കെ.എം. രാജൻ മീമാംസക്

“രാധതൻ പ്രേമത്തോടാണോ….കൃഷ്ണാ…. ഞാൻ പാടും ഗീതത്തോടാണോ…. പറയൂ നിനക്കേറ്റവും ഇഷ്ടം…. ” എന്ന ഭജന ഉച്ചഭാഷിണിയിലൂടെ ഉയർന്നു കേൾക്കുന്നു.

ഈ അവസരത്തിൽ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്. ദ്വാപരയുഗത്തിലെ അവസാന ചരണം ഭൂമിയിൽ ധർമ്മാചരണവും സാമൂഹ്യ വ്യവസ്ഥയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാചാരികളായ രാജാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ജനങ്ങൾ വലഞ്ഞു കൊണ്ടിരിക്കുന്നു.

അയ്യായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ ക്രിസ്തുവിന് മുമ്പ് 3228 ജൂലൈ 19 ന് ഇപ്പോൾ ഉത്തർപ്രദേശിൽ ഉള്ള മഥുരയിലെ ഒരു യാദവ കുലത്തിൽ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും യോജിച്ചു വന്ന ജ്യോതിശ്ശാസ്ത്ര പ്രത്യേകതയുള്ള രാത്രിയിൽ ഘോരാന്ധകാരത്തിന് അവസാനമൊരുക്കാനെന്നോണം ഒരു ബാലൻ ജനിച്ചു. മഥുരയിലെ ദുഷ്ടനായ കംസന്റെ ഭരണത്തിൽ നിന്നും രക്ഷനേടുന്നതിനായി ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനായ ബലരാമനെയും ഗോകുലത്തിൽ നന്ദഗോപരുടെ വീട്ടിലേക്ക് കൊണ്ടുപോയി. സാന്ദീപനി മഹർഷിയുടെ രമ്യ മനോഹരമായ ഗുരുകുലത്തിൽ ശ്രീകൃഷ്ണൻ വേദാദി ശാസ്ത്രങ്ങളും ആയോധനകലകളും അഭ്യസിച്ചു. ശ്രീകൃഷ്ണന്റെ യോഗ്യതയും ആയോധന പാടവവും കംസന്റെ ചെവിയിലുമെത്തി. തന്റെ പിതാവായ ഉഗ്രസേനനെ കാരാഗൃഹത്തിലാക്കി കംസൻ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഒരു യജ്ഞം നടത്തുന്നതിന്റെ പേരിൽ ശ്രീകൃഷ്ണനെയും ബലരാമനെയും മഥുരാപുരി യിലേക്ക് അദ്ദേഹം ക്ഷണിച്ചു. ചതിയിലൂടെ അവരെ വധിക്കുകയായിരുന്നു കംസന്റെ ലക്ഷ്യം. മദം പൊട്ടിയ ആനയെയും ചാണൂരൻ, മുഷ്ടികൻ തുടങ്ങിയ ഭീമാകാരൻമാരായ മല്ലന്മാരെയും രാജധാനിയുടെ പ്രവേശന കവാടത്തിൽ തന്നെ ശ്രീകൃഷ്ണനെ നേരിടാൻ തയ്യാറാക്കി നിർത്തിയിരുന്നു. ശ്രീകൃഷ്ണനും ബലരാമനും നിഷ്പ്രയാസം അവരെയെല്ലാം പരാജയപ്പെടുത്തി. ക്രുദ്ധനായ കംസൻ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരെ വധശിക്ഷക്ക് വിധിക്കാനും നന്ദഗോപരെ ജയിലിലടയ്ക്കാനും ഉത്തരവിട്ടു. എന്നാൽ അപ്പോഴേക്കും ശ്രീകൃഷ്ണൻ രാജ്യസഭയിൽ പ്രവേശിച്ചു കംസനെ സിംഹാസനത്തിൽ നിന്നും വലിച്ചിറക്കി വധിച്ചിരുന്നു. തന്റെ മുത്തച്ഛനായ ഉഗ്രസേനനെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ച് രാജസിംഹാസനത്തിൽ അവരോധിക്കുകയും ചെയ്തു.

