എന്താണ് ഉപാകർമ്മം ?

ഉപാകർമ്മം കൃഷി, വ്യാപാരം, രാജ്യരക്ഷ, സ്വാധ്യായം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.

മഴക്കാലം ആരംഭിച്ചാൽ കർഷകരും വ്യാപാരികളും പട്ടാളക്കാരും ബ്രാഹ്മണരും തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളിൽ അൽപ്പം മാറ്റം വരുത്താൻ നിർബന്ധിതരാകും. കനത്ത മഴയിൽ റോഡുകളും കൃഷി സ്ഥലങ്ങളും നഗരങ്ങളും ആശ്രമങ്ങളുമെല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടുകിടക്കും. ആർക്കും പുറത്തിറങ്ങി അനായാസമായി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല. റോഡുകളും വാഹനങ്ങളും ഒന്നും ഇപ്പോഴത്തെ പോലെയായിരുന്നില്ല. കാൽനടയായും കാളവണ്ടിയിലും കുതിരവണ്ടിയിലുമൊക്കെയായിരുന്നുവല്ലോ അക്കാലത്തു ജനങ്ങൾ യാത്ര ചെയ്തിരുന്നത്. അതിനാൽ ഈ വിശ്രമകാലം സ്വാധ്യായത്തിനും മഴക്കാലത്തിന് ശേഷമുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും ഉപയോഗപ്പെടുത്തിയിരുന്നു. ചാതുർമാസ്യം പോലുള്ള ആധ്യാത്മിക സാധനകളും ഈ സമയത്താണ് നടത്തിയിരുന്നത്. ഈ പ്രവൃത്തികളുടെ ആരംഭമായാണ് ഉപാകർമ്മം അനുഷ്ഠിച്ചിരുന്നത്. പ്രാരംഭം എന്നർത്ഥവുമുണ്ട് ഉപാകർമ്മത്തിന്. മനുസ്മൃതിയിൽ (4.94-95) ഉപാകർമ്മത്തെക്കു റിച്ച് വിവരിക്കുന്നുണ്ട്. ദ്വിജന്മാർ അതായത് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണക്കാർ ശ്രാവണമാസത്തിലെയോ ഭാദ്രപദ മാസത്തിലേയോ പൗർണ്ണമി ദിനത്തിൽ യഥാവിധി ഉപാകർമ്മം അതായത് യജ്ഞത്തോട് കൂടി യജ്ഞോപവീതം ധരിച്ച് ശ്രാവണ പൂർണ്ണിമ മുതൽ മാഘ ശുക്ല പ്രതിപദം വരെ ഏതാണ്ട് നാലരമാസം വേദസ്വാധ്യായം ചെയ്ത് പൗഷ പൗർണമിക്കോ മാഘ ശുക്ല പ്രതിപദയുടെ പൂർവ്വാഹ്നം മുതൽ മധ്യാഹ്നത്തിനു മുമ്പ് ഗൃഹത്തിന്റെയോ ഗ്രാമത്തിന്റെയോ പുറത്തുപോയി വ്രതം അവസാനിപ്പിക്കണം. തുടർന്ന് സാമാന്യരീതിയിലുള്ള പ്രവൃത്തികളിൽ പ്രവേശിക്കണം.
ഉപാകർമ്മം ഒരു വ്രതാരംഭമാണ്. ലൗകിക വ്യവഹാരങ്ങളിൽ നിന്ന് എന്നെന്നേക്കുമായി മാറിനിൽക്കൽ അല്ല അത്. വ്രതം പൂർത്തിയാക്കി വർദ്ധിത വീര്യത്തോടെ വീണ്ടും കർമ്മമേഖലകളിലേക്ക് പ്രവേശിക്കുകയാണ് ഉത്സർജ്ജനം അഥവാ വ്രതപൂർത്തി എന്ന കർമ്മം കൊണ്ടുദ്ദേശിക്കുന്നത്. ഇന്ന് യാന്ത്രികമായി മാമൂലുകളിൽ പിടിച്ചു തൂങ്ങി പൂണൂൽ മാറ്റുന്ന ചടങ്ങു മാത്രമായി ഉപാകർമ്മം ചുരുങ്ങിയിരിക്കുന്നു. മനുസ്മൃതിയിൽ നിന്നും നേരത്തെ ഉദ്ധരിച്ച ശ്ലോകത്തിൽ ഈ ഉത്സർജ്ജനം വ്യക്തമായി പറയുന്നുണ്ട്.
രക്ഷാബന്ധൻ ഉത്സവവും ഇതുമായി ബന്ധപ്പെട്ടതാണ്. ജനങ്ങളിൽ ഐക്യവും ധർമ്മബോധവുമുണർത്താൻ ഋഷീശ്വരന്മാർ രൂപകൽപ്പന ചെയ്തതാണ് ആചാരാനുഷ്ഠാനങ്ങൾ. മഹാഭാരതയുദ്ധാനന്തരം ഋഷിപരമ്പര ലോപിച്ചുപോയി. വാമമാർഗ്ഗികളും താന്ത്രികരും ആധ്യാത്മിക മേഖല കയ്യടക്കി. മിക്ക പുരാണങ്ങളും ഉദയം കൊണ്ടത് ഇക്കാലത്താണ്. അതാണ് ഇവയിൽ അശ്ലീലതകളും വേദ വിരുദ്ധമായ അതായത് ഈശ്വരന്റെ സൃഷ്ടിനിയമങ്ങൾക്ക് വിരുദ്ധമായ വിചിത്ര കഥകൾ കാണുന്നത്. ജൈന – ബൗദ്ധ മതങ്ങളുടെ സ്വാധീനവും ഇവയിൽ ഏറെയുണ്ട്. എന്നിരുന്നാലും ഉപാകർമ്മത്തെ പറ്റി പുരാണങ്ങളിലും പരാമർശിക്കുന്നുണ്ട്. അവ ഏറിയ കൂറും വികൃതമായിട്ടാണ് എന്നുമാത്രം. ഇന്ന് യജുർവേദികളായ തമിഴ് ബ്രാഹ്മണർ മാത്രം നടത്തുന്ന ഒരു ആചാരം മാത്രമായി ഇത് കേരളത്തിൽ ചുരുങ്ങിയിട്ടുണ്ട്. കേരളത്തിലെ നമ്പൂതിരിമാരും പല പാഠഭേദങ്ങളോടെ ഇത് ഇന്നും അപൂർവമായി ആചരിക്കുന്നുണ്ട്.

