• കെ. എം. രാജൻ മീമാംസക്

[കടപ്പാട്: ബാബു ശ്രീ. ദേവേന്ദ്രനാഥ് മുഖോപാധ്യായ സമാഹരിച്ചതും പണ്ഡിറ്റ് ശ്രീ. ഘാസിറാം രചിച്ച ‘മഹർഷി ദയാനന്ദ സരസ്വതിയുടെ ജീവചരിത്രം’ എന്ന ഹിന്ദി പുസ്തകത്തിൽ നിന്നും സമാഹരിച്ചതുമായ ഉപദേശങ്ങൾ. സമാഹരണം: ശ്രീ. ഭവേഷ് മെർജ]

  1. ഭാരതത്തിൽ യജ്ഞങ്ങളുടെ പ്രചാരം നിലച്ചുപോയപ്പോൾ വിഗ്രഹാരാധന ആരംഭിച്ചു. അഗ്നി, വായു മുതലായവ ഓരോരോ അധിഷ്ഠാത്രീ ദേവതകളാണെന്ന് ആളുകൾ വിശ്വസിച്ചു. പക്ഷേ ഇത് ഒരു മിഥ്യയല്ലാതെ മറ്റൊന്നുമല്ല.
  2. മാക്സ് മുള്ളർ ക്രിസ്തുമതത്തോട് വളരെയധികം പക്ഷപാതം കാണിക്കുന്നു. വേദങ്ങൾക്ക് അദ്ദേഹം ഇത്തരമൊരു തെറ്റായ വ്യാഖ്യാനം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ല; കാരണം, വേദങ്ങളുടെ ഇത്തരം അർത്ഥങ്ങൾ കണ്ട് ഭാരതത്തിലെ ജനങ്ങൾ ആശയക്കുഴപ്പത്തിലാകുകയും വേദങ്ങൾ ഉപേക്ഷിച്ച് ബൈബിൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ഹൃദയംഗമമായ ഉദ്ദേശ്യം. അതിനാൽ അദ്ദേഹത്തിന്റെ വിവർത്തനം ആധികാരികമായി കണക്കാക്കാനാവില്ല.
  3. ബ്രാഹ്മണർ വേദങ്ങളെ ഹൃദയപൂർവ്വം കണ്ഠസ്ഥമാക്കി സംരക്ഷിച്ചില്ലെങ്കിൽ, വേദങ്ങൾ എവിടെയായിരുന്നേനെ?
  4. ഞാൻ ആരെയും ശിഷ്യരാക്കുന്നില്ല, എന്റെ തത്ത്വങ്ങൾ പിന്തുടരുന്നവൻ
    എന്റെ സേവകനും ശിഷ്യനുമാണ്, എന്റെ പ്രവർത്തനങ്ങളിൽ എന്നെ സഹായിക്കുന്നവർ എന്റെ സഹോദരന്മാരാണ്.
  5. ഒരാളുടെ ചെവിയിൽ മന്ത്രങ്ങൾ ഓതികൊടുക്കാൻ എനിക്ക് ഓടക്കുഴൽ ഒന്നും ഇല്ല. മന്ത്രങ്ങൾ എല്ലാം വേദങ്ങളിലുണ്ട്. എനിക്ക് എന്ത് മന്ത്രങ്ങൾ നൽകാൻ കഴിയും?
  6. (സ്ത്രീകളോടുള്ള ഉപദേശം) നിങ്ങളുടെ ഭർത്താവിനെ സേവിക്കുക എന്നത് നിങ്ങളുടെ ധർമ്മമാണ്, നിങ്ങളുടെ ഭർത്താക്കന്മാരിൽ നിന്ന് ഉപദേശം സ്വീകരിക്കുക എന്നത് നിങ്ങളുടെ കടമയാണ്. ഭർത്താവിനെ പരിചരിക്കലും കുട്ടികളെ ഏറ്റവും നല്ല രീതിയിൽ വളർത്തുന്നതും സ്ത്രീകളുടെ ധർമ്മമാണ്.
  7. ഉപാസനാ സമയത്ത്, ഉപാസകൻ ഈശ്വരന്റെ സത്സംഗത്തിൽ മുഴുകുന്നു. ആ സമയത്ത് എത്ര വലിയ ആൾ വന്നാലും ഉപാസകൻ എഴുന്നേറ്റു നിൽക്കരുത്, കാരണം ഈശ്വരനേക്കാൾ വലിയ ആരുമില്ല. ഉപാസനക്ക് തടസ്സം വരുത്തി എഴുന്നേറ്റ് നിൽക്കുന്നതിലൂടെ ഉപാസനാക്രിയക്ക് അനാദരവ് സംഭവിക്കുന്നു.
