• കെ. എം. രാജൻ മീമാംസക്

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്കാരത്തേയും പൈതൃകത്തേയും തകിടം മറിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാല്‍ ധര്‍മ്മഭ്രഷ്ടനായി! താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാല്‍ ധര്‍മ്മ ഭ്രഷ്ടന്‍! മുസ്ലീംകളില്‍ നിന്നും ഭക്ഷണം സ്വീകരിച്ചാല്‍ അയാള്‍ക്ക്‌ പിന്നെ ഹിന്ദു ധര്‍മ്മത്തില്‍ സ്ഥാനമില്ല! ധാര്‍മ്മിക കേന്ദ്രങ്ങളിലും മറ്റും കപട ബ്രാഹ്മണരുടെ ക്രൂര കേളികള്‍! ഹിന്ദുക്കള്‍ എന്നുപറയുന്നവര്‍ ഏതാനും അന്ധവിശ്വാസങ്ങളില്‍ പെട്ട് അലയുന്നു. നമ്മുടെ അടിസ്ഥാന ധര്‍മ്മഗ്രന്ഥമായ നാല് വേദങ്ങളുടെ പേരുകള്‍ പോലും പലര്‍ക്കും അറിയില്ല. ബഹുദൈവാരാധനയും വിഗ്രഹാരാധനയും മൃഗബലിയും ഈശ്വരാവതാരവാദവും, ജീവിക്കുന്നവരെ അവഗണിച്ചുകൊണ്ട് മരിച്ചവര്‍ക്കായി നടത്തുന്ന ശ്രാദ്ധം പോലുള്ള ചടങ്ങുകള്‍ നടത്തിച്ച് സാധാരണക്കാരെ പീഡിപ്പിക്കുന്ന ഒരുകൂട്ടം പേരുടെ കൈപ്പിടിയില്‍ മാത്രമായിരുന്നു വേദങ്ങള്‍. അത് സ്ത്രീകള്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും അപ്രാപ്യവുമായിരുന്നു. നമ്മുടെ മഹാപുരുഷന്മാരായിരുന്ന ശ്രീരാമനെയും ശ്രീകൃഷ്ണനെയും വികൃതമാക്കി ചിത്രീകരിച്ച് വ്യാസന്‍റെ പേരില്‍ പടച്ചുവിട്ട വ്യാജ പുരാണങ്ങളുടെയും താന്ത്രികന്മാരുടെയും അഴിഞ്ഞാട്ടമായിരുന്നു എങ്ങും. ബാലവിധവകളുടെ ദീനരോദനങ്ങള്‍! അനാഥരായ കുട്ടികളുടെ ശോചനീയമായ അവസ്ഥ! ശൈശവ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നു.’നാരീ നരകസ്യ ദ്വാരം’ എന്ന് പറഞ്ഞ് ശങ്കരാചാര്യന്മാര്‍ സ്ത്രീകളെ നരകത്തിന്‍റെ ദ്വാരമെന്ന് വിശേഷിപ്പിക്കുന്നു! ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യയെ ജീവനോടെ ചിതയിലേക്ക് എടുത്തുചാടാന്‍ നിര്‍ബന്ധിക്കുന്നു! പെണ്‍കുട്ടികളെ ജനന സമയത്ത് തന്നെ വധിക്കുന്നു! യജ്ഞങ്ങളിലും താന്ത്രികകര്‍മ്മങ്ങളിലും മിണ്ടാപ്രാണികളുടെയും മനുഷ്യകുഞ്ഞുങ്ങളുടെ പോലും ബലി നിര്‍ബാധം നടക്കുന്നു! ഇതെല്ലാം ഹിന്ദുമതത്തിന്‍റെ ഭാഗമായാണ് പ്രചിരിപ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ പൊറുതിമുട്ടിയവരെ കൂട്ടത്തോടെ ഇസ്ലാം- ക്രിസ്തു മതങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

