ങൾ നടത്തിയിരുന്നത്. തന്മൂലം ഏകത എന്നൊന്ന് ഉണ്ടായിരുന്നില്ല . സംസ്കാരപദ്ധതി എല്ലാവരിലും ഏകരൂപതയോടെ എത്തിക്കുന്നതിന് വേണ്ടി നാലു വേദങ്ങളിലെയും ഗൃഹ്യസൂത്രങ്ങളെ ആധാരമാക്കി (ഋഗ്വേദത്തിന്റെ ആശ്വലായന ഗൃഹ്യസൂത്രം, യജുർവേദത്തിന്റെ പാരസ്‌ക ഗൃഹ്യസൂത്രം, സാമവേദത്തിന്റെ ഗോഭില ഗൃഹ്യസൂത്രം, അഥർവ്വവേദത്തിന്റെ ശൗനക ഗൃഹ്യസൂത്രം) ഏകീകരിച്ചു ഒരു ആർഷ സംസ്കാര പദ്ധതി തയ്യാറാക്കി. അദ്ദേഹം പുതിയതായി ഒരു പദ്ധതിയും കൂട്ടിച്ചേർത്തില്ല. പൂർവസൂരികളായ ഋഷിമാർ രൂപം നൽകിയ ആർഷ സംസ്കാര കർമ്മകാണ്ഡങ്ങളെ ഏകോപിപ്പിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ സന്ദേശം വേദങ്ങളുടെ സന്ദേശമായിരുന്നു.

സംസ്കാരവിധിയുടെ ആവശ്യകത

സംസ്കാര വിധി എന്ന ഈ ഗ്രന്ഥരചന നടത്തേണ്ട ആവശ്യമെന്തായിരുന്നു മഹർഷി ദയാനന്ദന് എന്നൊന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഹിന്ദുക്കളുടെ അഥവാ സനാതന ധർമികളുടെ ഇടയിൽ വേദാദി ശാസ്ത്രങ്ങളിൽ വർണ്ണിക്കുന്ന സംസ്കാര ക്രിയകളുടെ അഭാവം ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന് അവരുടെ ഉന്നമനത്തിനായി ഈ പദ്ധതി പൊടിതട്ടിയെടുക്കേണ്ടി വന്നു. മഹർഷി ദയാനന്ദന് മുൻപ് ഇത്തരം ക്രിയകൾ ഏതാണ്ട് മൺമറഞ്ഞു തുടങ്ങിയിരുന്നു. ഗർഭാധാനം, പുംസവനം എന്നിവ കേട്ടുകേൾവി ആയിത്തീർന്നിരുന്നു. അത് ദ്വിജന്മാരുടെ ഇടയിൽ അല്പസ്വല്പം നടന്നിരുന്നു എന്ന് മാത്രം. സീമന്തോന്നയനം എന്നത് സ്ത്രീകളുടെ ഇടയിൽ ഒരു ചടങ്ങു മാത്രമായി തീർന്നിരുന്നു. മന്ത്രോച്ചാരണങ്ങളും അനുഷ്ഠാനങ്ങളും ഒന്നുമില്ലാതെ ഗർഭിണികൾ കുട്ടികൾക്ക് പായസവും മധുരപലഹാരവും കൊടുക്കുന്ന ചടങ്ങായി അധഃപതിച്ചിരുന്നു. ജാതകർമം എന്നൊരു ചടങ്ങു പോലും ഉണ്ടായിരുന്നില്ല. സ്വന്തം ബന്ധുക്കളെ വിളിച്ച് നാമകരണ സംസ്കാരം എന്ന പേരിൽ പേരിടൽ നടത്തിയിരുന്നു. അതിനു പ്രത്യേക ചടങ്ങുകൾ നിശ്ചയിച്ചിരുന്നില്ല. നിഷ്ക്രമണ സംസ്കാരം എന്താണെന്നു ബഹുഭൂരിപക്ഷം പേർക്കും അറിഞ്ഞിരുന്നില്ല. മുണ്ഡന സംസ്കാരം അപൂർണവും അവൈദിക രീതിയിലുള്ളതുമായിരുന്നു. കാതു കുത്തൽ സ്ത്രീകൾ സ്വയമോ സ്വർണപ്പണിക്കാരുടെ സഹായത്താലോ നടത്തിയിരുന്നു. ഉപനയനം സാധാരണക്കാരിൽ കണ്ടിരുന്നില്ല. അതിനാൽ വേദാരംഭം, സമാവർത്തനം എന്നിവയുടെ കാര്യം പറയേണ്ടതില്ലല്ലോ. വിവാഹ സംസ്കാരത്തിനാണ് ഏറെ പ്രാമുഖ്യം നൽകിയിരുന്നത്. അവിടെയും സംസ്കാര ചടങ്ങുകളേക്കാൾ ആഢംബരത്തിനാണ് പ്രാധാന്യം കിട്ടിയിരുന്നത്. മരണാനന്തര ചടങ്ങുകളാണ് ഏതാണ്ട് എല്ലാവരും ചെയ്തിരുന്നത്. അത് തികച്ചും അവൈദിക രീതിയിലുമായിരുന്നുതാനും. വീടുകളിൽ നടക്കുന്ന മറ്റു ചടങ്ങുകൾക്കെല്ലാം താന്ത്രിക പദ്ധതികളാണ് ഏറെയും ഉപയോഗിച്ചിരുന്നത് . നവഗ്രഹ പൂജ, ഗണപതി ഹോമം തുടങ്ങിയവയാണതിൽ പ്രധാനമായവ. ഇവയുടെ വിവരണങ്ങൾ ഗൃഹ്യസൂത്രങ്ങളിലോ ആർഷ ഗ്രന്ഥങ്ങളിൽ തന്നെയോ കാണാനൊട്ടുമില്ല താനും.
(തുടരും)


(മഹർഷി ദയാനന്ദ സരസ്വതിയുടെ ‘ സംസ്കാരവിധി’ എന്ന ഹിന്ദി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷക്ക് നൽകിയ ആമുഖത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങളാണിത്. ദയാനന്ദ സന്ദേശം മസികയിലൂടെ ഇത് ഖണ്ഡശഃ യായി ഉടൻ പ്രസിദ്ധീകരിച്ചു തുടങ്ങും)
www.aryasamajkerala.org.in


You cannot copy content of this page