  8. ജനങ്ങൾ വേദങ്ങളുടെ ആജ്ഞകൾ പാലിക്കുകയും, നിരാകാരനും, അതുല്യവുമായ പരമാത്മാവിനെ മാത്രം ആരാധിക്കുകയും, ശുഭകരമായ ഗുണങ്ങൾ ഉൾക്കൊള്ളുകയും ദോഷങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
  9. കഴുതകളും മറ്റ് മൃഗങ്ങളും പക്ഷികളും അടക്കം സ്വന്തം നന്മയ്ക്കായി പ്രവർത്തിക്കുന്നു. എന്നാൽ മറ്റുള്ളവർക്ക് നന്മ ചെയ്യണം എന്നതിലാണ് മനുഷ്യത്വം.
  10. ഒരു ജീവാത്മാവിന് താൻ ചെയ്ത കർമ്മങ്ങളെ മാത്രമേ അനുഭവിക്കാനാവുകയുള്ളൂ. അതുകൊണ്ട് പുത്രപൗത്രൻമാർ നടത്തുന്ന ശ്രാദ്ധ-തർപ്പണാദികൾ പരലോകത്ത് ജീവജാലങ്ങൾക്ക് പ്രയോജപ്പെടുന്നില്ല.
  11. ധർമ്മപരമായ കാര്യങ്ങളിലൂടെ ഒരാൾ തന്റെ ഉന്നതി വർദ്ധിപ്പിക്കുന്നതിനെ അതായത് സുഖം വർധിപ്പിക്കുന്നതിനെ ‘സ്വാർത്ഥം’ എന്ന് വിളിക്കുന്നു, എന്നാൽ ഇന്നത്തെ ആളുകൾ ധർമ്മാധർമ്മ വിവേചനരഹിതമായ നടപടികളിലൂടെ തങ്ങൾക്ക് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ നഷ്ടത്തെയും ദുഃഖത്തെയും കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല, അങ്ങനെ സ്വാർത്ഥന്മാരാകുന്നു. ജീവകാരുണ്യപ്രവർത്തനം അല്ലെങ്കിൽ പരോപകാരം എന്നത് സ്വന്തം പെരുമാറ്റത്തിലൂടെ മനുഷ്യരുടെ ദുഃഖങ്ങൾക്ക് ആശ്വാസം ഉണ്ടാക്കുക എന്നതാണ്.
  12. നീതി, ആത്മത്യാഗം, മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുക തുടങ്ങിയ മികച്ച ഗുണങ്ങളാണ് നല്ല മനുഷ്യരുടെ മാനദണ്ഡം. അത്തരം മനുഷ്യർ അവരുടെ മികച്ച ഗുണങ്ങളും സ്വഭാവവും കൊണ്ട് പരക്കെ അംഗീകരിക്കപ്പെടുന്നു. അവർ യോഗാഭ്യാസം, ദാനധർമ്മം, ഔദാര്യം, നീതി, ഈശ്വരഭക്തി, ദയ തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നരാണ്.
  13. ഇതിഹാസങ്ങളായ മഹാഭാരതവും വാല്മീകി രാമായണവും മനുസ്മൃതിയും സൂത്രഗ്രന്ഥങ്ങളും നോക്കുക, വേദങ്ങളുടെ വ്യാഖ്യാനം നോക്കുക. വിഗ്രഹാരാധന അയുക്തമാണെന്ന് അപ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും.
  14. ക്രിയാത്മകമായ ജീവിതമാണ് യഥാർത്ഥ ജീവിതം. വേദങ്ങൾ അനുശാസിക്കുന്ന മംഗള കർമ്മങ്ങൾ ചെയ്യുന്നത് മോക്ഷത്തിനുള്ള ഏക മാർഗമാണ്. പൊതുതാൽപ്പര്യമുള്ള പ്രവൃത്തികളിൽ ജീവിതം സമർപ്പിക്കുന്ന വ്യക്തി മാത്രമേ ജീവിക്കുന്നവൻ എന്ന് വിളിക്കപ്പെടാൻ അർഹനായിട്ടുള്ളൂ.
  15. സാംഖ്യദർശന കർത്താവ് (മഹർഷി കപിലൻ) ഒരു നിരീശ്വരവാദിയായിരുന്നില്ല. ഋഷിമാരുടെ വ്യാഖ്യാനങ്ങൾ ഉപേക്ഷിച്ച് അജ്ഞാനികളുടെ വ്യാഖ്യാനങ്ങൾ നോക്കുന്നവരാണ് അപ്രക്രാരം പറയുന്നത്. ഭാഗുരി ഋഷിയുടെ വ്യാഖ്യാനം വായിക്കുക. നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടും. ‘ഈശ്വരാfസിദ്ധേ:’ എന്ന സൂത്രം പൂർവപക്ഷത്തിന്റേതാണ്. അതിനുള്ള മറുപടിയാണ് അടുത്ത സൂത്രത്തിലുള്ളത്. സാംഖ്യകർത്താവ് ഒരു നിരീശ്വരവാദി ആയിരുന്നെങ്കിൽ പിന്നെ എന്തിനാണ് പുനർജന്മത്തിലും വേദങ്ങളിലും പരലോകത്തിലും ആത്മാവിലും വിശ്വസിക്കുന്നത്?