ആര്യസമാജം ഈ വൈദിക പർവ്വത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. ഗുരുകുലങ്ങളിൽ വിപുലമായ ചടങ്ങുകൾ ഇതുമായി ബന്ധപ്പെട്ട് നടത്താറുണ്ട്.

ഇത്തവണയും കാറൽമണ്ണ വേദഗുരുകുലത്തിൽ 2023 ആഗസ്റ്റ് 1ന് ചൊവ്വാഴ്ച കാലത്ത് 7 ന് വിപുലമായ പരിപാടികളോടെ ശ്രാവണ പൂർണ്ണിമ ആഘോഷിക്കുന്നു. പൂർവ്വ വിദ്യാർത്ഥികൾക്കും, ഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർക്കും ഉപാകർമ്മം ചെയ്യാവുന്നതാണ്.

ഇന്ന് ഡ്യൂപ്ലിക്കേറ്റ് ആചാരങ്ങൾക്കും ഗ്രന്ഥൾക്കുമിടയിൽ നിന്ന് ഒറിജിനൽ ഏതെന്ന് കണ്ടെത്തുക സാധാരണക്കാർക്ക് വിഷമമായിരിക്കുന്നു. ആൾക്കൂട്ടം ഏറെയുള്ളതാണ് ശരി എന്ന നിഗമനത്തിൽ പലരും എത്തിച്ചേരുന്നു. പ്രാചീന ഋഷിമാർ തെളിച്ച വഴിയിലൂടെ പോയാൽ മാത്രമേ ആചാരാനുഷ്ഠാനങ്ങൾക്ക് ഫലം ലഭിക്കുകയുള്ളു. നമുക്ക് തിരക്ക് കുറഞ്ഞ ആ വഴിയിലൂടെ യാത്ര തുടരാം…🙏

ഏവരെയും ഈ ധന്യ നിമിഷത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

(കെ.എം.രാജൻ മീമാംസക്, ആര്യ പ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം)

You cannot copy content of this page