കർക്കിടക മാസം ആയിക്കഴിഞ്ഞാൽ എല്ലായിടത്തും രാമായണം ചർച്ചകളാണ്. വിവാദങ്ങൾക്കും ഒട്ടും കുറവില്ല അതിലൊന്നാണ് ശ്രീരാമൻ മാംസം കഴിച്ചിരുന്നു എന്ന വാദം. ഇതിന് വ്യക്തമായ മറുപടി വർഷങ്ങൾക്കുമുമ്പ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷവും ഈ വിവാദം പൊങ്ങി വരുന്നതു കണ്ടു. ഇപ്പോൾ സമൂഹ്യമാധ്യമങ്ങൾ വഴിയും ശക്തമായ ഒരു പ്രചാരം കാണുന്നുണ്ട്. അതിനൊരു മറുപടി വീണ്ടും തയ്യാറാക്കുകയാണ്.

ശ്രീരാമന്റെ ചരിത്രം ഭാരതീയരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ്. മര്യാദാപുരുഷോത്തമൻ എന്നാണ് അദ്ദേഹത്തെ കീർത്തിക്കപ്പെടുന്നത്. മറ്റൊരു മഹാപുരുഷനെയും ഇത്തരത്തിൽ വിശേഷിപ്പിച്ചു കാണുന്നുമില്ല. അതിനാൽ മര്യാദാപുരുഷോത്തമൻ എന്ന വിശേഷണത്തിന് നിരക്കാത്ത ഒരു കാര്യവും ശ്രീരാമൻ ചെയ്യാനിടയില്ല. വേദങ്ങൾ മാംസഭക്ഷണം കഴിക്കുന്നതിനെ അനുകൂലിക്കുന്നില്ല. സസ്യഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നുമു ണ്ട്. മാംസാഹാരികളെ നിന്ദിക്കുന്നുണ്ട്. നിരപരാധികളായ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് ആര്യ പുരുഷൻമാരുടെ കർത്തവ്യമായാണ് പറയുന്നത്. അത്തരം മൃഗങ്ങളെ പീഡിപ്പിക്കുന്നവർക്ക് കഠോരമായ ശിക്ഷകൾ നൽകാനും ആജ്ഞാപിക്കുന്നുണ്ട്. ഭാരതീയ കാലഗണന പ്രകാരം ശ്രീരാമന്റെ കാലം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ്. നമ്മുടെ ആര്യാവർത്ത ദേശത്ത് മഹാഭാരത യുദ്ധാനന്തരം പ്രത്യേകിച്ച് കഴിഞ്ഞ 250 വർഷങ്ങളോളമായി അനേകം പരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഈശ്വരീയമായ വൈദിക ധർമത്തിന് ലോപം നേരിടുകയും അനേകം മനുഷ്യനിർമ്മിത മതങ്ങൾ രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്. അവയിൽ അനേകം കാര്യങ്ങൾ വേദങ്ങളിൽ പറയുന്ന ധർമ്മത്തിന് വിരുദ്ധവുമാണ്. വാമമാർഗ്ഗികൾ എന്ന ഒരു കൂട്ടരുണ്ട്. അവർ മദ്യം, മാംസം, മീൻ എന്നിവയിലൂടെ ഈശ്വര പ്രാപ്തി നേടും എന്ന് വിശ്വസിക്കുന്നവരാണ്. തങ്ങളുടെ വിശ്വാസ സംഹിതകൾ ശ്രീരാമചന്ദ്രന്റെ ജീവിതവുമായി പൊരുത്തപ്പെടുന്നില്ല എന്നും ജന മാനസങ്ങളിൽ ശ്രീ രാമന്റെ ആദർശങ്ങൾ ആഴത്തിൽ വേരോടിയിട്ടുണ്ട് എന്നുമുള്ള തിരിച്ചറിവ് തങ്ങളുടെ വേദ വിരുദ്ധമായ കാഴ്ചപ്പാടുകൾ ശ്രീരാമനിൽ വെച്ച് കെട്ടാൻ ഇവരെ പ്രേരിപ്പിച്ചു. ശ്രീരാമന്റെ ഏറ്റവും പ്രാമാണികമായ ജീവിതകഥ വർണ്ണിക്കുന്ന വാല്മീകിരാമായണത്തിൽ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകൾ അവർ നടത്തി. അതിന്റെ ഒരു പരിണാമമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ഈ വാദവും. മഹാത്മാ ബുദ്ധന്റെ കാലത്ത് ഈ പ്രക്ഷിപ്ത ഭാഗങ്ങൾക്ക് വിരുദ്ധമായി ‘ദശരഥ ജാതകം’ എന്ന പേരിൽ ഒരു ഗ്രന്ഥം ഉണ്ടാക്കി. അതുപ്രകാരം ശ്രീരാമൻ പൂർണ്ണ അഹിംസാവാദി ആയിരുന്നുവെന്നും ഭഗവാൻ ബുദ്ധൻ തന്റെ കഴിഞ്ഞ ജന്മത്തിൽ ശ്രീരാമനായി ജന്മമെടുത്തു എന്നും പറഞ്ഞുണ്ടാക്കി. ഇത്രയും പറഞ്ഞതെന്തിനെന്നാൽ ശ്രീരാമന്റെ അലൗകികമായ പ്രസക്തിയുടെ തണലു പറ്റി തങ്ങളുടെ ആശയസംഹിതകൾ പ്രചരിപ്പിക്കാൻ കാലാകാലങ്ങളിൽ പലരും ശ്രമിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടാനാണ്. പ്രക്ഷിപ്ത ശ്ലോകങ്ങളുടെ രചന ഇവിടെനിന്നായിരുന്നു ആരംഭിച്ചത്. ഈ ലേഖനത്തെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചു നമ്മുടെ ഇപ്പോഴത്തെ വിഷയം മനസ്സിലാക്കാൻ ഏവരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  1. വാല്മീകി രാമായണത്തിലെ പ്രക്ഷിപ്ത ഭാഗം.
  2. രാമായണത്തിൽ മാംസാഹാരത്തിന് വിരുദ്ധമായി കാണുന്ന തെളിവുകൾ… 3. വേദങ്ങളിലും മനുസ്മൃതിയിലും ഉള്ള മാംസ വിരുദ്ധമായ തെളിവുകൾ.