ഈ അന്ധകാരാവസ്ഥയിലാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഉദയമുണ്ടായത്. ഗൌതമന്‍, കണാദന്‍, കപിലന്‍, കുമാരിലഭട്ടന്‍ എന്നിവരുടെ പാണ്ഡിത്യവും ഹനുമാന്‍, ഭീഷ്മര്‍ എന്നിവരുടെ ബ്രഹ്മചര്യ നിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്‍റെതിനുസമാനമായ ത്യാഗ- വൈരാഗ്യങ്ങളും പതഞ്‌ജലി, വ്യാസന്‍ എന്നിവരുടേതുപോലുള്ള ആധ്യാത്മികതയും ഛത്രപതി ശിവജി, ഗുരു ഗോവിന്ദസിംഹന്‍ എന്നിവരുടേതുപോലുള്ള നീതിവ്യവസ്ഥയും റാണാ പ്രതാപന്റേതുപോലുള്ള പ്രതാപവും തേജസ്സും ഒത്തിണങ്ങിയ യുഗപുരുഷനായ മഹര്‍ഷി ദയാനന്ദ സരസ്വതി ഭാരത നഭോമണ്ഡലത്തില്‍ ഉയര്‍ന്നുവന്നു. ഭാരതത്തിന്‍റെ ഈ ദുരവസ്ഥക്ക് കാരണം നാം ഈശ്വരീയ വാണിയായ ചതുര്‍വേദങ്ങളുടേയും ഋഷികൃതമായ ഗ്രന്ഥങ്ങളുടേയും പഠന – പാഠനങ്ങളില്‍ നിന്ന് പിന്നോട്ട് പോയതിനാലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്യസമാജമെന്ന സാമൂഹ്യ – നവോത്ഥാന – ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് രൂപം നല്‍കി. 1875 ഏപ്രില്‍ 10 ന് ബോംബൈയില്‍ ആണിത് സ്ഥാപിച്ചത്. താന്‍ തുടങ്ങുന്നത് പുതിയൊരു മതമല്ലാ എന്നും അനാദിയായി തുടര്‍ന്ന് വരുന്ന വൈദിക ധര്‍മ്മത്തി ന്‍റെ (ഹിന്ദുധര്‍മ്മത്തിന്‍റെ) പുനരുജ്ജീവനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വേദപ്രചാരണത്തിനായി ഒരു കൊടുങ്കാറ്റുപോലെ അദ്ദേഹം ഉത്തര ഭാരതമാകെ ചുറ്റി സഞ്ചരിച്ചു. കാശിപോലുള്ള യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രങ്ങളില്‍ കടന്നു ചെന്ന് വിഗ്രഹാരാധന, ശ്രാദ്ധം, അവതാരവാദം, വേദവിരുദ്ധമായ ആചരണങ്ങള്‍, വ്യാസന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജപുരാണങ്ങളായ ഭാഗവതാദി പുരാണങ്ങളുടെ ഖണ്ഡനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രാര്‍ത്ഥങ്ങള്‍ നടത്തി വിജയശ്രീലാളിതനായി സത്യ- സനാതന – വൈദിക ധര്‍മ്മത്തിന്റെ സന്ദേശം എങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്‍റെ പ്രഗല്‍ഭരായ സ്വാമി ശ്രദ്ധാനന്ദന്‍, പണ്ഡിറ്റ്‌ ലേഖ് റാം,ഗുരുദത്ത് വിദ്യാര്‍ത്ഥി, മഹാത്മാ ഹന്‍സ് രാജ്, ലാലാ ലജ്പത് റായ് തുടങ്ങിയ ശിഷ്യന്മാര്‍ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രബലമാക്കി.

ഈ പ്രവര്‍ത്തനം കേരളത്തിലും 1921ല്‍ പണ്ഡിറ്റ്‌ ഋഷിറാമിന്‍റെയും പണ്ഡിത വേദബന്ധു ശർമ്മയുടേയും സ്വാമി ശ്രദ്ധാനന്ദന്‍റെയും നേതൃത്വത്തില്‍ തുടക്കമിട്ടു. പാലക്കാട്‌ കല്പാത്തിയിൽ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിലും ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങളുടെ ആസൂത്രണത്തിലും മഹർഷി ദയാനന്ദന്റെ പടയാളികൾ ആയിരുന്ന ഈ മഹാപുരുഷൻമാർ മുൻപന്തിയിൽ ഉണ്ടായിരുന്നു എന്ന വസ്തുത നമ്മുടെ ചരിത്രപുസ്തകങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുന്നു (വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ ഇക്കാര്യം മനഃപൂർവം നമ്മുടെ മാധ്യമങ്ങളും ബുദ്ധിജീവികളും തമസ്കരിക്കുകയാണ് എന്ന് കരുതുന്നു). വാഗ്ഭടാനന്ദന്‍, ശ്രീ നാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികൾ, സ്വാമി ആഗമാനന്ദൻ എന്നിവർ ആര്യസമാജത്തേ വളരെ പ്രകീർത്തിച്ചിട്ടുണ്ട്. ധൈര്യസമാജം എന്നാണ് ശ്രീനാരായണ ഗുരുദേവൻ ആര്യസമാജത്തേ വിശേഷിപ്പിച്ചത്.

