കാറൽമണ്ണ വേദഗുരുകുലം ദിവസവും പോസ്റ്റ് ചെയ്യുന്ന സങ്കല്പ പാഠത്തിലെ മാസങ്ങൾ, നക്ഷത്രങ്ങൾ,തിഥികളുടെ സമയം എന്നിവ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള മറ്റു പഞ്ചാംഗങ്ങളിൽ നിന്നും ജനങ്ങൾ പൊതുവെ വിശ്വസിച്ചു വരുന്ന ധാരണകളിൽ നിന്നും വ്യത്യസ്തമാവുന്നത് എന്തുകൊണ്ടാണ്? പോസ്റ്റ് തയ്യാറാക്കുമ്പോൾ വരുന്ന ടൈപ്പിങ് തെറ്റാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അവർക്കൊക്കെ ഗുരുകുലത്തിൽ നിന്ന് മറുപടിയും കൊടുക്കാറുണ്ട്. എന്നിരുന്നാലും വൈദിക പഞ്ചാംഗം എന്തുകൊണ്ട് മറ്റു പഞ്ചാംഗങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നു എന്ന് ജിജ്ഞാസുക്കളുടെ അറിവിലേക്കായി ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.
ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.
വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്.
ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന ഋതുക്കളിൽനിന്നും ഏറെ അകന്നാണ് പോയിക്കൊണ്ടിരിക്കുന്നത്. ‘സംവസന്തി ഋതവഃ ഇതി സംവത്സരഃ’ എന്ന് ശതപഥ ബ്രാഹ്മണം പറയുന്നു. ദിനരാത്രങ്ങൾ തുല്യമായി വരുന്ന ദിനത്തിലാണ് വസന്ത വിഷുവം വരുന്നത്. അത് ഗ്രിഗേറിയൻ കലണ്ടർ അനുസരിച്ച് മാർച്ച് 21, 22 തിയ്യതികളിൽ ആണ് വരിക. അന്നാണ് മലയാളികളുടെ ആഘോഷമായ വിഷു. ഇത് ഇപ്പോൾ ഏപ്രിൽ 14, 15 തിയ്യതികളിൽ നടത്തുന്നത് ശാസ്ത്രീയ ദൃഷ്ടിയിൽ ശരിയല്ല. അതേപോലെ സൂര്യൻ മകരരാശിയിൽ പ്രവേശിക്കുന്ന മകര സംക്രാന്തി വരുന്നത് ഡിസംബർ 21, 22 തിയ്യതികളിൽ ആണ്. എന്നാൽ ഇന്ന് ഇവ ജനുവരി 14, 15 തിയ്യതികളിൽ തെറ്റായി ആചരിച്ചുവരുന്നു. യഥാർത്ഥ സൗരകാലാന്തരവുമായി ഇവക്ക് ഏകദേശം 23 ദിനത്തിന്റെ വ്യത്യാസം വരുന്നുണ്ട്. സംക്രാന്തി തന്നെ തെറ്റായി കണക്കാക്കിയാൽ തുടർന്ന് വരുന്ന മാസങ്ങളും അവയിൽ വരുന്ന ഉത്സവങ്ങളും അനുഷ്ഠാനങ്ങളും യഥാർത്ഥ സമയത്ത് ആചരിക്കുന്നത് എങ്ങനെയാണ്?
ജ്യോതിഷത്തിൽ ഏറെ പ്രചാരമുള്ള പദങ്ങളാണ് സായനം, നിരയനം എന്നിവ. ഇവ എന്താണെന്ന് നോക്കാം. ക്രാന്തിവൃത്തിന് സാപേക്ഷമായി ഗ്രഹങ്ങളെക്കുറിച്ചും സംവത്സര ചക്രത്തെക്കുറിച്ചും നോക്കുന്നതിനും ഗണിച്ചെടുക്കുന്നതിനുമുള്ള സിദ്ധാന്തം ആണ് സായനം എന്നുപറയുന്നത്. എന്നാൽ നക്ഷത്രങ്ങളെ സാപേക്ഷമായി എടുത്താൽ അതിന് നിരയനം എന്നുപറയും. ഫലജ്യോതിഷം നിരയന പദ്ധതിയെ ആശ്രയിക്കുന്നു. ഇവക്ക് വൈദിക പ്രമാണ്യം ഇല്ല. പ്രാചീന പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നും ഇവയെക്കുറിച്ച് പറയുന്നില്ല. കുരുക്ഷേത്രയുദ്ധശേഷം വേദപ്രചാരം ലോപിച്ചുപോയപ്പോൾ ഉടലെടുത്തതാണ് ഇതുപോലുള്ള പല ആചാരങ്ങളും എന്ന് മഹർഷി ദയാനന്ദസരസ്വതി സത്യാർത്ഥപ്രകാശത്തിൽ പ്രമാണ സഹിതം വ്യക്തമാക്കുന്നുണ്ട്. ഇന്ന് ഭൂരിഭാഗം പേരും ഫലജ്യോതിഷത്തിന്റെ അനുയായികൾ ആയതിനാൽ അതിന് ഒരു അപ്രമാദിത്വം വന്നു എന്ന് പറയാം. നമ്മുടെ കാലഗണനപോലും തെറ്റായി ജനഹൃദയങ്ങളിൽ ഉറച്ചു പോയി.
വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്പോൾ ശരിയായ സമയത്ത് അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു. കാറൽമണ്ണ വേദഗുരുകുലം പ്രസിദ്ധീകരിക്കുന്ന കേരളീയ വൈദിക പഞ്ചാംഗം അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.
1972949127 ആം വർഷത്തേ (ക്രിസ്തു വർഷം 2025-26) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിന് തയ്യാറായി വരുന്നു. വളരെ ചുരുക്കം കോപ്പികളെ അച്ചടിക്കുന്നുള്ളു. കോപ്പികൾ ആവശ്യമുള്ളവർ 9497525923, 9446575923 എന്നീ നമ്പറുകളിൽ തങ്ങളുടെ പിൻകോഡ് സഹിതമുള്ള പൂർണ്ണ വിലാസ സഹിതം മുൻകൂട്ടി ബുക്ക് ചെയ്യുക. വില ഇപ്പോൾ അയക്കേണ്ടതില്ല. പഞ്ചാംഗം വിതരണത്തിന് റെഡിയായാൽ ബുക്ക് ചെയ്തവരെ അറിയിക്കുന്നതാണ്.
🙏
കെ.എം.രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതവ് വേദഗുരുകുലം,
സമ്പാദകൻ, കേരളീയ വൈദിക പഞ്ചാംഗം