വാല്മീകി രാമായണത്തിന്റെ പ്രക്ഷിപ്‌ത ഭാഗങ്ങൾ

ഇപ്പോൾ ലഭ്യമായ വാല്മീകി രാമായണത്തിന്റെ പാണ്ഡു ലിപികൾ രണ്ടു പതിപ്പുകളിൽ നിന്നും വന്നതാണ്. ഒന്നാമത്തേത് ബംഗാളിൽ നിന്നാണ്. അതിൽ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യക കാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ ആറു കാണ്ഡങ്ങളും 557 സർഗ്ഗങ്ങളും 19793 ശ്ലോകങ്ങളും ഉണ്ട്. എന്നാൽ രണ്ടാമത്തെ പതിപ്പ് ബോംബെയിൽ നിന്നുള്ളതാണ്. അതിൽ മേൽപ്പറഞ്ഞ 6 കാരണങ്ങൾക്ക് പുറമേ ഉത്തരകാണ്ഡം എന്ന ഏഴാമത്തെ ഒരു കാണ്ഡം കൂടിയുണ്ട്. ആകെ 650 സർഗ്ഗങ്ങളും 224528 ശ്ലോകങ്ങളും ഉണ്ട്. രണ്ടു പ്രതികളിലും പാഠഭേദങ്ങൾ കാണുന്നതിനാൽ ഉത്തരകാണ്ഡം മുഴുവനായും ഏതാനും സർഗ്ഗങ്ങളും നിരവധി ശ്ലോകങ്ങളും പ്രക്ഷിപ്തമാണ് എന്നുറപ്പിക്കാം. പ്രക്ഷിപ്ത ശ്ലോകങ്ങളെ കണ്ടെത്തുന്നത് ഇപ്രകാരമാണ്.

  1. വേദങ്ങളുടെ കാഴ്ചപ്പാടിനു വിരുദ്ധമായവ.
    വേദങ്ങളിൽ മാംസഭക്ഷണത്തെ ശക്തമായി അപലപിക്കുമ്പോൾ വാല്മീകി രാമായണത്തിലെ ഏതാനും ശ്ലോകങ്ങൾ മാംസഭക്ഷണത്തെ ന്യായീകരിക്കുന്നുണ്ട്. അതിനാൽ ഇത് പ്രക്ഷിപ്തങ്ങൾ ആണ്.
  2. ശ്രീരാമന്റെ കാലത്ത് വാമ മാർഗികളുടെ ആശയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നില്ല. അതിനാൽ വാമമാർഗികളുടെ കാഴ്ചപ്പാടുകളുമായി ഒത്തുവരുന്ന ഏതെല്ലാം ഭാഗങ്ങൾ വാല്മീകിരാമായണത്തിൽ കാണുന്നുണ്ടോ അവയെല്ലാം പ്രക്ഷിപ്തങ്ങളാണ്.
  3. ഈശ്വരനാൽ നിർമ്മിക്കപ്പെട്ട സൃഷ്ടി നിയമങ്ങൾ ആദ്യം മുതൽ അവസാനം വരെ വ്യത്യാസമില്ലാത്തതാണ്. അതിനാൽ ഈശ്വരീയ സൃഷ്ടി നിയമത്തിനു വിരുദ്ധമായതെല്ലാം പ്രക്ഷിപ്തങ്ങളാണ്. ഹനുമാൻ തുടങ്ങിയവർ കുരങ്ങൻമാരായിരുന്നു, ജടായു തുടങ്ങിയവർ കഴുകൻമാരായിരുന്നു തുടങ്ങിയവ, മൃഗങ്ങൾ മനുഷ്യരെപ്പോലെ സംസാരിക്കുക എന്നിവയെല്ലാം അസംഭവ്യമാണ്. ഹനുമാൻ, ജടായു എന്നിവർ മഹാപണ്ഡിതരും ശക്തന്മാരായ ശ്രേഷ്ഠ മനുഷ്യരുമായിരുന്നു.
  4. പ്രകരണത്തിന് വിരുദ്ധമായവ പ്രക്ഷിപ്‌തങ്ങളാണ്. സീതയുടെ അഗ്നിപരീക്ഷ തുടങ്ങിയവ അസംഭവ്യങ്ങളാണ്. 14 വർഷം വനത്തിൽ വസിച്ച്‌ രാവണനുമായുള്ള യുദ്ധത്തിൽ വിജയശ്രീലാളിതനായി അയോധ്യയിലേക്കു മടങ്ങുന്ന അവസരത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അനാവശ്യമായ വർണ്ണനകളാണ്.

