ഭാരതീയ മനീഷികളുടെ ചിന്തകൾ എല്ലായ്പ്പോഴും സത്യാന്വേഷണപരമായിരുന്നു. അസത്യത്തെ ത്യജിക്കാനും സത്യത്തെ സ്വീകരിക്കാനും അവർ സദാ സന്നദ്ധമായിരുന്നു. വേദാദി സത്യശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമാണം മുന്നോട്ട് വെച്ചാണ് അവർ തങ്ങളുടെ വാദമുഖങ്ങളെ സമർത്ഥിച്ചിരുന്നത്. ആധുനിക കാലഘട്ടത്തിൽ ഈ പാതയിലൂടെ ഏറെ സഞ്ചരിച്ച വ്യക്തിയായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. നവീന വേദാന്തികളുടെ സിദ്ധാന്തങ്ങളെ ശാസ്ത്രപ്രമാണങ്ങളുടെ പിൻബലത്തിൽ ഖണ്ഡിക്കുന്ന ഒരു ലഘു ഗ്രന്ഥമാണ് മഹർഷി ദയാനന്ദ സരസ്വതിയുടെ ‘ വേദാന്തി ധ്വാന്ത നിവാരണം’.
ജീവാത്മാവും ബ്രഹ്മവും ഒന്നാണെന്ന് കരുതുക, പാപകർമ്മങ്ങൾ ചെയ്യുകയും താൻ അകർത്താവും അഭോക്താവുമാണെന്ന് സ്വയം പ്രഖ്യാപിക്കുക, ജഗത്ത് മിഥ്യയാണെന്നു കരുതുക, മോക്ഷത്തിന് ജീവാത്മാവ് ബ്രഹ്മത്തിൽ ലയിക്കുന്നു എന്നു വിശ്വസിക്കുക തുടങ്ങിയ നവീന വേദാന്തികളുടെ സിദ്ധാന്തങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കുന്നുണ്ട് ഈ പുസ്തകത്തിൽ.