ഈശ്വരീയ വാണിയായ വേദങ്ങളിൽ സർവ്വപ്രാണികളുടെയും മംഗളത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന നിരവധി മന്ത്രങ്ങൾ ഉണ്ട്. ഈശ്വരസ്തുതി, പ്രാർത്ഥന, ഉപാസന എന്നിവക്കൊക്കെ ഈ മന്ത്രങ്ങൾ വളരെ വിശേഷപ്പെട്ടതാണ്. വേദങ്ങളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഈ മന്ത്രങ്ങളെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ ആചാര്യന്മാർ ക്രമീകരിച്ചിട്ടുണ്ട്. അവയാണ് വിവിധ സൂക്തങ്ങളായി ഇന്നറിയപ്പെടുന്നത്. പുരുഷസൂക്തം, ഭാഗ്യസൂക്തം, സരസ്വതീസൂക്തം, ശ്രീരുദ്രം, മേധാ സൂക്തം, ഐകമത്യ സൂക്തം എന്നിങ്ങനെ പല പേരുകളിലുള്ള സൂക്തങ്ങൾ ഉണ്ട്. ഇവയിൽ ചില സൂക്തങ്ങൾ അതാതിടത്തെ ക്രമമനുസരിച്ചാണെങ്കിൽ മറ്റു ചിലവ വേദങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തു ക്രമപ്പെടുത്തിയതാണ്. മേധാസൂക്തം എന്ന പേരിൽ ഒന്നിലധികം സൂക്തങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്. യജുർവേദത്തിലെ മുപ്പത്തിരണ്ടാമത്തെ അധ്യായത്തിലെ 13 മുതൽ 16 വരെയുള്ള മന്ത്രങ്ങൾക്കാണ് അതിൽ ഏറെ പ്രാമുഖ്യം. മഹർഷി ദയാനന്ദ സരസ്വതിയുടെ വ്യാഖ്യാനവും അതിനുണ്ട്. ഇതിനു പുറമേ തൈത്തിരീയാരണ്യകം 4.10.41 – 44 ലും കൃഷ്ണയജുർവേദീയമായ മഹാനാരായണോ പനിഷത്തിലും പാഠഭേദങ്ങളോടെ ഈ പേരിൽ ഒരു സൂക്തമുണ്ട്. ഏറ്റവും പ്രാമാണികമെന്ന് മഹർഷി ദയാനന്ദൻ പറയുന്ന ശുക്ല യജുർവേദത്തിലെ മുപ്പത്തിരണ്ടാം അധ്യായത്തിൽ 13 മുതൽ 16 വരെയുള്ള മന്ത്രങ്ങളാണ് മേധാസൂക്തം എന്ന പേരിൽ ഇവിടെ കൊടുക്കുന്നത്. മഹർഷിയുടെ ഭാഷ്യത്തിനു പുറമേ കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവും ആര്യപ്രചാരകനുമായ ശ്രീ. കെ.എം.രാജൻ നൽകുന്ന ഒരു ലഘു വിവരണവും ഇതോടൊപ്പം കൊടുക്കുന്നുണ്ട്.
എന്താണ് മേധ?
മേധ എന്ന ശബ്ദത്തിന്റെ അർത്ഥത്തിന് ധാരണാശക്തി(Judgement capacity), പ്രജ്ഞ(wise intellect ), ബുദ്ധി (Intelligence ) എന്നൊക്കെ പറയാം. ഇത്തരം മേധാ ശക്തികൾ ഉള്ള വ്യക്തികളെ ‘മേധാവി’ എന്ന് വിളിക്കുന്നു. ബുദ്ധിയുടെ ഒരു ശക്തി വിശേഷമാണ് ‘മേധ’ എന്ന് ചുരുക്കത്തിൽ പറയാം. ഗ്രഹിക്കുന്ന ജ്ഞാനത്തെ ധാരണം ചെയ്തു ഉചിതമായ സമയത്ത് പ്രകടിപ്പിക്കുന്ന ഒരു ശക്തി വിശേഷമാണത്. ഈ മേധാ പ്രാപ്തിക്കായി ഈശ്വരന്റെ വിവിധ നാമങ്ങളായ ഇന്ദ്രൻ, വരുണൻ, വായു, പ്രജാപതി, അഗ്നി എന്നിവരെ സ്തുതിക്കുന്നു. ഈ മന്ത്രങ്ങളുടെ യഥാവിധി അർത്ഥഭാവനയോടു കൂടിയുള്ള പ്രാർത്ഥനയാൽ ബുദ്ധിയിൽ പവിത്രത വരുന്നു.
