-കെ. എം. രാജൻ മീമാസംസക്

സ്വാതന്ത്ര്യ സമരസേനാനിയും ആര്യസമാജത്തിന്റെ സമുന്നത നേതാവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷിദിനമാണ് ഇന്ന്. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം നടത്തുകയാണിവിടെ.

പഞ്ചാബിൽ ജലന്ധറിലെ തൽവാൻ ഗ്രാമത്തിൽ 1856 ഫെബ്രുവരി 22 നാണ് അദ്ദേഹം ജനിച്ചത്. ഉത്തർപ്രദേശിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാലാ നാനക് ചന്ദിൻ്റെ ഇളയ മകൻ. ബൃഹസ്‌പതി വിജ് എന്ന് പൂർവാശ്രമത്തിലെ പേര്. മുൻഷി റാം വിജ് എന്ന് പിന്നീട് പിതാവ് മാറ്റി. 1917 ൽ സംന്യാസം സ്വീകരിച്ചു. പല കാരണങ്ങളാൽ നിരീശ്വരവാദിയായി. അവയിൽ ചിലത് ഇവയാണ്. ഒരിക്കൽ ഒരു ധനികസ്ത്രീ തൊഴുമ്പോൾ ക്ഷേത്ര പ്രവേശനം അദ്ദേഹത്തിന് വിലക്കി. ഒരു വികാരിയും കന്യാസ്ത്രീയും അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതിന് ദൃക്സാക്ഷി ആയി. കൃഷ്‌ണ പ്രസ്ഥാനത്തിലെ പുരോഹിതർ യുവഭക്തയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. മുസ്ലീം വക്കീലിന്റെ വീട്ടിൽ ഒരു പെൺകുട്ടി ദുരൂഹമായി മരിച്ചു. തുടങ്ങിയ പല കാരണങ്ങളാൽ അദ്ദേഹം നിരീശ്വരവാദിയായി.

പഠിത്തം പൂർത്തിയാക്കി വക്കീലായി. പഞ്ചാബിലും ഇപ്പോൾ പാകിസ്ഥാനിൽ പെടുന്ന പ്രവിശ്യകളിലും ആര്യസമാജ പ്രവർത്തനത്തിന് നേതൃത്വം നൽകി. 1902 ൽ ഹരിദ്വാറിനടുത്ത് കാംഗ്ഡിയിൽ ആര്യസമാജം ഗുരുകുലം സ്ഥാപിച്ചു. ദേശീയ വാദികളുടെ കേന്ദ്രമായിരുന്നു ആ ഗുരുകുലം. ബ്രിട്ടീഷ് സർക്കാർ ഈ ഗുരുകുലത്തിൽ പോലീസ് പരിശോധന നടത്തുകയുണ്ടായി. ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാൽ ഗുരുകുലത്തിൽ നിന്ന് അവർക്ക് കണ്ടെടുക്കാനായത് സത്യാർത്ഥപ്രകാശം എന്ന പുസ്തകമായിരുന്നു. ദേശീയവാദികളെ വാർത്തെടുക്കാൻ ഈ പുസ്തകം വഹിച്ച പങ്ക് വളരെ പ്രസിദ്ധമാണ്. രാം പ്രസാദ് ബിസ്മിലിനെ പോലുള്ള സ്വാതന്ത്ര്യസമര ഭടൻമാരെ പ്രചോദിപ്പിച്ചത് സത്യാർത്ഥപ്രകാശം എന്ന ഈ ബോംബാണ്. ഗുരുകുൽ കാംഗ്ഡി സർവകലാശാല എന്നപേരിൽ ആണ് ഇന്ന് ഈ ഗുരുകുലം അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചിരുന്ന ഗാന്ധിജിക്ക് സ്വാമിജി അക്കാലത്ത് 1500 രൂപ സമാഹരിച്ചു നൽകി. ഗാന്ധിജിക്ക് ‘മഹാത്മാ’ എന്ന ഉപാധി നൽകിയത് സ്വാമി ശ്രദ്ധാനന്ദനായിരുന്നു.

