മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ പ്രശിഷ്യനും ദര്‍ശന്‍ യോഗ് മഹാവിദ്യാലയ്, വാനപ്രസ്ഥ സാധകാശ്രമം (റോജഡ്) എന്നിവയുടെ സ്ഥാപകനുമായ സ്വാമി സത്യപതിജി പരിവ്രാജകന് സാദരം ശ്രദ്ധാഞ്ജലികളര്‍പ്പിക്കുന്നു. ഇന്ന് രാവിലെ റോജഡിലെ വാനപ്രസ്ഥ സാധകാശ്രമത്തില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. പതഞ്ജലിമുനിയുടെ അഷ്ടാംഗയോഗത്തിന്റെ യഥാസ്വരൂപത്തെ എങ്ങും പ്രചരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായിരുന്നു.
1927ല്‍ ഹരിയാനയിലെ രോഹ്തക് ജില്ലയില്‍ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 19 വയസ്സുവരെ യാതൊരു ഔപചാരിക വിദ്യാഭ്യാസവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഹിന്ദി അക്ഷരങ്ങള്‍ പഠിക്കാന്‍ പിന്നീട് സ്വയം നിശ്ചയിക്കുകയായിരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെട്ടതിന് സാക്ഷി ആയ അദ്ദേഹത്തിന് ലൗകികജീവിതത്തോട് വിരക്തി തോന്നുകയും സത്യാന്വേഷണത്തിനായി അദ്ദേഹം ശിഷ്ടകാലം നീക്കിവെക്കുകയും ചെയ്തു.
മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സത്യാര്‍ഥപ്രകാശം വായിച്ച് മഹര്‍ഷിയുടെ കാഴ്ചപ്പാടുകളാല്‍ പ്രേരിതനായി അദ്ദേഹം സനാതനധര്‍മം സ്വീകരിച്ചു. തുടര്‍ന്ന് ഝജ്ജറിലെ ആര്‍ഷഗുരുകുലത്തില്‍നിന്നും സംസ്‌കൃതവ്യാകരണവും വൈദികഗ്രന്ഥങ്ങളും പഠിച്ചു. പാതഞ്ജലയോഗത്തില്‍ വിശേഷ ശ്രദ്ധയര്‍പ്പിച്ച അദ്ദേഹം യോഗവിദ്യയുടെ പ്രചാരത്തെ മുഖ്യമായി കണ്ടു. വ്യാസമുനിയുടെ ഭാഷ്യത്തെ അവലംബിച്ചുകൊണ്ട് യുക്ത്യധിഷ്ഠിതമായി അദ്ദേഹം എഴുതിയ യോഗദര്‍ശനഭാഷ്യം ആര്യസാഹിത്യത്തിലെ മഹദ്ഗ്രന്ഥങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നതാണ്.
യോഗ് മീമാംസാ, സരള്‍ യോഗ് സേ ഈശ്വര്‍സാക്ഷാത്കാര്‍ തുടങ്ങി വേറെയും പ്രൗഢഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേവലമായ സിദ്ധാന്തപാഠനം എന്നതിനപ്പുറം ആളുകള്‍ക്ക് ക്രിയാത്മക യോഗത്തില്‍ പ്രായോഗികപരിശീലനം നല്‍കുന്നതിനും അദ്ദേഹം വളരെയധികം പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചു. വൈദികധര്‍മത്തിന്റെയും യോഗവിദ്യയുടെയും പ്രചാരപ്രസാരത്തിനായി ദര്‍ശന്‍ യോഗ് മഹാവിദ്യാലയ്, ആര്‍ഷ ഗുരുകുല്‍ (സുന്ദര്‍പുര്‍), വിശ്വകല്യാണ്‍ ധര്‍മാര്‍ഥ് ട്രസ്റ്റ്, വാനപ്രസ്ഥ സാധകാശ്രമം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ, ആര്യജഗത്തിലെ മുതിര്‍ന്ന വേദപണ്ഡിതനെയും യോഗവിദ്യാവിശാരദനെയുമാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
കടപ്പാട്: സാമൂഹ്യ മാധ്യമങ്ങൾ.