എന്താണ് വിഷു? എന്തിനാണത് ആഘോഷിക്കുന്നത് എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം കാണുന്നുണ്ട്.
നമ്മുടെ
മിക്ക ഉത്സവങ്ങളും കൃഷി, വിളയെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണ്.
കേരളീയരുടെ പ്രധാന ആഘോഷങ്ങൾ ആയ ഓണവും വിഷുവും ഇത്തരത്തിൽ കൃഷിയുമായി
ബന്ധപ്പെട്ട് കിടക്കുന്നു. ഓണം വിരിപ്പ് കൃഷി അഥവാ ഒന്നാം വിളയുമായി
ബന്ധപ്പെട്ടതാണെങ്കിൽ (ഖാരിഫ്) വിഷു പച്ചക്കറികളുമായി ബന്ധപ്പെട്ടാണ്
കിടക്കുന്നത്. കണി വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ എന്നിവയൊക്കെയാണ്
വിഷുക്കണിക്കൊരുക്കുന്നത് എന്നത് ശ്രദ്ധേയം.
വിഷുവിനെക്കുറിച്ച്
നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട കഥകൾ
ആണ് ഏറെയും. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചത് വിഷുദിനത്തിൽ ആണെന്ന്
പറയപ്പെടുന്നു. രാവണനുമായി ബന്ധപ്പെട്ട ഒരു കഥയും പ്രചാരത്തിലുണ്ട്.
സൂര്യനെ തന്റെ കൊട്ടാരത്തിൽ പ്രവേശിക്കാൻ രാവണൻ അനുവദിച്ചിരുന്നില്ല എന്നും
രാവണവധത്തിനു ശേഷമാണ് സൂര്യൻ നേരെ ഉദിക്കാൻ തുടങ്ങിയത് എന്നും അതാണ് വിഷു
എന്നുമുള്ള ഒരു കെട്ടുകഥയും നിലവിലുണ്ട്. ഈശ്വരന്റെ സൃഷ്ടി നിയമങ്ങൾക്ക്
വിരുദ്ധമായതോന്നും സത്യമാവില്ല. സൂര്യന്റെ ഉദയത്തെ ആർക്കും
തടഞ്ഞുനിർത്താനാവില്ല. അതിനാൽ അപ്രകാരമുള്ള കഥകളെല്ലാം വ്യാജമാണ്.പുതുവർഷവുമായി
ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പല പേരുകളിൽ വിഷു കൊണ്ടാടുന്നുണ്ട്.
ഉത്തരഭാരതത്തിൽ വൈശാഖി ഉത്സവം ഇതുമായി അടുത്ത ബന്ധം പുലർത്തുന്നു.
നമ്മുടെ
ആർഷ ഗ്രന്ഥങ്ങളിൽ ഒന്നും ഇന്ന് പ്രചാരത്തിലുള്ള വിഷു ആഘോഷത്തെക്കുറിച്ചു
കാണുന്നില്ല. അതിനാൽ നാം കഥകൾക്ക് പിറകെ പോകുന്നതിനു പകരം ശാസ്ത്രത്തിനു
പിറകെ പോകുന്നതാണ് നല്ലത്.വിഷുവം എന്നത് വൈദിക ജ്യോതിഷവുമായി
ബന്ധപ്പെട്ട് കിടക്കുന്നു. അതിൽ നിന്നാണ് ‘വിഷു’ ഉത്ഭവിച്ചത്. ദിനരാത്രങ്ങൾ
തുല്യമായ ദിനമാണ് വിഷുവം. സൂര്യൻ മേട രാശിയിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം
സൂര്യന്റെ ചായ് വ് (declination) പൂജ്യം ഡിഗ്രി പൂജ്യം പൂജ്യം മിനുട്ട്
ആയിരിക്കും(0°00′). അന്ന് ദിനരാത്രങ്ങൾ തുല്യമായിരിക്കും. സൂര്യൻ ഒരു
രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെ സംക്രാന്തി എന്നു
പറയുന്നു. ഇത് എല്ലാ മാസത്തിലും ഉണ്ട്. എന്നാൽ മേട സംക്രാന്തിയെ വളരെ
പ്രാധാന്യത്തോടെയാണ് പ്രാചീനകാലം മുതൽ കരുതിവരുന്നത്. വർഷാരംഭവുമായി ഇതിന്
ബന്ധമുണ്ട്. ഓരോ 72 വർഷങ്ങൾ കൂടുമ്പോൾ സൂര്യന്റെ ഭ്രമണത്തിൽ ഒരു
ദിവസത്തെ വ്യത്യാസം വരുന്നുണ്ട്. അച്ചുതണ്ടിന്റെ പുരസ്സരണം ആണിതിന് കാരണം.