രാമായണത്തിൽ മാംസാഹാരത്തിന് വിരുദ്ധമായി കാണുന്ന തെളിവുകൾ

ശ്രീരാമനും ലക്ഷ്മണനും യാഗരക്ഷ ചെയ്യുന്നത്. രാമായണം ബാലകാണ്ഡത്തിൽ വിശ്വാമിത്രമഹർഷി ദശരഥ മഹാരാജാവിന്റെ അടുത്തുചെന്ന് തന്റെ സങ്കടം പറയുന്നുണ്ട്. യജ്ഞം ചെയ്യാനൊരുങ്ങുമ്പോൾ മാരീചൻ, സുബാഹു തുടങ്ങിയ രാക്ഷസന്മാർ വിഘ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും മാംസം, രക്തം തുടങ്ങിയ വസ്തുക്കൾ യജ്ഞ വേദിയിലേക്ക് വലിച്ചെറിയുന്നു തുടങ്ങിയവയാണ് ആ സങ്കടങ്ങൾ. രാക്ഷസന്മാരെ അമർച്ചചെയ്യാൻ ശ്രീരാമനെയും ലക്ഷ്മണനെയും ദശരഥൻ വിശ്വാമിത്രന്റെ കൂടെ അയയ്ക്കുന്നു. അതിന്റെ ഫലമായി യജ്ഞത്തിന് തടസ്സങ്ങൾ ഉണ്ടാക്കുന്ന രാക്ഷസന്മാരെ വധിക്കുന്നു. യജ്ഞത്തിൽ പശു ഹിംസയുണ്ടെന്ന് വാദിക്കുന്നവർ വാല്മീകിരാമായണത്തിൽ ദശരഥൻ അനുഷ്ഠിച്ച അശ്വമേധയാഗ ത്തിൽ മൃഗബലി ഉണ്ടായിരുന്നതായി പറയുന്നുണ്ട്. യജ്ഞത്തിൽ മൃഗബലിക്ക് വ്യവസ്ഥ ഉണ്ടെങ്കിൽ വിശ്വാമിത്രന്റെ യജ്ഞത്തിൽ രാക്ഷസന്മാർ മാംസം തുടങ്ങിയവ യജ്ഞ വേദിയിലേക്ക് എറിഞ്ഞു യജ്ഞത്തിന് സഹായം ചെയ്യുകയായിരുന്നു വോ അതോ തടസ്സങ്ങൾ ഉണ്ടാക്കുകയായിരുന്നുവോ എന്നാണ് നമുക്ക് മൃഗബലി വാദക്കാരോട് ചോദിക്കാനുള്ളത്. ഇതിൽ നിന്നും മനസ്സിലാക്കാവുന്നത് രാമായണത്തിൽ അശ്വമേധം തുടങ്ങിയവയിൽ മൃഗബലിയുടെ വർണ്ണന കാണുന്നത് പ്രക്ഷിപ്തം ആണ്. അതിനെ ഖണ്ഡിക്കാൻ രാമായണത്തിൽ നിന്ന് തന്നെ ഉദാഹരണങ്ങൾ എടുക്കാൻ സാധിക്കും.

വസിഷ്ഠ മഹർഷി വിശ്വാമിത്രനെ സൽക്കരിക്കുന്നത

പ്രാചീനഭാരതത്തിൽ അതിഥികളെ സൽക്കരിക്കാൻ മാംസം വിളമ്പിയിരുന്നു എന്നതാണ് മറ്റൊരു ആക്ഷേപം. വാല്മീകിരാമായണത്തിൽ തന്നെ ഇതിനെ ഖണ്ഡിക്കുന്നുണ്ട്. വിശ്വാമിത്ര മഹർഷി വസിഷ്ഠന്റെ ആശ്രമത്തിൽ എത്തിയപ്പോൾ വസിഷ്ഠൻ മാംസഭക്ഷണാദികളെ കൊണ്ടല്ല അദ്ദേഹത്തെ സൽക്കരിച്ചത്. കരിമ്പ് കൊണ്ടുണ്ടാക്കിയ പദാർത്ഥങ്ങൾ, മധുരമുള്ള അന്നങ്ങൾ, ചോറ്, പായസം, പരിപ്പ്, തൈര് തുടങ്ങിയവയാലാണ് സൽക്കരിച്ചത്. മാംസം തുടങ്ങിയവയെക്കുറിച്ചുള്ള യാതൊരു വർണ്ണനയും ഇവിടെ കാണുന്നില്ല. (ബാലകാണ്ഡം സർഗ്ഗം 52, സർഗ്ഗം 53 ശ്ലോകം 1-6)