ബറേലിയിൽ സ്വാമി ദയാനന്ദസരസ്വതിയെ കണ്ടത് അദ്ദേഹത്തിന് വഴിത്തിരിവായി. 1917 ൽ സംന്യാസം സ്വീകരിച്ചു. ഫരീദാബാദിലെ അരാവലിയിൽ ഗുരുകുൽ ഇന്ദ്രപ്രസ്ഥ തുടങ്ങി. നിരവധി ഗുരുകുലങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നൽകി. അയിത്തോച്ചാടനം, സ്ത്രീവിദ്യാഭ്യാസം തുടങ്ങി അനേകം ഹിന്ദു നവോത്ഥാന – സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തു. ഡൽഹി ജമാ മസ്‌ജിദിൽ നിന്ന് ആയിരങ്ങളെ അഭിസംബോധന ചെയ്ത ഏക ഹിന്ദു സംന്യാസിയാണദ്ദേഹം. വേദമന്ത്രങ്ങളോടെ ആയിരുന്നു ദേശീയ ഐക്യത്തിനുവേണ്ടി അദ്ദേഹം അവിടെ സംസാരിച്ചത്. ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോൾ കോൺഗ്രസ്സിൽ നിന്ന് അദ്ദേഹം രാജി വെച്ചു പുറത്തു പോന്നു. Inside Congress എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഏറെ പ്രശസ്തമാണ്.

ശ്രദ്ധാനന്ദൻ 1924 ൽ വൈക്കം സത്യഗ്രഹ പന്തലിൽ നായന്മാരെയും ഈഴവരെയും ഒരേ പന്തലിൽ വിളിച്ചിരുത്തി ഹിന്ദു ഐക്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി സത്യഗ്രഹത്തിന് 1000 രൂപ സംഭാവന ചെയ്തിരുന്നു. പാലക്കാട്‌ കൽപ്പാത്തിയിൽ പൊതുവീഥികളിൽ അവർണ്ണർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ ആര്യസമാജം നടത്തിയ പ്രക്ഷോഭത്തിൽ അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. മദ്രാസ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് അദ്ദേഹം നേടിയെടുത്തു.

1923 ൽ ഭാരതീയ ഹിന്ദു ശുദ്ധി സഭ സ്ഥാപിച്ചു. മാപ്പിള ലഹളയിൽ ഹിന്ദുക്കളെ നിർബന്ധിതമായി ഇസ്ലാമാക്കിയതാണ് ശ്രദ്ധാനന്ദന്റെ ശുദ്ധി പ്രസ്ഥാനത്തിന് വഴിവച്ചത്. ശുദ്ധി പ്രസ്ഥാനം വഴി മതം മാറിപ്പോയ ലക്ഷങ്ങളെ തിരിച്ചു കൊണ്ടുവന്നു. 1926 ഡിസംബർ 23 ന് അബ്ദുൽ റഷീദ് എന്നൊരാൾ രോഗശയ്യയിൽ ആയിരുന്ന സ്വാമിജിയെ വെടിവെച്ചു കൊന്നു.

ശ്രദ്ധാനന്ദന്റെ കൊലയ്ക്ക് പിന്നാലെ ഡിസംബർ 26 ന് ഗുവാഹട്ടി കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജി അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്നാൽ ഭഗത് സിംഗ്, രാജ്‌ ഗുരു, സുഖ് ദേവ് എന്നീ ദേശീയവാദികൾക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ വധശിക്ഷയെ ന്യായീകരിച്ച ഗാന്ധിജി സ്വാമി ശ്രദ്ധാനന്ദന്റെ കൊലയാളിയായ അബ്ദുൽ റഷീദിനെ വെറുതെ വിടാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്വാമി ശ്രദ്ധാനന്ദനെ ഒരു മുസ്ലീം മതഭ്രാന്തൻ വധിച്ചപ്പോൾ മഹാകവി വള്ളത്തോളിന്റെ രോഷം രണ്ട് കവിതകളിൽ അണപൊട്ടി. വള്ളത്തോൾ ആ മരണത്തെപ്പറ്റി 1926 ൽ പാരവശ്യം 1927 ൽ ഒന്നാമത്തെ മതം എന്നീ കവിതകൾ എഴുതി. കാഫിറിനെ കൊന്നാൽ സ്വർഗം കിട്ടുമെന്ന അസംബന്ധം കൊണ്ടുനടക്കുന്ന മുസ്ലീകളെ വള്ളത്തോൾ രണ്ടാമത്തെ കവിതയിൽ ഇങ്ങനെ അഭിസംബോധന ചെയ്തു;