കഴിഞ്ഞ 1400 വർഷത്തോളമായി പഞ്ചാംഗം പരിഷ്കരിക്കാത്തതിനാലാണ് ഇത്
സംഭവിക്കുന്നത്. ഇപ്പോൾ വിഷു വരുന്നത് 24 ദിവസത്തോളം പിറകിലാണ്. നേരത്തെ
സൂചിപ്പിച്ച പോലെ ഈ വർഷം ദിനരാത്രങ്ങൾ തുല്യമായി വരുന്നത് (0°00′) 2020
മാർച്ച് 20 ന് കാലത്ത് 9.20 നാണ്. കേരളത്തിൽ പ്രചാരത്തിലുള്ള മറ്റു
പഞ്ചാംഗങ്ങളിൽ ഇത് 2020 ഏപ്രിൽ 13 ന് രാത്രി 7.47 നാണ്. എന്നാൽ 2020
ഏപ്രിൽ 13 ന് രാത്രി 7.47 ന് സൂര്യന്റെ ചായ് വ് (declination) +9°29′
ഡിഗ്രിക്ക് മുകളിലാണ്. അന്നൊരിക്കലും വിഷുവം വരില്ല എന്നർത്ഥം. പണ്ട്
മേഷാദി മേടത്തിൽ ആയിരുന്നു. ഇന്നത് മീനം രാശിയിലാണ് വരുന്നത്. വിഷുവങ്ങളുടെ
പുരസ്സരണം കാരണമാണിത് സംഭവിക്കുന്നത്.അതിനാൽ കഥകൾക്കും
അന്ധവിശ്വാസങ്ങൾക്കും പിറകെ പോകുന്നതിനു പകരം വേദോക്തമായ ജ്യോതിഷത്തെ
അറിഞ്ഞു ആർഷ ശാസ്ത്രത്തിന് ഒപ്പം നടക്കുകയാണ് നല്ലത്. വിഷു ദിനത്തിൽ
വിഷുക്കണി, വിഷു കൈനീട്ടം, പുതു വസ്ത്രങ്ങൾ എന്നിവ ഗൃഹാതുരത്വം
ഉണർത്തുന്നതാണ്. അത് ആചാരങ്ങളായി ഇന്ന് നിലനിൽക്കുന്നു. അത്
നിലനിർത്തുന്നതിൽ തെറ്റില്ല. കുടുംബ ബന്ധങ്ങളും സാംസ്കാരിക തനിമകളും
ഊട്ടിയുറപ്പിക്കാൻ ഇത്തരം വൈദിക പർവ്വങ്ങൾ ഉപകരിക്കും. കൃഷിയെ
പ്രോത്സാഹിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കും.
എന്നാൽ പ്രകൃതിക്ക് ദോഷം ചെയ്യുന്ന പടക്കങ്ങൾ, കുടുംബ ബന്ധങ്ങൾ താറുമാറാക്കുന്ന മദ്യപാനം എന്നിവ നാം ഒഴിവാക്കണം.വിഷു
പോലുള്ള പർവങ്ങളും വൈദിക അനുഷ്ഠാനങ്ങളും ശരിയായ സമയത്ത് ചെയ്യുവാൻ ‘കേരളീയ
വൈദിക പഞ്ചാംഗം’ നോക്കുക. ഏതാനും കോപ്പികൾ മാത്രമേ ഇനി സ്റ്റോക്ക് ഉള്ളു.
വാങ്ങാൻ താൽപ്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക് 7907077891 എന്ന whatts up
നമ്പറുമായി ബന്ധപ്പെടുക.
എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു
കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