ശ്രീരാമൻ മാംസാഹാരത്തിനെ നിഷേധിക്കുന്ന പ്രഖ്യാപനം

അയോധ്യാകാണ്ഡം സർഗ്ഗം രണ്ടിൽ 29ആം ശ്ലോകത്തിൽ ശ്രീരാമൻ വനത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അമ്മയായ കൗസല്യയോട് ശ്രീരാമൻ പറയുന്നത് നോക്കുക. “ഞാൻ 14 വർഷം വനത്തിൽ കഴിയും. ഒരിക്കലും വർജ്ജിതങ്ങളായ മാംസ ഭക്ഷണം കഴിക്കില്ല. വനങ്ങളിൽ താമസിക്കുന്ന മുനിമാരെ പോലെ കിഴങ്ങുവർഗങ്ങൾ മാത്രമേ ഭക്ഷിക്കുക യുള്ളൂ.” ഇതിൽ നിന്നും വ്യക്തമാകുന്നത് രാമായണത്തിൽ നിന്നും ഇതിലേറെ തെളിവ് എന്തുവേണം? സീത ആവശ്യപ്പെട്ടപ്പോൾ സ്വർണ്ണ മാനിനെ വേട്ടയാടാൻ പോകുന്ന ഭാഗം. ശ്രീരാമൻ ഈ സ്വർണ്ണ മാനിനെ പിടിക്കാൻ പോയത് ഭക്ഷണാവശ്യത്തിനായിരുന്നുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. രാമായണം ആരണ്യകാണ്ഡത്തിൽ നിന്നുതന്നെ ഇതിനുള്ള ശരിയുത്തരം കിട്ടുന്നുണ്ട്. സീത ശ്രീരാമനോട് പറയുന്നത് നോക്കുക. ” അങ്ങേയ്ക്ക് ഈ സ്വർണ്ണ മൃഗത്തെ ജീവനോടെ പിടിക്കാനായാൽ അത് ഈ ആശ്രമത്തിൽ വസിച്ച്‌ ആനന്ദം നൽകും.” (സർഗ്ഗം 43 ശ്ലോകം 15 ) “ഇനി ഇത് മരണപ്പെടുകയാണെങ്കിൽ അതിന്റെ തോലിലിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” (ആരണ്യകാണ്ഡം സർഗ്ഗം 43 ശ്ലോകം 19 ). ഇതിൽ നിന്നും വ്യക്തമാകുന്നത് സ്വർണ്ണ മാനിനെ പിടിക്കാൻ പോയത് മാംസം ഭക്ഷിക്കുന്നതിനല്ല എന്നാണ്.

ശ്രീഹനുമാൻ സീതാദേവിയോട് പറയുന്ന ഭാഗം

വീര ഹനുമാൻ എല്ലാ തടസ്സങ്ങളെയും മറികടന്ന് ലങ്കയിലെത്തി അശോക വാടികയിൽ ചെന്ന് സീതാദേവിയെ കണ്ടസമയത്ത് സീത ശ്രീരാമന്റെ കുശലാന്വേഷണം നടത്തിയപ്പോൾ ഹനുമാൻ പറയുന്നത് നോക്കുക.” ശ്രീരാമൻ മദ്യ മാംസാദികൾ ഉപയോഗിക്കുന്നില്ല.” (സുന്ദരകാണ്ഡം 36. 41 ) ദുഃഖിതനായ രാമൻ തെറ്റായ ചിന്തകളിൽ പെട്ട് വേദ വിരുദ്ധമായ അജ്ഞാത മാർഗത്തിൽ ചരിക്കാൻ തുടങ്ങിയോ എന്ന സംശയമാണ് സീത ഈ ചോദ്യങ്ങളിലൂടെ ഉന്നയിക്കുന്നതായി കാണുന്നത്. ഇനി ശ്രീരാമൻ മാംസാഹാരി ആയിരുന്നുവെങ്കിൽ സീതയ്ക്ക് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യം വരുന്നില്ല. അതിനാൽ ശ്രീരാമൻ മാംസഭക്ഷണം കഴിച്ചിരുന്നതായി വാല്മീകിരാമായണത്തിൽ കാണുന്ന (ശ്ലോകങ്ങൾ അയോധ്യാ കാണ്ഡം 55. 32, 102. 52, 96. 1 – 2, 56. 24-27, ആരണ്യകാണ്ഡം 73. 24 – 26, 68. 32, 47. 23- 24, 44. 27 കിഷ്കിന്ധാ കാണ്ഡം 17. 39) എല്ലാം പ്രക്ഷിപ്‌തങ്ങളാണ്.