  16. ഷഡ്ദർശങ്ങൾ പരസ്പരവിരുദ്ധമല്ല. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് ആറ് കാരണങ്ങളുണ്ട് – പരമാണുക്കളുടെ വർണ്ണന ന്യായ ദർശനത്തിലും, കർമ്മത്തിൻ്റെ വർണന മീമാംസാദർശനത്തിലും, തത്വങ്ങളുടെ സംയോജനം സാംഖ്യദർശനത്തിലും, ജ്ഞാനത്തിൻ്റെ വർണന യോഗദർശനത്തിലും, കാലത്തിൻ്റെ വർണന വൈശേഷികദർശനത്തിലും, പരമാത്മാവിൻ്റെ വർണന വേദാന്തദർശനത്തിലുമുണ്ട്.
  17. ഒരു മനുഷ്യൻ കടല മാത്രം കഴിക്കുകയും ബ്രഹ്മചര്യം പാലിക്കുകയും ചെയ്താൽ അയാൾക്ക് മാംസാഹാരികളേക്കാൾ ശക്തനാകാൻ കഴിയും.
  18. യതികൾക്ക് ധനം കൂട്ടിവെക്കുന്നത് നിഷിദ്ധമാണ്, പരോപകാര പ്രവർത്തനങ്ങൾക്കായി ധനം സ്വീകരിക്കുന്നത് പാപമല്ല.
  19. ബ്രഹ്മചര്യം പാലിക്കൽ രാജാക്കന്മാർക്ക് (ഭരണാധികാരികൾക്ക്) അത്യന്താപേക്ഷിതമാണ്. ബ്രഹ്മചര്യം പാലിക്കാനും ശൈശവവിവാഹം തടയാനും ജനങ്ങളെ നിർബന്ധിക്കുന്ന നിയമങ്ങൾ രാജാക്കന്മാർ കൊണ്ടുവരണം. മനുഷ്യർ സദാചാരികളും വൈദികധർമ്മാനുയായികളും ആയിരിക്കണം.
  20. ഭാരതത്തിൽ ഇക്കാലത്ത് ബ്രാഹ്മണ വർഗം പാചക ജോലികൾ ചെയ്യുന്നതായി എല്ലായിടത്തും കാണുന്നു. പുരാതന ഭാരതത്തിൽ ഇതായിരുന്നില്ല സ്ഥിതി. അടുക്കളപ്പണി ഒരുക്കുകയെന്നത് ബ്രാഹ്മണന്റെ ജോലിയല്ല. അങ്ങനെയാണെങ്കിൽ, ഭീമസേനൻ തന്റെ അജ്ഞാത വാസകാലത്ത് എങ്ങനെ വിരാട രാജധാനിയിലെ പ്രധാന പാചകക്കാരനാകും?
  21. മുൻകാലങ്ങളിൽ ജനനം കൊണ്ടല്ല വർണം ഉണ്ടായിരുന്നത് എന്നത് ഒരു വിഷയമായിരുന്നില്ല. താഴ്ന്ന വർണ്ണക്കാരൻ യോഗ്യതയാൽ ഉയർന്നതും ഉയർന്ന വർണ്ണക്കാരൻ മോശമായ പ്രവൃത്തികളാൽ താഴ്ന്നതും ആയ വർണത്തിൽ ആയിത്തീരുന്നു.
  22. വേദങ്ങൾ സ്വത: പ്രമാണമാണ്. സൂര്യന്റെ അസ്തിത്വം തെളിയിക്കുന്നതിന് വിളക്ക് തെളിച്ചു കാണിക്കേണ്ട ആവശ്യമില്ലാത്തതുപോലെ, വേദങ്ങൾ ആധികാരികമാണെന്ന് തെളിയിക്കാൻ മറ്റൊരു തെളിവും ആവശ്യമില്ല.
  23. വിവാഹത്തിൽ ഇത്രയധികം പണം ചെലവഴിക്കുന്നത് അനുചിതമാണ്. കർമ്മം ചെയ്യാത്തവരും, ഭക്ഷണപ്രിയരും ആയ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നതിനേക്കാൾ പോലീസുകാർക്ക് ഭക്ഷണം നൽകുന്നത് ഫലം നൽകുന്നു. രാത്രിയിൽ അവർ നിങ്ങളുടെ വീടുകൾ കാക്കുന്നു.