ഇന്ന് കേരളം ആധ്യാത്മികമായി വളരെ ഉന്നതിയിലാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും (വേല, പൂരങ്ങൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവയുടെ വാർത്തകൾ കാണുമ്പോൾ) അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നിവിടെ അഴിഞ്ഞാടുകയാണെന്ന് മന്ത്രവാദം, മൃഗബലി എന്നിവ നിര്‍ബാധം നടക്കുന്നുവെന്ന് ദിനപത്രങ്ങള്‍ വായിച്ചാലറിയാം. ഹിന്ദുവിന്‍റെ സമ്പാദ്യത്തില്‍ നല്ലൊരു പങ്ക് ആനപ്പൂരങ്ങള്‍, വെടിക്കെട്ട്‌, സപ്താഹങ്ങള്‍, ക്ഷേത്ര നവീകരണങ്ങള്‍ എന്നിവക്കായി ചിലവാക്കപ്പെടുന്നു. ഒരു 50 വർഷം മുമ്പുവരെ കേരളത്തിൽ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന – താന്ത്രികരുടേതെന്ന് പറയപ്പെടുന്ന പ്രാമാണിക ഗ്രന്ഥങ്ങളിൽ പോലും കാണാൻ കഴിയാത്ത – ആചാരങ്ങളായ പൊങ്കാലകളും താന്ത്രിക ഹോമങ്ങളും ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും വരെ നടക്കുന്നു. കോടിക്കണക്കിന് രൂപയാണ് ഇത്തരം വേദവിരുദ്ധമായ ആർഭാടങ്ങൾക്ക് ചെലവഴിക്കപ്പെടുന്നത്. ഹിന്ദുധർമ്മം എന്നാൽ ഇത്തരത്തിലുള്ള ആചാരങ്ങളും വിശ്വാസങ്ങളും ആണെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ധരിച്ചുവശായിരിക്കുന്നു. വാഗ്ഭടാനന്ദ ഗുരുദേവന് ശേഷം ഇത്തരം അനാചാരങ്ങൾക്ക് നേരെ ശബ്ദമുയർത്താൻ ആധ്യാത്മിക പക്ഷത്തു നിന്ന് അധികം പേരെ കേരളം കണ്ടിട്ടില്ല. സമാജത്തില്‍ അശരണരും നിരാലംബരുമായവരെ സഹായിക്കാനാണ് ഈ സമ്പാദ്യമുപയോഗിക്കുന്നതെങ്കില്‍ എത്ര നന്നായിരുന്നു! നമ്മുടെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നും (വേദങ്ങള്‍, ഉപനിഷത്തുകള്‍,ദര്‍ശനങ്ങള്‍ തുടങ്ങിയവ) ഇന്ന് കാണുന്ന വിഗ്രഹാരാധന, വെടിക്കെട്ട്‌,സപ്താഹങ്ങള്‍, താന്ത്രിക ക്രിയകള്‍, മന്ത്രവാദം, മൃഗബലി തുടങ്ങിയവയ്ക്ക് വിധി കാണുന്നില്ല. അതേ സമയം സമാജസേവനം നിര്‍ബന്ധമായും നടത്തണമെന്ന് പറയുന്നുമുണ്ട്. ഈശ്വരപ്രോക്തമായ വേദാദി സത്യ ശാസ്ത്രങ്ങൾ ഉദ്ഘോഷിക്കുന്ന പഞ്ചമഹായജ്ഞങ്ങൾ, ഷോഡശ സംസ്കാരങ്ങൾ, വേദങ്ങളുടെ പഠന-പാഠനം എന്നിവ ലുപ്തമായിക്കൊണ്ടിരിക്കുന്നു. ആര്യസമാജം വേദവിഹിതമായ ആരാധനാരീതിയും ആചരണവും തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കുന്നു. “വേദങ്ങളിലേക്ക് മടങ്ങുക” എന്ന ഋഷി ദയാനന്ദന്‍റെ ആഹ്വാനത്തിന് നൂറ്റമ്പത് വർഷങ്ങൾക്ക് ശേഷവും ഇന്ന് ഏറെ പ്രസക്തിയുണ്ട്. വൈദിക ധർമ്മം ഭാരതത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും കനത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ നാം സജ്ജരാവേണ്ടതുണ്ട്. മഹർഷി ദയാനന്ദന്റെ 200 ആം ജന്മവാർഷികം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ നാമെല്ലാം ഒറ്റക്കെട്ടായി വേദപതാകയും സത്യാർത്ഥപ്രകാശവും കയ്യിലേന്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. അതിനായി
മഹർഷി ദയാനന്ദസരസ്വതിയുടെ വേദങ്ങളിലേക്ക് മടങ്ങുക എന്ന ആഹ്വാനം നമുക്ക് ശിരസാവഹിച്ച് മുന്നേറാം. വേദമാർഗ്ഗം 2025 അതിന് തുടക്കമാവട്ടെ.

ഓം കൃണ്വന്തോ വിശ്വമാര്യം (ഋഗ്വേദം 9.63.5)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ

dayanand200

വേദമാർഗം2025

ആര്യസമാജംകേരളം

TEAM VEDA MARGAM 2025

You cannot copy content of this page