വൈദിക സാഹിത്യത്തിൽ ഏതാനും ചിലത് മാംസാഹാരത്തെ അനുകൂലിക്കുന്നു എന്ന തരത്തിൽ തല്പര കക്ഷികൾ പ്രചരിപ്പിക്കുന്നവ അടിസ്ഥാനരഹിതമായവയാണ്. ഇതിന് ചിലർ സ്വാമി വിവേകാനന്ദന്റെ സന്ദർഭത്തിൽ നിന്നടർത്തി മാറ്റിയ വാക്യങ്ങളെയും ഉപയോഗിക്കുന്നുണ്ട്. വിവേകാനന്ദ സ്വാമികളുടെ ഇപ്പോഴത്തെ അനുയായികൾ പലരും മാംസാഹാരികൾ ആയതിനാൽ അതിനെ അവർ എതിർക്കാനുമിടയില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില കുപ്രചാരണങ്ങളെ ഇവിടെ തുറന്നു കാട്ടുകയാണ്.

മഹാഭാരതം അനുശാസന പർവ്വം എൺപത്തെട്ടാം അധ്യായത്തിൽ 10 ശ്ലോകങ്ങളുണ്ട്. അവയിലൊന്നിലും ചോദ്യത്തിൽ വിവരിക്കുന്ന തരത്തിലുള്ള മാംസാഹാര വിഷയമില്ല. ഗവ്യം എന്നുപറയുന്നത് പശുവിനെ കൊല്ലാനല്ല. പശുവിന്റെ ഉൽപ്പന്നമായ പഞ്ചഗവ്യങ്ങളെയാണിവിടെ വിവരിക്കുന്നത്. പത്തു ശ്ലോകങ്ങളുടെ പൂർണ്ണ അർത്ഥം സ്ഥലപരിമിതിമൂലമാണ് ഇവിടെ കൊടുക്കാത്തത്. താത്പര്യമുള്ളവർ ഗീതാപ്രസ് ഗോരഖ്‌പൂർ പ്രസിദ്ധീകരിച്ച മൂല മഹാഭാരതം ആറാം വാള്യം പേജ് 5744 നോക്കി സ്വയം വിലയിരുത്താവുന്നതാണ്.

ഋഗ്വേദം ആറാം മണ്ഡലത്തിലെപതിനേഴാം സൂക്തത്തിൽ പറയുന്ന ‘ഗവ്യം’തുടങ്ങിയ പദങ്ങൾക്ക് പശു എന്നർത്ഥമില്ല. പശുവിൽനിന്നും ലഭിക്കുന്നതാണ് ഗവ്യം എന്ന് സാമാന്യ സംസ്‌കൃത ജ്ഞാനമുള്ള ആർക്കും മനസ്സിലാവും. ഈ സൂക്തത്തിലെവിടെയും കാള , കുതിര എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നതായി പറയുന്നില്ല. വേദങ്ങൾ അർത്ഥസഹിതം പരിശോധിക്കണമെങ്കിൽ Google pla store ൽ പോയി onlineveda എന്ന App സൗജന്യമായി download ചെയ്തു നോക്കാവുന്നതാണ്.

മറ്റൊരു ആരോപണം ഉപനിശത്തുകളിൽ മാംസാഹാരം പറയുന്നുണ്ട് എന്നാണ്.

ബൃഹദാരണ്യക ഉപനിഷത് 6418: (ഇതിൽ കൊടുത്തിരിക്കുന്ന മന്ത്രസംഖ്യ ശരിയല്ല. ആറാംഅധ്യായം നാലാം ബ്രാഹ്മണം പതിനെട്ടാം കണ്ടിക (6.4.18) എന്നതാവും ഉദ്ദേശിച്ചത് എന്ന് തോന്നുന്നു). ഈ മന്ത്രത്തിന്റെ അർത്ഥമിങ്ങനെയാണ്. “പുത്ര പ്രാപ്‌തിക്കായി ഉഴുന്നും അരിയും ചേർത്ത് വേവിച്ച ഭക്ഷണം വിധിപൂർവ്വം കഴിക്കണം. മാഷം എന്നതിന് ഉഴുന്നെന്നാണർത്ഥം. (ചിലരിതു മാംസമാക്കി !).വിശദമായ വിശദീകരണം ആഗ്രഹിക്കുന്നവർ ഉപനിഷദ് ഭാഷ്യം നേരിട്ട് നോക്കുക. ഔക്ഷം, ഋഷഭ മെന്ന ‘ശബ്ദങ്ങൾ ഓർക്കുക എന്ന ധാതുവിൽ നിന്ന് വന്നതാണ്. ഉക്ഷത്തിൽനിന്ന് ഉക്ഷനും ഉക്ഷന്റെ വിശേഷണം ഓക്ഷനുമാണ്. ഔഷധവിധിയെക്കുറിച്ചു പറയുന്ന ഔഷധശാസ്ത്രമെന്നറിയപ്പെടുന്നു. ഏതെല്ലാം മിശ്രിതങ്ങളടങ്ങിയ ഔഷധികൾ ഏതളവിൽ ഉപയോഗിക്കണമെന്ന് പറയുന്ന ശാസ്ത്രമാണ് ഔക്ഷ ശാസ്ത്രം.
ആർഷഭ വിധി – ഋഷഭ ശബ്ദത്തിന്റെ വിശേഷണമാണ്. ആർഷഭം, ഋഷഭം, ഋഷി എന്നീ ശബ്ദങ്ങൾ പര്യായവാചികളാണ്. ആർഷഭമെന്നാൽ ഋഷികൃത മായത് അഥവാ ഋഷിമാരാൽ ഉണ്ടാക്കിയത് എന്നർത്ഥം. ഔഷധ ശാസ്ത്ര ത്തോടൊപ്പം ആർഷഭ ശബ്ബ്‌ദം വരുന്നതിന്റെ ഭാവം ഋഷിമാരാൽ ഉണ്ടാക്കിയ വിധി അഥവാ പദ്ധതി എന്നർത്ഥം.