ഷോഡശഃ സംസ്കാരങ്ങളിലും ഈ മന്ത്രം പ്രയോഗിക്കുന്നുണ്ട്. ജാതകർമ്മ സംസ്കാരത്തിൽ മേധയെ ഉണ്ടാക്കുന്നതായ ‘മേധാ ജനനം’ ‘ആയുഷ്യകരണം’ എന്നീ രണ്ടു പ്രമുഖ കർമ്മങ്ങൾ നടത്താറുണ്ട്. ബാലൻ അല്ലെങ്കിൽ ബാലിക മേധാവിയും ബുദ്ധിമാനും പ്രജ്ഞാവാനും ആകുന്നതിനു വേണ്ടി ശുദ്ധമായ പശുവിൻ നെയ്യ്, തേൻ എന്നിവ മോതിരവിരൽ കൊണ്ട് ‘ഓം ഭുതസത്വയി ദധാമി‘ തുടങ്ങിയ മന്ത്രങ്ങളെ കൊണ്ട് കുട്ടിക്ക് നൽകുന്നുണ്ട്. ഓം എന്ന് നാവിൽ എഴുതിക്കുന്നുമുണ്ട്. ദീർഘായുസ്സിനായി കുട്ടിയുടെ വലത്തെ ചെവിയിലും നാഭിക്ക് സമീപവും ‘ഓം അഗ്നിരായുഷ്മാൻ‘ തുടങ്ങിയ മന്ത്രങ്ങളാൽ ചൊല്ലാറുണ്ട്. അതേപോലെ മേധയുടെ വർദ്ധനവിന് മേധാ സൂക്തത്തിനും വളരെ മഹത്വം ഉണ്ട്. നാം എന്ത് നിരന്തരം ചെയ്യുന്നുവോ ക്രമേണ അത് നമ്മിൽ സ്വാധീനം ചെലുത്തും. വിശിഷ്ടങ്ങളായ മന്ത്രങ്ങളുടെ അർത്ഥ ഭാവനയോട് കൂടിയ ജപം നമ്മളിൽ വിശിഷ്ട ഗുണങ്ങളുടെ വർദ്ധനവിന് വഴിതെളിക്കും. മേധാസൂക്തത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. എന്നാൽ ഇന്നിത് വളരെയേറെ വികൃതമായാണ് പ്രചരിക്കപ്പെടുന്നത്. മേധാ സൂക്ത പുഷ്പാഞ്ജലിയും മറ്റും ചെയ്താൽ ബുദ്ധി വർദ്ധിക്കുമെന്നും പരീക്ഷകളിൽ ഉന്നത വിജയം നേടുമെന്നും ഒക്കെയുള്ള പ്രചാരണങ്ങളിൽ അകപ്പെടുന്ന അജ്ഞരായ നിരവധി പേർ കാശു നൽകി പൂജാരിമാരെയും മറ്റും കൊണ്ട് ഇത്തരം മന്ത്രങ്ങൾ ചൊല്ലി ജഡ വസ്തുക്കളിൽ അർച്ചന ചെയ്യിക്കുന്നുണ്ട്. ഈശ്വരന്റെ കർമ്മഫല സിദ്ധാന്തത്തിനു വിരുദ്ധമാണിവ. മേധാസൂക്തം പുഷ്പാഞ്ജലി നടത്തിയ ശേഷം പരീക്ഷയിൽ തോറ്റു പോയാൽ അതിന് ഈശ്വരനെ പഴിക്കുന്നവരും ഉണ്ടാകാം. അതിനാൽ എന്താണ് മേധാസൂക്തമെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒന്നു വിശദീകരിക്കാ നുമാണ് ഇത്രയും പറഞ്ഞത്. ഇനി നമുക്ക് വളരെ വിശിഷ്ടമായ ‘മേധാസൂക്തം ‘ അർത്ഥ സഹിതം സ്വാധ്യായം ചെയ്യാം.