കംസന്റെ ശ്വശുരൻ ആയിരുന്ന മഗധയിലെ ജരാസന്ധൻ കംസ വധത്തിൽ ക്രുദ്ധനായി വലിയൊരു സേനയുമായി മഥുര ആക്രമിച്ചു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവസേന ജരാസന്ധനെ പരാജയപ്പെടുത്തി ഓടിച്ചുവിട്ടു. എന്നിരുന്നാലും പതിനാറുപ്രാവശ്യം ജരാസന്ധൻ വീണ്ടും തിരിച്ചുവന്ന് മഥുരയെ ആക്രമിച്ചു എങ്കിലും ഓരോ തവണയും പരാജയം രുചിച്ചു. പതിനെട്ടാമത്തെ തവണ കാലയവൻ എന്ന ഒരു മ്ലേച്ഛ രാജാവ് മഥുരയെ വളഞ്ഞു യുദ്ധതന്ത്ര വിദഗ്ധനായിരുന്ന ശ്രീകൃഷ്ണൻ തന്ത്രപൂർവ്വം പിൻവാങ്ങി ഒരു ഗുഹയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാ പരാക്രമിയായ വീരമുചുകുന്ദിനു മുകളിൽ തന്റെ വീരാളിപ്പട്ടു പുതപ്പിച്ച് വേറൊരിടത്ത് ഒളിച്ചിരുന്നു. ശ്രീകൃഷ്ണൻ ആണെന്ന് തെറ്റിദ്ധരിച്ച് കാലയവൻ മുചുകുന്ദിനെ ചവിട്ടി ഉണർത്തി. തുടർന്നുണ്ടായ യുദ്ധത്തിൽ കാലയവൻ കൊല്ലപ്പെട്ടു. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ സമുദ്രതടത്തിൽ ദ്വാരകാപുരി നിർമ്മിച്ച് അവിടം രാജധാനി ആക്കി.