മനുസ്മൃതിയും മാംസാഹരവും

മനുസ്മൃതി (5. 30, 32, 35): മനുസ്മൃതിയിലേതായി പറയുന്ന ഈ ശ്ലോകങ്ങളെല്ലാം പ്രക്ഷിപ്തങ്ങളാണ്. മനുസ്മൃതിയെ ആധികാരികമായി പഠിച്ചു പ്രമുഖ ആര്യസമാജ പണ്ഡിതനായ ഡോ. സുരേന്ദ്രകുമാർ പ്രക്ഷിപ്തഭാഗങ്ങൾ എല്ലാം ഒഴിവാക്കി “വിശുദ്ധ മനുസ്മൃതി “എന്ന ഒരു പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അതിൽ ഇവിടെ ഉദ്ധരിച്ച ശ്ലോകഭാഗങ്ങൾ ഇല്ല. എന്തുകൊണ്ട് ഇവ പ്രക്ഷിപ്തമാവുന്നു എന്ന വിശദീകരണവും നൽകിയിട്ടുണ്ട്. ആര്യസമാജത്തിന്റെ മലയാളം മുഖപത്രമായ ‘ദയാനന്ദ സന്ദേശത്തിലൂടെ’ ഈ ഗ്രന്ഥത്തിന്റെ മലയാള തർജ്ജമ ഈ ലേഖകൻ ഖണ്ഡശഃ യായി പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
മുസ്ലിമുകൾക്കു ‘ശരി യത്’ പോലെ യുള്ളതരത്തിൽ മനുസ്മൃതി നമ്മുടെ പരമപ്രമാണ ഗ്രന്ഥമൊന്നുമല്ല. വേദങ്ങളാണ് നമ്മുടെ പ്രമാണം.അതിലൊരിടത്തും മാംസഭക്ഷണത്തിനു വിധിയില്ല. സൃഷ്ടിയുടെ തുടക്കത്തിൽ മനുഷ്യരുടേ സമൂഹമെന്ന നിലക്കുള്ള നിലനിൽപ്പിനായി ഉണ്ടാക്കിയ ഒരു നിയമസംഹിതമാത്രമാണ് മനുസ്മൃതി. ഇന്നീ നിയമം ലോകത്തെവിടെയും നടപ്പിലില്ല. അംബേദ്‌കർ സ്മൃതി എന്നുവിളിക്കാവുന്ന ഭാരത ഭരണഘടനയാണ് നമ്മൾ ഇന്ന് അനുസരിക്കുന്നത്. മനുസ്മൃതി നിയമം നടപ്പാക്കണമെന്ന് ഇന്നാരും ആവശ്യപ്പെടുന്നുമില്ല. മൂത്തലാക്കു പോലുള്ള അനാചാരങ്ങൾ അടങ്ങിയ പ്രാകൃത നിയമങ്ങൾ നിലനിർത്തണമെന്ന് വാദിക്കുന്നവർക്കെതിരെ ചങ്കൂറ്റമില്ലാത്തവരാണ് മനുസ്മൃതിക്ക്‌ നേരെ വാളോങ്ങുന്നത് എന്നത് വിരോധാഭാസമാണ്.