സദസസ്പതിമിത്യസ്യ മേധാകാമ ഋഷിഃ ഇന്ദ്രോ ദേവതാ ഭുരിഗ് ഗായത്രീ ഛന്ദഃ ഷഡ്ജഃ സ്വരഃ ഓം സദസസ്പതിമദ്ഭുതം പ്രിയമിന്ദ്രസ്യ കാമ്യം – സനിം മേധാമയാസിഷങ് സ്വാഹാll
അന്വയവും ഭവാർത്ഥവും: അല്ലയോ മനുഷ്യരെ! ഞാൻ (സ്വാഹാ) സത്യക്രിയ വഴി അഥവാ വാണി വഴി ഏതൊരു (സദസ) സഭ, ജ്ഞാനം, ന്യായം അഥവാ ദണ്ഡം എന്നിവയുടെ (പതിം) രക്ഷകനും (അത്ഭുതം) ആശ്ചര്യമായ ഗുണകർമ്മ സ്വഭാവമാർന്നവനും (ഇന്ദ്രസ്യ) ഇന്ദ്രിയങ്ങളുടെ യജമാനനായ ജീവന്റെ (കാമ്യം) കമനീയമായ (പ്രിയം) പ്രീതിപരമായ വിഷയം പ്രസന്നമാക്കുന്നവനും അഥവാ പ്രസന്ന രൂപനുമായ പരമാത്മാവിനെയാണോ ഉപാസിച്ചും സേവിച്ചും അദ്ദേഹത്തിന്റെ സഹായം തേടി (സനിം) സത്യാസത്യത്തെ സമ്യക്കാകും വണ്ണം വിഭജിച്ചു വേർപെടുത്താൻ കഴിവുറ്റ (മേധാം) ഉത്തമബുദ്ധിയെ (അയാനിഷം) നേടപ്പെട്ടവനായി ഭവിക്കുന്നത്. ആ ഈശ്വരനെ സേവിച്ച് ഈ ബുദ്ധിയെ നിങ്ങളും തേടുവിൻ. സർവ്വശക്തനായ പരമാത്മാവിനെ സേവിക്കുന്നവർ വിദ്യകളെല്ലാം നേടി ശുദ്ധമായ ബുദ്ധിയാൽ സർവ്വ സുഖങ്ങളും നേടുന്നു. മനുഷ്യർ ബുദ്ധി യാചിച്ചു വാങ്ങണം.
എന്ന് അടുത്ത മന്ത്രത്തിൽ പറയുന്നു.
യാമിത്യസ്യ മേധാകാമ ഋഷിഃ പരമാത്മാ ദേവതാ നിചൃത് ദനുഷ്ടുപ്പ് ഛന്ദഃ ഗാന്ധാര സ്വരഃ
യാം മേധാം ദേവഗണാഃ പിതരശ്ചോപാസതേ | തയാമാമദ്യ മേധയാഗ്നേ മേധാവിനം കുരു സ്വാഹാഃ ll
(യജുർവേദം 32-14).
അന്വയവും ഭാവാർത്ഥവും : അല്ലയോ (അഗ്നേ) സ്വയം പ്രകാശ സ്വരൂപനായതു കൊണ്ട് വിദ്യ മനസ്സിലാക്കിത്തരുന്ന ഈശ്വരാ! അഥവാ വിദ്വാനായ അധ്യാപകാ! (ദേവഗണാഃ ച) അനേകായിരം വിദ്വാന്മാരും (പിതരഃ) രക്ഷാകർത്താക്കളായ ജ്ഞാനിയും (യാം) ഏതൊരു (മേധാം) ബുദ്ധിയെ അഥവാ ധനത്തെ (ഉപാസതേ) നേടിയിട്ട് സേവനം ചെയ്യുന്നുവോ (തയാ) ആ (മേധയാ) ബുദ്ധി അഥവാ ധനം (മാം) എന്നെ (അദ്യ ) ഇന്ന് (സ്വാഹാ) സത്യവാണിയിലൂടെ (മേധാവിനം) പ്രകാശിതമായ ബുദ്ധി അഥവാ ധനം ഇയന്നവൽ (കുരു) ആക്കിയാലും. മനുഷ്യർ ഈശ്വരോപാസനയും ആപ്ത വിദ്വാന്മാരുടെ സമ്യക് സേവനവും ചെയ്ത്, ശുദ്ധ വിജ്ഞാനത്തിലൂടെയും ധർമ്മത്തിലൂടെയും ഉണ്ടായ ധനം നേടാനിച്ഛിക്കുകയും മറ്റുള്ളവരെക്കൂടി അപ്രകാരം നേടപ്പെട്ടവരാക്കുകയും വേണമെന്നർത്ഥം.
