കാറൽമണ്ണ വേദ ഗുരുകുലത്തിൻ്റെ എട്ടാം വാർഷികാഘോഷം 2024 ജനവരി 26, 27 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനവരി 26 ന് കാലത്ത് 7 മണിക്ക് നടന്ന പൗർണമാസേഷ്ടിയോടെ ആരംഭിച്ച ആഘോഷത്തിൽ വൈകുന്നേരം 4 ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഭജന സന്ധ്യ നടന്നു. 27 ന് കാലത്ത് 7 മണിക്ക് ബൃഹദ് അഗ്നിഹോത്രത്തോടെ ആരംഭിച്ച രണ്ടാം ദിവസത്തെ പരിപാടിയിൽ 9 മണിക്ക് ആര്യധ്വജാരോഹണവും തുടർന്ന് പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. കെ. എം. രാജൻ മീമാംസക് സ്വാഗത പ്രസംഗവും, വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ബ്രഹ്മചാരി അരുൺ ആര്യവീർ എഴുതിയ മേം നേ ഈസായി മത് ക്യോം ഛോഡാ എന്ന ഹിന്ദി പുസ്തകത്തിന്റെ ശ്രീ. കെ. എം. രാജൻ മീമാംസക് എഴുതിയ മലയാള തർജ്ജമയായ ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു? എന്ന പുസ്തകത്തിൻ്റെ പ്രകാശനം സ്വാമി ആശുതോഷ് ജി പരിവ്രാജക്, വിദ്യാഭാരതി ദക്ഷിണ ക്ഷേത്ര ശിശുവാടികാ പ്രമുഖ് ശ്രീ. കൃഷ്ണദാസ് ജിക്ക് ആദ്യപ്രതി നൽകി നിർവഹിച്ചു.
കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് സ്വാമി ആശുതോഷ് ജി പരിവ്രാജക് പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ സാറിന് ഉൽപ്പന്നങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. സഞ്ജീവ് കുളങ്ങര കാമധേനോ ഉത്പന്നങ്ങളുടെ സവിശേഷത വിശദീകരിച്ചു.
നാടൻപശുവിൽ നിന്നുള്ള പാൽ ഇതര ഉൽപ്പന്നങ്ങളുടെ – അതായത് ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മൂല്യം തിരിച്ചറിയുക എന്നതാണ് നമ്മുടെ ഈ ഉദ്യമത്തിൻ്റെ പ്രധാന ലക്ഷ്യം. ദൈനംദിന ഉപയോഗത്തിനുവേണ്ടു ന്ന നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു.
ലേഖരാം ഫൗണ്ടേഷൻ നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പഠന ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് വിതരണം ചെയ്തു.
തുടർന്ന് കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വേദപഠന ക്ലാസ്സുകളിലെ പരീക്ഷാവിജയികൾക്കുള്ള പ്രമാണപത്ര വിതരണവും സ്വാമി ആശുതോഷ് ജി പരിവ്രാജക് നിർവ്വഹിച്ചു. ആചാര്യ അഖിലേഷ് ആര്യ (ആചാര്യൻ, വേദഗുരുകുലം), ശ്രീ. കെ. കെ. ജയൻ ആര്യ (പ്രസിഡൻ്റ്, ആര്യസമാജം പെരുമ്പാവൂർ), ശ്രീ. പുരുഷോത്തമൻ ആര്യ തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്രീ. ഹരിദാസ് കൊട്ടരാട്ടിൽ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ബ്രഹ്മചാരികളുടെ കലാ- കായിക പ്രകടനങ്ങൾ നടന്നു. ചടങ്ങിൽ ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു), ഡോ. ശശികുമാർ നെച്ചിയിൽ MD, (ആയു.), ശ്രീ. കെ. എം. രാജൻ മീമാംസക് (അധിഷ്ഠാതാവ്, വേദഗുരുകുലം), ശ്രീ. പി. ശിവശങ്കരൻ, ശ്രീ. എം. ഓം പ്രഭ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. വിഭവ സമൃദ്ധമായ സദ്യയോടെ ഈ വർഷത്തെ വാർഷികാഘോഷം ഭംഗിയായി സമാപിച്ചു.