സുശ്രുത സംഹിതയിൽ നിന്നുദ്ധരിച്ചവ

ആയുസ്സിനെ വർധിപ്പിക്കുന്ന – രോഗചികിത്സാ വിധികളും പ്രതിരോധ മാർഗ്ഗങ്ങളുമാണിതിലെ മുഖ്യ പ്രതിപാദ്യം. രോഗചികിത്സയുടെ ഭാഗമായും മരുന്നുകൾ ഉണ്ടാക്കുന്നതിനുമായി ചില മൃഗങ്ങളുടെ ശരീരഭാഗങ്ങളും മറ്റും ആയുർവേദക്കാർ ഉപയോഗിക്കുന്നുണ്ടായിരിക്കാം (ആയുർവേദം ഉപവേദമാണ്. അതിനാൽ പ്രാണി ഹിംസയെ ഔഷധനിർമ്മാണത്തിനു പോലും അത് ന്യായീകരിക്കാൻ സാധ്യതയില്ല. ചരക സംഹിത പോലുള്ളവക്ക് മുമ്പുണ്ടായിരുന്ന ആയുർവേദ ഗ്രന്ഥങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ഇതിൽ ഒരു നിർണ്ണയത്തിലെത്തുക വിഷമമാണ്. നമ്മുടെ ശ്രീരാമനും ശ്രീകകൃഷ്ണനുമൊക്കെ ആയുർവേദം അടക്കമുള്ള സാംഗോപാംഗ വേദ പഠനം നടത്തിയവരാണ്. ചരകനും ശുശ്രുതനുമൊക്കെ മുമ്പും അനേകം ആയുർവേദ ആചാര്യന്മാർ ഉണ്ടായിട്ടുണ്ട്. അവർ ആരെങ്കിലും ഔഷധ നിർമ്മാണത്തിനുപോലും പ്രാണി ഹിംസയെ ന്യായീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ഇന്ന് ലഭിക്കാത്തത് എന്തുകൊണ്ട്?).ആയുർവേദത്തിൽ മാത്രമല്ല അലോപ്പതിയിലും ഇത് കാണാം. ഇതിലെവിടെയും അകാരണമായി നിസ്സഹായരായ സാധുമൃഗങ്ങളെ കൊന്നു തിന്നണമെന്നു അർത്ഥമാക്കുന്നില്ല. മാത്രവുമല്ല, ആയുർവ്വേദം ഉപദേശിക്കുന്നത് സസ്യാഹാരം ശീലമാക്കാനാണ്. സുശ്രുത സംഹിത ശരീരാധ്യായം 2 ൽ ഗർഭിണികൾ മാംസാഹാരം വർജ്ജിക്കണമെന്നു പറയുന്നുമുണ്ട്. മാംസമെന്നതിന് സംസ്‌കൃത വ്യാകരണത്തിൽ വിഭിന്ന അർത്ഥങ്ങളുണ്ട്. നിരുക്തം 4.1.3 അനുസരിച്ചു മനനത്തിനു യോജിച്ച വസ്തു, ബുദ്ധിവർദ്ധകവും മനസ്സിന് നല്ലതെന്നു തോന്നുന്നത്, പഴങ്ങളുടെ ഉൾഭാഗം (മാംസളഭാഗം ), പായസം എന്നൊക്കെ മാംസമെന്നതിന്റെ അർത്ഥ പരിധിയിൽ വരുന്നു. ചരകസംഹിതയിൽ ആമ്ര മാംസം (മാങ്ങയുടെ മാംസളഭാഗം ), ഖജൂർമാംസം (ഈന്തപ്പഴത്തിന്റെ ഉൾഭാഗം )എന്നിവയും മാംസമെന്ന വിശേഷണത്തിൽ പെടുത്തിട്ടിട്ടുണ്ട് എന്നോർക്കുക. തൈത്തിരീയ സംഹിത 2. 32. 8 ൽ തൈര്, തേൻ, ധാന്യം എന്നിവക്ക് മാംസമെന്നു പറയുന്നു.

കാളിദാസന്റെ രഘു വംശം (16. 8 ) ത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണം

ചോദ്യത്തിൽ ഉന്നയിച്ച ശ്ലോക സംഖ്യ ശരിയാണെന്നു തോന്നുന്നില്ല. കുണ്ടൂർ നാരായണമേനോൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത പതിനാറാം സർഗ്ഗം എട്ടാം ശ്ലോക മിപ്രകാരമാണ്. ഇതിൽ ഒരു പശുബലിയുമില്ല.
“വരാംഗി ! നീയാരെ, വനുള്ള ഭാര്യ, യെൻ പുരാന്തരേ വന്നതിനെന്തു കാരണം ? ഉരക്കുവമ്പുള്ള രഘുക്കൾ തന്മനം വരംഗനാ നിസ്പൃഹമെന്നതോർത്തു നീ ”

വിവേകാനന്ദ സാഹിത്യ സർവസ്വത്തിലെ പരാമർശങ്ങൾ

മഹർഷി ദയാനന്ദ സരസ്വതിമാത്രമാണ് ശങ്കരാചാര്യർക്കു ശേഷം വേദോദ്ധാരണം പ്രധാന ലക്ഷ്യമായിക്കണ്ടത്. അപൗരുഷേയമായ വേദങ്ങൾ, സദാചാര പൂർണ്ണമായ വേദാദി ശാസ്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്ന നിത്യ -നൈമിത്തിക അനുഷ്ഠാനങ്ങൾ എന്നിവയിൽ മഹർഷി ദയാനന്ദനും ആര്യസമാജവും ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ സാഹിത്യരചനകളിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു സ്ഥാനവും കാണില്ല. എന്നാൽ മറ്റു ഹൈന്ദവ നവോദ്ധാന പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തിരുന്നില്ല. വിവേകാനന്ദ സ്വാമികളുടെ ദേശീയ കാഴ്ചപ്പാടിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. എന്നാൽ ആധ്യാത്മിക വിഷയങ്ങളിൽ പരസ്പര വിരുദ്ധമായ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നതായി വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിച്ചാലറിയാം. ചിലയിടങ്ങളിൽ മാംസാഹാരത്തെയും മൃഗ ബലിയെയുമൊക്കെ അദ്ദേഹം ന്യായീകരിച്ചതായി കാണുന്നുണ്ട്. ബംഗാളിൽ ബ്രാഹ്മണരിൽത്തന്നെ നല്ലൊരുവിഭാഗം മൽസ്യാഹാരികളാണ്. കാളീ ഉപാസകർക്കു ക്ഷേത്രങ്ങളിൽ കോഴികളെയും മറ്റും കൊല്ലുന്നത് ധർമ്മത്തിന്റെ ഭാഗമാണല്ലോ ?സാധുപ്രാണികളെ ആരാധനയുടെ പേരിലും ഭക്ഷണത്തിന്റെ പേരിലും കൊല്ലുന്നതു വേദവിരുദ്ധമാണ്. വിവേകാനന്ദ സ്വാമികൾ പറഞ്ഞ നല്ലകാര്യങ്ങൾക്കു നേരെ കണ്ണടച്ചു മാംസാഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചൂണ്ടി കാട്ടുന്നത് വിരോധാഭാസമാണ്. വിവേകാനന്ദന്റെ തീവ്രഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനും പിന്തുടരാനും മാംസഭോജികൾക്കുവേണ്ടി വാദിക്കുന്നവർ തയ്യാറാകുമോ ?