ഇതേ വിഷയം തന്നെ അടുത്ത മന്ത്രത്തിൽ വീണ്ടും ആവർത്തിക്കുന്നു.
മേധാമിത്യസ്യ മേധാകാമ ഋഷിഃ പരമേശ്വരവിദ്വാം സൗ ദേവതേ നിചൃത് ബൃഹതീച്ഛന്ദഃ മധ്യമസ്വരഃ
മേധാം മേ വരുണോ ദദാതു മേധാമഗ്നിഃ പ്രജാപതിഃ l
മേധാമിന്ദ്രശ്ച വായുശ്ച മേധാം ധാതാ ദദാതു മേ സ്വാഹാ ll
(യജുർ വേദം 32.15)
അന്വയവും ഭവാർത്ഥവും : ഏതു പോലെയാണോ (വരുണഃ) അതിശ്രേഷ്ഠനായ പരമേശ്വരൻ അഥവാ വിദ്വാൻ (സ്വാഹാ) ധർമ്മത്തോട് കൂടിയ ക്രിയ കൊണ്ട് (മേ) എനിക്കായിക്കൊണ്ട് (മേധാം) ശുദ്ധമായ ബുദ്ധിയെ അഥവാ ധനത്തെ (ദദാതു) തന്നരുളുന്നതും (അഗ്നിഃ) വിദ്യയാൽ പ്രകാശിക്കപ്പെടുന്നതും (പ്രജാപതിഃ) പ്രജയെ രക്ഷിക്കുന്നതുമായ (മേധാം) ബുദ്ധിയെ നൽകുന്നതും (ഇന്ദ്രഃ) പരമൈശ്വര്യമാർന്ന (മേധാം) ബുദ്ധിയെ പ്രദാനം ചെയ്യുന്നതും (ച വായുഃ) ബലമേകുന്ന ബലവാനായ (മേധാം)ബുദ്ധിയെ നേടിത്തരുന്നതും (ച ധാതാ)മുഴുവൻ ലോകത്തെയും അഥവാ രാജ്യത്തെയും ധരിക്കുന്ന ഈശ്വരൻ വിദ്വാൻ (മേ) എനിക്കായിക്കൊണ്ട് ബുദ്ധി ധനത്തെ (ദദാതു) തന്നനുഗ്രഹിക്കുന്നതും അത് പോലെ നിങ്ങൾക്കും തന്നരുളട്ടെ.
മനുഷ്യരുടേതു പോലെ തങ്ങൾക്കുവേണ്ടി ഗുണകർമ്മ സ്വഭാവത്തെയും സുഖത്തെയും ഇച്ഛിക്കുന്നുവോ അത് പോലെ മറ്റുള്ളവർക്ക് വേണ്ടിയും ഇച്ഛിക്കേണ്ടതാകുന്നുവെന്നും ഏതു പോലെ അവനവന്റെ ഉന്നതി ആഗ്രഹിക്കുന്നുവോ അത് പോലെ പരമേശ്വരനോടും വിദ്വജ്ജനങ്ങളോടും മറ്റുള്ളവരുടെ ഉന്നതിക്ക് വേണ്ടി യാചിക്കണമെന്നും കേവലം പ്രാർത്ഥന മാത്രം പോര. മറിച്ച് സത്യാചരണം നടത്തണമെന്നും വിദ്വാന്മാരെ സമീപിക്കുന്ന അവസരത്തിലെല്ലാം എല്ലാവരുടെയും മംഗളത്തിന് വേണ്ടിയുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും ഉത്തരം കേൾക്കുകയും പിന്നീടത് പ്രാവർത്തികമാക്കുകയും വേണമെന്ന് താല്പര്യം.