🎯 രുക്മിണി സ്വയംവരം🎯

വിദർഭത്തിലെ ശക്തനായ രാജാവായിരുന്ന ഭീഷ്മകന്റെ മകളായ രുക്മിണി ശ്രീകൃഷ്ണന്റെ കീർത്തി കേട്ടറിഞ്ഞ് അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഒരു വൃദ്ധബ്രാഹ്മണൻ വശം തന്റെ ഒരു കത്ത് രുക്മിണി ശ്രീകൃഷ്ണന്റെ അടുക്കലെത്തിച്ചു. രാജാവായ ഭീഷ്മ കനും തന്റെ മകളെ ശ്രീകൃഷ്ണന് വിവാഹം കഴിച്ചു കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രുക്മിണിയുടെ സഹോദരനായ രുക്മിക്ക് തന്റെ സഹോദരിയെ ചേദി രാജാവായ ശിശുപാലനുമായി വിവാഹം കഴിച്ചു കൊടുക്കാനായിരുന്നു താല്പര്യം. അതിനുള്ള ഒരുക്കങ്ങൾ എല്ലാം തയ്യാറായി. വിവാഹത്തിനു തലേദിവസം ശ്രീകൃഷ്ണൻ വിദർഭ രാജധാനിയായ കുണ്ഡന പുരത്തെത്തി രുഗ്മിണിയെയും കൊണ്ട് തേരിലേറി ദ്വാരകയിലേക്ക് തിരിച്ചു. വിവരമറിഞ്ഞ് രുക് മി ശിശുപാലനുമൊത്ത് ശ്രീകൃഷ്ണനുമായി യുദ്ധത്തിൽ ഏർപ്പെട്ട് പരാജയം ഏറ്റുവാങ്ങി. ദ്വാരകയിൽ എത്തിയ ശ്രീകൃഷ്ണനും രുക്മിണിയും വൈദിക വിധിപ്രകാരം വിവാഹിതരായി. വിവാഹാനന്തരം 12 വർഷക്കാലം രണ്ടുപേരും കഠോരമായ ബ്രഹ്മചര്യവ്രതം പാലിച്ചതിനു ശേഷം ഗർഭിണിയായ രുഗ്മിണി അതിതേജസ്വിയായ പ്രദ്യുമ്നന് ജന്മം നൽകി. കുരുക്ഷേത്രയുദ്ധത്തിൽ ധർമ്മപക്ഷത്ത് ഉറച്ചുനിന്ന ശ്രീകൃഷ്ണൻ സർവ്വ ദർശന സാരമായ ഭഗവത്ഗീത അർജ്ജുനന് ഉപദേശിച്ചു. മഹാഭാരത യുദ്ധാനന്തരം 36 വർഷങ്ങൾക്കു ശേഷം ബി.സി. 3102 ഫെബ്രുവരി 18 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്നുമുതലാണ് കലിയുഗം ആരംഭിച്ചത്. ശ്രീകൃഷ്ണന്റെ ജീവിതകാലം 126 വർഷവും ആറുമാസവും ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വ്യാസഭാരതം മൂലത്തിലാണ് ശ്രീകൃഷ്ണന്റെ ചരിത്രം ആധികാരികമായി വർണ്ണിക്കുന്നത്. ഒരുപാട് പ്രക്ഷിപ്തങ്ങൾ കൂടിച്ചേർന്ന ഇന്നത്തെ മഹാഭാരതത്തിൽ നിന്ന് കാലഗണനയുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ കണ്ടെത്തുക ശ്രമകരമാണ് എങ്കിലും പണ്ഡിറ്റ് ചമുപതിജി യെ പോലുള്ള ആര്യസമാജം പണ്ഡിതർ ഈ വഴിക്ക് ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ശ്രീരാമന്റെ കാലത്തിനു ശേഷം ലോകം കണ്ട ഏറ്റവും വിശിഷ്ട വ്യക്തിയായിരുന്നു ശ്രീകൃഷ്ണൻ. അദ്ദേഹത്തിന്റെ ജീവചരിത്രം വളരെ വികൃതമായാണ് ഭാഗവതാദി പുരാണങ്ങളിൽ വിവരിച്ചിട്ടുള്ളത്. മോഷ്ടാവായും വിഷയലമ്പടനായും പതിനാറായിരത്തി ലധികം സ്ത്രീകളെ വിവാഹം കഴിച്ചവനായും രാധയെന്ന കാമുകിയെ വഞ്ചിച്ചവനായും ഒക്കെയാണ് വേദ വിരുദ്ധമായ ഈ പുരാണങ്ങൾ ഭക്തിയിൽ ചാലിച്ച് ശ്രീകൃഷ്ണനെ ചിത്രീകരിച്ചിരിക്കുന്നത് എന്നത് വളരെ ഖേദകരമാണ്.

അശ്ലീലം നിറഞ്ഞ ഗാനങ്ങളാണ് ഇന്ന് ഭജനകൾ ആയി പലരും ക്ഷേത്ര സങ്കേതങ്ങളിൽ നിന്നും മറ്റും ഉച്ചഭാഷിണിയിലൂടെ ഘോരഘോരം കേൾപ്പിക്കുന്നത്.

‘ഗോപസ്ത്രീകളുടെ തുണിയും വാരി കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ…. ‘ തുടങ്ങിയ ഗാനങ്ങൾ ഈ മഹാപുരുഷനെ നിന്ദിക്കുന്നതാണെന്ന് പോലും ആരും അറിയുന്നില്ല. ഹിന്ദുവിരുദ്ധർ നമ്മെ കടന്നാക്രമിക്കാൻ ഇത്തരം ഗാനങ്ങൾ ഭംഗിയായി ഉപയോഗിക്കുന്നുണ്ട് താനും.

മഹായോഗിയായിരുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ധർമ്മ പ്രചാരത്തിനായി പ്രവർത്തിക്കാൻ നമ്മേ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

കെ.എം. രാജൻ മീമാംസക്, ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ

dayanand200

vedamargam2025

aryasamajamkeralam

You cannot copy content of this page