വേദാദി ശാസ്ത്രങ്ങളിൽ മാംസാഹാരത്തിനു വിധിയില്ലാ എന്നുമാത്രമല്ല, കർശനമായ നിഷേധമുണ്ടുതാനും. ചില വേദവാണികൾ മാത്രം ഉദ്ധരിക്കാം.

  1. യജ്ഞത്തിന് അധ്വര (ഹിംസാരഹിതം )മെന്നാണ് പറയുന്നത്. ഋഗ്വേദം (1. 1. 8, 1. 14. 21, 1. 28. 4, 1. 19. 1), സാമവേദം (2. 4. 2), അഥർവ്വവേദം (4. 2. 4. 3, 1. 4. 2)തുടങ്ങിയ മന്ത്രങ്ങൾ നോക്കുക.
  2. യജ്‌ഞം ശേഷ്ഠതമായ കർമ്മം ആണെന്നും പശുക്കളെ സംരക്ഷിക്കണമെന്നും യജുർവേദത്തിലെ ആദ്യമന്ത്രം (1.1.(തന്നെ പറയുന്നു.
  3. പശുവിനെ കൊല്ലുന്നകാർക്കു വധ ശിക്ഷ നൽകണം (യജുർവേദം 30.18).
    മധ്യകാലഘട്ടത്തിൽ ധാർമ്മിക ച്യുതി വന്നപ്പോൾ മാംസാഹാരം, മദ്യം, അശ്ലീലത എന്നിവ വ്യാപകമായി. മതമതാന്തരങ്ങളിൽ വിശ്വസിച്ചു വന്നിരുന്നവർ തങ്ങളുടെ മനോഗതിക്കനുസരിച്ചു വേദഭാഷ്യങ്ങൾ ചമക്കുകയും വ്യാസന്റെയും മറ്റും പേരിൽ പുരാണങ്ങളുണ്ടാക്കുകയും മാംസാഹാരത്തിനും മൃഗബലിക്കും സ്ത്രീകളെയും പിന്നാക്കം നിൽക്കുന്നവരെയും മുഖ്യധാരയിൽ നിന്നകറ്റി നിർത്തുന്ന വിധികൾ ശ്ലോകരൂപത്തിലുണ്ടാക്കി ധർമ്മ ഗ്രൻഥ ങ്ങളായ മനുസ്മൃതിയിലും ഇതിഹാസങ്ങളിലും വേദഭാഷ്യങ്ങളിലും കൂട്ടിച്ചേർത്തു ഇവ വായിച്ച മാർക്സ് മുള്ളർ, ഗ്രിഫിത് വിത്സൺ തുടങ്ങിയ പാശ്ചാത്യരും സായണ ൻ, മഹീധരൻ, ഉവ്വടൻ തുടങ്ങിയ ഭാരതീയ പണ്ഡിതരും വേദങ്ങളിൽ മാംസാഹാര വിധിയുണ്ടെന്നു ശക്തിയായി പ്രചരിപ്പിച്ചു പവിത്രമായ വേദങ്ങളെ കളങ്കപ്പെടുത്തിയെന്നു മാത്രമല്ല, ലക്ഷകണക്കിന് സാധുമൃഗങ്ങളെ കൊന്നൊടുക്കി മാനവ ജാതിയെ പാപികളാക്കി മാറ്റി. വിവേകാനന്ദ സ്വാമികളെപ്പോലുള്ളവർ പോലും ഇത്തരം പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടു എന്ന് വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിച്ചാലറിയാം. മാംസാഹാരപ്രിയരായവർ ഉദ്ധരിക്കുന്നത് ഇത്തരം തെറ്റായ വ്യാഖ്യാനങ്ങളാണ്. അവയെ തുറന്നുകാട്ടി വേദധർമ്മത്തെ സംരക്ഷിച്ചു നിലനിർത്തേണ്ടത് ആസ്തികരായ നാമോരോരുത്തരുടേയും പരമ ധർമ്മമാണ്).

ഓം കൃണ്വന്തോ വിശ്വമാര്യം (ഋഗ്വേദം 9.63.5)


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page