വീണ്ടും അടുത്ത മന്ത്രത്തിൽ ഇത് ആവർത്തിക്കുന്നു.
ഇദം മേ ഇത്യസ്യ ശ്രീകാമ ഋഷിഃ വിദ്വ ദ്രാ ജാനൗ ദേവതേ അനുഷ്ടുപ് ഛന്ദഃ ഗാന്ധാരഃ സ്വരഃ
ഇദം മേ ബ്രഹ്മ ച ക്ഷത്രം ചോഭേ ശ്രിയ മശ്നു താം l
മയി ദേവാ ദധതു ശ്രിയമുത്തമാം തസ്യൈ തേ സ്വാഹാ ll
(യജുർവേദം 32.16)
അന്വയവും ഭാവാർത്ഥവും : – അല്ലയോ പരമേശ്വര ! അങ്ങയുടെ കൃപ കൊണ്ടും ഹേ വിദ്വാനായ മനുഷ്യ! നിന്റെ പ്രാർത്ഥന കൊണ്ടും (സ്വാഹാ) സത്യാചരണ രൂപത്തിലുള്ള ക്രിയ മുഖേന (മേ) എന്റെ (ഇദം) ഈ (ബ്രഹ്മ) വേദേശ്വരന്റെ വിജ്ഞാന (ച) വും അഥവാ ഇവയുടെ ജ്ഞാതാവായ പുരുഷനും (ക്ഷത്രം ച) രാജ്യവും ധനുർവേദ വിദ്യയും ക്ഷത്രിയ കുലവും ഈ (ഉഭേ) രണ്ടു പേരും (ശ്രിയം) രാജ്യലക്ഷ്മിയെ (അശ്നുതാം) പ്രാപ്തമാക്കട്ടെ. (ദേവാഃ) വിദ്വജ്ജനങ്ങൾ (മയി) എനിക്കായിക്കൊണ്ട് (ഉത്തമാം) അതിശ്രേഷ്ഠമായ (ശ്രിയം) ശോഭയെ അഥവാ ലക്ഷ്മിയെ (ദധതു) ധാരണം ചെയ്യുന്നത് പോലെ ഹേ ജിജ്ഞാസുക്കളെ ! (തേ) നിങ്ങൾക്കു വേണ്ടിയും (തസ്യൈ) ആ ശ്രീക്കു വേണ്ടി ഞങ്ങൾ പ്രയത്നിക്കുന്നവരാകട്ടെ.
പരമേശ്വരാജ്ഞയെ പാലിക്കുകയും വിദ്വജ്ജനങ്ങളുടെ സേവാ സൽക്കാരങ്ങൾ മുഖേന എല്ലാ മനുഷ്യരുടേയുമിടയിൽ നിന്നു ബ്രാഹ്മണ ക്ഷത്രിയ സ്വഭാവികളെ തെരഞ്ഞെടുത്തു അവരെ സുന്ദരമായ ശിക്ഷണം കൊണ്ടും വിദ്യാദി സൽഗുണങ്ങൾ കൊണ്ടും സമ്പന്നരാക്കി എല്ലാവരുടെയും ഉന്നതിക്കു വേണ്ട സംവിധാനം ചെയ്ത് സ്വന്തം ആത്മാവിനെപ്പോലെ എല്ലാവരിലും വർത്തിക്കുന്ന മഹാന്മാർ സർവർക്കും പൂജിക്കാൻ പറ്റിയവരായി തീരുന്നു.
മേൽ വിവരിച്ച നാലു മന്ത്രങ്ങളാണ് മേധാ സൂക്തമെന്ന പേരിൽ പ്രസിദ്ധമായത്. അവയെ ശ്രദ്ധാപൂർവം മനനം ചെയ്ത് ബുദ്ധിയെ പവിത്രമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.
കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ
Image Source: 4wallpaperwiki