  24. ഋഷി പരമ്പരയെ പിന്തുടരുക. എന്നെ ഗുരുവായി കണക്കാക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?
  25. വനവാസകാലത്ത് ശ്രീരാമചന്ദ്രൻ പഞ്ചവടിയിൽ വന്ന് താമസിച്ചിരുന്നു എന്നത് കൊണ്ടു മാത്രം പഞ്ചവടിയെ ഒരു തീർത്ഥാടന കേന്ദ്രമായി കണക്കാക്കുന്നത് എന്തിനാണ്?
  26. വേദങ്ങളിലെ ഓരോ മന്ത്രത്തെക്കുറിച്ചും ഞാൻ നന്നായി മനനം ചെയ്തിട്ടുണ്ട്. അവയിൽ യുക്തിക്ക് നിരക്കാത്തതായി ഒന്നുമില്ല.
  27. രൂപമില്ലാത്തതിന് പ്രതിച്ഛായ ഉണ്ടാക്കാൻ കഴിയില്ല. ഈശ്വരന് രൂപം ഇല്ലെന്നതിനാൽ അദ്ദേഹത്തിന്റെ വിഗ്രഹം ഉണ്ടാക്കാൻ സാധിക്കില്ല. ആരുടെയെങ്കിലും ഫോട്ടോ എടുത്തു വെച്ചാൽ അയാളെ ഓർമ്മിക്കാനും കാണാനും അത് കൊള്ളാം. പക്ഷേ നിരാകാരനായ ഈശ്വരന്റെ വിഗ്രഹവും പ്രതിരൂപവും നിർമ്മിച്ച് എന്തെങ്കിലും ചെയ്യുന്നത് തികച്ചും തെറ്റും ശാസ്ത്രവിരുദ്ധവുമാണ്.
  28. മാതാപിതാക്കളെയും ഗുരുവിനെയും സേവിക്കാനും അവരെ അനുസരിക്കാനും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതുപോലെ, തന്നെ എങ്ങനെ സ്തുതിക്കണമെന്ന് ഈശ്വരൻ വേദങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
  29. ഈശ്വരന് മുഖമില്ല. അഗ്നി, വായു, ആദിത്യൻ, അംഗിരസ് എന്നീ നാല് ഋഷിമാരുടെ ഹൃദയങ്ങളിൽ അദ്ദേഹം വേദങ്ങളെ പ്രകാശിപ്പിച്ചു, എന്നാൽ വേദങ്ങൾ സൃഷ്ടിച്ചത് ആ മുനിമാരല്ല. അവ ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതും പറയപ്പെട്ടതുമാവുന്നു. ആ നാല് ഋഷിമാരും ഒന്നും കാണുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഈശ്വരൻ അവരിലൂടെ വേദങ്ങൾ പ്രകാശിപ്പിച്ചു. ഒരു വ്യക്തി പിത്തമോ സന്നിപാത ജ്വരമോ ബാധിച്ച് സംസാരിക്കുന്നതുപോലെ ഈശ്വരൻ നാല് പേരുടെയും ഹൃദയത്തിലും വാണിയിലും വേദങ്ങളെ പ്രകാശിപ്പിച്ചു. അതിന്റെ ശക്തിയാൽ അവർ ഉപദേശിക്കാൻ നിർബന്ധിതരായി. അതുകൊണ്ട് വേദങ്ങൾ പ്രകാശിപ്പിച്ചത് ഈശ്വരൻ തന്നെയാണെന്നത് വ്യക്തമാണ്.
  30. ജീവജാലങ്ങൾ അവരുടെ ജാതിയും പ്രകൃതിയുമനുസരിച്ച് ഒന്നാണ്, എണ്ണത്തിൽ പലതുമാണ്. ഒന്ന്, മനുഷ്യ ജാതി. മറ്റൊന്ന് മൃഗജാതി എന്നിങ്ങനെ. നിങ്ങൾ വെള്ളത്തിൽ നിറം കലർത്തിയാൽ വെള്ളവും കലർത്തുന്ന നിറം പോലെയാകും. അതുപോലെ തന്നെ ഒരു ആത്മാവ് ഏത് ശരീരത്തിലേക്ക് പോകുന്നുവോ അതിന്റെ നിറം, രൂപം ചെറുതും വലുതുമായ ദേഹങ്ങൾ എന്നിവയൊക്കെ അതുപോലെയായിരിക്കും, ശരീരം ചെറുതോ വലുതോ ആകും. എന്നാൽ എല്ലാവരുടെയും ആത്മാവ് ഒരുപോലെ തന്നെയാണ്, ഉറുമ്പായാലും , ആനയായാലും അങ്ങനെ തന്നെയാണത്.

🙏

(കെ. എം രാജൻ മീമാംസക്)
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്‌
കാറൽമണ്ണ വേദഗുരുകുലം

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page