ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്ന ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.
ഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. ക്ഷണഭംഗുരവും അനിത്യവുമായ ശരീരം കൊണ്ട് ഇഹത്തിലും പരത്തിലും ആനന്ദ പ്രാപ്തി ഉണ്ടാക്കാമെന്ന് നമ്മുടെ ഋഷീശ്വരന്മാർ അനാദികാലം മുമ്പേ കണ്ടെത്തിയിരുന്നു. മറ്റെല്ലാ ശാസ്ത്രങ്ങളുടേയും എന്നപോലെ യോഗശാസ്ത്രത്തിന്റെ ബീജവും കുടികൊള്ളുന്നത് വേദങ്ങളിലാണ്. യജുർ വേദം പതിനൊന്നാം അധ്യായം പതിനാലാം മന്ത്രം വർണ്ണിക്കുന്നത് നോക്കിയാലും.

യോഗേയോഗേ തവസ്തരം വാജേവാജേ ഹവാമഹേ| സഖായ ഇന്ദ്ര മൂതയേ||
(യജുർവേദം 11.14)

ഭാവാർത്ഥം: വീണ്ടും വീണ്ടും യോഗാഭ്യാസം ചെയ്യുകയും മാനസികവും ശാരീരികവുമായ ബലത്തെ വർധിപ്പിക്കുകയും ചെയ്യുന്ന സമയത്ത് നാം പരസ്പരം മിത്രഭാവത്താൽ തങ്ങളുടെ രക്ഷയും, അനന്തബലവാനും ഐശ്വര്യശാലിയുമായ ഈശ്വരന്റെ ധ്യാനവും ചെയ്യുന്നു. അതുവഴി എല്ലാവിധ സഹായങ്ങളും അദ്ദേഹത്തോടഭ്യർഥിക്കുന്നു
ഓരോ വ്യക്തിയും സമസ്ത ദുഃഖങ്ങളിൽ നിന്നും മോചനം നേടി നിത്യാനന്ദപ്രാപ്തി നേടാനാഗ്രഹിക്കുന്നു. യോഗത്തിന്റെ മഹത്വം അറിയാൻ പതഞ്ജലി മഹർഷിയുടെ യോഗദർശനത്തിൽ വർണ്ണിക്കുന്ന ഹേയം, ഹേയഹേതു, ഹാനം, ഹാനോപായം എന്നിവയുടെ സ്വരൂപത്തെ നല്ലവണ്ണം മനസ്സിലാക്കണം. എന്നാൽ മാത്രമേ ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും നേടാനാവൂ. വൈദിക ധർമ്മമനുസരിച്ച്‌ പരമപുരുഷാർത്ഥമായ ഈശ്വരസാക്ഷാത്ക്കാരം നേടാനുള്ള പടികളാണ് യോഗദർശനത്തിൽ വിവരിക്കുന്ന അഷ്ടാംഗ യോഗം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ. ഇത് ക്രമത്തിലും ചിട്ടയോടെയും നിഷ്ഠയോടെയും അനുഷ്ഠിച്ചാൽ മാത്രമേ അത് യോഗമാവൂ.
ഇന്ന് ‘യോഗ’ എന്നപേരിൽ അറിയപ്പെടുന്നത് ഏതാനും ശാരീരിക വ്യായാമങ്ങളും ശ്വസനക്രിയകളുടെ പരിശീലനവുമാണ്. ഇത് കൊണ്ട് ഏറെ ഗുണങ്ങൾ പലർക്കും ഉണ്ടാവുന്നുണ്ട് എന്നത് നിസ്തർക്കമാണ്. എന്നാലിത് യഥാർത്ഥത്തിൽ യോഗദർശനം മുന്നോട്ടുവെക്കുന്ന പദ്ധതിയാകുന്നില്ല.
യമ- നിയമങ്ങൾ ഉറച്ചശേഷം ആസന – പ്രണായാമാദികൾ പരിശീലിച്ചാലെ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാനാവൂ. ഇന്ന് മിക്ക യോഗാകേന്ദ്രങ്ങളിലും അത് വേണ്ടരീതിയിൽ നടക്കുന്നുണ്ടോ എന്ന് സംശയമാണ്. ശാരീരികവും മാനസികവുമായ പല അസുഖങ്ങളും ആസനങ്ങളും പ്രണായാമങ്ങളും കൊണ്ട്‌ ഇല്ലാതാക്കാൻ ഉപകരിക്കും എന്ന തിരിച്ചറിവ് പല നാസ്തികരെയും യോഗയിലേക്ക് (യോഗ എന്നുപറയുന്നത് വ്യാകരണ ദൃഷ്ടിയിൽ ശരിയല്ല. യോഗം അല്ലെങ്കിൽ യോഗശാസ്ത്രം ആണ് ശരി) ആകർഷിക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. എന്നാൽ ഇത് കൊണ്ടുമാത്രം സ്ഥായിയായ സുഖം ഒരിക്കലും ലഭിക്കില്ല. മാത്രവുമല്ല, ഇന്ന് യോഗാസനങ്ങളും പ്രണായാമങ്ങളും ഏറെ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുമുണ്ട്.
മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. എല്ലായിടത്തും ഭയവും ആശങ്കകളും മാനസിക സംഘർഷങ്ങളുമാണ് കാണാൻ കഴിയുന്നത്. ഈ അവസരത്തിലാണ് നാം അന്താരാഷ്ട്ര യോഗദിനം കൊണ്ടാടുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ അശാന്തികൾക്കും മാനസിക പിരിമുറുക്കങ്ങൾക്കുമുള്ള പരിഹാരം ഏറ്റവും സരളവും ചെലവ് തീരെയില്ലാത്തതുമായ ഏകവഴി ഭാരതം വിശ്വത്തിനുനൽകിയ യമനിയമങ്ങളിൽ അടിയുറച്ച സാധനാപദ്ധതിയിലൂടെ ഈശ്വരസാക്ഷാൽക്കാരം വരെ സാധ്യമാക്കുന്ന യോഗമാർഗ്ഗമാണ്. ആധ്യാത്മിക ഉന്നതിക്കൊപ്പം ഭൗതികനേട്ടങ്ങളും ആരോഗ്യപരിപാലനം, അന്തരീക്ഷ ശുദ്ധി എന്നിവയുമോക്കെ യോഗജീവിതം കൊണ്ട് നേടിയെടുക്കാം. എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.

ഓം കൃണ്വന്തോ വിശ്വമാര്യം! (ഋഗ്വേദം 9.63.5)

🙏
(കെ.എം.രാജൻ മീമാംസക് , ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, കാറൽമണ്ണ വേദഗുരുകുലം)

dayanand200

vedamargam2025

aryasamajamkeralam

TEAM ARYA SAMAJAM KERALA

You cannot copy content of this page