“കാഫിർ തന്നുയിർക്കാറ്റാൽ സ്വർഗത്തിൽപ്പറന്നെത്താൻ കാംക്ഷിച്ചു സഹജന്റെയന്ധതയോർക്കുന്തോറും ലജ്ജിപ്പൂ; മുസൽമാരഴലിന്നടിത്തട്ടിൽ മജ്ജിപ്പൂ മതഭ്രാന്തേ നീയൊരു മദ്യോന്മാദി. യേശു, വീശ്വര, നള്ളാ വിത്യാദിവിളിയെല്ലാ
മേശുവതൊരുവൻ്റെ തിച്ചെവികളിലത്രെ ആയെന്നനനേകത്വമില്ലാത്ത കാലത്തോള മാന്തരാർത്ഥത്തിൽ ഭിന്നിപ്പുണ്ടാമോ മതങ്ങൾക്കും? ബൈബിളിലുപനിഷസൂക്തികൾ വായിച്ചു നാം ബൈബിൾ വായിപ്പൂ നബിപ്രോക്തമാം വേദത്തിൽ നാം ഭേദമൊക്കെയും മിഥ്യാബോധത്തിൻ പണിത്തരം സോദരന്മാരേ വൃഥാ തങ്ങളിലകലായ് വിൻ! ആദിയിലിന്ത്യക്കാർ നാം മുസൽമാൻ ഹിന്ദു ക്രൈസ്തവാദികളാകുന്നതു രണ്ടാമതായ്ക്കൊള്ളട്ടെ ദഞ്ചുതവർജിതർ നമ്മളൊരറ്റ സമുദായം മാതൃസേവനം നമുക്കൊന്നാമത്തതാം മതം!”

പാരവശ്യം 1927 മേയിൽ സാഹിത്യ രസികൻ മാസികയിലാണ് വന്നത്. അതിൽ, വള്ളത്തോൾ എഴുതി:

“ഇരവു തന്നെയോ മദീയരാജ്യത്തിന്നൊരു പുലർകാലമിവിടെയില്ലയെന്നോ! യതി ശ്രദ്ധാനന്ദഗുരുവൃദ്ധനുടെ യതിവിശുദ്ധമാം തിരുമാറിടവും ശിഖഹിന്ദു ക്രിസ്‌ത്യ മുഹമ്മദീയാദി നിഖിലജാതിയ്ക്കു മൊരേവിധം സ്ഥാനം തനതന്തർഭാഗത്തരുളി പോന്നൊരു സനാതന സ്നേഹമസൃണമാം ഹൃത്തും വെടിയുണ്ടകളാൽ പിളർത്തുവാൻ മാത്ര മടിപെട്ടിതല്ലോ മതസ്പ‌ർധയ്ക്കു നാം!”

ഒരു കാഫിറിനെ (അവിശ്വാസിയെ) കൊന്നാൽ സ്വർഗം കിട്ടും എന്ന് വിശ്വസിച്ച മുസ്ലീം ഘാതകനോട് കവി പറഞ്ഞത് അത് പിശാചിന്റെ സ്വർഗം ആയിരിക്കും എന്നാണ്:

“കടന്നു കാഫിറെ വധിച്ചു വിണ്ണേറാൻ നെടുങ്കോണി വെച്ച മുസൽമാൻ ഭ്രാതാവേ കൊലപാതകത്താൽക്കിടച്ചിടും സ്വർഗം കൊടും പിശാചിൻ്റെ വകയായിരിക്കും!”

‘കല്യാണ മാർഗ് കാ പഥിക് ‘, ‘മേരേ പിതാ’ എന്നീ ഹിന്ദി ഗ്രന്ഥങ്ങൾ സ്വാമി ശ്രദ്ധാനന്ദന്റെ മഹത്വം വിളിച്ചോതുന്നവയാണ്. ഹിന്ദു സംഘടൻ: ക്യോം ഓർ കൈസേ? എന്ന പുസ്തകം 1920 കളിൽ പുറത്തു വന്നു. അതിൽ പറയുന്ന കാര്യങ്ങളിൽ അന്നത്തെ സാമൂഹ്യ അന്തരീക്ഷം വ്യക്തമാക്കുന്നുണ്ട്. സ്വാമിജി ആ ഗ്രന്ഥത്തിലൂടെ നൽകിയ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അന്നത്തെ ദേശീയ നേതൃത്വം ഗൗരവമായി എടുത്തിരുന്നുവെങ്കിൽ 1947 ലെ ഭാരത വിഭജനം പോലും ഒഴിവാക്കാമായിരുന്നു. ഈ പുസ്തകം ഈ ലേഖകൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ദേശീയ വീക്ഷണം ഉള്ള എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം ആണ്.

സ്വാമി ശ്രദ്ധാനന്ദന്റെ രക്തസാക്ഷി ദിനത്തിൽ ആര്യസമാജം കേരള ഘടകവും കാറൽമണ്ണ വേദഗുരുകുലവും ആ മഹാപ്രതിഭയുടെ ഓർമ്മക്ക് മുന്നിൽ നമിക്കുന്നു. അദ്ദേഹം നയിച്ച കഠിനമായ വേദപ്രചാരണ പാതയിൽ സധൈര്യം മുന്നേറാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഓം കൃണ്വന്തോ വിശ്വമാര്യം (ഋഗ്വേദം 9.63.5)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page