വൈദിക ജ്യോതിഷ ദൃഷ്ടിയിൽ ഇന്ന് കാലത്ത് 10.27 ന് മീനം സംക്രാന്തിയാണ്. ശിശിര ഋതുവും തപസ്യ മാസവും ഇന്നവസാനിക്കുന്നു (19.02.2020). ഇനി വസന്ത ഋതുവാണ്. വൈദിക ചാന്ദ്രമാസമായ ചൈത്രം, മലയാള സൗരമാസം ആയ മീനം എന്നിവ നാളെ ആരംഭിക്കും. ഇന്ന് (19.02.2020) 15.2 ന് ഫാൽഗുന കൃഷ്ണ പക്ഷ ഏകാദശി സമാപിച്ച് തുടർന്ന് ദ്വാദശി ആരംഭിക്കും. പൂരാടം നക്ഷത്രം 15.57 വരെയും തുടർന്ന് വരുന്ന ഉത്രാടം 21.32 വരെയും ആണ്. അതിന് ശേഷം അഭിജിത്ത് നക്ഷത്രമാണ്. ഭാരതീയർ പ്രാചീനമായ കാലം മുതൽ പുതുവൽസരദിനമായി ആചരിക്കുന്ന ചൈത്ര ശുക്ള പ്രതിപദം വരുന്ന തിങ്കളാഴ്ച (24.02.2020) യാണ്. ഇത്തരത്തിൽ ആയിരിക്കില്ല ഇപ്പോൾ പ്രചാരത്തിലുള്ള മിക്ക പഞ്ചാംഗങ്ങളിലും കാണപ്പെടുക. എന്താണ് അതിന് കാരണം?
ഇപ്പോൾ പ്രചാരത്തിലുള്ള നിരയന പദ്ധതിപ്രകാരമുള്ള പഞ്ചാംഗങ്ങളിൽ സംക്രാന്തി തെറ്റായി കണക്കാക്കുന്നതിനാൽ സൗരമാസം ആരംഭിക്കുന്ന സമയവും അതിനെ അനുവർത്തിക്കുന്ന ചാന്ദ്രമാസവും ശരിയായല്ല കാണുന്നത്. തന്മൂലം വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും ഉചിതമായ സമയത്ത് ചെയ്യാൻ സാധിക്കുന്നില്ല. മകര സംക്രാന്തിയും വിഷുവും, ഓണവുമൊക്കെ അതിന്റെ സമയം കഴിഞ്ഞാണ് ആഘോഷിക്കുന്നത്. പ്രാതൽ കഴിക്കുന്നത് ഉച്ചഭക്ഷണസമയാത്തായാൽ എങ്ങനെ ഇരിക്കും?ഇത്തരം കുറവുകൾ നികത്തി ശുദ്ധമായ വൈദിക ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മലയാളത്തിലെ ആദ്യത്തെ വൈദിക പഞ്ചാംഗമായ ‘ കേരളീയ വൈദിക പഞ്ചാംഗം’ ശിവരാത്രിയായി ആഘോഷിക്കുന്ന ഫെബ്രുവരി 21 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ച് വിശേഷാൽ യജ്ഞത്തിന് ശേഷം പ്രകാശനം ചെയ്യുന്നു.
മഹർഷി ദയാനന്ദ സരസ്വതിക്ക് യഥാർഥ ശിവനെ അന്വേഷിച്ചിറങ്ങാൻ പ്രേരണയായ ശിവരാത്രിയെ ഋഷി ബോധോത്സവം ആയാണ് ആര്യസമാജം കൊണ്ടാടാറുള്ളത്. മഹർഷിയുടെ അവസാന കാലത്തിൽ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടാക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും അത് പ്രാവർത്തികമായത് അദ്ദേഹത്തിന്റെ മരണശേഷം ഒന്നേക്കാൽ നൂറ്റാണ്ടിന് ശേഷം ‘ശ്രീ.മോഹൻ കൃതി ആർഷ പത്രക’ത്തിലൂടെയാണ്. കേരളത്തിൽ ഇത്തരമൊരു പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്.